Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the twentytwenty domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/wp-includes/functions.php on line 6114
കലണ്ടർ പിറക്കുമ്പോൾ…. – കാലഗണനാ ചരിത്രം – Is it true, Science?
Categories
Article History Religion Technology

കലണ്ടർ പിറക്കുമ്പോൾ…. – കാലഗണനാ ചരിത്രം

അതിജീവനം കാലഗണനയിലൂടെ

കാലഗണനയുടെ ആവിശ്യകത മനുഷ്യനെ സ്വാധീനിച്ചു തുടങ്ങിയതിന്റെ ചരിത്രത്തിന് മനുഷ്യസംസ്കാരത്തോളം തന്നെ പഴക്കമുണ്ട്. തേടിനടന്നവർ കൊയ്ത്തുകാരായപ്പോൾ വാസം, ജീവിതോപാധികളുടെ ശേഖരണം, കൃഷിയും പ്രകൃതിപ്രതിഭാസങ്ങളുമായുള്ള ബന്ധം ഇവയെല്ലാം കാലനിഷ്ഠമായ ജീവിതരീതിയ്ക്കു പ്രാധാന്യം കൽപ്പിക്കാൻ മനുഷ്യനെ പ്രേരിപ്പിച്ചു. ഭാഷയുടെ ആവിർഭാവവും എഴുതപ്പെടാനുതകുന്ന തരത്തിലോട്ടുള്ള പുരോഗതിയും കാലഗണന രേഖപ്പെടുത്തി വെയ്ക്കാൻ മനുഷ്യനെ സഹായിചു. കാലത്തിന്റെ അളവുകോലുകൾ സൂര്യന്റെ ഉദയാസ്തമയങ്ങളിലൂടെ രാത്രിയും പകലും ചേരുന്ന ഒരു ദിവസത്തിൽ തുടങ്ങി ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ നിരീക്ഷിചു കൊണ്ട് മാസവും ഋതുക്കളുടെയും പ്രതിഭാസങ്ങളുടെയും അടിസ്ഥാനത്തിൽ വർഷവും രേഖപ്പെടുത്തി.

Star Sky Calendarചരിത്രാതീത കാലത്തു തന്നെ കാലഗണന മനുഷ്യനെ സ്വാധീനിച്ചിട്ടുള്ളതായി കാണാം. ആധുനിക മനുഷ്യനിലേക്കുള്ള പരിണാമം മുതൽ ഇന്നേക്ക് ഏകദേശം ആറായിരത്തോളം വർഷം മുൻപ് വരെയുള്ള എഴുതപ്പെടാത്ത കാലമാണ് പൊതുവിൽ ചരിത്രാതീത കാലമായി (Prehistoric) പറയപ്പെടുന്നത്. ശിലായുഗം, വെങ്കലയുഗം, അയോയുഗം എന്നിങ്ങനെയായി തരംതിരിക്കപ്പെട്ടതിൽ ശിലായുഗത്തിന്റെ ( Stone Age) അവസാനത്തോടെയാണ് മനുഷ്യൻ കൃഷിയിലേക്ക് കടക്കുന്നത്. കൃഷിയിലൂടെ സ്ഥിരവാസം ആരംഭിക്കുകയും ഋതുക്കൾക്കൊത്ത് വിളവിറക്കാനും മറ്റുമായി നിശ്ചിത കാലയളവെന്ന കണക്കുകൾ നിരീക്ഷിച്ചു തുടങ്ങുകയും ചെയ്തു. വെങ്കല യുഗ(Bronze Age) ത്തിന്റെ ആരംഭത്തിലാണ് മനുഷ്യൻ എഴുത്ത് ആരംഭിക്കുന്നത്. ഇതോടെ ഋതുക്കളുടെ വരവും പോക്കും, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും, സൂര്യനും മറ്റ് നക്ഷത്രങ്ങളുടെ ആപേക്ഷികചലനങ്ങളുമൊക്കെ നിരീക്ഷണങ്ങളുടെ ഭാവനാതലത്തിൽ നിന്നും കൃത്യമായും റെക്കോഡീകരിക്കപ്പെടുന്നതിലേക്ക് വഴി തെളിച്ചു.

കലണ്ടറുകളുടെ ഉത്ഭവത്തിലേക്ക്

നിരീക്ഷണങ്ങൾക്ക് കടപ്പെട്ട അതിജീവനം.

പരിണാമചക്രം വഴി ബൗദ്ധികമായി വികാസം പ്രാപിച്ച ആധുനിക മനുഷ്യന്റെ ആദ്യകാല പൂർവ്വികരുടെ നിരീക്ഷണപാടവമായിരുന്നു അവരുടെ അതിജീവനത്തെ ഏറെ സഹായിച്ചിരുന്നത്. സ്ഥിരമായൊരു വാസം ഉണ്ടാകുന്നതിനു മുൻപ് വരെ കാട്ടിൽ അലഞ്ഞുതിരിഞ്ഞവന് ദിവസം ആഴ്ച വർഷം എന്നീ കണക്കല്ല, മറിച്ച് ഋതുക്കളാണ് ആഹാരം കൊണ്ടുവന്നിരുന്നത്. വേട്ടയ്ക്കൊപ്പം തന്നെ പ്രകൃതിയിൽ നിന്നും കിട്ടിയ കായ്കനികൾ വിശപ്പടക്കുന്നതിനൊപം ജീവനും നിലനിർത്തി. ചൂട്കാലം പഴുത്ത ഫലങ്ങൾ നൽകിയപ്പോൾ അതിശൈത്യങ്ങൾ ഭക്ഷണമേ ഇല്ലാതെയാക്കി.കാലം തിരിഞ്ഞ് വരുന്നതിനൊപ്പം വിശപ്പകറ്റാനുള്ളവയുടെ വരവും ബന്ധപ്പെട്ട് പോരുന്നു എന്നും മനസിലാക്കി. പോയ വഴികളിലെ പക്ഷി മൃഗാദികൾ ചില പ്രത്യേകകാലങ്ങളിൽ മാത്രം വന്നു പോകുന്നതായി കണ്ടു. ഋതുക്കൾക്കൊത്തുള്ള ജീവികളുടെ സഹവാസവും പര്യടനവും കൂടി നമ്മുടെ പൂർവ്വികർ നിരീക്ഷിചു.ഈ നിരീക്ഷണം ഇന്നൊരു വിനോദമായിത്തീർന്നിട്ടുണ്ടെങ്കിൽ ആദിമ മനുഷ്യന് ഇത് തന്റെ ജീവൻ നിലനിർത്താനുള്ള പ്രധാന ഉപാദികളിലൊന്നായിരുന്നു.

കൃഷിയുടെ ആരംഭം.

നദീതടങ്ങളും സ്ഥിരവാസവും കൃഷിക്കനുകൂലമായി തിരഞ്ഞെടുത്തപ്പോൾ Sumarian Starmap Farmingഭക്ഷ്യയോഗ്യമായവയിൽ ഏത് വിള ഏത് കാലത്ത് ഇറക്കണമെന്നും ജലസേചനാവിശ്യങ്ങൾക്കൊപ്പം നദി ഏത് കാലവസ്ഥയിൽ ശുഷ്കിക്കുകയും പുഷ്ടിക്കുകയും ചെയ്യുന്നുവെന്നും നിരീക്ഷിക്കൽ അത്യന്താപേക്ഷിതമായി മാറി. ഉത്പാദനം ലഭിക്കാത്ത കാലവസ്ഥയുടെ വരവിനെ കണക്കാക്കി ഭക്ഷണം ശേഖരിക്കാനും കണക്കുകൂട്ടി.

വൈവിധ്യം വിവിധ സംസ്കാരങ്ങളിലൂടെ…

ശിലായുഗങ്ങൾ ഭൂമിയിലെ നാനാഭാഗത്തും നാനാസമയങ്ങളിലായിരുന്ന പോലെ തന്നെ നാഗരികതയിലേക്കുള്ള വളർച്ചയും, സ്ഥലങ്ങളും സംസ്ക്കരങ്ങൾക്കുമൊപ്പം വിത്യസ്തനിരക്കിലായിരുന്നു.

പുരോഗമിക്കുന്നതിനൊപ്പം തന്നെ കാലം ഗണിക്കുന്നതിനും ഇങ്ങനെ പല സംസ്കാരങ്ങൾ തങ്ങൾക്കനുകൂലമായ സാഹചര്യങ്ങൾക്കനുസരിചുള്ള തനത് സമ്പ്രദായങ്ങൾ അവലംബിച്ചു.

ഭൂമിശാസ്ത്രപരമായ അന്തരമായിരുന്നു  വൈവിധ്യമായ സമ്പ്രദായങ്ങൾ നിലവിൽ വരാൻ മുഖ്യകാരണം. ഉദാഹരണമായി, ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിലുള്ളവരുടെ ദൃശ്യാനുഭവമല്ല ആകാശഗോളങ്ങളെ നിരീക്ഷിക്കുന്ന തിൽ ദക്ഷിണാർദ്ധഗോളത്തിലുണ്ടായിരുന്നവർക്ക്.

Northern Hemisphere ലെ Arctic മേഖലയോട് ചേർന്ന് ജീവിക്കുന്നവർക്ക് ദിനരാത്രങ്ങളുടെ

ദൈർഘ്യത്തിൽ ഭൂമദ്ധ്യരേഖയോടടുത്തുള്ളവരുമായി വ്യക്തമായ വിത്യാസമുണ്ട്. ഉദയാസ്തമയങ്ങൾ നിരീക്ഷിക്കുമ്പോൾ,

ഭൂമിയുടെ 23 1/2° ചരിവ് കൊണ്ട് ശൈത്യകാലത്ത് സൂര്യന്റെ സ്ഥാനം തെക്ക് ഭാഗത്തേക്ക് സഞ്ചരിക്കുമ്പോൾ ഉഷ്ണകാലത്ത് സൂര്യന്റെ സ്ഥാനം വടക്ക് ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി കാണാം. ഈ സ്ഥാനമാറ്റം വിവിധ സംസ്കാരങ്ങൾ വീക്ഷിച്ചു.സ്ഥിരതാമസം തുടങ്ങിയവർ തങ്ങളുടെ ഗുഹകളിലൊ ആദ്യഗൃഹങ്ങളിലൊ സൂര്യന്റെ ഈ ചക്രവാളത്തിലെ സ്ഥാനമാറ്റം കുത്തിക്കുറിച്ചു

Stonehenge
by simonwakefield [CC BY 2.0 (http://creativecommons.org/licenses/by/2.0)], via Wikimedia Commons
വെച്ചു.

ഇത്തരം കുത്തിക്കുറിക്കലിൽ തുടങ്ങിയ കാര്യം ഭീമാകാരമായ കല്ലുകളടുക്കി‌വെച് സങ്കീർണ്ണമായ ജ്യാമിതികളെ അടിസ്ഥാനമാക്കി കാലം കണക്കു കൂട്ടാൻ പോന്നവണ്ണം സംസ്കാരങ്ങളെ കൂട്ടിക്കൊണ്ടുപോയി.

ഇംഗ്ലണ്ടിലെ Stonehenge പോലുള്ളവ ഇപ്പറഞ്ഞ നിർമ്മിതികൾക്കൊരുദാഹരണമാണ്.

 അറേബ്യയും സഹാറയും പിന്നിടുമ്പോൾ…

യൂറോപിൽ, സൂര്യനെ ആശ്രയിക്കാൻ പറ്റിയിരുന്നെങ്കിൽ മധ്യേഷ്യയിലെ അറേബ്യയിലേക്ക് വരുന്തോറും കാലം ഗണിക്കാൻ ചക്രവാളങ്ങളിൽ മൺൽകാറ്റുകളും മരുഭൂമിയിലെ മൺകൂനകളും തടസ്സമായി. രാത്രിയാകാശം കൈയ്യാളുന്ന ചന്ദ്രനെ ആശ്രയിക്കാൻ ഇത് അറബികളെ നിർബന്ധിതരാക്കി. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ( Waxing and Waning) ക്കൊപ്പം മാസം കണക്കുകൂട്ടി ജീവിതവൃത്തികൾ മുന്നോട്ട് നീക്കി. ഇങ്ങനെ നിലവിൽ വന്ന  ചാന്ദ്രകലണ്ടറാണ് മതസാംസ്കാരികപരമായ കാര്യങ്ങൾക്ക് ഇസ്ലാം രാജ്യങ്ങൾ ഇന്നും ആശ്രയിക്കുന്നത്.

ചൂടിന്റെ കാഠിന്യമേറിയ സഹാറാ മരുത്തട്ടിലെ ഈജിപ്തുകാർ നക്ഷത്രങ്ങളെ നിരീക്ഷിച്ചു. സൂര്യനും ഒപ്പം സഞ്ചരിക്കുന്ന നക്ഷത്രഗണങ്ങളെയും ചേർത്ത് സൂര്യനിൽ അധിഷ്ടിതമായ സൗരകലണ്ടറുകൾ രൂപപ്പെടുത്തി. പിന്നീട് ഗ്രീക്കൊ-റോമൻ നാഗരികതയിലേക്കും പേർഷ്യവഴി ഇൻഡ്യാ ഉപഭൂഖണ്ഡത്തിലും ഈ കലണ്ടർ രീതി കൈമാറ്റം ചെയ്യപ്പെട്ടു. ഇൻഡ്യയുടെ ഔദ്യോഗിക കലണ്ടറായ ശകവർഷ കലണ്ടറും എ.ഡി. 800 കളിൽ കേരളത്തിൽ നിലവിൽ വന്ന കൊല്ലവർഷരീതിയും സൗരകലണ്ടറുകളുടെ കിഴക്കൻ രൂപഭേദം മാത്രമാണ്.

നിരീക്ഷണങ്ങൾ പുരോഗമിക്കുമ്പോൾ…കലണ്ടറും  സംസ്കാരങ്ങളും….

വാനനിരീക്ഷണം ആദിമസംസ്ക്കാരങ്ങളിൽ മിത്തുകൾക്കും ദൈവീകപരിവേഷങ്ങൾ പൂണ്ട കഥകൾക്കുമുള്ളൊരു ഭാവനാഭൂമികയായിട്ടുണ്ട്. ഭൂമിയെ അപേക്ഷിച്ച് സ്ഥിരമായി നിന്ന നക്ഷത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, തുടർച്ചയായി ആകാശത്തിലൂടെ സഞ്ചരിക്കുന്ന ആകാശരൂപങ്ങളെ ദൈവങ്ങളുടെ റോന്ത് ചുറ്റലായും അവയെ പ്രീണിപിക്കുന്നത് വഴി ഋതുക്കൾ ലഭിക്കുമെന്നും അവർ കരുതിപ്പോന്നു. സ്ഥിരമായ നക്ഷത്രഗണങ്ങളെ (Constellations) അപേക്ഷിച്ചുള്ള സൂര്യന്റെ ചലനം സൂര്യനിൽ അധിഷ്ടിതമായ മാസങ്ങളേയും രേഖപ്പെടുത്താൻ സഹായിച്ചു. അത്തരം നക്ഷത്രഗണങ്ങൾക്ക് ലോകത്തെ ഓരോ സംസ്കാരങ്ങളും ഓരോ രൂപങ്ങൾ ആരോപിചു. ഇത്തരം കരുതലുകളും ആരോപിതരൂപങ്ങളും അടിസ്ഥാനമാക്കിയുള്ള നിരീക്ഷണങ്ങൾ എളുപ്പത്തിൽ ജനകീയമായുള്ള കാലഗണനാരീതി കൈമാറാനും സൗകര്യമൊരുക്കി.

ഇന്നത്തെ ഇറാഖിന്റെ ഭാഗമായ, സംസ്കാരത്തിന്റെ പൗരാണിക തൊട്ടിലുകളിലൊന്നായ തെക്കൻ മെസൊപ്പൊട്ടോമിയയിലെ സുമേറിയൻ സംസ്കാരമാണ് ചരിത്രത്തിലെ ആദ്യകലണ്ടർ സംവിധാനം ആവിഷ്കരിച്ചുപയോഗിച്ചിട്ടുള്ളത്. ഏകദേശം 29.5 ദിവസം എടുത്തു കൊണ്ടുള്ള ചന്ദ്രന്റെ രൂപമാറ്റത്തിന്റെ ആവർത്തനചക്രമായിരുന്നു സുമേറിയൻ സംസ്കാരത്തിന്റെ കാലഗണനയ്ക്ക് അടിസ്ഥാനമായിരുന്നത്.

മഴയുടെ അനുഗ്രഹം തീണ്ടാത്ത, ആഫ്രിക്കൻ മരുപ്രദേശത്തെ നൈൽ നദിയുടെ ദാനമായി വളർന്നുവന്ന ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ കാര്യം പറഞ്ഞുവല്ലൊ.മരുപ്രദേശമായതു കൊണ്ട് തന്നെ രാത്രിയാകാശം ചൂട്ടുവിളക്കുപോൽ അവിടുത്തെ ജനങ്ങളെ വഴിനടത്തിച്ചിരുന്നു. നൈൽ നദിയുടെ വെള്ളപ്പൊക്കം വിളിച്ചറിയിക്കുന്ന നക്ഷത്രമായിരുന്നു സിറിയസ് (Sirius).താരത്തിന്റെ ഉദയയവും നദിയിലെ വെള്ളപ്പൊക്കവും യാദൃശ്ചികമായി ഒത്തുവന്നത് കൊണ്ട് സിറിയസ് നക്ഷത്രത്തെ ദേവതയായും ഈജിപ്ഷ്യർ കണ്ടിരുന്നു. ഈജിപ്ഷ്യൻ സംസ്കാരം ആദ്യകാലങ്ങളിൽ ചന്ദ്രനെ കാലഗണനയ്ക്കായി ആശ്രയിച്ചിട്ടുണ്ടായിരുന്നെങ്കിലും നൈൽ നദിയുടെ ജലനിരപ്പിൽ ഉണ്ടാകുന്ന ഉയർച്ചയുടെയും വെള്ളപ്പൊക്കത്തിന്റെയും ആവർത്തനം ഏകദേശം വരുന്ന 360 ദിനങ്ങൾ കൂടിയാണെന്ന് മനസിലാക്കിയാണ് കാലം വാർഷികമായി രേഖപ്പെടുത്തി പോന്നത്.

ഏഷ്യയിൽ തന്നെ മറ്റ് പ്രധാന കലണ്ടർ സംവിധാനങ്ങളും സമാന്തരമായി പിന്നീട് വികസിചു വന്നിട്ടുണ്ട്. സംസ്കാരത്തിന്റെ ഈറ്റില്ലമായ ഇറാഖിൽ തന്നെ അസ്സിറിയൻ കലണ്ടറും ബാബിലോണിയൻ കലണ്ടറും ഏകദേശം ഒരേ കാലയളവിൽ രൂപപ്പെട്ടു വന്നതാണ്. പേർഷ്യൻ സാമ്രാജ്യം വികസിച്ചതിനൊപ്പം സൊരോസ്ട്രിയാൻ മതത്തിന്റെ ആചാരനുഷ്ടാനങ്ങളുടെ ഭാഗമായും തനതായ കലണ്ടർ നിലവിൽ വന്നു. സെമെറ്റിക് മതങ്ങളുടെ ആവിർഭാവം ഹീബ്രു കലണ്ടറിനും ശേഷം പൂർണ്ണമായും ചന്ദ്രനെ ആസ്പദമാക്കിയ ഇസ്ലാമിക് കലണ്ടറിനും വഴിവെച്ചു.അതുകൊണ്ട് തന്നെ തുടർന്ന് വന്ന ജൂലിയൻ- ഗ്രിഗേറിയസ് കലണ്ടറുകളിലുൾക്കൊണ്ട പരിഷ്കാരങ്ങൾക്കൊത്ത് പോകാൻ തക്ക മാറ്റം ഇസ്ലാമിക് കലണ്ടറിലുണ്ടായില്ല. ഋതുക്കളും ഇസ്ലാമിക് കലണ്ടറുമായി യാതൊരു കാലബന്ധവും ചേർത്തുവെക്കാനും ഉണ്ടായിരുന്നില്ല.

9 നൂറ്റാണ്ടുകളോളം, ഇന്നത്തെ ഇറാനും ചുറ്റുമുള്ള പ്രദേശത്തും നിലനിന്ന, ഉമർ ഖയ്യാം എന്ന 11 ആം നൂറ്റാണ്ടിലെ ബഹുമുഖപ്രതിഭയുടെ കീഴിൽ ആവിഷ്കരിച്ച ജലാലി കലണ്ടർ പൂർണ്ണമായും സൗരകലണ്ടർ ആയിരുന്നു. അധിദിനങ്ങൾ ഉൾപ്പെടുത്തിയുള്ള പരിഷ്കാരങ്ങൾ വഴി തികച്ചും കൃത്യമായ കലണ്ടറായിരുന്നു ഇത്.Desert Night sky

ചരിത്ര സ്മാരകങ്ങളും ജ്യോതിശാസ്ത്രബന്ധവും.

വാനനിരീക്ഷണവും സമയം രേഖപ്പെടുത്തലും പുരാതന സംസ്കാരങ്ങൾക്ക് എത്രത്തോളം അവിശ്യഘടകമായിരുന്നു എന്നതിനുള്ള ചില തെളിവുകൾ ചരിത്ര സ്മാരകങ്ങൾ വഴി മനസിലാക്കാൻ സാധിച്ചിട്ടുണ്ട്.

ഈ നിരീക്ഷണങ്ങളും ഇന്നത്തെ കാലവുമായിട്ടുള്ള പ്രധാനവിത്യാസം അന്ന് വൈദ്യുതീകരിച്ച പ്രകാശസ്രോതസ്സുകളൊന്നും ഇല്ലാ എന്നുള്ളതായിരുന്നു.

പ്രകാശമലിനീകരണം എന്ന അവസ്ഥയില്ല എന്ന് ചുരുക്കം.

അതുകൊണ്ട് തന്നെ രാത്രിയിലെ ആകാശനിരീക്ഷണങ്ങൾ തീർത്തും വ്യക്ത്വവും സ്വച്ഛവും ആയിരുന്നു. ആത്മീയമോ മതപരമോ ആയ കാരണങ്ങൾ കൊണ്ടും ആകാശരൂപങ്ങളെ ദർശിക്കാനായുള്ള ഒബ്സെർവേറ്ററികളുടെ ആദിമരൂപങ്ങൾക്ക് സമാനമായ നിർമ്മിതികൾ ചരിത്രത്തിൽ നിന്ന് കണ്ടെത്താനാകും.അവയിൽ പ്രധാനപ്പെട്ട ചിലത്:

Newgrange Ireland
Newgrange Ireland

അയർലണ്ടിലെ Newgrange ൽ B.C.3000 ത്തിനോടടുത്ത് പണികഴിപ്പിച്ചെന്ന് കരുതപ്പെടുന്ന ഒരു ശവകുടീരത്തിന്റെ ഇടനാഴിയിലേക്ക് (passage tomb) ദക്ഷിണയനാന്തം(Winter Solstice) കണക്കാക്കി , അന്നേനാളുകളിൽ സുര്യപ്രകാശം  വന്ന് പതിക്കുന്നതായി കാണാം. ഇടനാഴിയുടെ പ്രധാനകവാടം വഴിയല്ല മറിച് പ്രധാന കവാടത്തിന്റെ തൊട്ടുമുകളിലെ ചതുരാകൃതിയിലുള്ള Opening വഴിയാണ് പ്രകാശം അകത്തുവരുന്നത്. ഈ കൃത്യതയ്ക്ക് ജ്യോതിശാസ്ത്രജ്ഞാനം അന്ന് അടിസ്ഥാനപരമായി ഉണ്ടായിരുന്നതായി തന്നെ അനുമാനിക്കാം.

Senenmut’s Tomb
Senenmut’s Tomb

ഈജിപ്തിലെ ഗിസ പീഠഭൂമിയിലെ പിരമിഡുകൾക്കും അവയുടെ ദിശയ്ക്കും വാനശാസ്ത്രവുമായുള്ള ബന്ധം ആരോപിക്കപ്പെട്ടിട്ടുണ്ട്.  അതുപോലെ തന്നെ ബി‌.സി. 15 ആം നൂറ്റാണ്ടിലെ നിർമ്മിതിയായ Deir el-Bahri യിലെ Senenmut’s Tomb ന്റെ  മുകൾതലത്ത് നക്ഷത്രഗണങ്ങളെ വൃത്താകൃതിയിൽ വരച് വെചതായി കാണാം. 24 ഭാഗങ്ങളാക്കിയ വൃത്തം 24 മണിക്കൂറിനെയാണ് സൂചിപ്പിക്കുന്നത്.

ഇംഗ്ലണ്ടിലെ സ്റ്റോൺ ഹെഞ്ച് ഉദാഹരണം പറഞ്ഞത് ഓർക്കുന്നുണ്ടല്ലൊ.ഏകദേശം 5000 ത്തോളം വർഷം പഴക്കമുള്ളതാണ് ഈ ഭീമമായ ശിലാനിർമ്മിതി.ഇതിന്റെ നിർമ്മാണോദ്ദേശ്യങ്ങൾ പൂർണ്ണമായും വ്യക്തമല്ലെങ്കിലും ജ്യോതിശാത്രത്തിലെ സൂര്യന്റെ അയനാന്തങ്ങ( Solstices)ളുമായി ബന്ധമുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

Kukulkan Pyramid
Kukulkan Pyramid

മെക്സിക്കോയിലെ മായൻ സംസ്കാരത്തിന്റെ ഭാഗമായ Chichen Itza യിലെ  El Castillo അഥവാ Kukulkan’ Pyramid ന് 4 വശത്തു നിന്നും 91 പടികളും ഒരു പടി platform ഉം ചേർത്ത് ആകെ 365 പടികളാണുള്ളത്.ഇത് ഒരു കലണ്ടർ വർഷമാണ് സൂചിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു.ഇതിനു പുറമെ, Vernal Equinox ഉം Autumnal Equinox  ഉം യഥാക്രമം വരുന്ന മാർച് , സെപ്റ്റെമ്പർ മാസങ്ങളിൽ പ്രത്യേകതരം രൂപത്തിലായി പടികളിലേക്ക് നിഴൽ വീഴുന്നതും ഈ നിർമ്മിതിക്കു പിന്നിലെ ജ്യോതിശാസ്ത്രബന്ധം ദൃഢപ്പെടുത്തുന്നു.

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാജസ്ഥാനിലെ രാജാ ജയ്സിങ് രണ്ടാമന്റെ നേതൃത്ത്വത്തിൽ നിർമ്മിച്ച ജന്തർ മന്തർ മന്തിരം ഭീമാകാരമായൊരു സൗരഘടികാരമാണ്.

പരിമിതികളിൽ നിന്നും പരിഷ്കാരങ്ങളിലേക്ക്..

ചാന്ദ്രമാസങ്ങളും സൗരവർഷവുമായുള്ള Lunisolar കലണ്ടറുകൾ അന്നത്തെക്കാലത്തെ ജീവിതരീതിയ്ക്ക് ഗുണകരമായെങ്കിലും ചില പരിമിതികളും അവയ്ക്കുണ്ടായിരുന്നു. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾക്ക് ഋതുക്കളുമായി ബന്ധമില്ലായെന്നുള്ളതായിരുന്നു പ്രധാന കാരണം. ഇത് പരിഹരിക്കാനായി അധിദിനങ്ങൾ/മാസങ്ങൾ ചേർക്കുന്ന Intercalation സംവിധാനങ്ങളും അന്ന് അവലംബിച്ചിരുന്നു. സീസണുകൾ ഒത്തുപോകുന്നുണ്ടായിരുന്നെങ്കിലും ദിനത്തോടനുബന്ധിച്ച കൃത്യത കൈവരിക്കാൻ ഈ സംവിധാനം കൊണ്ടും സാധിച്ചിരുന്നില്ല. Lunisolar രീതിയ്ക്ക് വിരാമം കുറിച്ചു കൊണ്ടാണ് റോമിൽ ജൂലിയസ് സീസർ ജൂലിയൻ കലണ്ടർ കൊണ്ടുവരുന്നത്. ജൂലിയൻ കലണ്ടറിന്റെ പരിമിതികൾ നികത്തിക്കൊണ്ട് ഗ്രിഗേറിയൻ കലണ്ടറും ശേഷം നിലവിൽ വന്നു.

ജൂലിയൻ – ഗ്രിഗേറിയൻ കലണ്ടറുകൾ

കലണ്ടറുകളുടെ പിറവി ചരിത്രത്തിലെ വലിയ ഏടുകളായ സുമേറിയനും ഈജിപ്ഷ്യനുമൊക്കെ പിന്നിട്ട് വന്നു നിൽക്കുന്ന പ്രധാനപ്പെട്ട മൈൽക്കുറ്റികളാണ്

റോമൻ/ജൂലിയൻ കലണ്ടറും ഗ്രിഗേറിയൻ കലണ്ടറും.ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളുടെ നിരീക്ഷണത്തിൽ അധിഷ്ഠിതമായ ‘ലൂണാർ കലണ്ടറുകളും ചാന്ദ്രമാസവും സൗരവർഷവും ചേർന്ന സെമിലൂണാർ കലണ്ടറും സൗരമാസവും സൗരവർഷവും ചേർന്ന് പൂർണ്ണമായി സൂര്യന്റെ ചലനത്തെ ആസ്പദമാക്കിയ സൗരകലണ്ടറും നമ്മുടെ പൂർവ്വികർ വിവിധ സംസ്കാരങ്ങളിലായി ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടുവല്ലൊ. ആദിമ സംസ്കാരങ്ങളിൽ നിന്നുൾക്കൊണ്ട പാഠങ്ങളിലെ മൗലികമായ 10 മാസങ്ങളിൽ നിന്നു തുടങ്ങുകയും ശേഷം വന്ന ക്രമാനുഗതമായ  കൂട്ടിച്ചേർക്കലുകളുടേയും തിരുത്തലുകളുടേയും ഫലമായുണ്ടായതുമാണ് ഇന്ന് കാണുന്ന തരത്തിലുള്ള കലണ്ടർ.അവയിൽ തന്നെ ലോകവ്യാപകമായി ഉപയോഗിക്കുന്ന ഗ്രിഗേറിയൻ കലണ്ടറും ഒരു പ്രദേശത്തു മാത്രമായി ഉപയോഗിക്കപ്പെടുന്ന കൊല്ലവർഷം/മലയാള കലണ്ടർ പോലെയുള്ള കലണ്ടറുകളും ഉണ്ട്.

ഇന്ന് പൊതുവിൽ കണ്ടുവരുന്ന ഗ്രിഗേറിയൻ കലണ്ടറിന്റെ ആദിമരൂപമാണ് ജൂലിയസ് സീസറിന്റെ കാലത്ത് നിലവിൽ വന്ന ജൂലിയൻ കലണ്ടർ.അന്നുവരെ നിലവിലുണ്ടായിരുന്ന റോമൻ കലണ്ടർ സംവിധാനം പരിഷ്കരിച്ചു കൊണ്ടാണ് ജൂലിയൻ കലണ്ടർ 46 ബിസിയിൽ നിലവിൽ വന്നത്.

ജനുവരി 1 പുതുവർഷദിനമായി ജൂലിയസ് സീസറിന്റെ  റോമൻ റിപബ്ലിക്കൻ ഭരണകൂടം രേഖപ്പെടുത്തി.ജൂലിയൻ കലണ്ടറായിരുന്നു യൂറോപ്പിലെ രാജ്യങളിൽ ഭൂരിഭാഗവും പിന്തുടർന്നിരുന്നത്.അന്നത്തെ  ജ്യോതിശാസ്ത്ര ജ്ഞാനം വെച് കണക്കു കൂട്ടിയത് ഒരു വർഷം എന്നത് 365 കാൽ (365.25) ദിവസങ്ങൾ എന്നായിരുന്നു. വർഷത്തിൽ 365 ദിനങ്ങളും ശേഷം മുൻപ് പറഞ്ഞ കാൽ ദിവസത്തെ(6 മണിക്കൂർ) തുടർച്ചയായുള്ള നാലാം വർഷത്തിൽ ഒരൊറ്റ ദിനമായി ചേർത്ത് അധിവർഷമെന്ന(leap year) രീതിയിൽ പരിഷ്കരിച്ചുമായിരുന്നു ജൂലിയൻ കലണ്ടർ ചിട്ടപ്പെടുത്തിയിരുന്നത്.ഇന്നേക്ക് 2100 ഓളം വർഷങ്ങൾക്കു മുൻപ് ഇത്തരമൊരു പരിഷ്കരിച്ച, സൗരകലണ്ടർ രൂപമായതിനാലാവാം ജൂലിയൻ കലണ്ടർ താരതമ്യേന മികച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത്.

എങ്കിലും ഈ കണക്കിനൊരു പ്രശ്നമുണ്ടായിരുന്നു.

ഒരു വർഷം എന്നത് 365.25 ദിനങ്ങളല്ല മറിച് കാൽ ദിവസത്തിനു 11.3 മിനിറ്റു കുറവുണ്ടെന്ന് ശേഷം മനസിലാക്കി.അതായത് 365 ദിവസവും 5 മണിക്കൂറും 49 മിനിറ്റും 12 സെകന്റ്സും (ഏകദേശം 365.2425 ദിനങ്ങൾ) ആണ് ഒരു വർഷം.ജൂലിയൻ കലണ്ടറിലെ ഈ വിത്യാസം അനുഭവപ്പെട്ടത് കൃസ്തീയ ആചാരങ്ങളുടെ ഋതുക്കളുമായി യോജിച്ചു കിടക്കുന്ന ആഘോഷങ്ങളിലായിരുന്നു.സീസണും കലണ്ടർ ദിനങ്ങളും കാലം മുന്നോട്ടു പോകുന്നതിനനുസരിച്ച് ഒത്തുപോകാതെയായി. ഈ ചെറിയ തിരുത്തിന്റെ അഭാവം നൂറ്റാണ്ടുകളുടെ ദൈർഘ്യത്തിൽ വലിയ പിഴവുകളുണ്ടാക്കുകയും ക്രൈസ്തവാചാരങ്ങളിലെ പ്രധാനപ്പെട്ട ദിനങ്ങളിലൊന്നായ ഈസ്റ്റർ ദിനവും മാറി വരുന്നതായി മനസ്സിലാക്കി.

A.D 1582; ഗ്രിഗേറിയൻ കലണ്ടർ

ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതലായി പ്രചാരത്തിലുള്ള കലണ്ടറായ ഗ്രിഗേറിയൻ കലണ്ടർ സമാരംഭിച്ച വർഷമാണ് എ ഡി 1582.

ജൂലിയൻ കലണ്ടർ പ്രകാരം, ഒരു വർഷത്തിലെ 11.3 മിനിറ്റ് കുറവ് കണക്കിലെടുക്കാത്തത് മൂലം ഏകദേശം 128 വർഷം കൂടുമ്പൊൾ ‘ഒരു ദിവസം’  എന്ന രീതിയിൽ ജൂലിയൻ കലണ്ടറും ഗ്രിഗേറിയനും തമ്മിൽ വിത്യാസമുണ്ടായിരിക്കും. ബി.സി 46 ൽ നിന്നും എ.ഡി. 1582 വരെയുള്ള കാലയളവിൽ ഈ വിത്യാസം 10 ദിവസം വരെയായി ഉയർന്നു. അന്നത്തെ കാത്തലിക് അതോറിറ്റിയുടെ പോപ് ആയിരുന്ന

Christopher Clavius
Christopher Clavius

പോപ് ഗ്രിഗറി 13 ആമന്റെ നേതൃത്വത്തിൽ കലണ്ടർ സംവിധാനത്തിലെ ഈ പിഴവിനെ പരിഷ്കരിക്കാൻ ശ്രമമുണ്ടായി. തത്ഫലമായി Christopher Clavius എന്ന അസ്ട്രോണമറെ നിയമിക്കുകയും ഇദ്ദേഹം മുന്നോട്ടുവെച്ച നിർദ്ദേശങ്ങളും തിരുത്തലുകളും ചേർന്ന് നൂറ്റാണ്ടുകളോളം പഴക്കം ചെന്ന കലണ്ടർ സംവിധാനം തെറ്റുകുറ്റങ്ങൾ ആവതും ഒഴിവാക്കി പരിഷ്കരിച് പ്രസിദ്ധീകരിക്കപ്പെടുത്തുകയും ചെയ്തു.

1582ൽ ഒക്റ്റോബർ മാസം 4 ആം തിയതിയ്ക്കു ശേഷം ഒക്റ്റോബർ 15 ആക്കി തിരുത്തി അധികമായി വന്ന 10 ദിവസത്തെ ഒഴിവാക്കി. ഭാവിയിൽ ജൂലിയൻ കലണ്ടർ പിന്തുടരുന്തോറും വീണ്ടും പിഴവ് സംഭവിക്കാതിരിക്കുവാൻ മറ്റൊരു മാർഗ്ഗവും കൂടി അവലംബിച്ചു.ജൂലിയൻ കലണ്ടറിലെ രീതി പോലെ തന്നെ ഓരോ 4 ആം വർഷവും 366 ദിവസങ്ങളുള്ള അധിവർഷമാക്കുകയും എന്നാൽ, ഓരോ 400 വർഷങ്ങൾക്കിടയിൽ 3 ദിവസം ഒഴിവാക്കുകയും ചെയ്യുകയായിരുന്നു പിഴവ് തിരുത്തുന്നതിനുള്ള പോംവഴിയായി നിർദ്ദേശിക്കപ്പെട്ടത്.ഇതിൽ 400 വർഷങ്ങൾക്കിടയിൽ 3 ദിവസം ഒഴിവാക്കാനായി, ഓരോ നൂറ്റാണ്ടിലും 365 ദിനങ്ങൾ മാത്രമാക്കുകയും 400 കൊണ്ടു ഹരിക്കാൻ(divisible) പറ്റുന്ന നൂറ്റാണ്ടിൽ മാത്രം 366 ദിനങ്ങൾ ചേർക്കുകയും ചെയ്യുകയായിരുന്നു.

ജൂലിയൻ കലണ്ടർ ഇന്ന് ഗ്രിഗേറിയൻ കലണ്ടറിൽ നിന്നും 13 ദിവസങ്ങൾ പിന്നിലാണ്.

ജൂലിയനിൽ 128 വർഷം കൂടുമ്പോൾ ഒരു ദിവസം കൂടുന്നുണ്ടെങ്കിൽ, ഗ്രിഗേറിയനിൽ 3,030 വർഷത്തിൽ ഒരു ദിവസം എന്ന നിരക്കിലാണ് വിത്യാസമുണ്ടാകുന്നത്.അത്രത്തോളം താരതമ്യേന എറർ കറക്ഷൻ ഉണ്ടെന്നർത്ഥം.

ഗ്രിഗേറിയൻ പോപ് ഈ പരിഷ്കരണത്തിനു 1582 ൽ നേതൃത്വം നിന്നെങ്കിലും ലോകം മുഴുവൻ ഈ കലണ്ടർ ഇന്നുള്ളതു പോലെ എത്തിയതിൽ ശേഷം വ്യാപിക്കപ്പെട്ട സാമ്രാജ്യത്ത ശക്തികളുടെ പങ്ക് വളരെ വലുതായിരുന്നു.ഗ്രിഗേറിയൻ കലണ്ടർ റോമൻ കാത്തലിക് ഹെഡായ പോപിന്റെ അതോറിറ്റിയെ അംഗീകരിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ മാത്രമെ ആദ്യം കണക്കിലെടുത്തിരുന്നുള്ളു.യൂറോപ്പിലെ തന്നെ കിഴക്കൻ രാജ്യങ്ങളിൽ ചിലത് 20 ആം നൂറ്റാണ്ടിലാണ് ഗ്രിഗേറിയൻ സിസ്റ്റം ഏർപ്പെടുത്തിയത് തന്നെ.

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കാര്യത്തിൽ, റോമൻ കാതലിക്കിൽ നിന്നും 16ആം നൂറ്റാണ്ടിൽ വ്യതിചലിച് പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലേക്ക് മാറിയ രാജ്യങളിലൊന്നായതിനാൽ തന്നെ ഗ്രിഗേറിയൻ സിസ്റ്റം ബ്രിട്ടൺ ഈ കാലത്ത് പിന്തുടർന്നിരുന്നില്ല.കൂടാതെ 12 ആം നൂറ്റാണ്ടിനു ശേഷമുള്ള ഇടക്കാലങ്ങളിൽ പുതുവർഷ ദിനമായി മാർച് 25 ആയിരുന്നു ഇംഗ്ലണ്ടിൽ ആചരിച്ചു വന്നത്.

ഡിസംബർ 25 നു യേശുവിന്റെ ജനനവും  9 മാസം പിന്നോട്ട് പോയി മാർച് 25  യേശുവിനെ മാതാവ് ഗർഭം ധരിക്കുന്നതും കണക്കിലെടുത്തായിരുന്നു ഈ മാറ്റം.

1752 ആയതോടു കൂടി ജൂലിയൻ കലണ്ടറും ഗ്രിഗേറിയനുമായുള്ള വിത്യാസം ഒരു ദിനവും കൂടി അധികരിച്ചു 11 ദിവസമായി.ഭാവിയിലും ഈ വിത്യാസം അധികരിക്കപ്പെടാതിരിക്കാനായി 1752 ആം വർഷത്തെ സെപ്റ്റംബറിലെ 2 ആം തീയതിയ്ക്കു ശേഷം സെപ്റ്റംബർ 14 ആക്കി ബ്രിട്ടീഷ് ഭരണകൂടം തിരുത്തി. അങ്ങനെ 18 ആം നൂറ്റാണ്ടോടെ ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്ത ശക്തിയായി മാറിയ ബ്രിട്ടീഷ് സാമ്രാജ്യം 1752 മുതൽ ഗ്രിഗേറിയൻ കലണ്ടർ ഔദ്യോഗികമായി സ്വീകരിചു.

അമേരിക്കൻ നാടുകളിലെ ഫ്രാൻസിന്റെയും സ്പെയിനിന്റെയും കീഴിലുള്ള പ്രദേശങ്ങൾ 1582 ൽ തന്നെ ഗ്രിഗേറിയൻ സംവിധാനം ഉപയോഗിച്ചു തുടങ്ങിയിരുന്നു. അമേരിക്കൻ ഐക്യനാടുകളുടെ ( U.S.A) ആവിർഭാവത്തിനുശേഷം, 1867 ൽ റഷ്യയുടെ പക്കൽ നിന്നും വാങ്ങുന്നതോടെയാണ് അലാസ്കയിൽ ഈ സംവിധാനം കൊണ്ടുവരുന്നത്.

കിഴക്കൻ യൂറോപ്പും ഇന്നത്തെ തുർക്കിയുൾപ്പെടുന്ന ദേശം കൈയ്യാളിയ ഓട്ടോമാൻ സാമ്രാജ്യവും 1920 കളോടെ ഗ്രിഗേറിയൻ കലണ്ടർ ഔദ്യോഗികരിച്ചു.

1918 ലെ ഒക്റ്റോബർ വിപ്ലവത്തിന്റെ സമാപ്തിയോടെ റഷ്യയും കലണ്ടർ നവീകരിച്ചു.

ജൂലിയൻ കലണ്ടറുമായി ബന്ധമില്ലാതിരുന്ന ചൈന, കൊറിയ, ജപ്പാൻ എന്നീ കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ 19 ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ നേരിട്ട് ഗ്രിഗേറിയൻ സിസ്റ്റം പിന്തുടരാനൊരുങ്ങുകയായിരുന്നു.

ഇസ്ലാമിക് കലണ്ടർ മതകാര്യങ്ങൾക്കു മാത്രം മാറ്റിവെച്ചു കൊണ്ട് സൗദി അറേബ്യയും 2016 ഓടെ ഗ്രിഗേറിയൻ കലണ്ടർ സിവിൽ കലണ്ടറായി എഴുതിച്ചേർത്തു.

ഇന്ന്, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യകളുടെ കുതിച്ചുചാട്ടത്തിനിടയിൽ നിൽക്കുമ്പോഴും കൈയിലെ സ്മാർട്ട്ഫോണിൽ അല്ലെങ്കിൽ ഓഫീസ് ടേബിളിൽ, വീട്ടുചുമരിൽ ഒക്കെയായി സ്ഥാനം പിടിച്ചിരിക്കുന്ന ഇന്ന് കാണുന്ന കലണ്ടറിന് നമ്മുടെ സംസ്കാരത്തോളം തന്നെയുള്ള പഴക്കമുണ്ടെന്നത് ആശ്ചര്യജനകമായ കാര്യമാണ്. മിഡിൽ ഈസ്റ്റിലെ യൂഫ്രട്ടീസ് , ടൈഗ്രിസ് നദികൾ, ഈജ്പ്തിലെ നൈൽ നദി, ഇൻഡ്യാ ഉപഭൂഖണ്ഡത്തിലെ സിന്ധു നദി എന്നിങ്ങനെയായി സംസ്കാരത്തിന്റെ കളിത്തൊട്ടിലിൽ നിന്നും മാനവികവളർച്ചയ്ക്ക് കാലം കൂട്ടുപിടിച്ച് മുന്നോട്ടു പോകുന്നതിന്റെ ചരിത്രം പേറുന്ന ഒരു ചെറിയ ഏടാണ് ആ ചുമരുകളിൽ തൂങ്ങുന്നതെന്ന് വിസ്മയാവഹമായി കാണാൻ ഈ ലേഖനം സഹയിച്ചെന്ന് കരുതട്ടെ.

നന്ദി