വരുന്നില്ല… കോസ്മിക് സുനാമി! : by Kannan M
“കോസ്മിക് സുനാമി” (Cosmic Tsunami) എന്നൊരു വാര്‍ത്ത അടുത്തകാലത്തായി സോഷ്യല്‍ മീഡിയയില്‍ കിടന്നു കറങ്ങുന്നുണ്ട്. “പ്രപഞ്ച സുനാമി ഭീഷണിയെന്ന് നാസ” എന്ന മനോരമ വാര്‍ത്ത ഇതിനൊരുദാഹരണം മാത്രം.1 നാസ മേയ് 2-ന് പുറത്തുവിട്ട പത്രക്കുറിപ്പില്‍ നിന്നാണ്ഈ വാര്‍ത്തകള്‍ മുഴുവന്‍ ഉണ്ടായിരിക്കുന്നത്.2,3,4,5 സസ്പെന്‍സ് ഇടുന്നില്ല, തലക്കെട്ട് പറയും പോലെ, ഇങ്ങോട്ടെങ്ങും വരുന്ന സാധനമല്ല ഈ “സുനാമി”. ലോകാവസാന പ്രഘോഷകര്‍ ഒക്കെ മൈക്കും കെട്ടിപ്പൂട്ടി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പോകുന്നതാകും നല്ലത്.
ആ പ്രശ്നം തീര്‍ത്ത സ്ഥിതിക്ക്, എന്താണ് ഈ സുനാമി എന്നുകൂടി ചര്‍ച്ച ചെയ്യാം. എന്താണ് ഈ “സുനാമി” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? ശാസ്ത്രലോകത്തിന് എന്തുകൊണ്ട് ഇതിത്ര കാര്യമായി പറയേണ്ടി വരുന്നു? എന്തൊക്കെ പ്രതിഭാസങ്ങള്‍ ആണ് ഇത്രയും വലിയൊരു “തിരമാല” സൃഷ്ടിക്കുക?!
Perseus cluster |
ഗാലക്സികള്‍ എന്നാല്‍ ഗുരുത്വാകര്‍ഷണം മൂലം പരസ്പരം ബന്ധിപ്പിക്കപ്പെട്ട അനേകം നക്ഷത്രങ്ങളും വാതകമേഘങ്ങളും ഉള്‍പ്പടെയുള്ള ജ്യോതിര്‍വസ്തുക്കള്‍ (Astronomical Objects) ഘടനയാണെന്ന് അറിയാമായിരിക്കും.6 അങ്ങനെയുള്ള ഗാലക്സികളുടെ ഒരു കൂട്ടത്തെയാണ് നാം ഗാലക്സി ക്ലസ്റ്റര്‍ (Galaxy Cluster) എന്ന് വിളിക്കുക.7 അത്തരത്തിലൊന്നാണ് പേഴ്സിയൂസ് ക്ലസ്റ്റര്‍.8 (Perseus cluster) പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ വസ്തുക്കളില്‍ ഒന്ന്.8,9
അതില്‍ “തീരം” (Bay) എന്ന് വിളിക്കുന്ന ഒരു ഘടനയുണ്ട്. ചിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ള മുകളിലേക്ക് വളഞ്ഞ് നില്‍ക്കുന്ന ഭാഗം. ഇത് എക്സ്റേ തരംഗദൈര്‍ഖ്യത്തില്‍ ഉള്ള ചിത്രമാണ്. നാം കാണുന്നത് നക്ഷത്രങ്ങള്‍ അല്ല, നക്ഷത്രങ്ങള്‍ക്ക് ഇടയിലുള്ള വാതകങ്ങള്‍ ആണ്. ആ വാതകങ്ങളുടെ കടലില്‍ തന്നെയാണ് ഈ “തീരം” ഉയര്‍ന്നുനില്‍ക്കുന്നത്.
ഇതിന്റെ ഉത്പത്തിയെ കുറിച്ച് പഠിക്കാനായി നടത്തിയ പരിശ്രമിച്ച സ്റ്റീഫന്‍ വാക്കര്‍ (Stephen Walker) എന്ന ശാസ്ത്രജ്ഞനും സംഘവുമാണ് “സുനാമി” എന്ന നിഗമനത്തിലേക്ക് എത്തിച്ചേര്‍ന്നത്.2,10 നിലനില്‍ക്കുന്ന നിരീക്ഷണ ഫലങ്ങളെ ജോണ്‍ സൂഹോണ്‍ (John ZuHone) എന്ന ശാസ്ത്രജ്ഞന്‍ നടത്തിയ കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ ഉപയോഗിച്ച് പഠനവിധേയമാക്കിയപ്പോള്‍ “തീരം” ഘടന വിശദീകരിക്കുന്ന ഒറ്റ സിമുലേഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ: അകമേ വേഗത കുറഞ്ഞ (തണുത്ത) ഒരു വാതകപാളിയും പുറമേ വേഗത കൂടിയ (ചൂടായ) മറ്റൊരു വാതകപാളിയും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം മൂലം ഉണ്ടാകുന്ന പ്രതിഭാസങ്ങള്‍.
Kelvin-Helmholtz instabilityimage credit: http://www.jamesspann.com/wordpress/wp-content/uploads/2011/12/KH-waves.gif |
ഇതിനെ ഫിസിക്സില്‍ കെല്‍വിന്‍-ഹെല്മോള്‍ട്സ് അസ്ഥിരത (Kelvin-Helmholtz instability) എന്നാണ് വിളിക്കുക.11 രണ്ട് വാതകങ്ങള്‍ക്ക് ഇടയിലോ വാതകപാളികള്‍ക്ക് ഇടയിലോ ഉള്ള വേഗതാ വ്യത്യാസം കൊണ്ട് ഉണ്ടാകുന്ന അസ്ഥിരത. ഇതേ പ്രതിഭാസം കൊണ്ടാണ് കടലില്‍ തിര ഉണ്ടാകുന്നത്! കാറ്റിന്റെ വേഗതയും കടല്‍പ്പരപ്പും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം, കടല്‍പ്പരപ്പും കടലാഴവും തമ്മിലുള്ള പ്രവര്‍ത്തനം; ഇതൊക്കെ കൊണ്ടാണ് തിരയെണ്ണി തീരത്തിരിക്കാന്‍ പറ്റുന്നത്.
ഇതിന് സമാനമായ പ്രതിഭാസം പേഴ്സിയൂസ് ക്ലസ്റ്ററില്‍ നടന്നിട്ടുണ്ടാകണം എന്നതാണ് ഇപ്പോഴുള്ള സിദ്ധാന്തം. അതിന്റെ സിമുലേഷന്‍ ഇവിടെ കാണാം.
അതിനെ വലിച്ചുനീട്ടി എവിടെ എത്തിച്ചു!
പിന്‍കുറിപ്പ്: വളരെയധികം സാങ്കേതികമയതുകൊണ്ട് അധികം ഇപ്പോള്‍ വിശദീകരിക്കാന്‍ നില്‍ക്കുന്നില്ല. പിന്നെടെപ്പോഴെങ്കിലും വിശദമായി എഴുതാം.
അവലംബം
- http://www.manoramaonline.com/technology/science/2017/05/05/nasa-cosmic-tsunami-swallow-earth-apocalypse-space-asteroid.html
- https://www.nasa.gov/feature/goddard/2017/scientists-find-giant-wave-rolling-through-the-perseus-galaxy-cluster
- http://tech.firstpost.com/news-analysis/nasa-scientists-discover-cosmic-tsunami-of-hot-gas-twice-the-size-of-the-milky-way-374627.html
- http://www.dailystar.co.uk/news/latest-news/611319/nasa-cosmic-tsunami-swallow-earth-apocalypse-space-asteroid
- http://www.indialivetoday.com/nasa-warns-of-massive-cosmic-tsunami-perzizus-could-swallow-earth-in-seconds/155225.html
- https://en.wikipedia.org/wiki/Galaxy
- https://en.wikipedia.org/wiki/Galaxy_cluster
- https://en.wikipedia.org/wiki/Perseus_cluster
- https://www.nasa.gov/chandra/multimedia/perseus-cluster.html
- https://arxiv.org/abs/1705.00011
- https://en.wikipedia.org/wiki/Kelvin%E2%80%93Helmholtz_instability