Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the twentytwenty domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/wp-includes/functions.php on line 6114
Kannan Keecherill – Is it true, Science?
Categories
Article People Technology

സയന്‍സിലെ സ്ത്രീകള്‍

ഈ സയന്‍സ് ദിനത്തിന്റെ (28 ഫെബ്രുവരി 2020) വിഷയം സയന്‍സിലെ സ്ത്രീകള്‍ (Women in Science) എന്നതാണ്. 28-ആം തിയതി വരെ കേരളത്തിലെ എല്ലാവരും അവരാല്‍ കഴിയുന്നതു പോലെ അവരുടെ സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലുമൊക്കെ സയന്‍സ് എഴുതാം എന്ന നവനീത് കൃഷ്ണന്റെ നിര്‍ദ്ദേശത്തിന്റെ ആവേശമുള്‍ക്കൊണ്ട്, സയന്‍സിലെ സ്ത്രീകളെ പറ്റി തന്നെ എഴുതാം എന്ന് കരുതി.

മേരി ക്യൂറിയെ, കഴിഞ്ഞ വര്‍ഷത്തെ നോബല്‍ ജേതാവ് ഡോണ സ്ട്രിക്ലന്റിനെ (Donna Strickland), ബ്ലാക്ക് ഹോളിന്റെ ചിത്രമെടുക്കുന്നതില്‍ വലിയ പങ്കുവഹിച്ച കെയ്റ്റി ബോമനെ (Katie Bouman) ഒക്കെ വാര്‍ത്തകളിലൂടെ എല്ലാവര്‍ക്കും അറിയാമെന്ന് കരുതുന്നു. എനിക്ക് എന്റെ മേഖലകളിലൂടെ (അതായത് ജനറല്‍ ഫിസിക്സ്, കമ്പ്യൂട്ടേഷണല്‍ ഫിസിക്സ്, അസ്ട്രോഫിസിക്സ്) പരിചയമുള്ള ചിലരേയും, അവയുടെ ചരിത്രത്തില്‍ പരിചയപ്പെടാതെ പോയി എന്നതില്‍ എനിക്ക് ചെറുതല്ലാത്ത ദുഃഖമുള്ള ചിലരേയും പറ്റി ആണ് ഞാന്‍ എഴുതാമെന്ന് കരുതുന്നത്. (അതായത്, എന്റെ ഫീല്‍ഡ് വിട്ട് പുറത്തേക്കില്ല!)

#1 ഊര്‍ജ്ജം കണ്ടുപിടിച്ചവള്‍…!

Émilie du Châtelet

ഊര്‍ജ്ജ സംരക്ഷണ നിയമം (Law of Conservation of Energy) നമുക്കെല്ലാവര്‍ക്കും പരിചിതമാണല്ലോ? പക്ഷേ, ആധുനിക ഫിസിക്സിന് ഊര്‍ജ്ജം എന്ന ആശയവും, അത് സൃഷ്ടിക്കപ്പെടുന്നോ നശിപ്പിക്കപ്പെടുന്നോ ഇല്ല എന്ന നിയമത്തിന്റെ പ്രാഥമിക രൂപവും സംഭാവന ചെയ്തത് എമിലി ഡു ഷാറ്റ്ലി (Émilie du Châtelet) ആണെന്ന കാര്യം അധികമാളുകള്‍ക്ക് അറിയില്ലായിരിക്കും. വോള്‍ട്ടയറിന്റെ (Voltaire) കാമുകി  എന്ന നിലയിലേക്ക് ഇവരെ ചുരുക്കി കാണാനാണ് വളരെ അടുത്ത കാലം വരെ ചരിത്രം ശ്രമിച്ചിട്ടുള്ളത് എന്നതുകൊണ്ടാണ് നമുക്ക് എമിലി എന്ന തത്വശാസ്ത്രജ്ഞ/ഭൗതികശാസ്ത്രജ്ഞ പരിചിതയല്ലാത്തത്.

1706-ല്‍ ഫ്രാന്‍സില്‍ ജനിച്ച എമിലിക്ക് ഫിസിക്സിലോ മറ്റ് സയന്‍സുകളിലോ ഗണിതത്തിലോ ഒന്നും പരിശീലനം ലഭിച്ചിരുന്നില്ല. പക്ഷേ, വീട്ടിലെ ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ വായിച്ചും വീട്ടിലുള്ളവരോട് സംവദിച്ചും എമിലിക്ക് എന്തെന്നില്ലാത്ത കൗതുകമുണ്ടായിരുന്നു; പ്രത്യേകിച്ച് എങ്ങനെ സ്വന്തത്ര ഇഛയും (free will) ന്യൂട്ടന്റെ ഫിസിക്സും ഒന്നുചേര്‍ന്ന് പോകാന്‍ കഴിയും എന്നതിനെ പറ്റി. ആ ചോദ്യത്തിനുത്തരം തേടി എമിലി സങ്കീര്‍ണ്ണമായ ഗണിതശാസ്ത്രവും ന്യൂട്ടന്റെ പുസ്തകങ്ങളും ഒക്കെ സ്വയം പഠിക്കുവാന്‍ തുടങ്ങി. 23-ആം വയസില്‍ ആരംഭിച്ച ഈ സ്വയം പഠനത്തിലൂടെ എമിലി ന്യൂട്ടോണിയന്‍ ഫിസിക്സില്‍ ഫ്രാന്‍സിലെ അവസാന വാക്കായി പരിണമിക്കുകയാണുണ്ടായത്!

ഫ്രഞ്ച് ജ്ഞാനോദയത്തിന്റെ മകുടോഹരണമായി പറയുന്ന എന്‍സൈക്ലോപീഡിയയില്‍ (Encyclopédie) ന്യൂട്ടോണിയന്‍ ഫിസിക്സ് എന്ത് എന്ന് എഴുതാന്‍ മാത്രം വിഷയത്തില്‍ പ്രാവീണ്യയായിരുന്നു എമിലി. (അതേ എന്‍സൈക്ലോപീഡിയയയിലെ മൂവമെന്റ്, ഹൈപ്പോത്തസിസ് എന്നതിന്റെ ഒക്കെ നിര്‍വചനം എമിലിയുടെ മറ്റൊരു പുസ്തകത്തില്‍ നിന്ന് അതേപോലെ, എമിലിയുടേതാണ് എന്ന് സൂചിപ്പിക്കാതെ, പൊക്കിയതും!) എമിലി ന്യൂട്ടന്റെ പ്രിന്‍കിപ്പിയ (Principia) ഫ്രഞ്ചിലേക്ക് തര്‍ജ്ജമ ചെയ്തതാണ് ഇന്നും ആധികാരികമായ തര്‍ജ്ജമയായി ചരിത്രകാരന്മാര്‍ ഉപയോഗിക്കുന്നത്.

ഇതുപോലെ ന്യൂട്ടോണിയന്‍ ഫിസിക്സിന്റെ അകവും പുറവും അറിയാമായിരുന്ന എമിലിക്ക് അതിന്റെ ഏറ്റവും വലിയ പരിമിതിയും അറിയാമായിരുന്നു: ചലനം, അതിന്റെ ബലം എന്നത് എങ്ങനെ അളക്കണം എന്നതിന് ഒരു വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. (അളക്കല്‍ ന്യൂട്ടന്റെ ചിന്തയുടെ കേന്ദ്ര ഭാഗമായിരുന്നു താനും!) വെലോസിറ്റി (velocity) എന്നതുകൊണ്ട് മാത്രം എന്തായാലും ബലം അളക്കാന്‍ പറ്റില്ല; ഒരേ വേഗതയില്‍ ചെറിയൊരു വസ്തു ഇടിക്കുന്ന ബലമല്ല വലുത് ഇടിക്കുമ്പോള്‍ എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ? ന്യൂട്ടന്റെ കണക്കുകളില്‍ പ്രധാനമായും വെലോസിറ്റിയെ മാസ് (mass) കൊണ്ട് ഗുണിച്ച് മൊമന്റം (momentum) എന്ന പുതിയൊരു അളവ് ഉണ്ടാക്കിയിരുന്നു. അതിന്റെ മാറ്റമാണ് ബലം അഥവാ ഫോഴ്സ്. (force) മൊമന്റം ഒരു വസ്തുവില്‍ നിന്ന് മറ്റൊന്നിലേക്ക് കൈമാറുന്നതാണ് ഫോഴ്സ്. ഇതുകോണ്ട് തന്നെ മറ്റ് ഫോഴ്സുകളില്ല എങ്കില്‍ മൊമന്റം സംരക്ഷിതമാണ്. (Law of conservation of momentum)

പക്ഷേ, മൊമന്റം സംരക്ഷണ നിയമം കൊണ്ട് മാത്രം പല പ്രതിഭാസങ്ങളും വിശദീകരിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന് എമിലി കണ്ടു. അതുകോണ്ട് mass x velocity എന്നതിന് പകരം, ബലത്തിന്റെ സൂചകമായി mass x velocity x velocity, അതായത് mv^2 എന്നതിന് സമമായി ചലനത്തിന്റെ പ്രത്യാഘാതത്തെ കാണാന്‍ എമിലി ശ്രമിച്ചു. ഇതിനെ വിസ് വിവ അതായത് ജൈവ ബലം (vis viva – living force) എന്നാണ് തത്വശാസ്ത്രജ്ഞര്‍ വിളിച്ചിരുന്നത്. പക്ഷേ, അതിനൊരു ഗണിതശാസ്ത്രപരമായ അടിസ്ഥാനം കൊടുക്കുന്നതും, മറ്റ് പരീക്ഷണങ്ങളിലൂടെ ഈ അളവിനും ചലനത്തില്‍ ചെറുതല്ലാത്ത പ്രാധാന്യമുണ്ട്, വലിയൊരു അര്‍ത്ഥത്തില്‍ ഇതും സംരക്ഷിതം തന്നെയാണ് എന്ന് എമിലി ന്യൂട്ടോണിയന്‍ ഫിസിക്സിന്റെ ചട്ടക്കൂടില്‍ (അതായത് ആധുനിക സയന്‍സിനുള്ളില്‍) നിന്നുകൊണ്ട് വാദിച്ചു. (കൈനറ്റിക്ക് എനര്‍ജി, kinetic energy, എന്ന് നമ്മളിന്ന് വിളിക്കുന്ന സങ്കല്‍പ്പത്തിന് സമാനമാണ് വിസ് വിവ)

പക്ഷേ, മൊമന്റത്തിന് പ്രാധാന്യമില്ല എന്ന നിലയിലേക്ക് തിരിച്ച് വാദിക്കാനും എമിലി ശ്രമിച്ചിരുന്നു. അത് വിജയിച്ചില്ല എങ്കിലും ന്യൂട്ടന്റെ പുസ്തകത്തിന്റെ തര്‍ജ്ജമയുടെ ഭാഗമായി ചേര്‍ത്ത കുറിപ്പുകളില്‍ ചേര്‍ത്ത ഊര്‍ജ്ജ സംരക്ഷണത്തിന്റേയും കൈനറ്റിക്ക് എനര്‍ജിയുടേയും സങ്കല്‍പ്പങ്ങള്‍ അടുത്ത തലമുറയ്ക്ക് കൈമാറിയിട്ടാണ് എമിലി 42-ആം വയസില്‍ മരിക്കുന്നത്. അവരുടെ മരണശേഷം 1749-ല്‍ അത് പ്രസിദ്ധീകൃതമായി.

“ഒരു സിദ്ധാന്തം സ്വീകരിക്കപ്പെടാന്‍ ഒരു പരീക്ഷണം പോര, പക്ഷേ എതിരെയുള്ള ഒരൊറ്റ പരീക്ഷണം മതി സിദ്ധാന്തം തള്ളിക്കളയാന്‍.” (“One experiment is not enough for a hypothesis to be accepted, but a single one suffices to reject it when it is contrary to it.”) എന്ന് എമിലി 1740-ല്‍ Foundations of Physics എന്ന തന്റെ പുസ്തകത്തില്‍ എഴുതിയിരുന്നു. ആധുനിക സയന്‍സിനോട് ഒത്ത് നില്‍ക്കുന്ന, ഐന്‍സ്റ്റൈനും ഫൈന്‍മനും ഒക്കെ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ള ഈ മനോഭാവമായിരുന്നു എമിലി ബാക്കിവച്ചുപോയ സയന്‍സിനെ പറ്റിയുള്ള ചിത്രം!

ഇനി ഊര്‍ജ്ജത്തെ പറ്റി ഓര്‍ക്കുമ്പോള്‍ സയന്‍സിന്റെ ആ ചിത്രം സാധ്യമാക്കിയ എമിലി ഡു ഷാറ്റ്ലിയെ മറക്കാതിരിക്കുക…

റഫറന്‍സ്

  • Seduced by Logic: Emilie Du Chatelet, Mary Somerville and the Newtonian Revolution by Robyn Arianrhod
  • http://projectvox.library.duke.edu/du-chatelet-1706-1749/
  • Selected Philosophical and Scientific Writings (The Other Voice in Early Modern Europe) by Emilie Du Chatelet
  • Emilie du Châtelet between Leibniz and Newton by Ruth Hagengruber

#2 ആറ്റത്തിനുള്ളിലുള്ളിന്റെയുള്ള് തുറന്നവള്‍…!

Maria Goeppert Mayer

മൂന്നേ മൂന്ന് നോബല്‍ സമ്മാനങ്ങളാണ് സ്ത്രീകള്‍ക്ക് കിട്ടിയിട്ടുള്ളത്. മറ്റൊരു സ്ത്രീക്കും അര്‍ഹതയില്ലാതെ പോയതുകൊണ്ടല്ല, സാങ്കേതിക കാരണങ്ങളാല്‍ തഴയപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്. (ഈ സീരീസിന്റെ ഭാഗമായി അതര്‍ഹിച്ചിരുന്ന കുറച്ചധികം പേരെ എങ്കിലും പരിചയപ്പെടുത്താം) ഈ സാങ്കേതിക കാരണങ്ങള്‍ ഒന്നും പറയാനില്ലാത്ത വണ്ണം അനിഷേധ്യമായ ഒരു കണ്ടുപിടുത്തമായിരുന്നിരിക്കണം ഈ മൂന്നുപേരില്‍ ഒരാളാകാന്‍. അവരിലൊരാളാണിന്നത്തെ വിഷയം. ന്യൂക്ലിയസിന്റെ ഉള്‍ഘടന വെളിപ്പെടുത്തുന്ന ഷെല്‍ മോഡലിന്റെ ശില്‍പി: മരിയ ഗോപ്പെര്‍ട് മേയര്‍. (Maria Goeppert Mayer)

1906-ല്‍ പ്രഷ്യയില്‍ (ഇന്നത്തെ പോളണ്ട്) ജനിച്ച മരിയക്ക് ചെറുപ്പത്തിലെ സയന്‍സില്‍ താത്പര്യമുണ്ടായിരുന്നു; പീഡിയാട്രിക്സ് പ്രൊഫസറായിരുന്ന മരിയയുടെ പിതാവ് ആ കൗതുകത്തെ എല്ലാ തരത്തിലും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പ്രഷ്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും പെണ്‍കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുന്നതിന് മടിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ, മരിയക്ക് ഗോട്ടിന്‍ഗെന്‍ യൂണിവേഴ്സിറ്റിയില്‍ (University of Göttingen) ഗണിതശാസ്ത്ര വിദ്യാര്‍ത്ഥിനിയായി പ്രവേശനം ലഭിച്ചു. പക്ഷേ, മരിയക്ക് പതിയെ താത്പര്യം ഫിസിക്സിലേക്ക് തിരിഞ്ഞു. 1930-ല്‍ മരിയ തന്റെ ഡോക്ടറല്‍ പ്രബന്ധം സമര്‍പ്പിച്ചു. ആ കൊല്ലം തന്നെ മരിയ ജോസഫ് മെയര്‍ എന്ന സമപ്രായക്കാരനായ ഒരു അമേരിക്കന്‍ വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് താമസം മാറി.

ജോസഫിന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സ്റ്റിയില്‍ പ്രഫസറായി ജോലി കിട്ടി; പക്ഷപാതിത്വം ആരോപിക്കപ്പെടാതിരിക്കാനുള്ള നിയമങ്ങളുടെ ഭാഗമായി മരിയയെ നാമമാത്രമായ ശമ്പളമുള്ള ഒരു പദവിയില്‍ മാത്രമേ അതേ യൂണിവേഴ്സിറ്റിയില്‍ സ്വീകരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. (മരിയക്ക് എല്ലാ യോഗ്യതയും ഉണ്ടായിരുന്നിട്ടും!) പക്ഷേ, ശമ്പളമില്ലാതിരുന്നിട്ടും ഒരു സയന്റിസ്റ്റിന്റെ ജോലി തന്നെ മരിയ അവിടെ ചെയ്തുകൊണ്ടിരുന്നു; ന്യൂക്ലിയാര്‍ ഫിസിക്സില്‍ പ്രസക്തമായ ചില പേപ്പറുകള്‍ മരിയ പബ്ലിഷ് ചെയ്യുകയുമുണ്ടായി. 1933-ല്‍ പ്രഷ്യയില്‍ നാസികള്‍ അധികാരത്തില്‍ വന്നതുകൊണ്ട് അങ്ങോട്ട് തിരികെ പോകാനും പറ്റില്ലാത്ത അവസ്ഥയായി.

മരിയക്ക് ജോലി ചെയ്യാന്‍ സാഹചര്യമൊരുക്കുന്നു എന്നതിന്റെ പേരില്‍ 1937-ല്‍ അവരുടെ ഭര്‍ത്താവിനെ യൂണിവേഴ്സിറ്റി പിരിച്ച് വിടുകയും ചെയ്തു! കൊളമ്പിയ യൂണിവേഴ്സിറ്റിയില്‍ സമാനമായ സാഹചര്യത്തില്‍, മരിയക്ക് ശമ്പളമില്ലാതെ, അവര്‍ക്കിരുവര്‍ക്കും ജോലി കിട്ടി. 1941-ല്‍ മറ്റൊരു കോളേജില്‍, ടീച്ചറായി, ശമ്പളത്തോട് കൂടി മരിയക്ക് ജോലി കിട്ടി. പക്ഷേ, രണ്ടാം ലോക മഹായുദ്ധം അടുത്ത് വരികയാണ്. ആറ്റം ബോംബ് വികസിപ്പിക്കുന്ന മാന്‍ഹാറ്റന്‍ പ്രോജക്റ്റിന്റെ ഭാഗമായിട്ടുള്ള ഗവേഷണങ്ങള്‍ക്ക് മരിയേയും ഗവണ്‍മെന്റ് റിക്രൂട്ട് ചെയ്തു. ഈ സമയത്ത് ന്യൂക്ലിയസിന്റെ അന്തര്‍ഘടനയെ പറ്റി ഒരു ഗണിത മോഡല്‍ മരിയ വികസിപ്പിച്ചു. 1940-കളുടെ അവസാനം അത് പബ്ലിഷ് ചെയ്യുകയും ചെയ്തു.

ആറ്റങ്ങളുടെ കേന്ദ്രമാണ് ന്യൂക്ലിയസ് (nucleus) എന്ന് നിങ്ങള്‍ക്കറിയാമായിരിക്കും. ന്യൂക്ലിയസിനുള്ളിലാണ് ന്യൂട്രോണും (neutron) പ്രോട്ടോണുകളും (proton) സ്ഥിതി ചെയ്യുന്നത്. ന്യൂട്രോണും പ്രോട്ടോണും ന്യൂക്ലിയസിനുള്ളില്‍ എങ്ങനെ അടുക്കിയിരിക്കുന്നു, അവയുടെ ഊര്‍ജ്ജത്തിന്റെ, കാന്തികതയുടെ ഒക്കെ സ്വഭാവമെന്ത്; ഈ സ്വഭാവങ്ങള്‍ മൂലം ഓരോ ആറ്റത്തിന്റേയും ന്യൂക്ലിയസുകള്‍ എങ്ങനെ സ്വാധീനിക്കപ്പെടുന്നു ഇതിനെയെല്ലാം ഗണിതശാസ്ത്രപരമായി വിശദീകരിക്കുന്ന മോഡലാണ് ഷെല്‍ മോഡല്‍. (Shell Model) ഉദാഹരണത്തിന്, എന്തുകൊണ്ട് യുറേനിയം ന്യൂക്ലിയസ് വിഘടിക്കുന്നു എന്നും എന്തുകൊണ്ട് ഇരുമ്പ് വളരെ സ്ഥിരമായ ന്യൂക്ലിയസാണ് എന്നും ഒക്കെ വിശദീകരിക്കാന്‍ ഇതിനാകും. പക്ഷേ, ചില പരിമിതികളും ഇതിനുണ്ട്; അതുകൊണ്ട് തന്നെ പൂര്‍ണ്ണമായ ഒരു മോഡലായി ഷെല്‍ മോഡലിനെ എടുക്കാന്‍ കഴിയില്ല. (ന്യൂക്ലിയസിന്റെ പൂര്‍ണ്ണമായ ഘടനാവിശേഷങ്ങള്‍ എല്ലാം വിശദീകരിക്കുന്ന ഒരു മോഡല്‍ ഇപ്പോഴും ഇല്ല, കെട്ടോ! ഷെല്‍ മോഡലിന്റെ മാത്രം പരിമിതിയല്ല ഇത്)

പരിമിതികളുണ്ട് എങ്കിലും ഒരുപാട് പ്രതിഭാസങ്ങള്‍ വിശദീകരിക്കുന്ന ഒരു സുസ്ഥിരമായ അടിത്തറയാണ് ഷെല്‍ മോഡല്‍. മരിയ മാത്രമല്ല, ഇതേ സമയത്ത് സ്വതന്ത്രമായി യൂജീന്‍ വെഗ്നറും ഹാന്‍സ് ജെന്‍സണും ഇതേ മോഡല്‍ വികസിപ്പിക്കുകയും കൂടുതല്‍ ശരിയാക്കുകയും ചെയ്തിരുന്നു. ഈ മോഡലിന് 1963-ലെ നോബല്‍ സമ്മാനം മരിയക്കും സഹ ശാസ്ത്രജ്ഞര്‍ക്കും ലഭിച്ചു.

ആറ്റത്തിന്റെ ഉള്ളായ ന്യൂക്ലിയസിന്റെ ഉള്ള് ഗണിതത്തിന്റെ കണ്ണില്‍ കണ്ട, നമുക്ക് കാട്ടിത്തന്ന മരിയയെ കൂടി ന്യൂക്ലിയര്‍ സയന്‍സിലെ അതികായരോട് ചേര്‍ത്ത് ഓര്‍ക്കുക. ശമ്പളമില്ലാതിരുന്നിട്ടും, സ്ഥാനമാനങ്ങളില്ലാതിരുന്നിട്ടും സയന്‍സിന് അനിവാര്യമായി മാറിയ പ്രൊഫസര്‍ ഗോപ്പര്‍ട് മേയറെ മറക്കാതിരിക്കുക…

റഫറന്‍സ്

  • Maria Goeppert Mayer: Physicist by Joseph P. Ferry
  • Elementary Theory of Nuclear Shell Structure by Maria Goeppert , J. Hans D. Jensen Mayer
  • https://journals.aps.org/pr/abstract/10.1103/PhysRev.74.235

#3 ആറ്റത്തില്‍ ബോംബ് കണ്ടവള്‍…!

Lise Meitner

ന്യൂക്ലിയാര്‍ ഫിഷന്‍ എന്ന പ്രക്രിയയെ നിയന്ത്രിക്കാനും അനിയന്ത്രിതമായി അഴിച്ചു വിടാനുമുള്ള കഴിവാണ് ന്യൂക്ലിയാര്‍ റിയാക്റ്ററുകളും ആറ്റം ബോംബും സൃഷ്ടിക്കാന്‍ മനുഷ്യരാശിയെ പ്രാപ്തരാക്കിയത്. അതിന് അടിസ്ഥാനമാകുന്ന നിരീക്ഷണ, സൈദ്ധാന്തിക സയന്‍സ് പഠിച്ച ലിസെ മെയ്റ്റ്നര്‍ (Lise Meitner) എന്ന ശാസ്ത്രജ്ഞയെ പറ്റിയാണ് ഈ ലേഖനം.

1878-ല്‍ ഒരു ഓസ്ട്രോ ഹംഗേറിയന്‍ (ഇന്ന് ഓസ്ട്രിയ) ജൂത കുടുംബത്തിലാണ് ലിസെ ജനിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ നിരീക്ഷണങ്ങളിലും സയന്‍സിലും കൗതുകം കാട്ടിയിരുന്ന ലിസെ ആ പാത പിന്തുടര്‍ന്ന് ഫിസിക്സിലാണ് തന്റെ താത്പര്യം എന്ന് തിരിച്ചറിഞ്ഞു. ഒരു വിചിത്രജീവി എന്ന നിലയിലാണ് ഒരു സ്ത്രീ സഹപ്രവര്‍ത്തകയെ മറ്റ് ഫിസിക്സ് വിദ്യാര്‍ത്ഥികള്‍ കണ്ടിരുന്നത് എന്നാലും 1905-ല്‍ വിയെന്ന യൂണിവേഴ്സിറ്റിയില്‍ ഫിസിക്സ് ഡോക്ടറേറ്റ് ലഭിക്കുന്ന രണ്ടാമത്തെ സ്ത്രീയായി ലിസെ. ഡോക്ടറേറ്റിന് ശേഷം ഉടനെ സയന്‍സില്‍ ജോലി ലഭിച്ചില്ല എങ്കിലും യൂണിവേഴ്സിറ്റി ക്ലാസുകള്‍ കേട്ട് കുറച്ചുകാലം കൂടി സ്വന്തം നിലയില്‍ ലിസെ സൈദ്ധാന്തികമായി ഫിസിക്സില്‍ ആലോചനകള്‍ തുടങ്ങി. പക്ഷേ, ഒരു ലാബ് ഇല്ല എന്നതായിരുന്നു ലിസെയുടെ പ്രധാന പ്രശ്നം.

1907 സമയത്ത് തന്നെ ഓട്ടോ ഹാന്‍ എന്ന രസതന്ത്രജ്ഞനെ ലിസെ കണ്ടുമുട്ടി. അയാളുടെ റേഡിയോ ആക്റ്റിവിറ്റിയെ പറ്റിയുള്ള ഗവേഷണത്തില്‍ ഭൗതികശാസ്ത്ര വൈദഗ്ധ്യം അവശ്യമായിരുന്നു എന്നതുകൊണ്ട് രണ്ടാളും തേടിയ വള്ളി കാലില്‍ ചുറ്റിയ സന്തോഷത്തില്‍ ഒരുമിച്ച് ജോലി തുടങ്ങി. ബീറ്റ റേഡിയേഷനെ പറ്റിയുള്ള നിരീക്ഷണങ്ങള്‍ അധികം വൈകാതെ തന്നെ 1909-ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1912-ല്‍ ഇവര്‍ ബെര്‍ലിനിലെ കൈസര്‍-വില്‍ഹെം ഇന്‍സ്റ്റിട്യൂട്ടിലേക്ക് മാറി.

1914-ല്‍ ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചു. ഓട്ടോയും ലിസെയും യുദ്ധത്തിന്റെ ഭാഗമാകേണ്ടി വന്നു; ഒരു എക്സ് റേ നേഴ്സായി യുദ്ധമുഖത്ത് ലിസെ രാപകലില്ലാതെ പ്രവര്‍ത്തിക്കേണ്ടി വന്നു. വല്ലപ്പോഴും കിട്ടുന്ന ലീവ് സമയത്ത് ബെര്‍ലിനിലേക്ക് ഓടി തന്റെ പരീക്ഷണങ്ങള്‍ തുടരും! 1917-ല്‍ പ്രോട്ടാക്റ്റിനിയം (protactinium) എന്ന പുതിയ മൂലകം ലിസെയും ഓട്ടോയും കണ്ടുപിടിച്ചു. 1922-ല്‍ ഓഗര്‍ എഫക്റ്റ് എന്ന് വിളിക്കുന്ന പ്രതിഭാസം ലിസെ കണ്ടുപിടിക്കുകയും വിശദീകരിക്കുകയും ചെയ്തു. (പക്ഷേ, ഇതേ പ്രതിഭാസം 1923-ല്‍ കണ്ടുപിടിച്ച പിയേര്‍ ഓഗര്‍ എന്ന ശാസ്ത്രജ്ഞന്റെ പേരിലാണ് അറിയപ്പെടുന്നത്!)

1932-ല്‍ ന്യൂട്രോണ്‍ കണ്ടുപിടിച്ചതോട് കൂടി യുറേനിയത്തേക്കാള്‍ വലിയ ന്യൂക്ലിയസുകള്‍ ഉണ്ടാക്കാം എന്ന് ശാസ്ത്രലോകം മുഴുവനായി സംശയിച്ച് തുടങ്ങി. യുറേനിയത്തിലേക്ക് ന്യൂട്രോണ്‍ ഇടിച്ച് കയറ്റിയാല്‍ അത് വലുതാകണമല്ലോ? ന്യൂക്ലിയസിന് പോസിറ്റീവ് ചാര്‍ജ്ജ് ആയതുകൊണ്ട് പ്രോട്ടോണ്‍ ഇടിപ്പിക്കാന്‍ പറ്റില്ല, രണ്ട് ചാര്‍ജ്ജും തമ്മില്‍ വികര്‍ഷിച്ച് തെറിച്ച് പോകും. ചാര്‍ജ്ജില്ലാത്ത ന്യൂട്രോണ്‍ ഇടിപ്പിക്കല്‍ സാധ്യമാണ്. പക്ഷേ, ലിസെക്കൊപ്പം ഓട്ടോയുടെ ഗ്രൂപ്പ് നടത്തിയ പരീക്ഷണങ്ങളില്‍ നിന്ന് യുറേനിയം വലുതാകുകയല്ല, വിഘടിച്ച് ചെറിയ ന്യൂക്ലിയസുകളായി മാറുകയാണ് ചെയ്യുക എന്ന് മനസിലായി. (ലിസെയുടെ ഒരു പേപ്പറിലാണ് ഈ പ്രതിഭാസത്തെ ന്യൂക്ലിയാര്‍ ഫിഷന്‍ എന്ന് നാമാകരണം ചെയ്തത്)

പക്ഷേ, ഈ പരീക്ഷണള്‍ സാധ്യമാകുന്നതിന് മുമ്പ് ബെര്‍ലിനും ജര്‍മ്മനിയും ചരിത്രത്തില്‍ അടയാളപ്പെടുത്താനും മാത്രം മാറി. 1933: ഹിറ്റ്ലര്‍ അധികാരത്തില്‍ വന്നു. ഒരു ജൂതകുടുംബത്തില്‍ ജനിച്ചു എന്ന നിലയില്‍ ലിസെയ്ക്ക് നിലനില്‍പ്പ് തന്നെ ബുദ്ധിമുട്ടായി. (ലിസെ കൃസ്തുമതം സ്വീകരിച്ചിരുന്നു) പക്ഷേ, ഇതെല്ലാം മറന്ന് സ്വന്തം ഗവേഷണത്തില്‍ മുഴുകാനാണ് ലിസെ ശ്രമിച്ചത്. അവസാനം, 1938-ല്‍ ലിസെക്ക് നാടുവിടേണ്ടി വന്നു. നെതര്‍ലന്‍ഡ്സിലേക്കാണ് ലിസെ രക്ഷപെട്ടത്. യുദ്ധത്തിന് ശേഷം ചുറ്റും നടന്നിരുന്ന നാസി അതിക്രമങ്ങള്‍ മറന്ന് തന്‍കാര്യം മാത്രം നോക്കി ഇരുന്നത് തെറ്റായിരുന്നു എന്ന് ലിസെ മനസിലാക്കി. നാസി ഗവണ്മെന്റിനോട് സഹകരിച്ച ഹൈസന്‍ബെര്‍ഗിനെപ്പോലുള്ള ശാസ്ത്രജ്ഞരോട് ഉത്തരവാദിത്വം ഏറ്റെടുക്കാനും ലിസെ ആവശ്യപ്പെട്ടിരുന്നു.

നെതര്‍ലന്‍ഡ്സില്‍ നിന്നാണ് എങ്ങനെ ന്യൂക്ലിയസ് വിഘടിക്കാം എന്നതിന് ഒരു സൈദ്ധാന്തിക മാതൃക ലിസെ വികസിപ്പിക്കുന്നത്. (ഇന്നലെ പറഞ്ഞ ഷെല്‍ മോഡല്‍ ഉപയോഗിച്ച് വിശദീകരിക്കാന്‍ പറ്റാത്ത ഒരു പ്രതിഭാസമാണ് ഫിഷന്‍; ഇതിന് നമ്മള്‍ ലിസെ സൈദ്ധാന്തികമായി പുതുക്കിയ ലിക്വിഡ് ഡ്രോപ്പ് മോഡല്‍ ആണ് ഉപയോഗിക്കുന്നത്) ഇത് ഉപയോഗിച്ചാണ് ന്യൂക്ലിയാര്‍ ഫ്യൂഷനിലൂടെ ഊര്‍ജ്ജം പുറത്തുവരും എന്നും ഒരു ബോംബായി അത് ഉപയോഗിക്കാം എന്നും ശാസ്ത്രലോകത്തിന് മനസിലാകുന്നത്. അതിനുശേഷം നാസികള്‍ ഹൈസന്‍ബെര്‍ഗിന്റെ സഹായത്തോടെ ഈ അറിവ് ബോംബാക്കാന്‍ ശ്രമിച്ചു, അമേരിക്ക പരാജയം സമ്മതിച്ച ജപ്പാനുമേല്‍ ഈ അറിവിന്റെ കിരാതരൂപം ഉപയോഗിച്ചു.

പക്ഷേ, ലിസെയുടെ ഉള്‍ക്കാഴ്ച്ചയും ലോകത്തിനെപ്പറ്റി നമുക്കെല്ലാവര്‍ക്കുമുള്ള തിരിച്ചറിവിലേക്ക് ലിസെ നല്‍കിയ സംഭാവനയും മറക്കാന്‍ കഴിയുന്നതല്ല. നോബല്‍ കമ്മിറ്റിക്ക് പക്ഷേ, മറക്കാന്‍ ഒരു മടിയുമുണ്ടായില്ല. ഓട്ടോ ഹാന് മാത്രമാണ് ഫിഷന്‍ കണ്ടുപിടിച്ചതിന്റെ കെമിസ്ട്രി നോബല്‍ സമ്മാനം നോബല്‍ കമ്മിറ്റി നല്‍കിയത്. ലിസെ എന്ന ഭൗതികശാസ്ത്രജ്ഞ തഴയപ്പെട്ടു.

1968-ല്‍ ഒരു ജീവിതകാലം മുഴുവന്‍ നീണ്ടു നിന്ന ശാസ്ത്രസപര്യക്ക് ശേഷം ലിസെ അന്തരിച്ചു. ലിസെക്കൊപ്പം ശാസ്ത്രജ്ഞനായി പ്രവര്‍ത്തിച്ചിരുന്ന അവരുടെ അനന്തരവാനായിരുന്ന ഫ്രിഷ് ലിസെയുടെ സ്മാരകശിലയില്‍ ഇങ്ങനെ കുറിച്ചു: “Lise Meitner: a physicist who never lost her humanity.” (ലിസെ മെയ്റ്റ്നര്‍: സ്വന്തം മനുഷ്യത്വം നഷ്ടപ്പെടുത്താത്ത ഒരു ഭൗതികശാസ്ത്രജ്ഞ)

ശാസ്ത്രജ്ഞര്‍ ഒരുപാടുപേര്‍ സ്വന്തം മനുഷ്യത്വത്തെ പണയം വച്ച ഒരു കാലഘട്ടത്തില്‍ അതിനെ അതിജീവിച്ച, സയന്‍സിന് മനുഷ്യത്വം പണയം വയ്ക്കാത്ത ലിസെയെ ഭൗതികശാസ്ത്രത്തെ ഓര്‍ക്കുമ്പോള്‍ മറന്നുപോകാതിരിക്കട്ടെ…!

റഫറന്‍സ്

  • https://royalsocietypublishing.org/doi/10.1098/rsbm.1970.0016
  • Lise Meitner and the Dawn of the Nuclear Age by Patricia Rife
  • https://www.nature.com/articles/143239a0

#4 കണ്ണാടിയുടെ സമമിതി തകര്‍ത്തവള്‍…!

Wu Chien-Shiung

ആധുനിക ഫിസിക്സിലെ സിദ്ധാന്തങ്ങള്‍ക്ക് ചില സമമിതികള്‍ (symmetry) ഉണ്ട്; അവയില്‍ ഒന്നാണ് പാരിറ്റി സിമ്മട്രി (parity symmetry) എന്ന് വിളിക്കുന്ന കണ്ണാടി സമമിതി. നമ്മുടെ പ്രപഞ്ചത്തിനെ അതേപോലെ പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടി പ്രപഞ്ചം സങ്കല്‍പ്പിച്ചാല്‍ അതില്‍ ഭൗതിക നിയമങ്ങള്‍ നമ്മുടേതിലെപ്പോലെ തന്നെ പ്രവര്‍ത്തിക്കണം; പക്ഷേ, ഇടതും വലതും പരസ്പരം മാറും. അതായത്, ക്ലോക്കുകള്‍ നേരെ തിരിയെ ആയിരിക്കും കറങ്ങുന്നത്: ഇതാണ് പാരിറ്റി സിമ്മട്രി ഉണ്ടെങ്കില്‍ സംഭവിക്കേണ്ടത്. പക്ഷേ നമ്മുടെ പ്രപഞ്ചത്തിന് ക്വാണ്ടം തലത്തില്‍ എന്തുകൊണ്ടോ പാരിറ്റി സിമ്മട്രി ഇല്ല. ഈ പ്രതിഭാസം തെളിയിച്ച, കണ്ണാടിയില്‍ കണ്ണാടി പ്രപഞ്ചം കാണില്ല എന്ന വസ്തുത സ്ഥാപിച്ച വു ചിയെന്‍ഷ്വങ്ങ് (Wu Chien-Shiung) എന്ന ശാസ്ത്രജ്ഞയുടെ കഥയാണിത്തവണ. (വു എന്നത് കുടുംമ്പപ്പേരാണ്; ചൈനീസ് പേരുകളില്‍ കുടുംമ്പമാണ് ആദ്യം)

വു ജനിക്കുന്നത് 1912-ല്‍ ചൈനയിലെ ല്യൂഹ് നഗരത്തിലാണ്. ഗണിതശാസ്ത്രത്തിലും പഠനത്തില്‍ പൊതുവേയും എന്തെന്നില്ലാത്ത ആവേശം കാട്ടിയിരുന്നു വു. ഹൈസ്ക്കൂളിലായിരുന്നപ്പോള്‍ ഒരേസമയം സാധ്യമാകുന്ന എല്ലാ കോഴ്സുകളും പഠിച്ചിട്ടും വുവിന്റെ ജ്ഞാനതൃക്ഷ്ണ അടങ്ങിയിരുന്നില്ല. കണക്കിലെ ഒരു ചോദ്യത്തിന് ഉത്തരം കിട്ടാതെ വന്നാല്‍ രാത്രിയില്‍ ഉത്തരം മനസിലാകും വരെ ഉണര്‍ന്നിരിക്കുന്ന പ്രകൃതമായിരുന്നു അവര്‍. കോളേജില്‍ വച്ച് വുവിന്റെ താത്പര്യം ഗണിതശാസ്ത്രത്തില്‍ നിന്ന് ഭൗതികശാസ്ത്രത്തിലേക്ക് മാറി. പഠനശേഷം റിസര്‍ച്ചിന് ചേര്‍ന്നപ്പോള്‍ വുവിന്റെ സൂപ്പര്‍വൈസര്‍ അവരും ചെയ്തിരുന്നത് പോലെ വിദേശത്ത് ഡോക്ടറേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ വു 1936-ല്‍ അമേരിക്കക്ക് തിരിച്ചു.

സ്ത്രീ എന്ന നിലയ്ക്കും ചൈനീസ് വംശജ എന്ന നിലയ്ക്കും ഒരുപാട് വിവേചനങ്ങള്‍ക്ക് വു ഇരയായി എങ്കിലും പലയിടത്തും ശ്രമിച്ച ശേഷം കാള്‍ടെക്കില്‍ സ്കോളര്‍ഷിപ്പോട് കൂടി പഠിക്കാന്‍ അവര്‍ക്ക് സാധിച്ചു. 1940-ല്‍ രണ്ട് വ്യത്യസ്ത റേഡിയോ ആക്ടീവ് വിഷയങ്ങളില്‍ വു തന്റെ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കി. 1942-ല്‍ യുവാന്‍ എന്ന സഹപാഠിയെ വു വിവാഹം ചെയ്യുകയും ചെയ്തു. 1944-ല്‍ ആറ്റം ബോംബ് നിര്‍മിതി ലക്ഷ്യമിട്ടുള്ള മാന്‍ഹാറ്റന്‍ പ്രോജക്റ്റിന്റെ ഭാഗമായി വു. യുദ്ധാവസാന ശേഷം വു കൊളമ്പിയ യൂണിവേഴ്സിറ്റിയില്‍ റിസര്‍ച്ച് പ്രൊഫസറായി ജോലി സ്വീകരിച്ചു.

ന്യൂക്ലിയസില്‍ നിന്ന് ഒരു ഇലട്രോണ്‍ പുറത്തുവരുന്ന പ്രതിഭാസമായ ബീറ്റാ ഡികേ (beta decay) എന്ന പ്രക്രിയയില്‍ പാരിറ്റി സിമ്മട്രി പ്രവര്‍ത്തനക്ഷമമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്ന് 1956-ല്‍ രണ്ട് ശാസ്ത്രജ്ഞന്‍മാര്‍ സൈദ്ധാന്തികമായി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം പരീക്ഷിക്കാന്‍ പരീക്ഷണകാര്യത്തില്‍ പ്രഗത്ഭയായിരുന്ന വുവിനോട് ഇവര്‍ അഭ്യര്‍ത്ഥിച്ചു. ബീറ്റാ ഡികേ നിരീക്ഷണങ്ങളില്‍ പരിചിതയായിരുന്ന വു കോബാള്‍ട്ട്-60 എന്ന ന്യൂക്ലിയസില്‍ നിന്ന് പുറത്തുവരുന്ന ഇലക്ട്രോണുകള്‍ നിരീക്ഷിച്ച് പാരിറ്റി സിമ്മട്രി പരിശോധിക്കാം എന്ന് മനസിലാക്കി. ഈ പരീക്ഷണത്തില്‍ ഒരു പ്രത്യേക ദിശയില്‍ കൂടുതല്‍ ഇലക്ട്രോണുകള്‍ പോകുന്നുണ്ട് എങ്കില്‍ അത് പാരിറ്റി സിമ്മട്രി തെറ്റാണ് എന്നതിന്റെ സൂചനയാണ്; കണ്ണാടി പ്രപഞ്ചവും നമ്മുടെ പ്രപഞ്ചവും തമ്മില്‍ ദിശ നോക്കി തിരിച്ചറിയാന്‍ പറ്റരുത്, ഇടതും വലതും പ്രാപഞ്ചിക സത്യങ്ങളാകരുത് പാരിറ്റി സിമ്മട്രി ശരി എങ്കില്‍. പക്ഷേ, കോബാള്‍ട്ട്-60 ന്യൂക്ലിയസില്‍ നിന്ന് പുറത്തുവന്ന ഇലക്ട്രോണുകള്‍ ന്യൂക്ലിയസിന്റെ സ്പിന്നിന്റെ (nuclear spin: ഈ സ്പിന്‍ കറക്കമല്ല, മറ്റൊരു അളവാണ്) വിപരീത ദിശയില്‍ ആണ് കൂടുതല്‍ പോയത്. ദിശയുണ്ട്; കണ്ണാടി തകര്‍ന്നു!

1957-ല്‍ ഈ പരീക്ഷണഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ഒരുപാട് ഭൗതികശാസ്ത്രജ്ഞര്‍ ഇത് തെറ്റാണെന്നോ അബദ്ധമാണെന്നോ വിശ്വസിക്കാനാണിഷ്ടപ്പെട്ടത്; കണക്കിന്റെ കണാടി സൗന്ദര്യമായിരുന്നു അവര്‍ക്കിഷടം. പക്ഷേ, ആവര്‍ത്തിച്ചുള്ള സ്ഥിതീകരണങ്ങള്‍ക്ക് ശേഷം വു അവരുടെ കണ്ണാടി നോട്ടം അവസാനിപ്പിച്ചു, ഫിസിക്സ് യാഥാര്‍ത്ഥ്യത്തിലേക്ക് ഒന്നുകൂടി ഉറച്ച് ഇരുത്തപ്പെട്ടു. അതേ കൊല്ലം തന്നെ സിദ്ധാന്തം പ്രസിദ്ധീകരിച്ച മറ്റ് രണ്ട് ശാസ്ത്രജ്ഞര്‍ക്ക് നോബല്‍ സമ്മാനം കിട്ടുകയും ചെയ്തു!

അതെ, ഇന്നലെ പറഞ്ഞ മെയ്റ്റ്നറുടെ കഥയില്‍ പരീക്ഷണം ചെയ്തവര്‍ക്ക്, വുവിന്റെ കഥയില്‍ സിദ്ധാന്തം ഉണ്ടാക്കിയവര്‍ക്ക്: നോബല്‍ കിട്ടുന്നത് അവസാനം എന്തോ കാരണം കൊണ്ട് ആണുങ്ങള്‍ക്ക് മാത്രം! പക്ഷേ, ഇന്ന് ന്യൂക്ലിയര്‍ ഫിസിക്സ് പാഠപുസ്തകങ്ങളില്‍ പാരിറ്റി സിമ്മട്രി തെറ്റുന്നതിനെ പറ്റിയുള്ള വിശദീകരണങ്ങളില്‍ പേരെടുത്ത് പറയുന്നത് വുവിനെ തന്നെയാണ്; പതിയെ ആണെങ്കിലും ഈ അനീതി തിരുത്താന്‍ ശാസ്ത്രസമൂഹം ശ്രമിക്കുന്നുണ്ട്. വു ഒരുപാട് പരീക്ഷണങ്ങളിലൂടെ പിന്നെയും സയന്‍സിന് ധാരളം ഉള്‍ക്കാഴ്ച്ചകള്‍ നല്‍കിക്കൊണ്ട് തന്നെ ഇരുന്നു. 1997-ല്‍ വു അന്തരിച്ചു.

ഇനി നിങ്ങളുടെ വലതുകൈ നോക്കുമ്പോള്‍ എന്താണ് വലത് എന്ന് ഒരന്യഗ്രഹജീവിക്ക് പറഞ്ഞുകൊടുക്കാന്‍ പരീക്ഷണം കണ്ടുപിടിച്ച വുവിനെക്കൂടി ഒന്നോര്‍ത്തേക്കുക…!

റഫറന്‍സ്

  • Chien-shiung wu (1912—1997) A Biographical Memoir by Noemie Benczer-Koller
  • Madame Wu Chien-Shiung : The First Lady of Physics Research by Tsai-Chien Chiang
  • Chien-Shiung Wu: Pioneering Nuclear Physicist by Richard Hammond
  • https://journals.aps.org/pr/abstract/10.1103/PhysRev.105.1413
  • https://journals.aps.org/pr/abstract/10.1103/PhysRev.77.136

#5 കമ്പ്യൂട്ടറിന് ബുദ്ധി കൊടുത്തവര്‍…!

Kay McNulty, Betty Jennings, Betty Snyder, Marlyn Meltzer, Fran Bilas, and Ruth Lichterman

മനുഷ്യരാശിയുടെ ആദ്യത്തെ ഇലക്ട്രോണിക് കമ്പ്യൂട്ടറായ എനിയാക്കിനെ (Electronic Numerical Integrator and Computer-ENIAC) പറ്റി എല്ലാവരും കേട്ടിട്ടുണ്ടാകും. പക്ഷേ, അനേകം കണക്കുകള്‍ ചെയ്യുന്ന ഒരു വലിയ കാല്‍ക്കുലേറ്റര്‍ എന്ന നിലയില്‍ നിന്ന് എനിയാക്കിനെ നമ്മളിന്ന് കമ്പ്യൂട്ടര്‍ എന്ന് വിളിക്കുന്നതിന്റെ പൂര്‍വ്വരൂപമാക്കി മാറ്റിയത് അത് പ്രോഗ്രാം ചെയ്തവരാണ്: കേ മക്നള്‍ടി, ബെറ്റി ജെന്നിംഗ്സ്, ബെറ്റി സ്നൈഡര്‍, മാര്‍ലിന്‍ മെല്‍റ്റ്സര്‍, ഫ്രാന്‍ ബിലാസ്, റൂത്ത് ലിക്റ്റര്‍മന്‍ എന്നീ ആറ് സ്ത്രീകള്‍. (Kay McNulty, Betty Jennings, Betty Snyder, Marlyn Meltzer, Fran Bilas, and Ruth Lichterman) എനിയാക്കിന്റെ വിജയത്തിന് പിന്നണിയില്‍ നിന്ന് സംവിധായകരായ അവരുടെ കഥയാണ് ഈ ലേഖനം.

1945-ല്‍ പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ സമാനതകളില്ലാത്ത വിധം വേഗതയുള്ള ഒരു കമ്പ്യൂട്ടറായിരുന്നു എനിയാക്ക്. (ഈ വേഗത പീരങ്കിയുണ്ടകളുടെ ഉന്നം കണക്കാക്കാനും ഹൈഡ്രജന്‍ ബോംബിനും ഒക്കെ ആണ് ഉപയോഗിച്ചത് എന്നതും ഓര്‍ക്കുക) പക്ഷേ, ആധുനിക കമ്പ്യൂട്ടറുകളോട് ഇടപഴകി പരിചയമുള്ള നമ്മുടെ മനസിലേക്ക് വരുന്ന ഒരു ചിത്രമേ അല്ല എനിയാക്ക് ഒരു “കമ്പ്യൂട്ടര്‍” ആണെന്ന് പറയുമ്പോള്‍. സംഖ്യകള്‍ ഓര്‍ത്തുവയ്ക്കാന്‍ മെമ്മറി, കൂട്ടാനുള്ള കുറേ കാല്‍ക്കുലേറ്ററുകള്‍, ഗുണിക്കാന്‍ കൂറച്ച് കാല്‍ക്കുലേറ്ററുകള്‍, സ്ക്വയര്‍ റൂട്ട് എടുക്കാന്‍ ഒരു കാല്‍ക്കുലേറ്റര്‍, ഒന്നിലധികം തവണ കണക്കുകള്‍ ആവര്‍ത്തിക്കാനും കാല്‍ക്കുലേറ്ററുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുമുള്ള സംവിധാനങ്ങള്‍, ചോദ്യങ്ങള്‍ ഇടാനും റിസള്‍ട്ട് വരാനും റീഡറും പ്രിന്ററും; ഇതായിരുന്നു എനിയാക്ക്. അതീവ സങ്കീര്‍ണ്ണമായ ഗണിതത്തിനാണ് എനിയാക്ക് ഉപയോഗിച്ചിരുന്നത് എന്നതുകൊണ്ട്, ഈ യന്ത്രങ്ങളെ ഏത് ക്രമത്തില്‍ ബന്ധിപ്പിച്ചാലാണ് അത്തരം ഫലങ്ങള്‍ കിട്ടുക എന്ന് മനസിലാക്കുകയും അത് പ്രവര്‍ത്തനസജ്ജമാക്കുകയും ചെയ്യുന്ന പ്രക്രിയയെ ആയിരുന്നു “പ്രോഗ്രാമിങ്ങ്” (programming) എന്ന് എഞ്ചിനീയര്‍മാര്‍ വിളിച്ചത്.

പ്രോഗ്രാമ്മിങ്ങ് പോലുള്ള ജോലികള്‍ പ്രാധന്യമുള്ളതല്ല എന്നും ശമ്പളം കുറച്ചു കൊടുത്താല്‍ മതിയാകുന്ന സ്ത്രീകളെ ആ ജോലിക്കെടുത്താല്‍ യുദ്ധകാല ബജറ്റില്‍ ലാഭമുണ്ടാകാം എന്നുമുള്ള ചിന്തയാകാം, സ്ത്രീകളെ ആണ് ഈ ജോലിക്ക് ക്ഷണിച്ചത്. പക്ഷേ, വളരെ പെട്ടന്ന് തന്നെ ഇവര്‍ എന്തുകൊണ്ട് പ്രോഗ്രാമിങ്ങ് സുപ്രധാനമായ ഒരു ജോലിയാണെന്ന് എല്ലാവര്‍ക്കും മനസിലാക്കിക്കൊടുത്തു. ഇന്നത്തെ കമ്പ്യൂട്ടറുകള്‍ പോലെ കീബോര്‍ഡോ മോണിട്ടറോ ഒന്നും ഇല്ലാത്തതുകൊണ്ട് എനിയാക്ക് പ്രോഗ്രാം ചെയ്യാന്‍ എനിയാക്കിന്റെ ഉള്ളില്‍ എന്താണ്, അതിന്റെ എഞ്ചിനീയറിംഗ് എങ്ങനെ എന്നുകൂടി മനസിലാക്കേണ്ടിയിരുന്നു. അതായത്, കുറഞ്ഞ ശമ്പളത്തില്‍ ഇരട്ടി പണി ആയിരുന്നു എന്ന് സാരം.

എനിയാക്കിന്റെ ഉള്ളിലെ പല ഭാഗങ്ങളും (വാക്വം ട്യൂബ് എന്ന് പറയും) ഇത്രവട്ടം ആവര്‍ത്തിച്ച് പ്രവര്‍ത്ത്തിക്കാന്‍ പാകത്തിന് ഉള്ളതായിരുന്നില്ല. (ഹൈ പെര്‍ഫോമന്‍സ് ട്യൂബുകള്‍ കണ്ടുപിടിക്കാന്‍ ഒരു ദശാബ്ദം കൂടി വേണ്ടി വന്നു എന്നതുകൊണ്ട് മറ്റ് മാര്‍ഗങ്ങളും ഉണ്ടായിരുന്നില്ല) രണ്ട് ദിവസത്തില്‍ ഒന്ന് എന്ന നിലയ്ക്ക് എനിയാക്ക് കേടുവന്നുകൊണ്ടിരുന്നു. കണക്കുകളില്‍ വരുന്ന പിശകുകള്‍ നോക്കി ഏത് യന്ത്രത്തിന്റെ ഏത് വാക്വം ട്യൂബിന് കേടുവന്നു എന്ന് കൃത്യമായി ചൂണ്ടിക്കാട്ടാന്‍ പ്രോഗ്രാമര്‍മാര്‍ക്ക് കഴിഞ്ഞു. കേടുവരുമ്പോഴെല്ലാം 15 മിനിറ്റിനുള്ളില്‍ തന്നെ എനിയാക്കിനെ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിഞ്ഞിരുന്നത് ഇവരുടെ അറിവും ബുദ്ധിയും കൊണ്ട് മാത്രമാണ്.

മറ്റുള്ളവര്‍ ഉണ്ടാക്കിയ യന്ത്രം റിപ്പയര്‍ ചെയ്യാന്‍ പഠിക്കുക മാത്രമല്ല, പുതിയ പ്രോഗ്രാമിങ്ങ് രീതികള്‍ കണ്ടുപിടിക്കുകയും പ്രവര്‍ത്തിയില്‍ വരുത്തുകയും ചെയ്തു ഇവര്‍. നമ്പറുകള്‍ സോര്‍ട്ട് ചെയ്യാനും, ഒരേ കാര്യം പല വട്ടം ആവര്‍ത്തിച്ച് ചെയ്യാനും ഒക്കെയുള്ള പ്രോഗ്രാമുകള്‍ എഴുതിയതും പ്രവര്‍ത്തനത്തില്‍ വരുത്തിയതും ഇവരാണ്. ഇവര്‍ക്ക് ശേഷം നൂറുകണക്കിന് ശാസ്ത്രജ്ഞര്‍ ഈ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ അവരെ ഈ സാങ്കേതികവിദ്യകളും യുക്തിയും പഠിപ്പിച്ച് കൊടുത്തതും ഇവരായിരുന്നു. അതായത്, ചരിത്രത്തില്‍ ആദ്യത്തെ പ്രോഗ്രാമിങ്ങ് ടീച്ചര്‍മാരും ഇവരാറു പേര്‍ തന്നെ. എനിയാക്കിലെ ജോലിക്ക് ശേഷം മറ്റ് കമ്പ്യൂട്ടറുകള്‍ വികസിപ്പിക്കുന്നതിലും പ്രോഗ്രാമിങ്ങിന്റെ ഭാഷകള്‍ വികസിപ്പിക്കുന്നതിലും ഒക്കെയായി ഇവരുടെ സംഭാവനകള്‍ ഇനിയും ഏറെയുണ്ട്.

പക്ഷേ, ചരിത്രം സ്ത്രീകളുടെ സംഭാവനകള്‍ മറന്നുകളയുന്നതില്‍ വളരെ മിടുക്കുള്ള ഒന്നാണ്. 1980-കളുടെ മധ്യത്തില്‍ തന്നെ ഈ മറവി ഇവരെ ആക്ഷേപിക്കുന്ന നിലയിലേക്ക് എത്തിയിരുന്നു: ബെറ്റി ജെന്നിംഗ്സും ഫ്രാന്‍ ബിലാസും എനിയാക്കിന് മുന്നില്‍ നില്‍ക്കുന്ന ഒരു ഫോട്ടോ കണ്ടിട്ട് അവരാരാണ് എന്ന് ചോദിച്ച ഒരു വിദ്യാര്‍ത്ഥിയോട് “അവര്‍ മോഡലുകലാണ്” (“Refrigerator Ladies”) എന്നാണ് ഒരു ചരിത്രകാരന്‍ പറഞ്ഞത്. അതായത്, ലോകത്തെ ആദ്യത്തെ ഇലക്രോണിക് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിച്ച സ്ത്രീകളെ അവരുടെ ചരിത്രത്തില്‍ നിന്ന് തന്നെ മായ്ച്ചുകളഞ്ഞിരിക്കുന്നു; ചിത്രങ്ങള്‍ തെളിവുകളായി ബാക്കി നില്‍ക്കുമ്പോള്‍ പോലും!

എനിയാക്കിന് ബുദ്ധി കൊടുത്ത ഈ ആറുപേരെ ഇനി ഏത് പ്രോഗ്രാമിന് മുന്നിലിരിക്കുമ്പോഴും ഒരു നിമിഷം ഓര്‍ക്കുക; ചരിത്രത്തിന്റെ മറവിക്ക് ഇവരെ ഇരകളാക്കാതിരിക്കുക…!

റഫറന്‍സ്

  • http://eniacprogrammers.org/eniac-programmers-project/
  • https://ieeexplore.ieee.org/document/511940
  • https://www.jstor.org/stable/25147356
  • Recoding Gender: Women’s Changing Participation in Computing by Janet Abbate

#6 കാല്‍ക്കുലേറ്ററിന് ജീവന്‍ കൊടുത്തവള്‍…!

Ada Lovelace

കമ്പ്യൂട്ടര്‍ (computer) എന്ന ഇംഗ്ലീഷ് വാക്കിനര്‍ത്ഥം “കണക്കുകൂട്ടുന്നത്” എന്നാണ്. എന്തുകൊണ്ടാണ് നമ്മള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനും, സിനിമ കാണാനും, എഴുതാനും, വായിക്കാനും, ഗെയിം കളിക്കാനും ഒക്കെ ഉപയോഗിക്കുന്ന യന്ത്രത്തിനെ “കണക്കുകൂട്ടുന്നത്” എന്ന പേരില്‍ വിളിക്കുന്നത്? ഏറ്റവും ലളിതമാക്കി പറഞ്ഞാല്‍ നമ്മള്‍ കീബോര്‍ഡിലും മൗസിലും ഒക്കെയായി ഉള്ളിലേക്ക് കൊടുക്കുന്ന ഇന്‍പുട്ടുകളെ ബൈനറി സംഖ്യകളാക്കി മാറ്റി സങ്കീര്‍ണ്ണമായ ചില കണക്കുകള്‍ ചെയ്ത് അതിന്റെ ഫലം പുറത്തേക്ക് നല്‍കുകയാണ് കമ്പ്യൂട്ടര്‍ ചെയ്യുന്നത്. ഉള്ളിന്റെയുള്ളില്‍ നമ്മുടെയെല്ലാം കമ്പ്യൂട്ടര്‍ (മൊബൈല്‍ ഫോണും ടിവിയും ഒക്കെ ഇപ്പോള്‍ അങ്ങനെ തന്നെ) ഒരു സങ്കീര്‍ണ്ണമായ കാല്‍ക്കുലേറ്ററാണ്; സംഖ്യകളെ ഇങ്ങനെ ചിത്രമോ ശബ്ദമോ പോലുള്ള മറ്റ് കാര്യങ്ങളുടെ സൂചകങ്ങളായി ഉപയോഗിക്കാം എന്ന ആശയത്തിലൂടെ ആധുനിക കമ്പ്യൂട്ടറിനെ ആദ്യം വിഭാവനം ചെയ്തത് 19-ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരാളാണ്. മനുഷ്യകുലത്തിലെ ആദ്യ പ്രോഗ്രാമര്‍ എന്ന് തന്ന് വിളിക്കാവുന്നവള്‍: എയ്ഡ ലവ്ലേസ്. (Ada Lovelace)

ലണ്ടനില്‍ 1815-ലാണ് എയ്ഡ ജനിക്കുന്നത്. എയ്ഡ ജനിച്ച് ഒരു മാസം കഴിഞ്ഞപ്പോഴേക്കും മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു; അമ്മയായ ലേഡി ബൈറണ്‍ ആണ് എയ്ഡയെ നോക്കിയിരുന്നത്. (ആണ്‍കുട്ടി അല്ലായിരുന്നു എന്നതുകൊണ്ട് പിതാവിന് എയ്ഡയെ വേണമെന്നുണ്ടായിരുന്നില്ല) കൗമാരത്തില്‍ മീസില്‍സ് ബാധിച്ച് കുറച്ചുകാലം ശരീരം തളര്‍ന്നിരുന്നു എങ്കിലും എയ്ഡ സയന്‍സില്‍ കുതുകിയായിരുന്നു. പക്ഷേ, ഗണിതശാസ്ത്രം എന്നത് യാന്ത്രികമായ ഒരു പ്രവര്‍ത്തിയാണ് എന്ന യാഥാസ്ഥിതിക മനോഭാവത്തോട് എയ്ഡക്ക് യോജിപ്പുണ്ടായിരുന്നില്ല. ജീവതത്തിലുടനീളം “കാവ്യാത്മകമായ സയന്‍സ്” (“poetic science”) എന്ന എയ്ഡയുടെ സ്വന്തം സമീപനമാണ് അവള്‍ സ്വീകരിച്ചത്.

മേരി സോമര്‍വില്‍ എന്ന ശാസ്ത്രജ്ഞയായിരുന്നു എയ്ഡയുടെ ഗണിതശാസ്ത്ര അധ്യാപിക; അവര്‍ വഴി എയ്ഡ ചാള്‍സ് ബാബേജ് എന്ന ഗണിതശാസ്ത്രജ്ഞനെ പരിചയപെട്ടു. ബാബേജ് സങ്കീര്‍ണ്ണമായ കണക്കുകള്‍ കൂട്ടാനായി ഒരു യന്ത്രം ഉണ്ടാക്കാം എന്ന ആശയം രൂപീകരിച്ച് വരികയായിരുന്നു; കത്തുകളിലൂടെ ബാബേജ് തന്റെ ഡിസൈനുകളെ പറ്റിയും ബാബേജിന് ഉണ്ടാക്കാന്‍ കഴിഞ്ഞ ഡിഫറന്‍സ് എഞ്ചിന്‍ എന്ന യന്ത്രത്തെ പറ്റിയും എയ്ഡയോട് സംവദിച്ചിരുന്നു. ബാബേജിന്റെ യന്ത്രങ്ങളെ പറ്റി എയ്ഡക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു.

1842-43 കാലഘട്ടത്തില്‍ ഒരു ഇറ്റാലിയന്‍ ഗണിതശാസ്ത്രജ്ഞന്‍ ബാബേജിന്റെ യന്ത്രങ്ങളെ പറ്റി എഴുതിയ ചില പ്രബന്ധങ്ങള്‍ എയ്ഡ തര്‍ജ്ജമ ചെയ്തിരുന്നു. ഈ തര്‍ജ്ജമകള്‍ക്കൊപ്പം A മുതല്‍ G വരെയുള്ള തലക്കെട്ടുകളില്‍ എയ്ഡ തന്നെ എഴുതിയ ചില കുറിപ്പുകള്‍ ചേര്‍ത്തിരുന്നു. ഇവ സയന്റിഫിക് മെമ്വാര്‍സ് (Scientific Memoirs) എന്ന പുസ്തകത്തില്‍ A.A.L. (മുഴുവന്‍ പേര്: അഗസ്റ്റ എയ്ഡ ലവ്ലേസ്) എന്ന തൂലികാനാമത്തില്‍ പ്രസിദ്ധീകൃതമായി. ഇതില്‍ കുറിപ്പ് G-യില്‍ (Note G) ആണ് ആദ്യത്തെ പ്രസിദ്ധീകൃതമായ കമ്പ്യൂട്ടര്‍ പ്രോഗ്രാം ഉള്ളത്. ഇതിനുമുന്‍പ് ബാബേജ് പ്രോഗ്രാമുകള്‍ എഴുതി എന്ന് ഊഹിക്കാമെങ്കിലും, ആദ്യത്തെ പ്രോഗ്രാമര്‍മാരിലൊരാള്‍ എന്ന് നിസ്സംശയം പറയാന്‍ തെളിവുള്ളത് എയ്ഡയുടെ കുറിപ്പ് G മാത്രമാണ്.

A മുതല്‍ G വരെയുള്ള ഈ കൂറിപ്പുകളില്‍ കണക്ക് മാത്രമല്ല, മറ്റൊരുപാട് സാധ്യതകള്‍ ബാബേജിന്റെ യന്ത്രങ്ങള്‍ക്കുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ട് എന്ന് എയ്ഡ സൈദ്ധാന്തീകരിച്ചു. ശബ്ദങ്ങളുടെ ഫ്രീക്വന്‍സിപ്പറ്റിയുള്ള അറിവുകളില്‍ നിന്ന് സംഗീതം രചിക്കാന്‍ അത്തരം യന്ത്രങ്ങള്‍ക്ക് സാധിച്ചേക്കാം എന്ന് ഇതിന്റെ സാധ്യതയുടെ ഉദാഹരണമായി എയ്ഡ എഴുതിയിരുന്നു; അതായത് ഗണിതത്തില്‍ സംഖ്യകള്‍ അവലോകനം ചെയ്യാന്‍ മാത്രമല്ല, വ്യക്തമായ യുക്തിബന്ധം പ്രകടിപ്പിക്കാനാകുന്ന എന്ത് വസ്തുക്കള്‍ക്കിടയിലുമുള്ള എന്ത് പ്രക്രിയക്കും ഇത് ഉപയോഗിക്കാനാകും എന്ന ഇന്നത്തെ കമ്പ്യൂട്ടറിന്റെ ഉള്‍ക്കാഴ്ച്ചയിലേക്ക് എത്തി എയ്ഡ.

പക്ഷേ, എയ്ഡയുടെ സംഭാവനകളെ പിന്നീടുള്ള ചരിത്രം ചോദ്യം ചെയ്യുകയാണുണ്ടായത്; പ്രസിദ്ധീകരിക്കാനുള്ള പണം ഉണ്ടായിരുന്ന ഒരാള്‍ എന്ന നിലയിലേക്ക് മാത്രം എയ്ഡയെ താഴ്ത്തിക്കെട്ടുന്ന തരം ചരിത്ര വായനകള്‍. തര്‍ജ്ജമയില്‍ വന്ന, ഗണിതശാസ്ത്രപരമായി വലിയ അബദ്ധമായി വായിക്കപ്പെടുന്ന, അക്ഷരപ്പിശകുകളൊന്ന് ശ്രദ്ധിക്കാത്തതുകൊണ്ട് എയ്ഡയ്ക്ക് കണക്ക് അറിയില്ലായിരുന്നു എന്ന് പോലും ഒരു ചരിത്രകാരി ഊഹിക്കുകയുണ്ടായി. പക്ഷേ, പ്രസിദ്ധീകരണത്തിന് മുന്‍പ് ഇതേ നോട്ട് വായിച്ച് കുഴപ്പമില്ല എന്ന് പറഞ്ഞ ബാബേജിന് ഇതേ തരത്തില്‍ ഗണിതമറിയില്ല എന്നാരും പറയുന്നില്ല. മാത്രമല്ല, A.A.L. എന്നതിന് പകരം അവസാന നോട്ടില്‍ A.L.L. എന്ന് പേരെഴുതിയ എയ്ഡക്ക് ഇത്തരം പിശകുകള്‍ സഹചാരിയായിരുന്നു എന്ന് കരുതുന്നതില്‍ തെറ്റില്ല; കണക്കറിയാത്തതല്ല, എഴുത്തില്‍ ഇടയ്ക്ക് വരുന്ന തെറ്റുകളിലുള്ള ആധിക്യം മാത്രം.

1852-ല്‍ ഗര്‍ഭപാത്രത്തില്‍ നിന്നുള്ള രക്തസ്രാവം മൂലം എയ്ഡ മരിച്ചു. (രക്തസ്രാവത്തിന് അന്നത്തെ ചികിത്സ മുറിച്ച് കൂടുതല്‍ ചോര കളയുക എന്നതായിരുന്നത് കൊണ്ട് ആ ചികിത്സ ആയിരിക്കാം കൊന്നത് എന്നതും സംഭാവ്യമാണ്!) 36 വയസ്സായിരുന്നു മരിക്കുമ്പോള്‍ എയ്ഡക്ക്. ചെറുപ്പത്തില്‍ മീസില്‍സ് വന്നതുപോലെ പലതരം രോഗങ്ങള്‍ കൊണ്ട് ദുര്‍ബലയായിരുന്നിട്ട് പോലും ചരിത്രം മാറ്റി മറിച്ച്, സോഫ്റ്റ് വെയര്‍ എഞ്ചിനീയറിംഗിന് സൈദ്ധാന്തികമായി ആരംഭമിട്ടുകൊണ്ടാണ് എയ്ഡ തന്റെ ചെറിയ ജീവിതകാലം സ്മരണീയമാക്കിയത്!

എന്തായാലും, ഇനി ഏത് കമ്പ്യൂട്ടേഷണല്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കുമ്പോഴും ഇതൊക്കെ മുന്നാലെ കണ്ട എയ്ഡയെ കൂടി ഒന്നോര്‍ത്തേക്കുക…!

റഫറന്‍സ്

  • https://ieeexplore.ieee.org/document/1253887
  • https://online.liverpooluniversitypress.co.uk/doi/10.3828/BJ.1987.6
  • https://www.sciencedirect.com/science/article/abs/pii/027753959580030S?via%3Dihub
  • https://www.scientificamerican.com/article/ada-and-the-first-computer/
  • Ada’s Algorithm: How Lord Byron’s Daughter Ada Lovelace Launched the Digital Age by James Essinger
  • Idea Makers: Personal Perspectives on the Lives & Ideas of Some Notable People by Stephen Wolfram

#7 ഭൗതികത്തിന്റെ ഗണിതസൗന്ദര്യം വായിച്ചവള്‍…!

Emmy Noether

പ്രൊഫസര്‍ വുവിന്റെ കഥയില്‍ (സയന്‍സിലെ സ്ത്രീകള്‍ #4) പാരിറ്റി എന്ന സമമിതിയെ പറ്റി പറഞ്ഞതോര്‍ക്കുന്നുണ്ടാവുമല്ലോ? സമമിതി എന്ന ആശയം ഭൗതികശാസ്ത്രത്തിന് വളരെ പ്രാധാന്യമുള്ളതാണ്. സംരക്ഷണ നിയമങ്ങള്‍ (conservation laws ഉദാ: ഊര്‍ജ്ജസംരക്ഷണം, സ.സ്ത്രീ. #1) സമമിതികളില്‍ നിന്നാണ് ഉടലെടുക്കുന്നത് എന്ന ഭൗതികശാസ്ത്രത്തിന്റെ നട്ടെല്ലുകളിലൊന്നായ ഗണിതശാസ്ത്ര തിരിച്ചറിവ് മനുഷ്യകുലത്തിന് സമ്മാനിച്ച എമ്മി നൊയേതര്‍ (Emmy Noether) എന്ന ശാസ്ത്രജ്ഞയുടെ കഥയാണിത്തവണ.

ജര്‍മ്മനിയില്‍ 1882-ലാണ് എമ്മി ജനിക്കുന്നത്. എമ്മിയുടെ പിതാവ് ഒരു ഗണിതശാസ്ത്രജ്ഞനും യൂണിവേഴ്സിറ്റി പ്രൊഫസറുമായിരുന്നു. ചെറിയ പ്രായത്തില്‍ എമ്മി വിദ്യാഭ്യാസത്തില്‍ ശ്രദ്ധേയമായ ഒരു പ്രകടവും കാഴ്ച്ചവച്ചിട്ടുണ്ടായിരുന്നില്ല; പൊതുവേ മിടുക്കിയും ബുദ്ധിമതിയുമായ ഒരു കുട്ടി എന്നതിനപ്പുറം എമ്മി പ്രത്യേക താത്പര്യങ്ങളൊന്നും പുറത്തുകാട്ടിയിരുന്നില്ല. ഒരു പെണ്‍കുട്ടി ആയതുകൊണ്ട് ശാസ്ത്രവിഷയങ്ങള്‍ പഠിപ്പിക്കുക എന്നത് കുടുംമ്പം പൊതുവേ ഗൗരവമായി എടുത്തതുമില്ല. പക്ഷേ, കോളേജ് വിദ്യാഭ്യാസം എങ്ങനെ വേണം എന്ന് തീരുമാനിക്കാനുള്ള സമയമായപ്പോള്‍ പിതാവ് പഠിപ്പിക്കുന്ന എര്‍ലാങ്കന്‍ യൂണിവേഴ്സിറ്റിയില്‍ ശാസ്ത്രം പഠിക്കാനുള്ള താത്പര്യം എമ്മി മാതാപിതാക്കളെ അറിയിച്ചു.

എമ്മിക്ക് താത്പര്യമുണ്ടായതുകൊണ്ട് അത് സാധിച്ചുകൊടുക്കാന്‍ പിതാവും തന്നാലായത് പോലെ ശ്രമിച്ചു; എന്നാലും അത് ഏതാണ്ട് അസാധ്യമായ ഒരു വഴിയായിരുന്നു. സ്ത്രീപുരുഷന്മാര്‍ ഒരുമിച്ച് പഠിക്കേണ്ടതില്ല എന്ന തീരുമാനത്തിന്റെ ഭാഗമായി എര്‍ലാങ്കന്‍ യൂണിവേഴ്സിറ്റി സ്ത്രീകളെ വിദ്യാര്‍ത്ഥികളായി സ്വീകരിക്കുന്നുണ്ടായിരുന്നില്ല. ക്ലാസെടുക്കുന്ന പ്രൊഫസറുടെ അനുവാദം വാങ്ങി മാത്രം ഓരോ ക്ലാസില്‍ സ്ത്രീകള്‍ക്കിരിക്കാമായിരുന്നു. അങ്ങനെ പഠിച്ച് എമ്മി മറ്റൊരു സ്ക്കൂളില്‍ നിന്നും യൂണിവേഴ്സിറ്റിയില്‍ പ്രവേശിക്കാനുള്ള പരീക്ഷ പാസായി. 1904-ല്‍ എര്‍ലാങ്കന്‍ യൂണിവേഴ്സിറ്റി അവരുടെ തീരുമാനം അയച്ചു; എമ്മി അവിടെ വിദ്യാര്‍ത്ഥിനിയായി. 1907-ല്‍ എമ്മി സ്വന്തം തീസിസ് പൂര്‍ത്തികരിച്ച് ഡോക്ടറേറ്റ് സ്വീകരിച്ചു.

അടുത്ത ഏഴ് കൊല്ലം എമ്മി ശമ്പളമില്ലാതെ അതേ യൂണിവേഴ്സിറ്റിയില്‍ അധ്യാപികയായി ജോലി ചെയ്തു. ഗോട്ടിങ്കന്‍ യൂണിവേഴ്സിറ്റി 1915-ല്‍ ജോലി നല്‍കുന്നതോട് കൂടിയാണ് ഔദ്യോഗികമായി, ശമ്പളമുള്ള ഒരു അധ്യാപികയായി എമ്മി മാറാനുള്ള സാധ്യത തെളിയുന്നത്; അവിടെയും ആദ്യ വര്‍ഷങ്ങള്‍ ശമ്പളമില്ലാത്ത ജോലി മാത്രമായിരുന്നു എങ്കിലും. ശമ്പളം കിട്ടിയിട്ട് പോലും ഈ ഓര്‍മ്മകൊണ്ട് സ്വന്തം ജീവിതാവശ്യങ്ങള്‍ക്ക് എമ്മി പണം പിശുക്കിമാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇവിടെ ജോലി ചെയ്തിരുന്ന കാലത്താണ് സമമിതികളെ പറ്റി മേല്‍പ്പറഞ്ഞ നിയമം എമ്മി കണ്ടെത്തുന്നത്

ഐന്‍സ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തത്തിലെ ചില ഗണിതശാസ്ത്രപരമായ പരിമിതികള്‍ പരിഹരിക്കാന്‍ എമ്മിക്ക് കഴിയുമോ എന്ന് ആ യൂണിവേഴ്സിറ്റിയിലെ ഭൗതികശാസ്ത്രജ്ഞന്മാര്‍ ചോദിച്ചതില്‍ നിന്നാണ് ഈ നിര്‍ദ്ധാരണം ഉണ്ടാകുന്നത്. 1915-ല്‍ തന്നെ ആ പ്രശ്നം പരിഹരിക്കുക മാത്രമല്ല, സമമിതികളുമായി ബന്ധപ്പെട്ട നൊയേതറുടെ ആദ്യ സിദ്ധാന്തം (Noether’s first theorem) കണ്ടെത്തുകയും കൂടി ചെയ്തു എമ്മി. ഭൗതികശാസ്ത്രത്തിലെ ചില നിയമങ്ങളുടെ സമമിതി സ്വഭാവത്തില്‍ നിന്ന് ഉടലെടുക്കുന്നത് മാത്രമാണ് സംരക്ഷണ നിയമങ്ങള്‍ എന്ന വെളിപാടാണിത്. ഉദാ: സമയത്തിന്റെ സമമിതിയുള്ള നിയമങ്ങള്‍ ബാധമായ ഇടത്തേ ഊര്‍ജ്ജസംരക്ഷണ നിയമം ബാധകമാകൂ. (എമിലി ഡു ഷാറ്റ്ലി, സ.സ്ത്രീ. #1, വിചാരിച്ചത്ര സുപ്രധാനമല്ല ഈ നിയമം എന്ന്!) മൊമന്റം, ചാര്‍ജ്ജ് അങ്ങനെ നമ്മള്‍ സംരക്ഷിതമാണ് എന്ന് കരുതുന്ന പലതും അടിസ്ഥാനപരമായ നിയമത്തിന്റെ സ്വഭാവം കൊണ്ട് ഉണ്ടാകുന്നതാണ്; അതിനാല്‍ തന്നെ നിയമങ്ങളല്ല എന്ന് സാരം. 1918-ല്‍ എമ്മി ഈ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ഭൗതികശാസ്ത്രത്തെ പറ്റിയുള്ള ഈ ഉള്‍ക്കാഴ്ച്ചകള്‍ ഐന്‍സ്റ്റൈനെ പോലും അമ്പരപ്പിക്കുന്നവയായിരുന്നു!

(ഒരു കുറ്റസമ്മതം കൂടി: ഭൗതികശാസ്ത്രത്തിലെ സംഭാവനകള്‍ മാത്രമേ ഇവിടെ ചര്‍ച്ച ചെയ്തിട്ടുള്ളു. “ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഗണിതശാസ്ത്രജ്ഞ” എന്ന് വിളിക്കപ്പെടുന്ന ഇവരുടെ ഗണിതത്തിലെ സംഭാവനകളും അനേകമാണ്. കൂടുതല്‍ വിശദാംശങ്ങള്‍ അറിയണമെന്നുള്ളവര്‍ റഫറന്‍സില്‍ ചേര്‍ത്തിട്ടുള്ള ജീവചരിത്രങ്ങള്‍ കൂടി വായിക്കുക.)

1933 വരെ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചും ഗണിതശാസ്ത്രത്തില്‍ പുതിയ വിപ്ലവങ്ങളുണ്ടാക്കിക്കൊണ്ടും എമ്മി ഗോട്ടിങ്കനില്‍ തന്നെ തുടര്‍ന്നു. പലപ്പോഴും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയിരുന്ന ഒരാളായിരുന്നു എമ്മി. ഇത്തരം രാഷ്ട്രീയ നിലപാടുകളും ജൂതവംശജയുമായ എമ്മിയെ ഹിറ്റ്ലര്‍ അധികാരത്തില്‍ വന്ന അതേ കൊല്ലം യൂണിവേഴ്സിറ്റി പിരിച്ചുവിട്ടു. എമ്മിക്ക് അമേരിക്കയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. 1935-ല്‍ എമ്മി അന്തരിച്ചു.

ഗണിതശാസ്ത്രത്തില്‍ തന്റേതായ മുദ്ര പതിപ്പിച്ച എമ്മിക്ക് സ്വന്തം ജീവിതകാലത്ത് വളരെ കുറച്ച് അംഗീകാരങ്ങളെ കിട്ടിയിരുന്നുള്ളൂ. പക്ഷേ, എമ്മിയുടെ പേപ്പറുകളോ എഴുത്തോ വായിച്ച (മനസിലാക്കാന്‍ പ്രാപ്തിയുള്ളവര്‍) എല്ലാവരും തിരിച്ചറിഞ്ഞ കാര്യമായിരുന്നു എമ്മിയുടെ സാമര്‍ത്ഥ്യം. ഒരുപാട് പേപ്പറുകളില്‍ സ്വന്തം സംഭാവനകള്‍ ആവശ്യപ്പെടാതിരുന്നത് കൊണ്ടും എമ്മി എത്രമാത്രം ഗണിതശാസ്ത്രത്തെ സ്വാധീനിച്ചു എന്ന് പറയുക വയ്യ…

ഇനി സമമിതികളിലേക്ക് മനസ് പോകുമ്പോള്‍ ആ സൗന്ദര്യത്തെ ഭൗതികലോകത്തിന്റെ സംരക്ഷണമാക്കി മാറ്റിയ എമ്മിയെപ്പറ്റിയും ഓര്‍മ്മവരട്ടെ…!

റഫറന്‍സ്

  • https://arxiv.org/abs/physics/9807044
  • Emmy Noether: The Mother of Modern Algebra by M.B.W. Tent
  • Emmy Noether’s Wonderful Theorem by Dwight E. Neuenschwander
  • Emmy Noether 1882-1935 by Auguste Dick
  • Symmetry and the Beautiful Universe by Leon M. Lederman and Christopher T. Hill

#8 ആഗോളതാപനം മുന്നേ കണ്ടവള്‍…!

Eunice Newton Foote

ആഗോളതാപനത്തിന്റെ, കാലവസ്ഥാമാറ്റത്തിന്റെ പ്രാഥമിക കാരണം കാര്‍ബണ്‍ ഡയോക്സൈഡ് ആണെന്ന് നമ്മുക്കെല്ലാവര്‍ക്കുമറിയാം; ഭാവിയില്‍ ഭൂമി മനുഷ്യകുലത്തിന് വാസയോഗ്യമായിരിക്കണം എങ്കില്‍ കാര്‍ബണ്‍ ഉപയോഗം കുറയ്ക്കുക എന്നത് അവശ്യമാണ് എന്നതും പൊതു അറിവാണ്. ഈ തിരിച്ചറിവിന്റെ ഉത്പത്തിയെക്കുറിച്ച്, ഇതിനുവേണ്ടിയ നിരീക്ഷണം ആദ്യമായി നടത്തിയ ശാസ്ത്രജ്ഞയെ പറ്റിയാണ് ഇത്തവണ. അന്നത്തെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ മുന്നണിപ്പോരാളി കൂടിയായിരുന്ന യൂനിസ് ന്യൂട്ടണ്‍ ഫുട്ട് (Eunice Newton Foote) ആണ് അവര്‍.

യൂനിസിന്റെ ജനനം 1819-ല്‍ അമേരിക്കയിലെ കനറ്റികെറ്റിലാണ്. പക്ഷേ, ന്യൂ യോര്‍ക്കിലായിരുന്നു യൂനിസിന്റെ ബാല്യവും വിദ്യാഭ്യാസവും. അന്ന് ട്രോയ് ഫീമെയ്ല്‍ സെമിനാരി എന്ന് വിളിച്ചിരുന്ന (ഇന്ന് എമ്മ വില്യാഡ് സ്ക്കൂള്‍) ഒരിടത്താണ് യൂനിസിന് 1836-38 കാലഘട്ടത്തില്‍ തന്റെ വിദ്യാഭ്യാസം ലഭിച്ചത്. കോളേജിലേക്കുള്ള തയ്യാറെടുപ്പ് നടത്താനുള്ള സ്ക്കൂള്‍ ആയിരുന്നു അത്, കോളേജായിരുന്നില്ല. പക്ഷേ, ആ സ്കൂളില്‍ നിന്നുള്ള കുട്ടികള്‍ക്ക് സമീപത്തുള്ള ഒരു കോളേജില്‍ ക്ലാസുകള്‍ കേള്‍ക്കാന്‍ അനുവാദമുണ്ടായിരുന്നു. അത്തരം ക്ലാസുകളില്‍ നിന്നാണ് കെമിസ്ട്രിയും ബയോളജിയും പോലുള്ള സയന്‍സ് വിഷയങ്ങള്‍ യൂനിസ് പരിചയപ്പെടുന്നത്.

വിദ്യാഭ്യാസത്തിന് ശേഷം യൂനിസ് തന്റേതായ രീതിയില്‍ വാതകങ്ങളുടെ സ്വഭാവത്തെ പറ്റി പല പരീക്ഷണങ്ങളും നടത്തി. 1856-ല്‍ പ്രസിദ്ധീകരിച്ച ഒരു പരീക്ഷണത്തിലാണ് അന്തരീക്ഷവായുവിനെ ഏറ്റവും ചൂടാക്കുന്നത് കാര്‍ബണ്‍ ഡയോക്സൈഡിന്റെ സാന്നിദ്ധ്യമാണെന്ന് യൂനിസ് കണ്ടെത്തിയത്. സൂര്യന്റെ രശ്മികളുടെ ചൂടിനെ പറ്റി ആയിരുന്നു ഈ പ്രത്യേക പരീക്ഷണം. അന്തരീക്ഷവായുവില്‍ എത്രമാത്രം നീരാവി ഉണ്ട് എന്നതും, വായു മര്‍ദ്ദവും ഒക്കെ എത്രമാത്രം സൂര്യ രശ്മികളില്‍ നിന്നുള്ള ചൂട് ഒരു തെര്‍മ്മോമീറ്റര്‍ രേഖപ്പെടുത്തുന്നതിനെ സ്വാധീനിക്കുന്നു എന്നതും യൂനിസിന്റെ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു. (നീരാവിയും കാര്‍ബണ്‍ ഡയോക്സൈഡ് പോലെ ചൂട് വലിച്ചെടുക്കുന്ന ഒരു വാതകമാണ്) “സൂര്യ രശ്മികളുടെ ഏറ്റവും വലിയ സ്വാധീനം കാര്‍ബോണിക് ആസിഡ് ഗ്യാസിലാണ്,” )”The highest effect of the sun’s rays I have found to be in carbonic acid gas.”) എന്ന് യൂനിസ് തന്റെ പ്രബന്ധത്തില്‍ എഴുതി. (അന്ന് കാര്‍ബണ്‍ ഡയോക്സൈഡിനെ വിളിച്ചിരുന്നത് കാര്‍ബോണിക് ആസിഡ് ഗ്യാസ് എന്നായിരുന്നു)

അമേരിക്കന്‍ ജേണല്‍ ഓഫ് സയന്‍സ് ആന്‍ഡ് ആര്‍ട്ട്സില്‍ ഈ നിരീക്ഷണങ്ങള്‍ പ്രസിദ്ധീകരിക്കുകയും അതേ കൊല്ലം അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്മെന്റ് ഓഫ് സയന്‍സസിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ഇവ അവതരിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ, ചരിത്രത്തിന് സ്ത്രീകളുടെ സംഭാവനകള്‍ മായ്ചുകളയാന്‍ എന്തെന്നില്ലാത്ത മിടുക്കാണ്. അന്തരീക്ഷവായു ചൂടാകുന്നതും കാര്‍ബണ്‍ ഡയോക്സൈഡും തമ്മിലുള്ള ബന്ധം സ്ഥാപിച്ചത് ജോണ്‍ ടിന്‍ഡല്‍ ആണെന്നാണ് പൊതുധാരണ. ജോണ്‍ തന്റെ നിരീക്ഷണങ്ങള്‍ യൂനിസിനും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാണ് പ്രസിദ്ധീകരിച്ചത് എങ്കിലും ശ്രദ്ധിക്കപ്പെട്ടതും ഇന്നും പാഠപുസ്തകങ്ങളില്‍ ഈ കണ്ടുപിടുത്തത്തിന്റെ ക്രെഡിറ്റ് പോകുന്നതും ജോണിന് തന്നെ.

യൂനിസ് സ്വന്തം പരീക്ഷണങ്ങളിലും രാഷ്ട്രീയപ്രവര്‍ത്തനത്തിലും മുഴുകിയിരുന്നത് കൊണ്ടും ജോണിനോളം ശാസ്ത്രലോകത്തെ മറ്റുള്ളവരുമായി ബന്ധമില്ലാതിരുന്നത് കൊണ്ടും കൂടി ആയിരുന്നിരിക്കാം ചരിത്രത്തിന് ഈ അന്യായം പ്രതിഷേധങ്ങളില്ലാതെ മറന്നുകളയാന്‍ സാധിച്ചത്. പക്ഷേ, 2011-ല്‍ ഒരു ജിയോളജിസ്റ്റ് യൂനിസിന്റെ പേപ്പര്‍ വായിക്കുകയും അതിന്റെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്തു. അതിനുശേഷമാണ് യൂനിസിന്റെ നിരീക്ഷണ പരീക്ഷണങ്ങളെ ഒരിക്കക്കൂടി ശാസ്ത്രലോകം ശ്രദ്ധിച്ച് തുടങ്ങിയത്. ഒരു ദശാബ്ദം തികച്ചായിട്ടില്ല ഈ മറന്ന ചരിത്രം ആളുകള്‍ വീണ്ടെടുത്തിട്ട് എന്നതുകൊണ്ട് യൂനിസ് എന്ന വ്യക്തിയെപ്പറ്റി, അവളാരായിരുന്നു എന്നതിന്റെ വ്യക്തിത്വത്തെ പറ്റി കാര്യമായ വായനകളൊന്നും തന്നെ ഉണ്ടായിട്ടില്ല. ഈ സീരീസില്‍ ഏറ്റവും കുറവ് സോഴ്സുകള്‍ ലഭ്യമായ ഒരാളാണ് യൂനിസ്.

ആഗോളതാപനത്തിന് കാര്‍ബണ്‍ ഡയോക്സൈഡ് കാരണമാണ് എന്ന് 1850-കള്‍ മുതലേ നമുക്കറിയാമായിരുന്നു എന്നത് മനുഷ്യരാശിയുടെ അശ്രദ്ധയെ പറ്റി എന്ത് പറയുന്നു എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക; പക്ഷേ, ആ അറിവ് അനിഷേധ്യമായി പങ്കിട്ട യൂനിസിനെ ചരിത്രം മറന്നുകളഞ്ഞത് ഉറപ്പായിട്ടും കനത്ത അനീതിയാണ്.

ഇനി ഭൂമിയെ സംരക്ഷിക്കുക എന്നത് രാഷ്ട്രീയപ്രവര്‍ത്തനമാക്കുന്ന കൂട്ടത്തില്‍ സ്ത്രീപക്ഷ രാഷ്ട്രീയത്തിന് മുന്നണിപ്പോരാളിയായിരുന്ന യൂനിസിനെ കൂടി ഒന്ന് ഓര്‍ത്തിരിക്കട്ടെ…!

റഫറന്‍സ്

  • https://royalsocietypublishing.org/doi/10.1098/rsnr.2018.0066
  • http://www.searchanddiscovery.com/pdfz/documents/2011/70092sorenson/ndx_sorenson.pdf.html
  • Foote, Eunice (November 1856). “Circumstances affecting the Heat of the Sun’s Rays”. American Journal of Science and Arts. 22: 382–383.
  • https://www.jstor.org/stable/111604

#9 നക്ഷത്രങ്ങള്‍ക്കപ്പുറം കണ്ടവള്‍…!

Williamina Fleming

നിശാകാശത്ത് നക്ഷത്രങ്ങളും ഗ്രഹങ്ങളും മാത്രമല്ല ഉള്ളത്; നെബുലകളും, വൈറ്റ് ഡ്വാര്‍ഫുകളും പള്‍സാറുകളുമൊക്കെ അടങ്ങുന്ന വിചിത്രവും സുന്ദരവുമായ ഒരു ലോകം. പക്ഷേ, അത്തരം വസ്തുക്കളെ നിരീക്ഷിക്കുക, തിരിച്ചറിയുക എന്നത് സാങ്കേതികമായി സങ്കീര്‍ണ്ണതകളുള്ളതും ഒരുപാട് കഴിവ് വേണ്ടതുമായ ഒരു സയന്‍സ് മേഖലയായിരുന്നു. (ഇപ്പോള്‍ കുറേയൊക്കെ കമ്പ്യൂട്ടറുകളുപയോഗിച്ചുള്ള അവലോകനമാണ്) ഈ നിരീക്ഷണങ്ങളുടെ പ്രാരംഭദശയില്‍ ഒരുപാട് നെബുലകളും വൈറ്റ് ഡ്വാര്‍ഫുകളുമൊക്കെ കണ്ടെത്തിയ ഒരു ശാസ്ത്രജ്ഞയുടെ കഥയാണിത്തവണ. ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകളുടെ കൂട്ടത്തില്‍ ചരിത്രത്തിന് മറക്കാനാവാത്ത വിധം തിളങ്ങിയവരിലൊരാള്‍: വില്യമിന ഫ്ലെമിങ്ങ്. (Williamina Fleming)

വില്യമിന 1857-ല്‍ സ്കോട്ട്ലന്റിലാണ് ജനിക്കുന്നത്. ചെറുപ്പത്തിലെ പഠനത്തില്‍ വളരെ മിടുക്ക് കാട്ടിയിരുന്നു എന്ന് മാത്രമല്ല, 14 വയസ്സാകുമ്പോഴേക്കും അവിടെയുള്ള സ്ക്കൂളുകളില്‍ ടീച്ചറായി മറ്റുള്ളവരെ പഠിപ്പിക്കാനും മാത്രം സമര്‍ത്ഥയായിരുന്നു വില്യമിന. 20-ആം വയസ്സില്‍ വില്യമിന വിവാഹിതയാകുകയും അമേരിക്കയിലേക്ക് കുടിയേറുകയും ചെയ്തു. ഗര്‍ഭിണിയായതിനുശേഷം വില്യമിനയെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയി. മകനെ സ്വയം നോക്കാന്‍ തീരുമാനിച്ച വില്യമിന ഹാര്‍വര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്തിരുന്ന ഒരു ശാസ്ത്രജ്ഞന്റെ വീട്ടുവേലക്കാരിയായി 1879-ല്‍ ജോലി ചെയ്ത് തുടങ്ങി. വില്യമിന ബുദ്ധിമതിയാണെന്നും വീട്ടുവേലയേക്കാള്‍ യൂണിവേഴ്സിറ്റിയില്‍ സഹായിക്കാന്‍ ആണ് കൂടുതല്‍ ചേരുക എന്ന് പതിയെ എല്ലാവര്‍ക്കും മനസിലായി തുടങ്ങി. അങ്ങനെ, വില്യമിന ആദ്യം യൂണിവേഴ്സിറ്റിയില്‍ സഹായിയായിട്ടും, പിന്നീട് ശാസ്ത്രജ്ഞയായിട്ടും ജോലി ചെയ്തു.

ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകള്‍ എന്ന് വിളിക്കപ്പെട്ട സ്ത്രീ ശാസ്ത്രജ്ഞരുടെ സംഘത്തിന്റെ ഭാഗമായി 1881-ഓടെ വില്യമിന; ആണുങ്ങള്‍ക്ക് ചെയ്യാന്‍ താത്പര്യമില്ലാത്ത, ആണ്‍ സഹായികളെ വച്ചാല്‍ കൂടുതല്‍ ശമ്പളം കൊടുക്കേണ്ടി വരുന്ന ഡാറ്റ അവലോകന ജോലികള്‍ക്കായിട്ടാണ് ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകളെ ഉപയോഗിച്ചിരുന്നത്. പക്ഷേ, ഡാറ്റയില്‍ യാന്ത്രികമായ അവലോകനത്തിന് മാത്രമല്ല, ജ്യോതിശാസ്ത്രത്തില്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ക്കും ഇന്നത്തെ ജ്യോതിശാസ്ത്രത്തിന്റെ അടിത്തറയായി മാറിയ പല തിരിച്ചറിവുകള്‍ക്കും ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകള്‍ കാരണമായി മാറി. ഇവരുടെ പൊതുവായ കഥയെ പറ്റി മുന്‍പ് എഴുതിയിരുന്നു: https://www.facebook.com/KannanM.3.14/posts/3541584465884057

അസ്ട്രോണോമിക്കല്‍ ഫോട്ടോഗ്രഫി പ്ലേറ്റുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും അതില്‍ നിന്ന് നക്ഷത്രങ്ങളുടെ കൃത്യമായ സ്ഥാനവും മറ്റ് പൊതു സ്വഭാവങ്ങളും കണ്ടെത്തുക എന്നതായിരുന്നു വില്യമിന അടങ്ങുന്ന ഗ്രൂപ്പിന്റെ പൊതു ജോലി. നക്ഷത്രങ്ങളെ എങ്ങനെ തരം തിരിക്കാം എന്നതിലും വില്യമിന കുറച്ചുകാലം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു; പക്ഷേ വിജയിച്ചില്ല. (അതില്‍ വിജയിയായ സ്ത്രീയെ പറ്റിയും ഈ സീരീസില്‍ എഴുതുന്നുണ്ട്!) 1888-ലാണ് വില്യമിന വളരെ ശ്രദ്ധേയമായ ഒരു കണ്ടുപിടുത്തം നടത്തുന്നത്: കുതിരത്തലനെബുല. (Horsehead Nebula) ഓറിയണ്‍ നക്ഷത്രക്കൂട്ടത്തിനുള്ളില്‍ (Orion Constellation) ദൃശ്യമാകുന്ന ഒരു ഇരുണ്ട ചിത്രം വ്യക്തമായി രേഖപ്പെടുത്തി വച്ചത് വില്യമിനയാണ്.

ഈ നിരീക്ഷണത്തിന്റെ പ്രാധാന്യം ശാസ്ത്രലോകം വളരെ കഴിഞ്ഞേ മനസിലാക്കിയുള്ളൂ. ഇരുണ്ട നെബുലകളിലാണ് നക്ഷത്രങ്ങള്‍ ജനിക്കുന്നത്; അതായത്, കുതിരത്തല നെബുല നക്ഷത്രങ്ങളുടെ ജനനത്തിന്റെ വ്യക്തമായ ചിത്രങ്ങളിലൊന്നാണ്. ദൃശ്യപ്രകാശത്തിലെ ഇത് ഇരുണ്ടിരുക്കുന്നുള്ളൂ താനും; അദൃശ്യപ്രകാശത്തില്‍ (ഉദാ: എക്സ് റേ) നെബുലകള്‍ക്കുള്ളിലേക്ക് കാണാന്‍ കഴിയും. അങ്ങനെയാണ് നമ്മള്‍ നക്ഷത്രങ്ങളുടെ ഉത്പത്തിയെ പറ്റിയുള്ള നമ്മുടെ സിദ്ധാന്തങ്ങള്‍ ശരിയാണോ എന്ന് പരീക്ഷിക്കുന്നത്.

1910-ല്‍ നക്ഷത്രങ്ങളുടെ ജനനം മാത്രമല്ല, മരണവും കണ്ടു വില്യമിന. വൈറ്റ് ഡ്വാര്‍ഫ് (White Dwarf) എന്ന നക്ഷത്രങ്ങള്‍ കത്തി അവശേഷിക്കുന്ന ബാക്കിപത്രത്തെ ആദ്യമായി തിരിച്ചറിയുന്നത് വില്യമിനയാണ്. സൂര്യനേക്കാള്‍ വളരെ വളരെ കുറഞ്ഞ തെളിച്ചമുള്ള ഒരു നക്ഷത്രത്തിന്റെ ഉപരിതല താപനില സൂര്യനേക്കാള്‍ കൂടുതലാണ് എന്ന നിരീക്ഷണത്തില്‍ നിന്നാണ് ആ “നക്ഷത്രം” നക്ഷത്രമല്ല എന്ന് മനസിലാകുന്നത്. സൂര്യന്‍ “മഞ്ഞ” ആണെങ്കില്‍ ഈ നക്ഷത്രാവശിഷ്ടം “വെള്ള” നിറമായിരുന്നു. (നക്ഷത്രങ്ങളുടെ നിറങ്ങളെ പറ്റി അടുത്ത ദിവസങ്ങളില്‍ വിശദീകരിക്കാം) ഇതിന്റേയും സൈദ്ധാന്തിക വിശദീകരണത്തിന് ഒരുപാട് കാലം എടുത്തു എങ്കിലും ഇതൊരു സാധാരണ നക്ഷത്രമല്ല എന്ന് വില്യമിന തന്നെ മനസിലാക്കിയിരുന്നു. (നക്ഷത്രങ്ങളെ തരം തിരിക്കുന്നതിന്റെ ഭാഗമായിരുന്ന അവള്‍ക്ക് എന്താണ് നക്ഷത്രം എന്നും വ്യക്തമായ ധാരണയുണ്ടായിരുന്നു!)

ഇത് രണ്ടും മാത്രമല്ല, മറ്റൊരുപാട് നെബുലകളും മാറ്റമുള്ള നക്ഷത്രങ്ങളും പത്തോളം നോവകളും വില്യമിന നിരീക്ഷിച്ചിരുന്നു. നെബുലകള്‍ (nebulae) ബഹിരാകാശത്തെ പൊടിപടങ്ങളുടേയും വാതകങ്ങളുടേയും കേന്ദ്രീകരണമാണ്. മാറ്റമുള്ള നക്ഷത്രങ്ങള്‍ (variable stars) എന്ന് വിളിക്കുന്നത് ളിച്ചത്തിന് സ്ഥിരതയില്ലാത്തവയേയാണ്. (ഇവയെപറ്റി നാളെ വിശദമായി എഴുതുന്നതാണ്) നോവകള്‍ (novae) പെട്ടന്ന് പ്രത്യക്ഷപ്പെട്ട് അതേപോലെ തന്നെ അപ്രത്യക്ഷമാകുന്ന ചില പ്രതിഭാസങ്ങളാണ്; നക്ഷത്രത്തിന്റെ അന്ത്യത്തിലുണ്ടാകാവുന്ന സൂപ്പര്‍നോവ (supernova) ഇതിനൊരുദാഹരണമാണ്. നക്ഷത്രങ്ങള്‍ നിരീക്ഷിക്കുക, തരം തിരിക്കുക എന്ന യാന്ത്രികമായ പണി ചെയ്യേണ്ട “കമ്പ്യൂട്ടര്‍” ആയിരുന്നിട്ടും ആ കഴിവുപയോഗിച്ച് ഒരുപാട് പുതിയ പ്രതിഭാസങ്ങള്‍ കണ്ടുപിടിക്കുകയും ഭാവിയിലെ ശാസ്ത്രസമൂഹത്തിന് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്ത ഒരുവളാണ് വില്യമിന.

ജീവിച്ചിരുന്ന കാലത്ത് തന്നെ ഇതിനെല്ലാം അര്‍ഹമായ അംഗീകാരം കുറേയൊക്കെ കിട്ടുകയും ചെയ്തിരുന്നു വില്യമിനയ്ക്ക്. ബ്രിട്ടീഷുകാരിയല്ല, ഔദ്യോഗികമായി ഡിഗ്രികളോ ഇല്ല എങ്കിലും റോയല്‍ അസ്ട്രോണോമിക്കല്‍ സൊസൈറ്റി വില്യമിനയെ അംഗമായി സ്വീകരിച്ചിരുന്നു. ഹാര്‍വര്‍ഡ് ജ്യോതിശാസ്ത്ര ഫോട്ടോഗ്രാഫുകളുടെ ക്യൂറേറ്റര്‍ ആയി നിയമിച്ചതും ഇവരെ തന്നെ. ഇത്രയുമധികം കണ്ടുപിടുത്തങ്ങള്‍ നടത്തിയ വില്യമിനയ്ക്ക് ഇത്രയും അംഗീകാരം എന്നത് നാമമാത്രമായിരുന്നു എന്ന് വാദിക്കാവുന്നതാണ്; പക്ഷേ, പല സ്ത്രീകള്‍ക്കും ഉണ്ടായ ചരിത്രത്തിന്റെ മായ്ച്ചുകളയലിന് വില്യമിന ഇരയായില്ല. (ഒരു സ്ത്രീ ശാസ്ത്രവൃത്തിക്കൊപ്പം ബുദ്ധിമുട്ടി ചരിത്രം രേഖപ്പെടുത്തല്‍ കൂടി ചെയ്തതുകൊണ്ടാണിത്; ആനീ ജമ്പ് കാനന്‍ എന്ന ആ ശാസ്ത്രജ്ഞയിലേക്ക് നമുക്ക് ഉറപ്പായും പോകാം)

1911-ല്‍ ഒരു യൂണിവേഴ്സിറ്റിയില്‍ ക്ലാസെടുക്കാനായി തയ്യാറെടുത്തുകൊണ്ടിരുന്നപ്പോള്‍ ന്യൂമോണിയ ബാധിച്ച് വില്യമിന ആശുപത്രിയിലായി. അവിടെവച്ച് ആരോഗ്യം കൂടുതല്‍ മോശമാകുകയും നിര്യാതയാകുകയും ചെയ്തു. അനേകം ചരമക്കുറിപ്പുകള്‍ സയന്‍സ് ജേണലുകളില്‍ പ്രസിദ്ധീകൃതമാകാനും വിധം ജ്യോതിശാസ്ത്രത്തെയാകെ തൊട്ടുനിന്നിരുന്ന ഒരു വ്യക്തിത്വമായിരുന്നു വില്യമിന.

ഇനി നക്ഷത്രങ്ങളിലേക്ക് നോക്കുമ്പോള്‍ ഇടയ്ക്കുള്ള ഇരുട്ടുകളിലേക്കും ഒന്ന് നോക്കിയേക്കുക; ആ ഇരുട്ടുകളില്‍ നക്ഷത്രങ്ങളുടെ ജീവിതചക്രം കണ്ടറിയാനുള്ള വെളിച്ചമായിട്ട് വില്യമിനയെക്കൂടി തിരിച്ചറിഞ്ഞേക്കുക…!

റഫറന്‍സ്

  • http://articles.adsabs.harvard.edu//full/1911ApJ….34..314C/0000316.000.html
  • https://ui.adsabs.harvard.edu/abs/1990PASP..102.1337W/abstract
  • https://science.sciencemag.org/content/33/861/987
  • https://academic.oup.com/mnras/article/72/4/261/991203
  • The Glass Universe: The Hidden History of the Women Who Took the Measure of the Stars by Dava Sobel

#10 പ്രപഞ്ചവികാസത്തിന് തിരികാട്ടിയവള്‍…!

Henrietta Swan Leavitt

പ്രപഞ്ചം വികസിക്കുകയാണ് എന്ന് പറഞ്ഞുകേട്ടിട്ടുണ്ടാകും. പ്രായോഗികമായി പറഞ്ഞാല്‍ ഗുരുത്വബലത്താല്‍ ബന്ധിക്കപ്പെട്ട് കിടക്കുന്ന സൂര്യനും ഭൂമിയും ഒക്കെ തമ്മില്‍ ഈ വികാസമില്ല; ഗാലക്സികള്‍ക്കിടയിലാണ് ഈ വികാസം പ്രകടമാകുന്നത്. മറ്റ് ഗാലക്സികള്‍ നമ്മളില്‍ നിന്ന് അകന്നുപോകുന്ന വേഗത അളന്നാല്‍ കൂടുതല്‍ അകന്ന് കിടക്കുന്നവ കൂടുതല്‍ വേഗത്തില്‍ അകന്നുപോകുന്നു എന്ന് കാണാം. 1920-കളില്‍ തന്നെ, അകന്നുപോകുന്ന സാധനങ്ങള്‍ ഗാലക്സികള്‍ ആണെന്ന് മനസിലാക്കും മുന്‍പേ, അവ അകന്നുപോകുന്നു എന്ന് മനസിലാക്കാന്‍ സാധിച്ചതെങ്ങിനെയാണ്? അത്ഭുതമെന്ന് പറയാവുന്ന ആ നിരീക്ഷണം സാധ്യമാക്കിയ ശാസ്ത്രജ്ഞയുടെ കഥയാണിത്. ഹെന്‍റിയെറ്റ സ്വാന്‍ ലെവിറ്റ് (Henrietta Swan Leavitt) എന്ന ശാസ്ത്രജ്ഞയുടെ കഥ.

1868-ല്‍ അമേരിക്കയില്‍ മാസ്ചുസെറ്റ്സിലാണ് ഹെന്‍റിയെറ്റയുടെ ജനനം. കോളേജില്‍ നാലാം കൊല്ലം മാത്രമാണ് ഹെന്‍റിയെറ്റ ജ്യോതിശാസ്ത്ര കോഴ്സ് എടുക്കുന്നത്. പക്ഷേ, ഡിഗ്രിക്ക് സമാനത സര്‍ട്ടിഫിക്കറ്റ് (പുരുഷന്മാര്‍ക്ക് മാത്രമേ ഡിഗ്രി കൊടുത്തിരുന്നുള്ളു!) 1892-ല്‍ നേടിയതിനുശേഷം അടുത്ത കൊല്ലം തന്നെ ഹാര്‍വര്‍ഡ് ഒബ്സര്‍വേറ്ററിയിലെ ജ്യോതിശാസ്ത്ര കമ്പ്യൂട്ടറുകളിലൊരാളായി സഹായത്തിന് കയറി ഹെന്‍റിയെറ്റ.

പക്ഷേ, അധികകാലം ആ രീതികള്‍ തുടര്‍ന്നില്ല. 1896-ല്‍ ഹെന്‍റിയെറ്റ യൂറോപ്പിലേക്ക് യാത്ര തിരിച്ചു. തിരിയെ എത്തിയപ്പോള്‍ ഹാര്‍വര്‍ഡിലേക്ക് മടങ്ങാതെ ഒരു ആര്‍ട്ട് കോളേജില്‍ അസിസ്ന്റായി പ്രവേശിക്കുകയാണ് ഹെന്‍റിയെറ്റ ചെയ്തത്. ഈ സമയത്ത് എന്തുകൊണ്ടോ ഹെന്‍റിയെറ്റയുടെ കേള്‍വിക്കും ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായിത്തുടങ്ങിയിരുന്നു. (ഈ സമയത്ത് പൂര്‍ണ്ണമായും ചെവി കേള്‍ക്കില്ല എന്ന അവസ്ഥയിലായിരുന്നില്ല ഹെന്‍റിയെറ്റ; അങ്ങനെ ആണെന്ന ഒരു തെറ്റിദ്ധാരണ വ്യാപകമായതുകൊണ്ടാണ് എടുത്ത് പറഞ്ഞത്) എന്തായാലും ഒബ്സര്‍വേറ്ററിയിലെ ശാസ്ത്രജ്ഞരുമായി വിഷയത്തെ പറ്റി കത്തുകള്‍ എഴുതിക്കൊണ്ടിരുന്ന ഹെന്‍റിയെറ്റ അവസാനം സയന്‍സിലേക്ക് തന്നെ തിരികെ വരാന്‍ തീരുമാനിച്ചു. 1903-ല്‍ ഹെന്‍റിയെറ്റ ഒരു കമ്പ്യൂട്ടറായി തിരികെ പ്രവേശിച്ചു.

അടുത്ത കൊല്ലം തന്നെ (1904) ഹെന്‍റിയെറ്റ തനിക്ക് താത്പര്യമുള്ള ഒരു വിഷയം കണ്ടെത്തി: മാറ്റമുള്ള നക്ഷത്രങ്ങള്‍. (variable stars) തെളിച്ചത്തില്‍ (apparent magnitude) മാറ്റം കാണിക്കുന്ന നക്ഷത്രങ്ങളെ ആണ് ഈ പേര് വിളിക്കുക. ഇവയില്‍ ചിലതില്‍ മാറ്റങ്ങള്‍ ഒരു കൃത്യമായ സമയം കഴിഞ്ഞാല്‍ ആവര്‍ത്തിക്കും, ദിവസങ്ങളോ വര്‍ഷങ്ങളോ ആകാം ഈ ആവര്‍ത്തന സമയം. അവയെ നമ്മള്‍ സെഫിഡ് നക്ഷത്രങ്ങള്‍ (Cepheid variables) എന്നാണ് വിളിക്കുക. ഹെന്‍റിയെറ്റ ഇത്തരം സെഫിഡുകളെ ഒരുപാട് എണ്ണത്തെ നിരീക്ഷിച്ചു; 1777 എണ്ണം ഉള്ള ഒരു പേപ്പര്‍ റഫറന്‍സില്‍ കാണാം. ആ നിരീക്ഷണത്തിലൂടെ ഈ സെഫിഡുകളുടെ ശരിക്കുള്ള പ്രകാശത്തിന്റെ ശക്തിയും (luminosity) ആവര്‍ത്തന സമയവും തമ്മില്‍ ബന്ധമുണ്ട് എന്ന് വ്യക്തമായി ഹെന്‍റിയെറ്റ സ്ഥാപിച്ചു. ഈ ഗണിതശാസ്ത്ര ബന്ധത്തെ അവരുടെ ഓര്‍മ്മയ്ക്ക് ലെവിറ്റിന്റെ നിയമം (Leavitt’s law) എന്നാണ് വിളിക്കുന്നത്.

ഇതും പ്രപഞ്ച വികാസവും തമ്മിലുള്ള ബന്ധം? ഗാലക്സികള്‍ എത്ര അകലെയാണ് എന്ന് നോക്കാന്‍ അതിലുള്ള സെഫിഡുകളുടെ തെളിച്ചം നോക്കിയാല്‍ മതി. എത്ര ദൂരെ ഉള്ളവ എത്രമാത്രം മങ്ങും എന്നതിന് കണക്കുണ്ട്; ശരിക്കുമുള്ള പ്രകാശത്തിന്റെ ശക്തി എന്ത് എന്നതിന് സെഫിഡിന്റെ സമയദൈര്‍ഘ്യത്തില്‍ നിന്നും കണക്കുണ്ട്. അതായത്, ഗാലക്സികളിലേക്കുള്ള ദൂരമളക്കാന്‍ പ്രപഞ്ചവികാസം ആദ്യമളന്നവര്‍ എടുത്ത അളവുകോല്‍, ജ്യോതിര്‍ഭൗതികത്തിന്റെ ഭാഷയില്‍ സ്റ്റാന്റേര്‍ഡ് കാന്‍ഡില്‍ (standard candle) എന്ന തിരി, ഹെന്‍റിയെറ്റയുടെ സെഫിഡുകളായിരുന്നു.

ചെവിയുടെ ബുദ്ധിമുട്ടുകള്‍ പലപ്പോഴും ഹെന്‍റിയെറ്റ സ്വന്തം ജോലിയില്‍ കേന്ദ്രീകരിക്കാന്‍ സഹായമായിട്ട് ഉപയോഗിക്കുന്ന അവസ്ഥയാണ് അവസാനകാലത്തുണ്ടായത്. ആനീ ജമ്പ് കാനന്‍ എന്ന സഹപ്രവര്‍ത്തകയും ബധിരത അനുഭവിച്ചിരുന്നു എന്നതുകൊണ്ട് ഈ കാര്യത്തില്‍ ഒരു സഹചാരികൂടിയുണ്ടായിരുന്നു ഹാര്‍വര്‍ഡില്‍. അതീവ ശ്രദ്ധ വേണ്ടീയിരുന്നപ്പോള്‍ തന്റെ കേള്‍വി സഹായി (hearing aid) ഓഫ് ചെയ്തുവയ്ക്കുമായിരുന്നത്രേ ഹെന്‍റിയെറ്റ. സെഫിഡുകളെപ്പോലെ സൂക്ഷ്മമായ മാറ്റങ്ങള്‍ പഠിക്കേണ്ടതുണ്ടായിരുന്നു എന്നതുകൊണ്ട് അളവുകോലുകള്‍ കൃത്യമാക്കുന്നതിലും വികസിപ്പിക്കുന്നതിലും ഹെന്‍റിയെറ്റ വലിയ സംഭാവനകള്‍ ജ്യോതിശാസ്ത്രത്തിന് നല്‍കിയിട്ടുണ്ട്.

1921-ല്‍ ക്യാന്‍സര്‍ ബാധിച്ച് ഹെന്‍റിയെറ്റ മരിച്ചു. അവസാനകാലം വരെ ഒരു കമ്പ്യൂട്ടറായി തന്നെ (സാങ്കേതികമായിട്ട് പറഞ്ഞാല്‍ പദവി: അസിസ്റ്റന്റ്) ജോലി ചെയ്തുകൊണ്ടിരുന്നു ഹെന്‍റിയെറ്റ; ശാസ്ത്രജ്ഞയാണ് എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നിട്ടും സാമൂഹികവ്യവസ്ഥ അവരെ മുന്നോട്ട് പോകാന്‍ അനുവദിച്ചില്ല. മനുഷ്യരാശിക്ക് പ്രപഞ്ചത്തിലേക്ക് കാലെടുത്തുവയ്ക്കാന്‍ വഴിവിളക്കായ ഹെന്‍റിയെറ്റയുടെ പഠനത്തിന്റെ പ്രാധാന്യം പക്ഷേ, വരും തലമുറയ്ക്ക് മറന്നുകളയുക സാധ്യമായിരിന്നില്ല!

ഇനി പ്രപഞ്ചവികാസം എന്ന് കേള്‍ക്കുമ്പോള്‍ അതിന് തിരി കൊളുത്തിയ ഹെന്‍റിയെറ്റയെ കൂടി ഓര്‍ക്കാന്‍ ശ്രമിക്കുക…!

റഫറന്‍സ്

  • https://ui.adsabs.harvard.edu/abs/1908AnHar..60…87L/abstract
  • https://ui.adsabs.harvard.edu/abs/1912HarCi.173….1L/abstract
  • https://www.pnas.org/content/15/3/168
  • Miss Leavitt’s Stars: The Untold Story of the Woman Who Discovered How to Measure the Universe by George Johnson

#11 ആകാശത്തിന്റെ ഭാവി കണ്ടവള്‍…!

Nicole-Reine Lepaute

വാനനിരീക്ഷണത്തില്‍ താത്പര്യമുള്ളവര്‍ക്ക് ഹാലിയുടെ വാല്‍നക്ഷത്രം (Halley’s Comet) പരിചയമുണ്ടാകും; ഏറ്റവും പ്രസിദ്ധമായ വാല്‍നക്ഷത്രങ്ങളിലൊന്നാണത് എന്ന് പറയുന്നത് അതിശയോക്തിയാകില്ല. ഇതിന്റെ പ്രശസ്തിയുടെ വലിയൊരു കാരണം ചരിത്രാതീതകാലം മുതല്‍ ഒരുപാട് നിരീക്ഷിക്കപ്പെട്ട ഒന്നാണിത് എന്നതാണ്; ഏതാണ്ട് 75 കൊല്ലത്തില്‍ ആവര്‍ത്തിച്ച് ഭൂമിയെ കടന്നുപോകുന്നുണ്ട് ഇത് എന്നതുകൊണ്ട്. പക്ഷേ, ഈ കാര്യം മനസിലാക്കാന്‍ വാല്‍നക്ഷത്രങ്ങള്‍ സൂര്യനെ കറങ്ങുന്നുണ്ട് എന്നും, ഗുരുത്വാകര്‍ഷണം വാല്‍നക്ഷത്രങ്ങളില്‍ ബാധിക്കുന്നതില്‍ വ്യത്യാസമൊന്നുമില്ല എന്നതടക്കം നമ്മളിന്ന് മനസിലാക്കുന്ന പല വസ്തുതകളും ഗണിതശാസ്ത്രപരമായിത്തന്നെ തെളിയിക്കേണ്ടതിരുന്നു. (ന്യൂട്ടന്‍ പറയുന്നത് വേദവാക്യമായിട്ടെടുക്കലല്ലല്ലോ സയന്‍സ്!) അത് തെളിയിക്കുന്ന കണക്കുകൂട്ടല്‍ 1758-ലും നിരീക്ഷണം 1759-ലും ആണ് നടന്നത്; ആ കണക്കുകൂട്ടലിന്റെ അവിഭാജ്യഘടകമായിരുന്ന ഒരു ജ്യോതിശാസ്ത്രജ്ഞയെ പറ്റിയാണ് ഈ കുറിപ്പ്. ന്യൂട്ടോണിയന്‍ ഫിസിക്സ് ബഹിരാകാശത്തേയും പ്രവചിക്കാനുപയോഗിക്കാമെന്ന് തെളിയിച്ചവള്‍: നിക്കോള്‍-റെയ്നെ ലെപുട്. (Nicole-Reine Lepaute)

നിക്കോള്‍-റെയ്നെ 1723-ല്‍ പാരീസിലാണ് ജനിച്ചത്. രാജാവിന്റെ സേവകനായിരുന്നു അച്ഛന്‍ എന്നതുകൊണ്ട് നിക്കോള്‍-റെയ്നെയുടെ ജനനവും ജീവിതത്തിന്റെ ആദ്യപാദവും ലക്സംബര്‍ഗ് കൊട്ടാരത്തിലായിരുന്നു. വായനയില്‍ നിക്കോള്‍-റെയ്നെക്കുണ്ടായിരുന്ന ശ്രദ്ധയെ പുസ്തകങ്ങള്‍ “ആര്‍ത്തിയോടെ തിന്നുക” (“devour”) എന്നാണ് മറ്റുള്ളവര്‍ വിശേഷിപ്പിച്ചിരുന്നത്. 1749-ല്‍ രാജാവിന്റെ ക്ലോക്കുനിര്‍മ്മാതാവായിരുന്ന തന്റെ കാമുകനെ നിക്കോള്‍-റെയ്നെ വിവാഹം ചെയ്തു.

എമിലി ഡു ഷാറ്റ്ലിയുടെ കഥ ഓര്‍മ്മയുണ്ട് എങ്കില്‍ (സയന്‍സിലെ സ്ത്രീകള്‍ #1) നിക്കോള്‍-റെയ്നെ ജനിച്ച കാഥഘട്ടത്തി ഫ്രാന്‍സില്‍ ജ്ഞാനോദയ ചിന്തയുടേയും സയന്‍സിന്റേയും വലിയ വിപ്ലവങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്ന് കൂടി ഓര്‍മ്മയുണ്ടാകും. ഹാലിയുടെ വാല്‍നക്ഷത്രം 1758-59 കാലഘത്തില്‍ വരും എന്നൊരു ധാരണ എല്ലാവര്‍ക്കുമുണ്ടായിരുന്നു; അതായത് മുമ്പുള്ള കണക്കിന്റെ മാര്‍ജിന്‍ ഏതാണ്ട് രണ്ട് കൊല്ലമായിരുന്നു! ആ രണ്ട് കൊല്ലത്തിന് ന്യായമുണ്ട്; സൗരയൂഥത്തിലെ ഏതൊക്കെ ഗ്രഹങ്ങള്‍ ഈ വാല്‍നക്ഷത്രത്തിന്റെ വഴിക്ക് ഉണ്ട്, അവ ഏതൊക്കെ കാര്യമായ ഗുരുത്വാകര്‍ഷണം മൂലം അതിന്റെ വഴി ചെറുതായി തിരിച്ച് വിടുന്നുണ്ട് ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കിയാലെ ആ കണക്കുകൂട്ടല്‍ കൃത്യമാക്കാന്‍ പറ്റു. (അന്ന് അറിയില്ല എങ്കിലും ഹാലിയുടെ വാല്‍നക്ഷത്രത്തിന്റെ വഴിയില്‍ അതിനെ പിടിച്ച് വലിക്കാന്‍ യുറാനസും നെപ്ട്യൂണും കൂടി ഉണ്ട് എന്നതുകൊണ്ട് അന്ന് ഇങ്ങനെയൊരു കണക്കുകൂട്ടല്‍ ഏതാണ്ട് അസാധ്യമായിരുന്നു!)

നിക്കോള്‍-റെയ്നെ കണക്കുകളിലും ഈ വിഷയത്തിലും സമര്‍ത്ഥയാണെന്ന് കണ്ട് ജെറോം ലലാണ്ടേ എന്ന ജ്യോതിശാസ്ത്രജ്ഞന്‍ തന്റെ ഗണിതശാസ്ത്ര സംഘത്തിലേക്ക് നിക്കോള്‍-റെയ്നെയെ കൂട്ടി: നിക്കോള്‍-റെയ്നെ, ജെറോം, പിന്നെ അലെക്സിസ് ക്ലൈയ്റൗട്ട് എന്നിവരായിരുന്നു ഈ സംഘം. ആറ് മാസം രാപകലില്ലാതെ ഇവര്‍ മൂന്നുപേരും കണക്കുകൂട്ടി, പലപ്പോഴും ഉറക്കവും ഭക്ഷണവും ത്യജിച്ച്. പക്ഷേ, 1758 നവംബറില്‍ ഈ കണക്ക് അലെക്സിസ് പ്രസിദ്ധീകരിച്ചപ്പോള്‍ നിക്കോള്‍-റെയ്നെയുടെ പേരില്ല; അവളുടെ സംഭാവനകള്‍ എവിടെയും പേരിന് പോലും ഇല്ല. ജെറോം നിക്കോള്‍-റെയ്നെ മരിക്കുന്നതുവരെ, ചരമക്കുറിപ്പുകളിലും, ഈ അനീതിയെപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു; അങ്ങനെ ആവര്‍ത്തിച്ച് തന്നാലാകും പോലെ ചരിത്രം തിരുത്താനും!

1759 ഏപ്രില്‍ 15-ന് വാല്‍നക്ഷത്രം സൂര്യന് ഏറ്റവും അടുത്തെത്തും (perihelion) എന്നായിരുന്നു ഇവരുടെ കണക്കിന്റെ പ്രവചനം. മാര്‍ച്ച് 13-നാണ് ശരിക്കും വാല്‍നക്ഷത്രം സൂര്യന് ഏറ്റവും സമീപത്തുകൂടി കടന്നുപോയത്! രണ്ട് കൊല്ലമായിരുന്നു മുന്‍പത്തെ കണക്കിന്റെ മാര്‍ജിന്‍ എന്ന് ആലോചിച്ചാല്‍, (ഹാലി 1958-ല്‍ വരും എന്നാണ് പ്രവചിച്ചിരുന്നത്!) ഇവരുടെ കണക്ക് എത്രമാത്രം കൃത്യമായിരുന്നു എന്ന് മനസിലാക്കാന്‍ കഴിയും. പക്ഷേ, ആധുനിക ജ്യോതിശാസ്ത്രത്തിന്റെ കണ്ണില്‍ നിന്ന് നോക്കുമ്പോള്‍ യുറാനസിന്റേയും നെപ്ട്യൂണിന്റേയും ഗുരുത്വബലം പരിഗണിക്കാതെ ഇതെങ്ങനെ സാധ്യമായി എന്നതും അത്ഭുതമാണ്! (അതുകൊണ്ട് തന്നെ ഇതിനെ ചോദ്യം ചെയ്യുന്ന ഒരു ന്യൂനപക്ഷവും ഉണ്ട് കെട്ടോ!) ഇന്ന് പോലും പ്രവചനത്തിന് ഒട്ടുമേ വഴങ്ങാത്ത ഒരുപാട് ബലങ്ങളാല്‍ ഏതൊക്കെയോ വഴിക്ക് വലിക്കപ്പെടുന്ന പ്രതിഭാസങ്ങളാണ് വാല്‍നക്ഷത്രങ്ങളുടെ ഭ്രമണപഥങ്ങള്‍; കമ്പ്യൂട്ടറോ കാല്‍ക്കുലേറ്ററോ ഇല്ലാത്ത, ന്യൂട്ടോണിയന്‍ ഫിസിക്സിന്റെ ബാല്യകാലത്ത് ഇത് ചെറിയൊരു കാര്യമേ അല്ല!

നിക്കോള്‍-റെയ്നെ സ്വാഭാവികമായും തന്റെ പിന്നീടുള്ള ജ്യോതിശാസ്ത്ര പ്രസിദ്ധീകരണങ്ങളിലും കണക്കുകളിലും ഒപ്പം ചേര്‍ത്തത് ജെറോമിനെയായിരുന്നു. 1761-ലും 1769-ലും ഭൂമിലില്‍ നിന്ന് നോക്കുമ്പോള്‍ ശുക്രന്‍ (venus) സൂര്യന്റെ മുന്നിലുടെ കടന്നുപോകുന്ന പ്രതിഭാസം ഉണ്ടായിരുന്നു; അത് സൂര്യന്റെ മുഖത്ത് ഏത് വഴിക്കാണ് പോകുക എന്ന കണക്കായിരുന്നു നിക്കോള്‍-റെയ്നെ അടുത്തതായി ചെയ്തത്. 1764-ലെ സൂര്യഗ്രഹണം എവിടെയൊക്കെ, എത്ര അളവില്‍, ഏത് സമയത്ത്, എത്ര ദൈര്‍ഘ്യത്തില്‍ എന്ന് 1762-ല്‍ പ്രവചിച്ചതാണ് നിക്കോള്‍-റെയ്നെയുടെ മറ്റൊരു വലിയ സംഭാവന.

1767-ല്‍ രോഗബാധിതനായ ഭര്‍ത്താവിനെ നോക്കലായി നിക്കോള്‍-റെയ്നെയുടെ പ്രാഥമിക ജോലി; 1788-ല്‍ മരിക്കുന്നത് വരെ നിക്കോള്‍-റെയ്നെ അതേ ജോലി തന്നെ ചെയ്തുകൊണ്ടിരുന്നു. ന്യൂട്ടോണിയന്‍ ഫിസിക്സിന്റെ, ജ്യോതിശാസ്ത്രത്തിന്റെ നിരീക്ഷണാധിഷ്ഠിതമായ അടിസ്ഥാനം വികസിപ്പിക്കുന്നതില്‍ നിക്കോള്‍-റെയ്നെ സമാനതകളില്ലാത്ത സംഭാവനകളാണ് നല്‍കിയത്.

ഹാലിയുടെ വാല്‍നക്ഷത്രത്തെ പറ്റി ഇനി ഓര്‍ക്കുമ്പോള്‍ ഹാലിയെ മാത്രമല്ല, അതിനെ ശരിക്കും മനുഷ്യരാശിയുടേതാക്കിമാറ്റിയ നിക്കോള്‍-റെയ്നെയെ കൂടി ഓര്‍ക്കാന്‍ ശ്രമിക്കുക…!

റഫറന്‍സ്

  • http://articles.adsabs.harvard.edu/full/1911Obs….34…87L
  • http://mathshistory.st-andrews.ac.uk/Biographies/Lepaute.html
  • Hypatia’s heritage : a history of women in science from antiquity to the late nineteenth century by Margaret Alic
  • The Unforgotten Sisters: Female Astronomers and Scientists before Caroline Herschel by Gabriella Bernardi

#12 നക്ഷത്രങ്ങളെ തരം തിരിച്ചവള്‍…!

Annie Jump Cannon

എണ്ണാനാകില്ല എന്ന് കവികളാദ്യം പറയുന്നതിലൊന്ന് നക്ഷത്രങ്ങളാണ്. അവര്‍ മടിയന്മാരാണെന്ന് സംശയിക്കാം; നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാവുന്ന നക്ഷത്രങ്ങള്‍ ചരിത്രത്തിലൊട്ടാകെ ഒരുപാട് ജ്യോതിശാസ്ത്രജ്ഞര്‍ എണ്ണിയിട്ടുണ്ട്! പക്ഷേ, ഒരുപാടുണ്ട് എന്നത് സംശയിക്കേണ്ടതില്ല. ടെലസ്കോപ്പിന്റെ സഹായമില്ലാതെ കാണാനാകുന്നത് തന്നെ മനുഷ്യബുദ്ധിയെ വെല്ലുവിളിക്കാന്‍ പാകത്തിനുണ്ടെങ്കില്‍ ടെലസ്കോപ്പുകളില്‍ നിന്ന് ഒരുപാട് ഡാറ്റ വരുന്ന ആദ്യത്തെ കാലഘട്ടത്തിലെ ബൗദ്ധികമായ വെല്ലുവിളി ഒന്നാലോചിച്ച് നോക്കൂ. ആ കാലഘട്ടത്തില്‍ നക്ഷത്രങ്ങളെ വ്യക്തമായ ഗ്രൂപ്പുകളിലേക്ക് തരം തിരിക്കാനും നിരീക്ഷണങ്ങള്‍ക്ക് പ്രസക്തമായ അര്‍ത്ഥങ്ങള്‍ വായിക്കാന്‍ സഹായിച്ചതും ആനീ ജമ്പ് കാനനാണ്. (Annie Jump Cannon) ജ്യോതിശാസ്ത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള സ്ത്രീ എന്ന് പറയാവുന്ന, നക്ഷത്രങ്ങളെ മനുഷ്യബുദ്ധിക്ക് മെരുക്കിയ സ്ത്രീ.

അമേരിക്കയിലെ ഡെലവെയറില്‍ 1863-ലാണ് ആനീ ജനിക്കുന്നത്. ആനീയുടെ അമ്മ നക്ഷത്രങ്ങളെ ചെറുപ്പത്തിലെ ആനീക്ക് പരിചയപ്പെടുത്തിയിരുന്നു; ആ താത്പര്യം ആനീയില്‍ കണ്ടപ്പോള്‍ നിര്‍ഭയം അതിനെ പിന്തുടരാനും അമ്മ ആനീയെ പ്രോത്സാഹിപ്പിച്ചു. വെല്ലെസ്ലി കോളേജില്‍ അടിസ്ഥാന സയന്‍സ് വിഷയങ്ങളും ഗണിതശാസ്ത്രവും പഠിക്കുന്നതിനൊപ്പം ജ്യോതിശാസ്ത്ര പാഠപുസ്തകങ്ങളില്‍ നോക്കി വാനനിരീക്ഷണം നടത്തുന്നതും ആനീയുടെ കൗതുകങ്ങളിലൊന്നായിരുന്നു. സാറ ഫ്രാന്‍സിസ് വൈറ്റിങ്ങ് എന്ന, അന്ന് അമേരിക്കയിലെ വിരലിലെണ്ണാവുന്ന, ഭൗതികശാസ്ത്രജ്ഞകളിലൊരാള്‍, അധ്യാപികയുടെ ശാസനത്തിലായിരുന്നു ആനീയുടെ കോളേജ് വിദ്യാഭ്യാസം. സാറയും ആനീയും തമ്മില്‍ ജീവിതമൊട്ടാകെ തുടര്‍ന്ന സുന്ദരമായൊരു ഗുരുശിഷ്യബന്ധമുണ്ടായിരുന്നു; സയന്‍സ് ജേണലില്‍ സാറയുടെ ചരമക്കുറിപ്പ് എഴുതിയത് ആനീയായിരുന്നു.

പഠനത്തിന് ശേഷം ചില കോളേജുകളില്‍ സഹായിയായി ഒക്കെ ജോലി നോക്കിയതിന് ശേഷം 1896-ല്‍ ഹാര്‍വര്‍ഡില്‍ കമ്പ്യൂട്ടറുകളിലൊരാളായി ആനീ സ്ഥിരം ജോലി നേടി. റിട്ടയര്‍ ചെയ്യുന്ന സമയമാകുമ്പോഴേക്കും ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകളുടെ അനൗദ്യോഗിക, എന്നാല്‍ അനിഷേധ്യ നേതാവ് തന്നെയായിരുന്നു ആനീ. (ഔദ്യോഗികമായി ഒരാണിനെ അല്ലാതെ ഹാര്‍വര്‍ഡിന്റെ പുരുഷാധിപത്യം സ്വീകരിക്കുക എന്നത് സാധ്യമായിരുന്നില്ല) ഈ സീരീസില്‍ മുന്‍പ് സൂചിപ്പിച്ചിട്ടുള്ളത് പോലെ, ഒബ്സര്‍വേറ്ററികളില്‍ നിന്ന് വരുന്ന വലിയ അളവിലുള്ള ഡാറ്റ വായിച്ച് അതിന്റെ അര്‍ത്ഥം കണ്ടെത്തുകയായിരുന്നു കമ്പ്യൂട്ടറുകളുടെ ജോലി. പക്ഷേ, സ്ത്രീകള്‍ യന്ത്രങ്ങളോ ബുദ്ധി കുറഞ്ഞവരോ അല്ലാത്തതുകൊണ്ട് അവര്‍ ഈ ജോലിയുടെ ഭാഗമായി സയന്‍സിന് സംഭാവന ചെയ്തു എന്നതാണ് ചരിത്രം.

നിര്യാതനായ സ്വന്തം ഭര്‍ത്താവിന്റെ ഓര്‍മ്മയ്ക്കായി നക്ഷത്രങ്ങളുടെ ഒരു പട്ടിക പ്രസിദ്ധീകരിക്കുക എന്ന ഉദ്ദേശ്യത്തില്‍ മേരി ഡ്രേപ്പര്‍ ഹാര്‍വര്‍ഡിന് കൂറച്ചധികം ഫണ്ട് സംഭാവന ചെയ്തിരുന്നു; ഇതിന്റെ ഭാഗമായി നക്ഷത്രങ്ങളെ തരം തിരിക്കുന്ന പണിയും ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകള്‍ക്ക് തന്നെയായിരുന്നു. നക്ഷത്രങ്ങളുടെ പല സ്വഭാവങ്ങളുമുപയോഗിച്ച് തരം തിരിക്കലിന് പലരും ശ്രമിച്ചു; വില്യമിന ഫ്ലെമിങ്ങ് (സയന്‍സിലെ സ്ത്രീകള്‍ #9) ആദ്യത്തെ ജോലിയായി ഏറ്റെടുത്തതും, പരാജയപ്പെട്ടതും ഇതിലായിരുന്നു. അവസാനം, ഒരുപാട് പരാജയങ്ങളില്‍ നിന്ന് പാഠം പഠിച്ചുകൊണ്ടും, സാറയുടെ നിര്‍ദ്ദേശപ്രകാരം പഠിച്ച സ്പെക്ട്രോസ്കോപ്പി സമര്‍ത്ഥമായി ഉപയോഗിച്ചുകൊണ്ടും ഇന്ന് ജ്യോതിശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്ന തരം തിരിക്കല്‍ രീതി ആനീ രൂപീകരിച്ചു: ലളിതമാക്കി പറഞ്ഞാല്‍ നക്ഷത്രങ്ങളുടെ “നിറം” വച്ച് തരം തിരിക്കാം.

നക്ഷത്രങ്ങള്‍ക്ക് എല്ലാം ഏതാണ്ട് ഒരേ നിറമാണ്: വെള്ള. എല്ലാ നിറത്തിലുമുള്ള പ്രകാശം എല്ലാ നക്ഷത്രങ്ങളുടെ ഉള്ളില്‍ നിന്നും പുറത്തുവിടുന്നുണ്ട് എന്നതുകൊണ്ട് അവ വെളുത്തിരിക്കണം. പക്ഷേ, നക്ഷത്രത്തിന്റെ ഉള്ളില്‍ നിന്ന് ഈ “വെള്ള” മുഴുവനും പുറത്തുകടക്കുന്നില്ല; നക്ഷത്രത്തിന്റെ പുറത്തേക്ക് പോകുന്ന വഴി കുറേ നിറങ്ങള്‍ വലിച്ചെടുക്കപ്പെടും. ആ വലിച്ചെടുക്കപ്പെടുന്ന നിറം കൂടുതല്‍ ഏതാണ് എന്ന് സ്പെക്ട്രോസ്കോപ്പി വഴി നമുക്ക് പറയാനാകും. (നിറം മാത്രമല്ല, എന്ത് ആണ് ആഗിരണം ചെയ്ത വസ്തു എന്നും പറയാം. അത് നാളെ) അങ്ങനെ, വലിച്ചെടുക്കപ്പെട്ടത് ഏത് എന്നത് ഉപയോഗിച്ചാണ് തരം തിരിവ്. O-B-A-F-G-K-M എന്ന ഏഴ് ഗ്രൂപ്പുകളിലേക്കാണ് തരം തിരിച്ചത്. (സൂര്യന്‍ G ഗ്രൂപ്പിലാണ്)

ഈ തരം തിരിവ് നക്ഷത്രങ്ങളെപ്പറ്റിയുള്ള നമ്മുടെ എല്ലാ ധാരണകളുടേയും നട്ടെല്ലാണെന്ന് പറയുന്നത് അതിശയോക്തിയല്ല. (ഇതിലും പ്രാധാന്യം ഇത് കൂടി ഉള്‍പ്പെടുന്ന H-R ഡയഗ്രം എന്ന ഒരു ഗ്രാഫിനെ പറയാന്‍ കഴിയൂ) പിന്നീടുള്ള പഠനങ്ങളില്‍ നിന്ന് ഈ “നിറം” എന്ന് പറയുന്നത് നക്ഷത്രങ്ങളുടെ താപനിലയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് എന്ന് നമുക്ക് മനസിലായി. അതായ്ത്, അറിയാതെയായിരുന്നു എങ്കിലും നക്ഷത്രങ്ങളുടെ ഒരു വ്യക്തമായ അളവെടുപ്പായിരുന്നു ആനീ നടത്തിയത്. ഇതിനെ കൂടുതല്‍ വ്യക്തമാക്കിയതും വലിച്ചെടുത്ത നിറത്തിന്റെ പ്രാധാന്യമെന്താണെന്ന് മനസിലാക്കിയത് ആനീക്കൊപ്പം ഹാര്‍വര്‍ഡില്‍ ഉണ്ടായിരുന്ന മറ്റൊരു ശാസ്ത്രജ്ഞയാണ്: സിസിലിയ പെയ്ന്‍.

O-B-A-F-G-K-M ഗ്രൂപ്പുകളിലേക്ക് മറ്റേത് മനുഷ്യനേക്കാളുമധികം നക്ഷത്രങ്ങളെ തരം തിരിക്കുകയും അഞ്ച് പുതിയ നക്ഷത്രങ്ങളെ കണ്ടുപിടിക്കുകയും മറ്റനേകം കണ്ടുപിടുത്തങ്ങള്‍ സ്വന്തമായി ചെയ്യുകയും മറ്റ് കമ്പ്യൂട്ടറുകളെ അവരുടെ താത്പര്യങ്ങളില്‍ ഗവേഷണത്തിന് സഹായിക്കുകയും ഉള്‍പ്പടെ തളര്‍ച്ചയില്ലാതെ ജോലി ചെയ്യുകയായിരുന്നു ആനീ 1940-ലെ വിരമിക്കല്‍ വരെ. അവരുടെ ജോലിയെ അംഗീകരിച്ചുകൊണ്ട് തന്നെ ആനീക്ക് 1925-ല്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി; ആ പദവി ലഭിക്കുന്ന ആദ്യത്തെ സ്ത്രീ.

വിരമിക്കലിന് ശേഷവും ഒരു കൊല്ലം കൂടി മറ്റുള്ളവരുടെ ജോലിയില്‍ സഹായിക്കാന്‍ ശ്രമിക്കുമായിരുന്നു ആനീ; 1941-ല്‍ ആനീയുടെ മരണം വരെ.

മുന്‍ കുറിപ്പുകളില്‍ പറഞ്ഞത് പോലെ, ഒരു ശാസ്ത്രജ്ഞ എന്ന നിലയില്‍ ഒരുപാട് സംഭാവനകള്‍ നല്‍കിയിരുന്നു ആനീ. പക്ഷേ, അതില്‍ മാത്രം ഒതുങ്ങി എന്ന് പറയാന്‍ കഴിയില്ല സയന്‍സിന് ആനീ നല്‍കിയ സംഭാവന. സ്ത്രീകള്‍ക്ക് സയന്‍സിലേക്ക് സംഭാവന ചെയ്യാന്‍ കഴിയുമെന്ന് ഒരു ജീവിതം മൊത്തം ജീവിച്ചുകാണിച്ചു എന്നതിലൂടെ ഒരുപാട് സ്ത്രീകള്‍ക്ക് അടുത്ത തലമുറയില്‍ ഈ വഴിയിലേക്ക് വരാനുള്ള സാധ്യത കൂട്ടി ആനീ; മാത്രമല്ല, ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകളുടെ ജീവചരിത്രങ്ങളിലൂടേയും ചരമക്കുറിപ്പുകളിലൂടേയും അവിടെ നടന്ന സയന്‍സ് എത്രമാത്രം പ്രാധാന്യമുള്ളതായിരുന്നു എന്ന് കാര്യം ചരിത്രം എളുപ്പത്തില്‍ മറന്നുകളയില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു ആനീ. (ഇതിനെല്ലാമൊപ്പം സ്ത്രീകള്‍ക്ക് വോട്ടവകാശത്തിന് വേണ്ടി പ്രതിഷേധിക്കുന്ന പാര്‍ട്ടിയില്‍ അംഗം കൂടിയായിരുന്നു ആനീ!)

സ്വന്തം സംഭാവന മാത്രമല്ല, മറ്റുള്ളവരുടെ സംഭാവനകളും മറന്നുപോകാതിരിക്കുക എന്നത് സ്വന്തം സമയവും അധ്വാനവും എടുത്ത് (ഒരു മണിക്കൂറില്‍ ആനീ 200 നക്ഷത്രങ്ങളെ കൃത്യമായി തരം തിരിച്ചിരുന്നു!) ഉറപ്പുവരുത്തി എന്നതുകൊണ്ടാണ് ആനീ ഏറ്റവും പ്രാധാന്യമുള്ള ജ്യോതിശാസ്ത്രജ്ഞയാണ് എന്ന് ഞാന്‍ പറഞ്ഞത്. സയന്‍സ് എന്നത് ഒരു കൂട്ടധ്വാനമാണ്; ഒരാള്‍ ഒറ്റയ്ക്കല്ല സയന്‍സ് ചെയ്യുന്നത്, നമ്മളെല്ലാവരും ഒരുമിച്ചാണ്. സയന്‍സിലേക്ക് കൂടുതല്‍ സ്ത്രീകള്‍ക്ക് (മനുഷ്യജനസംഖ്യയുടെ ~50% എന്ന് മറക്കണ്ട) വരാനാകുക എന്നത് സയന്‍സിന് അനിഷേധ്യമായ ഒരു സംഭാവന തന്നെയാണ്; അത് കൂടി ഉറപ്പുവരുത്തുന്നതായിരുന്നു ആനീയുടെ ജീവിതം.

ഇനി നിശാകാശത്തില്‍ അസംഖ്യമായ നക്ഷത്രങ്ങളെ കണ്ട് അത്ഭുതപ്പെടുമ്പോള്‍ വെറുതെ എണ്ണുക മാത്രമല്ല അവയെ ക്രമപ്പട്ടികയില്‍ തരം തിരിച്ച ആനീയുടെ, അവള്‍ക്കൊപ്പമുണ്ടായിരുന്ന ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകളുടെ, കഴിവിനുകൂടി ആ അത്ഭുതത്തിന്റെ ഒരംശം ബാക്കിവയ്ച്ചേക്കുക…!

റഫറന്‍സ്

  • The Madame Curie Complex: The Hidden History of Women in Science by Julie Des Jardins
  • The Glass Universe by Dava Sobel
  • https://www.nature.com/articles/147738a0
  • https://www.sheisanastronomer.org/index.php/history/annie-cannon
  • https://ui.adsabs.harvard.edu/abs/1925PhDT………1P/abstract

#13 സൂര്യന്റെ ഉള്ള് കണ്ടവള്‍…!

Cecilia Payne-Gaposchkin

നമുക്ക് മുന്‍പേ വന്നവര്‍ തെറ്റുകള്‍ വരുത്തി എന്ന വിശ്വാസമാണ് സയന്‍സ് എന്ന് പറയാറുണ്ട്; അതായത്, മുന്‍പ് വസ്തുതകളെന്ന് ധരിച്ചിരുന്നത് തിരുത്തുന്നതാണ് സയന്‍സില്‍ ഏറ്റവും പ്രശസ്തമായ സംഭാവനകള്‍. പ്രപഞ്ചം എന്നാല്‍ ഭൂമി പോലെ തന്നെയാണെന്ന് വിശ്വസിച്ചിരുന്ന ഒരു ജ്യോതിശാസ്ത്ര പാരമ്പര്യത്തെ തച്ചുടച്ച ശാസ്ത്രജ്ഞയുടെ കഥയാണിന്ന്. നക്ഷത്രങ്ങള്‍ ഭൂരിഭാഗവും ഹൈഡ്രജനും ഹീലിയവും കൊണ്ട് നിര്‍മ്മിതമാണെന്ന ഇന്നത്തെ ജ്യോതിശാസ്ത്ര ധാരണ സ്പെക്ട്രങ്ങളില്‍ ഇന്ന് ആദ്യമായി വായിച്ച സിസിലിയ പെയ്ന്‍-ഗപോച്കിന്റെ (Cecilia Payne-Gaposchkin) കഥ.

സിസിലിയയുടെ ജനനം 1900-ല്‍ ഇംഗ്ലണ്ടിലാണ്. സയന്‍സിന് ചെറുപ്പത്തിലെ താത്പര്യമുണ്ടായിരുന്നു എങ്കിലും സിസിലിയ ആദ്യം പഠിച്ച പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്കൂളുകളില്‍ ഫിസിക്സോ സങ്കീര്‍ണ്ണമായ ഗണിതശാസ്ത്രമോ പഠിപ്പിച്ചിരുന്നില്ല; സയന്‍സിലെ താത്പര്യം ബോട്ടണിയിലേക്ക് കേന്ദ്രീകരിക്കുകയാണ് സിസിലിയ അക്കാലത്ത് ചെയ്തത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ന്യൂവന്‍ഹാം കോളേജില്‍ ചേര്‍ന്നതില്‍ പിന്നെയാണ് ജ്യോതിശാസ്ത്ര ക്ലാസുകളിലിരിക്കാന്‍ സിസിലിയക്ക് കഴിയുന്നത്. സൂര്യഗ്രഹണത്തിന്റെ നിരീക്ഷണത്തിലൂടെ എങ്ങനെ അപേക്ഷികതാ സിദ്ധാന്തം തെളിയിച്ചു എന്നതിന്റെ വിശദീകരണം നല്‍കുന്ന അങ്ങനെയൊരു ക്ലാസില്‍ വച്ച് സിസിലിയയുടെ ലോകവീക്ഷണം തന്നെ മാറിമറിഞ്ഞു; ആ ക്ലാസില്‍ നിന്നാണ് ജ്യോതിശാസ്ത്രത്തിലും ഫിസിക്സിലും തനിക്ക് താത്പര്യമുണ്ടെന്ന് സിസിലിയ തിരിച്ചറിയുന്നത് തന്നെ. ആദ്യകൊല്ലം തന്നെ ബോട്ടണി ഉപേക്ഷിച്ച് അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു സിസിലിയ.

സിസിലിയ എത്ര സമര്‍ത്ഥയായിരുന്നാലും സ്ത്രീകള്‍ക്ക് ഡിഗ്രിയോ ഗവേഷണത്തിനുള്ള സംവിധാനമോ നല്‍കാന്‍ കേംബ്രിഡ്ജിന് ഒരു താത്പര്യവുമുണ്ടായിരുന്നില്ല. പക്ഷേ, കടലിനക്കരെ അമേരിക്കയിലെ ഹാര്‍വര്‍ഡില്‍ കുറച്ചധികം സ്ത്രീകള്‍ കുറച്ച് കാലമായി അവരുടെ ശാസ്ത്രഗവേഷണത്തിനുള്ള പ്രാപ്തി തുടര്‍ച്ചയായി തെളിയിച്ചുകൊണ്ടിരുന്നതുകൊണ്ട് അവിടെ സ്ത്രീകള്‍ക്ക് ഒബ്സര്‍വേറ്ററിയില്‍ ചേരാം എന്ന അവസ്ഥയായിരുന്നു. 1923-ല്‍ ഹാര്‍വര്‍ഡില്‍ സ്കോളര്‍ഷിപ്പോടുകൂടി ഒബ്സര്‍വേറ്ററിയില്‍ ഗവേഷണത്തിന് സിസിലിയക്ക് അവസരം ലഭിച്ചു.

ഗവേഷണത്തിന്റെ ഭാഗമായി ഒരുപാട് നക്ഷത്രങ്ങളുടെ സ്പെക്ട്രങ്ങള്‍ വിശകലനം ചെയ്യേണ്ടിയിരുന്നു സിസിലിയക്ക്; സ്പെക്ട്രങ്ങളുടെ കാവലാളായിരുന്നവളെ നിങ്ങള്‍ക്ക് ഇന്നലത്തെ കഥയില്‍ നിന്നറിയാം: ആനീ കാനന്‍. പുതിയ ഒരു ഗവേഷക സ്വന്തം ജോലി തടസ്സപ്പെടുന്നു എന്ന രീതിയില്‍ സിസിലിയയുടെ അവശ്യങ്ങള്‍ എടുക്കാനുള്ള എല്ലാ ന്യായവും ആനീക്ക് ഉണ്ടായിരുന്നു എങ്കിലും സിസിലിയയെ പൂര്‍ണ്ണമായി സ്വാഗതം ചെയ്യുകയാണ് ആനീ ചെയ്തത്. ആനീ അടുത്ത തലമുറയുടെ ജോലികളെ ഒട്ടും കുറച്ചുകാണാതിരുന്നതുകൊണ്ട് തന്നെയാണ് ആനീയുടെ ജോലിയില്‍ നിന്ന് സിസിലിയക്ക് വെറും രണ്ട് കൊല്ലത്തിനുള്ളില്‍ നക്ഷത്രങ്ങളെ പറ്റിയുള്ള നമ്മുടെ ധാരണയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞത്. അറിവ് സ്വതന്ത്രമായി പങ്കിടുന്നതിലൂടെയാണ് സയന്‍സ് പുരോഗമിക്കുന്നത്, ഒറ്റയ്ക്ക് പോകാനുള്ള ഒരു വഴിയല്ല സയന്‍സ്.

സ്പെക്ട്രത്തില്‍ സിസിലിയ കണ്ടത് അവള്‍ക്ക് മുന്‍പേ വന്നവര്‍ വരുത്തിയ തെറ്റുകളാണ്. 1925-ലെ സ്വന്തം ഗവേഷണപ്രബദ്ധത്തിന്റെ ഭാഗമായി നക്ഷത്രങ്ങളില്‍ ഭൂരിഭാഗവും ഹൈഡ്രജനും ഹീലിയവുമാണ് എന്നാണ് തന്റെ നിഗമനം എന്ന് സിസിലിയ എഴുതി. അതുവരെയുള്ള ധാരണ ഭൂമിയുടെ പ്രതലത്തിലെന്തുണ്ടോ അതാണ് സൂര്യനിലും നക്ഷത്രങ്ങളിലും എന്നായിരുന്നു! (അതായത് ഭൂമി ചൂടാക്കിയാല്‍ സൂര്യനായി മാറും എന്നായിരുന്നു അവരുടെ ഊഹങ്ങള്‍) പക്ഷേ, നക്ഷത്രങ്ങളുടെ സ്പെക്ട്രങ്ങളില്‍ നിന്ന് എന്ത് മൂലകങ്ങള്‍, എത്ര അളവിലുണ്ട് എന്ന് പറയാന്‍ സാധിക്കും.

നക്ഷത്രത്തിന്റെ ഉള്ളിലുണ്ടാകുന്ന പ്രകാശം പുറത്തേക്ക് വരുന്നതിന് മുന്‍പ് നക്ഷത്രത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള ആറ്റങ്ങളില്‍ ഇടിക്കും; അങ്ങനെ ഇടിക്കുന്നതിലൂടെ വെള്ള പ്രകാശത്തില്‍ ചില “നിറങ്ങള്‍” (സാങ്കേതികമായി പറഞ്ഞാല്‍ ആവൃത്തി അതായത് frequency) നഷ്ടപ്പെട്ട് പോകും. ഈ നഷ്ടപ്പെട്ട നിറങ്ങള്‍ സ്പെക്ട്രത്തില്‍ കറുത്ത് (അല്ലെങ്കില്‍ സാധാരണയിലും മങ്ങി) കാണാന്‍ പറ്റും. അങ്ങനെയാണ് എന്ത് നക്ഷത്രങ്ങളിലുണ്ട് എന്ന് പറയാന്‍ കഴിയുക. പക്ഷേ, വളരെ ചെറിയ അളവിലാണെങ്കിലും ഹൈഡ്രജനും ഹീലിയവുമല്ലാത്ത മൂലകങ്ങള്‍ നക്ഷത്രങ്ങളിലുണ്ട്. (മെറ്റാലിസിറ്റി, metallicity, എന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ അതിന്റെ അളവിന് പറയുക) അതിന്റെ സ്പെക്ട്രം കൂടി കലര്‍ന്നിട്ടും, പിന്നെ കുറച്ച് മുന്‍വിധികളും കൂടിയിട്ടാണ് സിസിലിയക്ക് മുന്‍പുള്ള സ്പെക്ട്രം അവലോകനങ്ങള്‍ “സൂര്യന്‍ ഭൂമിപോലെ” എന്ന നിഗമനത്തിലെത്തിയത്.

പക്ഷേ, കൂടുതല്‍ ശ്രദ്ധയോടെ സ്പെക്ട്രം വായിച്ചതില്‍ നിന്നും സ്പെക്ട്രം കറുക്കല്‍/മങ്ങലിന് മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട് എന്നത് തിരിച്ചറിഞ്ഞതിലൂടേയുമാണ് സിസിലിയയുടെ ഡോക്ടറേറ്റ് പ്രബദ്ധം നക്ഷത്രങ്ങളെപ്പറ്റിയുള്ള മനുഷ്യരാശിയുടെ ധാരണ തിരുത്തിയെഴുതിയത്. ഇത് മാത്രമല്ല, സ്പെക്ട്രത്തിന്റെ നിറം കൂടുതല്‍ മങ്ങുന്നത് (ആനീയുടെ OBAFGKM ഗ്രൂപ്പ്) താപനിലയിലൂടെ ആണെന്നും സിസിലിയ കണ്ടെത്തി. ചരിത്രത്തില്‍ സയന്‍സിനെ ഇത്രയുമധികം സ്വാധീനിച്ച ഡോക്ടറല്‍ തീസിസ് ഉണ്ടാകില്ല.

25 വയസ്സില്‍ സയന്‍സ് മാറ്റിമറിച്ചതിന് ശേഷം സിസിലിയ പലതരത്തിലുള്ള നക്ഷത്രങ്ങളുടേയും സൂപ്പര്‍നോവകളുടേയും ഒക്കെ ഉള്ളടക്കമെന്ത്, മില്‍കിവേയുടെ ഘടനയെന്ത് എന്നതിലൊക്കെ ഒരുപാട് പഠനങ്ങള്‍ നടത്തി. 1956-ല്‍ ഹാര്‍വര്‍ഡില്‍ പ്രൊഫസറാകുന്ന ആദ്യ സ്ത്രീ ആയി സിസിലിയ; 1966-ല്‍ തന്റെ വിരമിക്കല്‍ വരെ ആ പദവിയില്‍ തുടര്‍ന്നു അവള്‍. 1979-ല്‍ സിസിലിയ അന്തരിച്ചു.

ഹാര്‍വര്‍ഡില്‍ കമ്പ്യൂട്ടറായിട്ടല്ലാതെ മനുഷ്യനായി പരിഗണിക്കപ്പെട്ട ആദ്യ സ്ത്രീകളിലൊരാളായിരുന്നു സിസിലിയ; സിസിലിയയുടെ പാത പിന്തുടര്‍ന്ന മറ്റനേകം സ്ത്രീകളുമുണ്ട്. പക്ഷേ, ഹാര്‍വാര്‍ഡ് കമ്പ്യൂട്ടറുകളുടെ ചരിത്രഗാഥയുടെ സമാപ്തി സിസിലിയയിലാണെന്ന് പറയാം; സ്ത്രീകളോടുള്ള വിവേചനം കുറഞ്ഞ നിരക്കിലാണെങ്കിലും ഇപ്പോഴും ജ്യോതിശാസ്ത്രത്തിലടക്കം ഉണ്ടെങ്കിലും. (കഴിയുമെങ്കില്‍ ഒരു പിന്‍കുറിപ്പായിട്ട് അത് ചേര്‍ക്കാന്‍ ശ്രമിക്കാം) ഭൂതകാലത്തിന്റെ പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നത് വര്‍ത്തമാനകാലത്തിന്റെ ഭംഗിയിലഭിരമിക്കാനല്ല, വര്‍ത്തമാനത്തിലെ പിഴവുകള്‍ ഭാവിയുടെ കണ്ണോടെ കാണാനുള്ള ദീര്‍ഘദൃഷ്ടി വികസിപ്പിക്കാനാണ്.

സൂര്യന്റെ ഉള്ളുകാണാനായി ഞാന്‍ എന്റെ ബുദ്ധി മുഴുവന്‍ ചിലവിടുമ്പോള്‍ മറക്കാനാകാത്ത, മറക്കില്ലാത്ത ശാസ്ത്രജ്ഞയാണ് ആദ്യം സൂര്യനുള്ള് കണ്ട പ്രൊഫസര്‍ പെയ്ന്‍-ഗപോച്കിന്‍…!

റഫറന്‍സ്

  • Cecilia Payne-Gaposchkin: an autobiography and other recollections by Cecilia Payne-Gaposchkin
  • https://www.aip.org/history-programs/niels-bohr-library/oral-histories/4620
  • https://ui.adsabs.harvard.edu/abs/1925PhDT………1P/abstract
  • https://www.pnas.org/content/14/5/399

#14 കെപ്ലറിന്റെ സാധ്യത കണ്ടവള്‍…!

Dr. Tabetha Boyajian

നമുക്ക് എല്ലാം അറിഞ്ഞുകൂട; പക്ഷേ, എന്താണ് നമുക്കറിയാത്തത് എന്ന് കൃത്യമായി നിര്‍ണ്ണയിക്കുക വളരെ ബുദ്ധിമുട്ടാണ്. തത്വശാസ്ത്രപരമായ ഊഹങ്ങളായിട്ടല്ല, ഭൗതികലോകത്ത് കൃത്യമായി പരീക്ഷിച്ചറിയാവുന്ന എന്താണ് നമുക്കറിയാത്തതെന്ന് മനസിലാക്കിയെടുക്കലും അതിനെ ഭാവിയില്‍ പരീക്ഷണത്തിന് സാധ്യമാകുന്ന രീതിയില്‍ കൃത്യമായി രേഖപ്പെടുത്തലും അനിവാര്യമായൊരു സായന്‍സിക ജോലി തന്നെയാണ്. ഈയടുത്തകാലത്ത് അങ്ങനെയൊരു വിചിത്ര പ്രതിഭാസത്തെ നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്തൊരു സംഘത്തെ നയിച്ച സ്ത്രീയെപ്പറ്റിയാണ് ഇന്ന്; WTF സ്റ്റാര്‍ ആദ്യം കണ്ടവരിലൊരാള്‍: ഡോ. ടബെത്ത ബോയാജിയന്‍. (Dr. Tabetha Boyajian)

1980-ലാണ് ടബെത്തയുടെ ജനനം. സൂര്യന് സമീപത്തുള്ള നക്ഷത്രങ്ങളുടെ വലിപ്പമളക്കുന്നതിനെപ്പറ്റിയായിരുന്നു ടബെത്തയുടെ ഡോക്ടോറല്‍ തീസിസ്; മറ്റ് മോഡലുകളിലും മറ്റും വന്നേക്കാവുന്ന തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതിനും സഹായകമായിരുന്നു ടബെത്തയുടെ നിരീക്ഷണങ്ങള്‍. അതിനുശേഷം നക്ഷത്രങ്ങളുടെ വലിപ്പമളക്കുന്നതിന് എങ്ങനെ അവയെ ചുറ്റുന്ന ഗ്രഹങ്ങളെ ഉപയോഗിക്കാമെന്ന ഗവേഷണവും ടബെത്ത നടത്തി. അതിനുശേഷം യേല്‍ യൂണിവേഴ്സിറ്റിയില്‍ പ്രൊഫ. ഡെബ്ര ഫിഷര്‍ എന്ന ശാസ്ത്രജ്ഞയുടെ കീഴിയില്‍ പോസ്റ്റ് ഡോക്ടറല്‍ വര്‍ക്കിനായി ചേര്‍ന്നു ടബെത്ത.

ഡെബ്രയുടെ കീഴില്‍ പ്ലാനറ്റ് ഹണ്ടേഴ്സ് (Planet Hunters) എന്നൊരു പരിപാടി നടക്കുന്നുണ്ടായിരുന്നു. കെപ്ലര്‍ എന്ന ഉപഗ്രഹത്തില്‍ നിന്ന് വരുന്ന ഡാറ്റ അവലോകനം ചെയ്ത് ഗ്രഹങ്ങളെ കണ്ടെത്താന്‍ സാധാരണക്കാരെ പഠിപ്പിക്കുക എന്നതായിരുന്നു ഈ സംരംഭം; പൊതുവേ കമ്പ്യൂട്ടറുകള്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ ഗ്രഹങ്ങളെ കണ്ടെത്തും എങ്കിലും മനുഷ്യര്‍ സംഘം ചേരുമ്പോള്‍ കമ്പ്യൂട്ടറുകള്‍ കാണാതെ പോകുന്ന ചില ഗ്രഹങ്ങളെ കൂടി കണ്ടെത്താന്‍ സാധിക്കും എന്ന് ഈ പദ്ധതി തെളിയിക്കുകയും ചെയ്തു. (നിങ്ങള്‍ക്ക് താത്പര്യമുണ്ട് എങ്കില്‍ ഇപ്പോള്‍ ടെസ് എന്ന ഉപഗ്രഹത്തിന്റെ ഡാറ്റയില്‍ നിന്ന് ഇതേ പരിപാടി ഉണ്ട്, ഇവിടെ: https://www.zooniverse.org/projects/nora-dot-eisner/planet-hunters-tess)

ഗ്രഹങ്ങളുടെ കാര്യത്തില്‍ വൈദഗ്ധ്യമുണ്ടായിരുന്ന ടബെത്ത കൂടി ഈ പരിപാടിയില്‍ പങ്കെടുക്കുന്ന ശാസ്ത്രജ്ഞരിലൊരാളായി. 2016-ല്‍ കെപ്ലറിന്റെ ഡാറ്റയില്‍ നിന്ന് ഒരു കമ്പ്യൂട്ടര്‍ കണ്ടെത്തില്ലായിരുന്നു എന്ന് ഉറപ്പുള്ള ഒന്ന് ടബെത്തയുടെ സംഘം കണ്ടെത്തി; വിചിത്രമായൊരു നക്ഷത്രം. കെപ്ലര്‍ നക്ഷത്രങ്ങളുടെ തെളിച്ചം എത്രയുണ്ട് എന്ന് നിരീക്ഷിക്കുന്ന ഒരു ഉപഗ്രഹമായിരുന്നു; ഒരു ഗ്രഹം നക്ഷത്രത്തിന്റെ മുന്നില്‍ വന്നാല്‍ ഒരു പ്രത്യേക രീതിയില്‍ നക്ഷത്രം ഇത്തിരി മങ്ങും; വമ്പന്‍ ഗ്രഹങ്ങള്‍ക്ക് പോലും പരമാവധി 10%. പക്ഷേ, 20% വരെ KIC 8462852 നക്ഷത്രം മങ്ങി; അതിനൊരു വിശദീകരണവുമില്ല. (നമ്മള്‍ മുന്‍ കുറിപ്പുകളില്‍ പറഞ്ഞ വേരിയബിള്‍ നക്ഷത്രങ്ങള്‍ പോലെ പിരിയഡില്‍ ഒന്നുമല്ല ഈ മങ്ങല്‍, അതാണെന്ന് വിചാരിക്കണ്ട)

വെളിച്ചമെവിടെ (Where’s the Flux) എന്നതിന്റെ ചുരുക്കമായി അതിനെ WTF നക്ഷത്രം എന്ന് വിളിക്കാമെന്നാണ് ടബെത്ത കരുതിയത്. (ഇതിനെപ്പറ്റിയുള്ള പേപ്പറും ആ തലക്കെട്ടിലായിരുന്നു) പക്ഷേ, ടബെത്തയുടെ വിളിപ്പേരായ ടാബി (Tabby) എന്നത് ചേര്‍ത്ത് ടാബിയുടെ നക്ഷത്രം എന്ന പേരിലാണ് ഈ നക്ഷത്രം പ്രസിദ്ധമായത്! പ്രസിദ്ധിക്ക് വേറൊരു കാരണം കൂടിയുണ്ട്. മങ്ങല്‍ അന്യഗ്രഹജീവികള്‍ മൂലമാണെന്ന് ചിലര്‍ സിദ്ധാന്തിച്ചു; ടബെത്ത അതിന് ഒരു തെളിവുമില്ല എന്ന് പറഞ്ഞെങ്കിലും.

നാല് കൊല്ലമായി, ഇന്നുവരെ ഒരു വ്യവസ്ഥാപിതമായ വിശദീകരണം ടാബിയുടെ നക്ഷത്രത്തിന് ഇല്ല; സയന്‍സ് വളരെ പതുക്കെയാണ് നീങ്ങുന്നത്. പതിയെ നമുക്ക് ഈ പ്രതിഭാസത്തിനും വിശദീകരണം പ്രതീക്ഷിക്കാം.

ലുയിസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നോക്കുകയാണ് ഇപ്പോള്‍ ടബെത്ത. ടാബിയുടെ നക്ഷത്രത്തെ പറ്റിയുള്ള ഗവേഷണങ്ങള്‍ മുഴുവന്‍ അവര്‍ സ്വന്തം വെബ്സൈറ്റ് ആയ wherestheflux.com-ല്‍ പങ്കിടുന്നുണ്ട്.

ഇനി ചരിത്രത്തിലെ സ്ത്രീകളെ ഓര്‍ക്കുമ്പോള്‍, ഇപ്പോള്‍ ചരിത്രം സൃഷ്ടിക്കുന്ന ടബെത്തയെപ്പോലുള്ളവരെ മറന്നുപോകാതിരിക്കുക…!

റഫറന്‍സ്

  • Extrasolar Planets and Their Host Stars by Dr. Tabetha Boyajian and Dr. Kaspar von Braun
  • https://scholarworks.gsu.edu/phy_astr_diss/34/
  • http://www.astro.yale.edu/tabetha/Site/Welcome.html
  • https://www.wherestheflux.com/
  • https://academic.oup.com/mnras/article/457/4/3988/2589003
  • https://iopscience.iop.org/article/10.3847/2041-8213/ab2e77

#15 ഡാര്‍ക്ക് മാറ്റര്‍ തൊട്ടറിഞ്ഞവള്‍…!

Vera Rubin

ഡാര്‍ക്ക് മാറ്റര്‍ (Dark Matter) എന്ന് പറഞ്ഞുകേട്ടിട്ടുണ്ടാകും; പ്രപഞ്ചത്തില്‍ ഭൂരിഭാഗവും നമുക്ക് മനസിലാക്കാന്‍ പറ്റില്ലാത്ത എന്തോ ആണ് എന്ന നിലയില്‍ സയന്‍സ് വളച്ചൊടിക്കാന്‍ തത്പരകക്ഷികള്‍ ഉപയോഗിക്കുന്നത് കൊണ്ട് പ്രത്യേകിച്ചും. ടെലസ്കോപ്പുകളിലൂടെ നേരിട്ട് കാണാന്‍ കഴിയാത്ത, അദൃശ്യമായ കുറച്ച് സാധനങ്ങള്‍ കൂടി ബഹിരാകാശത്തുണ്ട് എന്ന തിരിച്ചറിവില്‍ നിന്ന് ആ അദൃശ്യ വസ്തുക്കള്‍ക്കിട്ട പേരാണ് ഡാര്‍ക്ക് മാറ്റര്‍. പ്രകാശം വഴിയല്ലാതെ കാര്യമായ ബഹിരാകാശ നിരീക്ഷണം സാധ്യമല്ലാതിരുന്ന 1970-കളില്‍ ഡാര്‍ക്ക് മാറ്ററിനെ കണക്കിലൂടെ കണ്ട വേര റൂബിന്റെ (Vera Rubin) കഥയാണിന്ന്. ഗണിതശാസ്ത്രം കൊണ്ട് ചിത്രങ്ങളിലില്ലാത്തത് കാണാനുള്ള സായന്‍സിക മാര്‍ഗം തുറന്നവളുടെ കഥ.

1928-ല്‍ ഫിലഡെല്‍ഫിയയിലാണ് വേര ജനിക്കുന്നത്. പത്താം വയസ്സില്‍ തന്റെ മുറിയിലെ ജനലിലൂടെ കട്ടിലില്‍ കിടന്ന് നക്ഷത്രങ്ങള്‍ നിശാകാശത്തിലൂടെ പതിയെ നീങ്ങുന്നത് നിരീക്ഷിച്ചതില്‍ നിന്നാണ് വേരക്ക് ജ്യോതിശാസ്ത്രത്തിലുള്ള താത്പര്യം ജനിക്കുന്നത്. നക്ഷത്രരാശികള്‍ സുഹൃത്തുകള്‍ ചൂണ്ടിക്കാട്ടിയെങ്കിലും വേരക്ക് അവയൊന്നുമായിരുന്നില്ല, വെറുതെ നക്ഷത്രങ്ങളെ നക്ഷത്രങ്ങളായിത്തന്നെ കാണാനായിരുന്നു ഇഷ്ടം. (മറ്റുള്ളവര്‍ നിസ്സാരം, സ്വാഭാവികമെന്ന് കരുതുന്ന സാധനങ്ങളില്‍ കൗതുകം കണ്ടെത്തുന്ന ഇതേ മനോഭാവമാണ് വേരയുടെ പ്രധാന കണ്ടുപിടുത്തങ്ങളിലേക്കും നയിച്ചത്!) പഠനത്തില്‍ അത്രക്കൊന്നും മിടുക്കിയല്ലാതിരുന്നത് കൊണ്ട് തന്നെ ടീച്ചര്‍മാര്‍ക്ക് വേരയില്‍ ഒരു വിശ്വാസവുമില്ലായിരുന്നു. (സ്ഥിരമായി ജ്യോതിശാസ്ത്രത്തെ പറ്റി മാത്രം സംസാരിക്കുന്ന ഒരു കുട്ടിയെ പ്രോത്സാഹിപ്പിക്കാത്തതില്‍ ചെറുതല്ലാത്ത സ്ത്രീവിരുദ്ധതയും ഉണ്ടായിരുന്നിരിക്കണം!) ഹൈസ്കൂള്‍ ഫിസിക്സ് ടീച്ചര്‍മാരിലൊരാള്‍, “സയന്‍സിന്റെ അടുത്തെങ്ങും പോകാതിരിക്കുന്നത് നന്നായിരിക്കും” (“As long as you stay away from science, you should do OK”) എന്നാണ് വേരയെ ഉപദേശിച്ചത്. പക്ഷേ, അതിലൊന്നും തളരുന്നതായിരുന്നില്ല വേരയുടെ കുതുകം.

വേര 1948-ല്‍ കോളേജ് ബിരുദം നേടി; അതേ കൊല്ലം തന്നെ റോബര്‍ട്ട് എന്നയാളെ വിവാഹം ചെയ്യുകയും ചെയ്തു. സ്ത്രീയായിരുന്നതുകൊണ്ട് പലയിടത്തും പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദത്തിന് പ്രവേശനം ലഭിക്കില്ലായിരുന്നു എന്നതുകൊണ്ട് പലയിടത്തും പ്രവേശനത്തിന് ശ്രമിച്ച് പരാജയപ്പെട്ട ശേഷം വേര കോര്‍ണെല്‍ സര്‍വ്വകലാശാലയില്‍ പ്രവേശനം നേടി; 1951-ല്‍ വേര പാസാകുകയും ചെയ്തു. തുടര്‍ന്ന് വേര ജോര്‍ജ്ടൗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് 1954-ല്‍ ഡോക്ടറേറ്റും നേടി; ഗാലക്സികളുടെ വിതരണം എങ്ങനെയായിരുന്നു എന്നതിനെപ്പറ്റിയായിരുന്നു ഡോക്ടറല്‍ തീസിസ്. (ഇന്നും പ്രസക്തമായ ഗവേഷണം നടക്കുന്ന വിഷയമാണിത്) ഡോക്ടറേറ്റ് കൊടുക്കുമായിരുന്നു എങ്കിലും അസ്ട്രോണമി ഡിപ്പാര്‍ട്ട്മെന്റ് ബില്‍ഡിങ്ങിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശമില്ലാതിരുന്നത് കൊണ്ട് വേരയ്ക്ക് അഡ്വൈസറെ ഡിപ്പാര്‍ട്ട്മെന്റ് ലോബിയിലോ മറ്റൊരു ഡിപ്പാര്‍ട്ട്മെന്റിന്റെ ലൈബ്രറിയിലോ കണ്ട് സംസാരിക്കേണ്ടിയിരുന്നു ഡോക്ടറേറ്റ് ചെയ്യുന്ന സമയത്ത്.

പ്രപഞ്ചവികാസവും ക്വേസാറുകളും ഒക്കെ തന്റെ ഗവേഷണവിഷയമാക്കിയ വേര കുറച്ചധികം ശ്രദ്ധിക്കപ്പെട്ടു. പ്രപഞ്ചവികാസത്തെ പറ്റി വേര നടത്തിയ നിരീക്ഷണങ്ങളെ ഇന്ന് റൂബിന്‍-ഫോര്‍ഡ് എഫക്റ്റ് എന്നാണ് വിളിക്കുന്നത്. 1963-ല്‍ വേര തന്റെ ശ്രദ്ധ ഗാലക്സികളിലേക്ക് തിരിച്ചു; ഗാലക്സി കേന്ദ്രങ്ങളിലായിരുന്നു അന്ന് ഒരുപാട് ഗവേഷണം നടന്നിരുന്നത് എന്നതുകൊണ്ട് കേന്ദ്രത്തിന് ചുറ്റും കറങ്ങുന്ന നക്ഷത്രങ്ങളിലായി വേരയുടെ ശ്രദ്ധ. മറ്റുള്ളവര്‍ക്ക് കൗതുകമില്ലാത്തതില്‍ കൗതുകപ്പെടുന്ന വേരയുടെ സ്വഭാവം കൊണ്ടായിരിക്കണം ഈ മേഖലയില്‍ ജ്യോതിശാസ്ത്രത്തിന് പ്രസക്തമായ നിരീക്ഷണങ്ങള്‍ നടത്താനുണ്ട് എന്ന് നമ്മള്‍ മനസിലാക്കുന്നത് തന്നെ!

ആദ്യം നമുക്ക് അടുത്തുള്ള, തെളിഞ്ഞ് കാണാവുന്ന ആന്‍ഡ്രോമിഡ ഗാലക്സിയുടെ കറക്കം ആണ് വേര അവലോകനം ചെയ്തത്. വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലിയായി മാറി അത്. ഒറ്റനോട്ടത്തില്‍, നമുക്കറിയാവുന്ന ഗുരുത്വാകര്‍ഷണ നിയമം (സാമാന്യ ആപേക്ഷികതാ സിദ്ധാന്തം – General Theory of Relativity) പ്രവചിക്കുന്ന രീതിയിലല്ല ആന്‍ഡ്രോമിഡ കറങ്ങുന്നത്! അതുകൊണ്ട് തന്നെ, വളരെ സൂക്ഷ്മമായി അവലോകനം ചെയ്ത ശേഷമേ ഇങ്ങനെ ഒരു ഫലം പ്രസിദ്ധീകരിക്കാവൂ എന്ന് വേരയ്ക്കറിയാമായിരുന്നു, 1963-ല്‍ തുടങ്ങിയ അവലോകനം പ്രസിദ്ധീകരിക്കാന്‍ സാധിച്ചത് 1970-ലാണ്. അതിനുശേഷം മറ്റ് ഗാലക്സികളുടെ നിരീക്ഷണങ്ങളും നടത്തി 1980-ലും, 1985-ലും പ്രസക്തമായ പേപ്പറുകള്‍ വേര വീണ്ടും പബ്ലിഷ് ചെയ്തു. (ഇതിലൊന്നും ലേഖകയായി വേര ഒറ്റയ്ക്കായിരുന്നില്ല എങ്കിലും ഇവയില്‍ എല്ലാം തുടര്‍ച്ചയായി ഉണ്ടായിരുന്നത് വേര മാത്രമാണ്) ഇതേ പ്രശ്നം മറ്റ് ഗാലക്സികളിലും ഉണ്ട്

ഈ നിരീക്ഷണത്തെ “ഗാലക്സി കറക്ക പ്രശ്നം” (Galaxy Rotation Problem) എന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. ഇതിനെ ലളിതമാക്കി പറയാന്‍ നമുക്ക് സൗരയൂഥം ഉദാഹരണമാക്കി എടുക്കാം. സൂര്യനിലാണ് സൗരയൂഥത്തിന്റെ മാസ് ഏതാണ്ട് മുഴുവനും; അതുകൊണ്ട് തന്നെ, സൂര്യനില്‍ നിന്ന് ദൂരത്തേക്ക് പോകുന്തോറും, ചുറ്റും കറങ്ങുന്ന വസ്തുക്കളുടെ കറക്കത്തിന്റെ വേഗത കുറഞ്ഞ് വരും. ഉദാ: ഭൂമിയേക്കാല്‍ പതിയെയാണ് ചൊവ്വ, അതിലും പതിയെ ശനി, അതിലും പതിയെ വ്യാഴം അങ്ങനെയങ്ങനെ. ചുഴിയന്‍ ഗാലക്സികളിലെ (spiral galaxy) നക്ഷത്രങ്ങളുടെ മാസിന്റെ വലിയൊരു ഭാഗവും ഇതുപോലെ നടുക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്. (സൂര്യനോളം കേന്ദ്രീകൃതമല്ല, എങ്കിലും സമാനമായി എന്ന് പറയാം) അതുകൊണ്ട് തന്നെ, ഗാലക്സികളുടെ അറ്റങ്ങളിലേക്ക് വരുന്തോറും കറക്കത്തിന്റെ വേഗത കുറയണം; പക്ഷേ, ഒരു പ്രത്യേക വേഗതക്കപ്പുറം കാര്യമായി വേഗത മാറുന്നില്ല എന്നതാണ് വേരയുടെ നിരീക്ഷണം. (ഇത് മാത്രമല്ല, കുറച്ചുകൂടി സങ്കീര്‍ണ്ണതയുണ്ട് വേഗതയില്‍, അത് തത്കാലം കൂടുതല്‍ വിശദീകരിച്ച് കഥ ആകെ വഴിമാറ്റി വിടുന്നില്ല)

ഇതിന് പരിഹാരമായി വേര നിര്‍ദ്ദേശിച്ചത് നമുക്ക് അദൃശ്യമായ എന്തോ കൂടി ഗാലക്സികളിലുണ്ട് എന്നാണ്. അതായത്, വേര പ്രകാശത്തിന് അദൃശ്യമായത് ഗുരുത്വാകര്‍ഷണത്തിലൂടെ കണ്ടു. 1985 പേപ്പറില്‍ ഗാലക്സികളില്‍ എവിടെയാണ് ഈ അദൃശ്യ (ഡാര്‍ക്ക്) മാറ്റര്‍ ഉള്ളത് എന്നതുകൂടി കണക്കുകൂട്ടാന്‍ വേരയ്ക്ക് കഴിഞ്ഞു. ഇതിനുമുന്‍പ് അദൃശ്യമായ എന്തൊക്കെയോ ബഹിരാകാശത്തുണ്ട് എന്ന ഊഹങ്ങളുണ്ടായിട്ടുണ്ട് എങ്കിലും വേരയാണ് ആദ്യമായി ഡാര്‍ക്ക് മാറ്റര്‍ എന്ന് നാമിന്ന് വിളിക്കുന്ന സാധനം നിരീക്ഷിച്ചത്.

പക്ഷേ, 1980-ല്‍ ആപേക്ഷികതാ സിദ്ധാന്തം തെറ്റായിരുന്നിരിക്കാം എന്ന ഒരു സാധ്യത കൂടിയുണ്ടായിരുന്നു ഗാലക്സി കറക്ക പ്രശ്നത്തിന്റെ ഉത്തരമായിട്ട്. പക്ഷേ, ആപേക്ഷികതാ സിദ്ധാന്തത്തില്‍ നിന്ന് തന്നെ മാസ് പ്രകാശം വളയ്ക്കുന്നുണ്ട് എന്ന് നമുക്കറിയാം. ഡാര്‍ക്ക് മാറ്റര്‍ ഉണ്ടെന്ന് സൈദ്ധാന്തികമായി കരുതിയിടത്ത് തന്നെ നമ്മുടെ ഗാലക്സിയിലടക്കം അങ്ങനെയുള്ള വളയ്ക്കലുകളില്‍ നിന്ന് കൂടി ഡാര്‍ക്ക് മാറ്റര്‍ കണ്ടെത്തിയിട്ടുണ്ട്; അതുകൊണ്ട് തന്നെ ആപേക്ഷികതാ സിദ്ധാന്തം തെറ്റാണ് എന്ന വ്യാഖ്യാനത്തിന് ഈ ചോദ്യത്തിനുത്തരമായി ഇപ്പോള്‍ ശാസ്ത്രലോകത്ത് സ്വീകര്യതയില്ല.

വേരയുടെ 1970-കളിലെ നിരീക്ഷണം അത്ര എളുപ്പത്തില്‍ സ്വീകരിക്കപ്പെട്ടില്ല. നക്ഷത്രമല്ല എങ്കില്‍ നെബുല ആയിട്ടുള്ള ഗ്യാസാണ് എന്നൊക്കെ ഒരുപാട് ഊഹങ്ങള്‍ ഡാര്‍ക്ക് മാറ്ററിനെ വിശദീകരിക്കാന്‍ ഉണ്ടായി. പക്ഷേ, ഇവയൊക്കെ പ്രകാശത്തിന്റെ മറ്റ് ഫ്രീക്വന്‍സികളിലൂടെ (ഉദാ: ഇന്‍ഫ്രാറെഡ്) നിരീക്ഷിക്കാന്‍ പറ്റേണ്ടതാണ്. അവയുടെയെല്ലാം കണക്കെടുത്താലും ഗാലക്സി കറക്കം വിശദീകരിക്കാന്‍ വേണ്ടതിന്റെ മാസിന്റെ അടുത്തെങ്ങും എത്തില്ല. അതായത്, പ്രകാശത്തിന് വഴങ്ങാത്ത എന്തോ ബഹിരാകശത്ത് ഉണ്ടെന്ന്. ജ്യോതിശാസ്ത്രജ്ഞര്‍ക്ക് അത്രത്തോളം അസ്വസ്ഥത ഉണ്ടാക്കുന്ന മറ്റൊന്നില്ല. (എന്ത് എന്ന് മനസിലാക്കുന്നത് പാര്‍ട്ടിക്കിള്‍ ഫിസിക്സിനും പണിയാണ്, എന്റെ മേഖലയല്ലാത്തതുകൊണ്ട് ഞാന്‍ അവിടേക്ക് തത്കാലം പോകുന്നില്ല) അതുകൊണ്ട്, ഡാര്‍ക്ക് മാറ്ററിന്റെ സ്വീകാര്യത വളരെ പതിയെയായിരുന്നു.

ഇന്ന് പക്ഷേ, ഡാര്‍ക്ക് മാറ്റര്‍ ആധുനിക ഭൗതിക ധാരണയുടെ ഭാഗമാണ്. ഗാലക്സി കറക്കം പ്രശ്നത്തിന് മാത്രമല്ല, ബിഗ് ബാങ്ങിന്റെ മോഡലുകളിലടക്കം ഒരുപാട് നിരീക്ഷണങ്ങളുടെ അവിഭാജ്യ ഘടകമാണ് ഡാര്‍ക്ക് മാറ്റര്‍. ഉണ്ടോ ഇല്ലയോ എന്ന് സംശയമുള്ള ഒന്നല്ല ഡാര്‍ക്ക് മാറ്റര്‍; അങ്ങനെ ഒരു തെറ്റിദ്ധാരണ കൂടി വ്യാപകമായി കാണാറുള്ളത് കൂടി ഈ സാഹചര്യത്തില്‍ തിരുത്തുന്നു. എന്ത് പാര്‍ട്ടിക്കിള്‍/പാര്‍ട്ടിക്കിളുകളുടെ സംയുക്തം ആണ് ഡാര്‍ക്ക് മാറ്റര്‍ എന്ന് മാത്രമേ സംശയമുള്ളൂ; ഉണ്ടോ എന്ന് സംശയമില്ല.

ഡാര്‍ക്ക് മാറ്റര്‍ പഠനങ്ങള്‍ക്ക് ശേഷം ഗാലക്സികളുടെ കറക്കത്തെ പറ്റി മറ്റ് ഒരുപാട് നിരീക്ഷണങ്ങള്‍ നടത്തുകയും ആ വിഷയത്തില്‍ പാഠപുസ്തകങ്ങളുടെ എഴുത്തുകാരിയാകുകയുമടക്കം ഒരുപാട് ജോലി ചെയ്തു ജ്യോതിശാസ്ത്രത്തില്‍ വേര. ഒരുപാട് സെക്സിസം ജീവിതമൊട്ടാകെ അനുഭവിച്ച വേര സയന്‍സിലേക്ക്, ജ്യോതിശാസ്ത്രത്തിലേക്ക് സ്ത്രീകളെ കൊണ്ടുവരുവാന്‍ തന്നാലാകും പോലെ എല്ലാം ചെയ്തിരുന്നു. ഒരുപാട് പെണ്‍കുട്ടികളെ ഡോക്ടോറല്‍ കാന്‍ഡിഡേറ്റ് ആയി സ്വീകരിക്കുകയും അല്ലാതെ പഠിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു വേര; നാഷണല്‍ അക്കാഡമി ഓഫ് സയന്‍സസ് തിരഞ്ഞെടുപ്പുകളില്‍ സ്ത്രീകളെ തിരഞ്ഞെടുക്കാന്‍ ശക്തമായി സംസാരിക്കുകയും ചെയ്തിരുന്നു വേര. സയന്‍സ് പൊതുജനങ്ങളിലെത്തിക്കാന്‍ പോപ്പുലര്‍ സയന്‍സ് പ്രചരണങ്ങള്‍ക്കും വേര സന്നദ്ധയായിരുന്നു.

2016-ല്‍ സ്വന്തം മരണം വരെ വേര തന്റെ ഗവേഷണവും അധ്യാപനവും തുടര്‍ന്നു.ഇനി ഒന്നും കാണാതിരിക്കുമ്പോള്‍ ഒന്നുകൂടി ശ്രദ്ധിച്ച് നോക്കാന്‍ വേര റൂബന്റെ അദൃശ്യമായതും കണ്ട ജീവിതം നിങ്ങള്‍ക്കൊരു പ്രജോദനമാകട്ടെ…!

റഫറന്‍സ്

  • https://ui.adsabs.harvard.edu/abs/1970ApJ…159..379R/abstract
  • https://ui.adsabs.harvard.edu/abs/1980ApJ…238..471R/abstract
  • https://www.aip.org/history-programs/niels-bohr-library/oral-histories/33963
  • https://arxiv.org/abs/1703.00013
  • https://science.sciencemag.org/content/295/5557/960

സയന്‍സിലെ സ്ത്രീകള്‍ : പിന്‍കുറി

ചരിത്രമെഴുത്ത്, ജീവചരിത്രമെഴുത്ത് രണ്ടും എനിക്ക് പരിചയമുള്ള കാര്യമായിരുന്നില്ല; വൈദഗ്ധ്യം ഇപ്പോഴും ഇല്ല. ഇവ രണ്ടും കലര്‍ത്തി പതിനഞ്ച് ലേഖനങ്ങളെഴുതുക ചെറുതല്ലാത്ത ഒരു സാഹസമായിരുന്നു; എഴുതിത്തീര്‍ക്കുന്നതില്‍ വിജയിച്ചു എന്നത് എനിക്കിപ്പോഴും വിശ്വസിക്കാനും പറ്റുന്നില്ല. പക്ഷേ, ചെയ്ത് തീര്‍ത്തു. ഒരുപാട് പരിമിതികള്‍ വന്നിട്ടുണ്ട്; അവയുടെ ഒരു സംഘാതമാണ് പ്രധാനമായും ഈ പോസ്റ്റ്. ആദ്യം പക്ഷേ, എനിക്ക് ഇതെഴുതിയത് മൂലം ഉണ്ടായ പുതിയ ധാരണകള്‍ വിശദീകരിക്കാം.

എനിക്ക് മനസിലായത്:

  1. സാമൂഹികമായി മാറ്റി നിര്‍ത്തുക മാത്രമല്ല, ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയുക എന്ന അക്രമം കൂടി സ്ത്രീകളെ നമ്മള്‍ അറിയാതിരിക്കാന്‍ പുരുഷാധിപത്യം ചെയ്യുന്നുണ്ട്.
  2. ജോവാന്‍ ഫൈന്മന്‍ എന്ന ഭൗതികശാസ്ത്രജ്ഞ എന്റെ മേഖലയോട് ഒരുപാട് അടുത്ത് നില്‍ക്കുന്ന ഒരാളാണ്. എനിക്ക് വളരെ താത്പര്യമുള്ള റിച്ചാഡ് ഫൈന്മന്‍ ഇവരുടെ ചേട്ടനാണ്. ചേട്ടന്‍ ഫൈന്മനെ അല്ല, പ്രൊഫസര്‍ ജോവാന്‍ ഫൈന്മനെ എന്റെ മേഖലയിലെ ഒരു മാതൃകയായി ഉറപ്പായും എടുക്കാവുന്നതാണ്.
  3. സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ ജോലിയോ അംഗീകാരമോ കൊടുക്കുകയല്ല, സ്ത്രീകള്‍ തന്നെ പടിപടിയായി പോരാടി അവ നേടിയെടുക്കുകയാണ് ജ്യോതിശാസ്ത്രത്തിന്റെ ചരിത്രത്തില്‍ സംഭവിച്ചത്.
  4. സ്ത്രീകള്‍ക്ക് കൈകാര്യം ചെയ്യാനാകുക ബോട്ടണിയോ അങ്ങനെയെന്തെങ്കിലുമൊക്കെ ആണെന്ന് കരുതി എത്ര സ്ത്രീകളെ നമ്മള്‍ സയന്‍സിലെത്താതെ മായ്ച്ചുകളഞ്ഞു?!
  5. ഹൈസന്‍ബര്‍ഗ് ഹിറ്റ്ലറുടെ ഭരണകൂടത്തിന് ബോംബുണ്ടാക്കാന്‍ സഹായം ചെയ്ത നാസി ആയിരുന്നു.

ചില കാര്യങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിക്കാനാകില്ല എന്നതുകൊണ്ട് ഞാന്‍ എഴുതിയിട്ടില്ല, അല്ലെങ്കില്‍ എന്റേതായ രീതിയില്‍ എഴുത്തിന് വരുത്തിയ മാറ്റങ്ങള്‍ ഉണ്ട്. അവ:

  1. ആണുങ്ങളെ ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളഞ്ഞിട്ടുണ്ട്. കഥയ്ക്ക് ആവശ്യമില്ലാത്തവരുടെ പേര് പോലും പറഞ്ഞിട്ടില്ല. അവര്‍ക്ക് അവരുടെ ചരിത്രപുസ്തകങ്ങള്‍ ഒരുപാടുണ്ട്.
  2. ഒരാള്‍ ഒറ്റയ്ക്ക് ചരിത്രം മാറ്റിമറിക്കുന്നു എന്ന നിലയിലുള്ള “ഗ്രേറ്റ് മാന്‍” മോഡലാണ് ചരിത്രാഖ്യാനത്തിന് ഉപയോഗിച്ചത്. പൊതുവേ ഇത് നല്ലൊരു മോഡലല്ല, സയന്‍സിന്റെ കൂട്ടായ്മയുടെ കുറച്ച് തലങ്ങള്‍ ഇതില്‍ വിട്ടുപോകുന്നുമുണ്ട്. പക്ഷേ, ജീവചരിത്രമെഴുതാന്‍ ഇത് അവലംബിച്ചു.
  3. എനിക്കറിയാവുന്ന മേഖലകള്‍ക്ക് പുറത്തുള്ള സ്ത്രീകളെ പരിഗണിച്ചില്ല.
  4. റഫറന്‍സിലുള്ള പുസ്തകങ്ങളെല്ലാം ചില വസ്തുതകളുടെ പരിശോധന നടത്താനെ ഉപയോഗിച്ചിട്ടുള്ളു. കവര്‍മുതല്‍കവര്‍വരെ വായിച്ചിട്ടില്ല; പുസ്തകങ്ങളില്‍ എന്തെങ്കിലും അലമ്പുണ്ടാകാന്‍ സാധ്യത തള്ളിക്കളയാന്‍ പറ്റില്ല.
  5. പ്രൊഫ. പെയ്ന്‍-ഗപോച്കിന്റെ ആത്മകഥയാണ് ഞാന്‍ ആ എഴുത്തിന് പ്രാഥമികമായി ആശ്രയിച്ചത്.
  6. പ്രൊഫ. ബോയാജിയന്‍ ജീവനോടെയിരിക്കുന്ന, സ്വന്തം സ്വകാര്യത വിലവയ്ക്കുന്ന ഒരാളാണ് എന്ന് തോന്നിയതുകൊണ്ട് ബാല്യകാലമോ ഒന്നും അധികം ചികഞ്ഞ് പോയില്ല. സാമാന്യമര്യാദയാണ് അതെന്ന് തോന്നി.

ഇനി പറ്റിപ്പോയ അബദ്ധങ്ങള്‍:

  1. കഥയിലുള്ളവരുടെ ലൈംഗിക, പ്രണയ കഥകള്‍. അത് കൈകാര്യം ചെയ്യാനുള്ള പക്വത എനിക്കില്ല. (എമിലി ഡു ഷാറ്റ്ലിയുടെ പ്രണയജീവിതം ഒരുഗ്രന്‍ ട്രാജഡി കഥയാണ്; കഴിയാവുന്നവര്‍ വായിച്ചുനോക്കുക)
  2. “അവര്‍” എന്നതിന് പകരം “അവള്‍” എന്ന വാക്ക് ബഹുമാനസൂചകമായ ഇടങ്ങളില്‍ തന്നെ ചേര്‍ത്ത് “അവള്‍” ഒരു സ്വാഭാവിക പ്രയോഗമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. തലക്കെട്ടുകളുടെ ഉദ്ദേശവും ഇത് തന്നെ. പക്ഷേ, ഞാന്‍ തന്നെ അബദ്ധത്തില്‍ ഇത് എഴുത്തില്‍ തെറ്റിച്ചിട്ടുണ്ട്! 🙂
  3. ചിത്രങ്ങളില്‍ സ്പെല്ലിംഗ് പിശകുകള്‍ അടക്കം എഴുത്തില്‍ പല പിശകും വരുത്തി.
  4. ശാസ്ത്രജ്ഞകളുടെ സര്‍നെയിം ഉപയോഗിക്കാതിരിക്കുക എന്നത് വ്യാപകമായി കാണുന്ന ഒരു സെക്സിസ്റ്റ് സ്വഭാവമാണ്. അത് ഞാന്‍ അബദ്ധത്തില്‍ ഒരു പാറ്റേണ്‍ ആയി ഉപയോഗിച്ച് വന്നു. കുറച്ച് കഴിഞ്ഞാണ് ശ്രദ്ധിച്ചത്. അതുകൊണ്ട് പുരുഷന്മാരുടേയും ഫസ്റ്റ് നെയിം തന്നെ ഉപയോഗിക്കുകയും, ഈ തിരുത്ത് എഴുതുമെന്ന് തീരുമാനിക്കുകയും ചെയ്തു.
  5. ജ്യോതിശാസ്ത്രജ്ഞരുടെ കഥയില്‍ സയന്‍സ് കൂടുതല്‍ വിശദീകരിച്ചു; എന്റെ ഏറ്റവും പരിചിതമായ മേഖലയായതുകൊണ്ട്.
  6. എമ്മി നോയേതര്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയോടും റഷ്യയോടും താത്പര്യമുണ്ട് എന്ന് ഒരു ചരിത്രകാരന്‍ അവകാശപ്പെടുന്നുണ്ട്. ക്രോസ് ചെക്ക് ചെയ്യാനായില്ല എന്നതുകൊണ്ട് അത് ചേര്‍ത്തില്ല
  7. നോയേതറുടെ ഗണിതശാസ്ത്രത്തിലെ സംഭാവനകള്‍ എനിക്ക് മനസിലാക്കാനേ കഴിയില്ല എന്ന് ഞാന്‍ കരുതിയതേ ഇല്ല; അതുകൊണ്ട് ആ ഭാഗം പതിയെ ഒതുക്കേണ്ടി വന്നു.
  8. യൂനിസ് ഫൂട്ടിന്റെ ചിത്രം കിട്ടിയില്ല.
  9. ലേഡി ലവ്ലേസിന് കപടശാസ്ത്ര പ്രവണതകളും ഉണ്ടായിരുന്നു. കമ്പ്യൂട്ടിംഗില്‍ അതിന് പ്രസക്തിയില്ല എന്നതുകൊണ്ട് ചേര്‍ത്തില്ല എന്ന് മാത്രം.

നിങ്ങള്‍ക്ക് എന്തെങ്കിലും തിരുത്തോ സംശയങ്ങളോ ഉണ്ട് എങ്കില്‍ ചോദിക്കാം:

Categories
Article Biology Evolution Geology History Nature

(മനുഷ്യപരിണാമം മാറ്റിയെഴുതാത്ത) ഒരു ഫോസില്‍!

ഒരു മലയാളം പത്രത്തില്‍ സയന്‍സുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രസിദ്ധീകരിക്കപ്പെടുന്നു എങ്കില്‍ അത് കടുത്ത അബദ്ധമായിരിക്കാനാണ് സാധ്യതയേറെയും എന്ന സാഹചര്യമാണുള്ളത്.1,2,3,4,5,6,7 ഇത്തരം അബദ്ധങ്ങളുടെ നീണ്ട നിരയിലേക്ക് ചേരുന്ന അടുത്ത വമ്പന്‍ അബദ്ധമാണ് മാതൃഭൂമിയില്‍ വന്ന ഈ വാര്‍ത്ത.8 ‍(ചിത്രം കാണുക)

പരിണാമമോ ഐന്‍സ്റ്റൈന്റെ സിദ്ധാന്തമോ മറ്റെന്തെങ്കിലും സായന്‍സിക ധാരണയോ “അട്ടിമറിച്ചു” എന്ന് വന്നാലെ അത് വാര്‍ത്തയാകൂ; പക്ഷേ, സയന്‍സ് അട്ടിമറികളിലൂടെ മുന്നോട്ട് പോകുന്ന ഒന്നാണ് എന്നത് വളരെ വലിയൊരു അബദ്ധ ധാരണയാണ്.9 അടിവച്ചടിവച്ച് പതിയെ, സസൂക്ഷ്മം മുന്നോട്ട് പോകുന്ന ഒരു പദ്ധതിയാണ് സയന്‍സ്. ഈ പദ്ധതിയില്‍ നിന്ന് വാര്‍ത്തകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ പറ്റുന്ന അബദ്ധങ്ങളുടെ മകുടോദാഹരണമാണിത്. വസ്തുതകളുടെ വെളിച്ചത്തില്‍ ഈ വാര്‍ത്തയിലെ അവകാശവാദങ്ങളെ ഒന്ന് പരിശോധിക്കാം.“മനുഷ്യപരിണാമം മാറ്റിയെഴുതുന്ന ഫോസില്‍” എന്നവകാശപ്പെടുന്ന ഈ ലേഖനത്തിലെ അവകാശവാദങ്ങള്‍ പരിശോധിക്കും മുന്‍പ് നമുക്ക് ശരിയായ സായന്‍സിക വസ്തുതകളിലേക്ക് പോകാം. വസ്തുതകളറിഞ്ഞാല്‍ നമുക്ക് അബദ്ധങ്ങളെ കുറേക്കൂടി സുഗമമായി മനസിലാക്കാന്‍ കഴിയൂമല്ലോ?

MRD Skull
MRD തലയോട്ടി (Credit: Dale Omori/Cleveland Museum of Natural History)

“ഇത്തിയോപ്പിയയിലെ വോറസനോ-മൈലില്‍ നിന്നുള്ള മുപ്പത്തിയെട്ട് ദശലക്ഷം വര്‍ഷം പഴക്കമുള്ള ഹോമിനിഡ് തലയോട്ടി” (A 3.8-million-year-old hominin cranium from Woranso-Mille, Ethiopia) എന്നാണ് ഈ ചര്‍ച്ചയ്ക്ക് കാരണമായ സായന്‍സിക പേപ്പറിന്റെ തലക്കെട്ട്.10 28 ആഗസ്റ്റ് 2019-ന് നേച്ചര്‍ (Nature)ജേണലിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരിണാമം തിരുത്തിയെഴുതുന്ന ഒന്നാണ് എങ്കില്‍ അതിന് തലക്കെട്ടില്‍ ചേര്‍ക്കാനും മാത്രം പോലും ഗൗരവം സയന്റിസ്റ്റുകള്‍ക്ക് തോന്നിയില്ല!

ഈ പേപ്പറിന്റെ പ്രസക്തി മനസിലാകണം എങ്കില്‍ ആസ്ട്രലോപിത്തക്കസ് (Australopithecus) എന്ന മനുഷ്യപൂര്‍വ്വികരുടെ കൂട്ടത്തെ പറ്റിയുള്ള സയന്‍സിന്റെ മുന്‍ അനുമാനങ്ങളെന്തായിരുന്നു എന്നറിയണം. (ഉള്ളത് പറഞ്ഞാല്‍ ഇത്രയും ബോറാണിത്; ആ മേഖലയിലുള്ളവര്‍ക്ക് ആവേശമുണ്ടാക്കേണ്ട, മറ്റുള്ളവര്‍ക്ക് ഒരു പ്രസക്തിയുമില്ലാത്ത ഒരു കണ്ടുപിടുത്തം) ആസ്ട്രലോപിത്തക്കസ് അനമെന്‍‍സിസ് (Australopithecus anamensis) എന്ന സ്പീഷീസ് വംശനാശം വന്ന ശേഷമാണ് അസ്ട്രലോപിത്തക്കസ് അഫാറെന്‍സിസ് ഉണ്ടായതെന്നാണ് (Australopithecus afarensis) ഉത്ഭവിച്ചത് എന്നായിരുന്നു മുന്‍ ഫോസിലുകള്‍ സൂചിപ്പിച്ചിരുന്നത്.11 ആ തെളിവുകളിലൂന്നി ഈ വിഷയത്തിലുള്ള സയന്റിസുകളുടെ അനുമാനം. A.അനമെന്‍സിസ് (A. അസ്ട്രലോപിത്തക്കസ് എന്നതിന്റെ ചുരുക്കെഴുത്ത്) A.അഫാറെന്‍സിസിന്റെ പൂര്‍വ്വിക സ്പീഷീസ് ആയിരുന്നിരിക്കാം, A.അനമെന്‍സിസ് രൂപമാറ്റം സംഭവിച്ചാണ് A.അഫാറെന്‍സിസ് ഉണ്ടായത്, എന്നായിരുന്നു.12

Skull Comparison
തലയോട്ടികളുടെ താരതമ്യം (Credit: Nature)

ഇനി നമുക്ക് പുതിയ പേപ്പറിലേക്ക് വരാം: വോറസനോ-മൈലില്‍ നിന്ന് ലഭിച്ച തലയോട്ടി A.അനമെന്‍സിസ് സ്പീഷിസില്‍ പെടുന്നതാണ് എന്ന അവലോകനമാണ് പേപ്പറിന്റെ സിംഹഭാഗം. ഈ നിഗമനത്തിന് ശേഷം, പ്രസ്തുത തലയോട്ടി (MRDഎന്നാണിതിനെ വിളിക്കുന്നത്) A.അഫാറെന്‍സിസിന്റെ തലയോട്ടിയുടെ രൂപത്തില്‍ നിന്ന് വളരെയധികം വ്യത്യസ്തമാണ് എന്നതുകൂടി ഈ പേപ്പറില്‍ സയന്റിസ്റ്റുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. അതുകൊണ്ട് തന്നെ MRD തലയോട്ടി ഉള്‍പ്പെടുന്ന സമൂഹം A.അഫാറെന്‍സിസ് ആയി മാറിയിട്ടുണ്ടാകാനുള്ള സാധ്യത കുറവാമാണ്. മാത്രമല്ല, A.അഫാറെന്‍സിസ് ഫോസിലുകള്‍ 3.9ദശലക്ഷം കൊല്ലം പ്രായമുള്ളവ വരെ കണ്ടെത്തിയിട്ടുണ്ട്. (ഇത് ഈ പേപ്പറിലെ പുതിയ കണ്ടുപിടുത്തമല്ല) അതായത്, 3.8ദശലക്ഷം പഴക്കമുള്ള MRD-യുടെ സമൂഹം രൂപമാറ്റം വന്നല്ല A.അഫാറെന്‍സിസ് ഉണ്ടായത് എന്ന് നിഗമിക്കാവുന്നതാണ്.അതുകൊണ്ട് A.അനമെന്‍സിസിന്റെ എല്ലാ സമൂഹങ്ങള്‍ക്കും മാറ്റം വന്നല്ല A.അഫാറെന്‍സിസ് ഉണ്ടായത്. ഇത്, ഇത് മാത്രമാണ് ഈ പേപ്പറിന്റെ പ്രസക്തി.

Fossil of Hominid
Fossil of Hominid

പക്ഷേ, A.അനമെന്‍സിസിന് മറ്റ് സമൂഹങ്ങളും ഉണ്ടായിരുന്നു;അതുകൊണ്ട് തന്നെ A.അനമെന്‍സിന്റെ ഒരു സമൂഹം പരിണമിച്ചാകാം A.അഫാറെന്‍സിസ് ആയി മാറിയത് എന്നതിന് എതിരല്ല ഈ കണ്ടുപിടുത്തം. പേപ്പറില്‍ തന്നെ ഇത് പറയുന്നുണ്ട്: “MRD-യും വോറസനോ-മൈലില്‍ നിന്നുള്ള മറ്റ് കണ്ടുപിടുത്തങ്ങളും A.അനമെന്‍സിസും ആഫാറെന്‍സിസും തമ്മിലുള്ള പൂര്‍വ്വിക-പിന്‍ഗാമി ബന്ധം തെറ്റെന്ന് തെളിയിക്കുന്നതല്ല .” (“…MRD and other discoveries from Woranso-Mille do not falsify the proposed ancestor–descendant relationship between A. anamensis and A. afarensis…”) വോറസനോ-മൈലില്‍ ജീവിച്ചിരുന്ന A.അനമെന്‍സിസ് സമൂഹം A.അഫാറെന്‍സിസിന്റെ പൂര്‍വ്വികരല്ല; അതാണ് പരമാവധി നിഗമിക്കാവുന്ന കാര്യം. ഇതിനോട് എല്ലാ സയന്റിസ്റ്റുകളും യോജിക്കുന്നുമില്ല കെട്ടോ! സയന്‍സ് മുന്‍പ് പറഞ്ഞതുപോലെ പതുക്കെയുള്ള ഒരു പ്രക്രിയയാണ്.13

ഇനി, മറ്റൊരു ചെറിയ കൗതുകം കൂടി ഇതിലേക്ക് ചേര്‍ക്കാവുന്നതാണ്. വാര്‍ത്തകളിലും മറ്റുമായി പ്രശസ്തമായ “ലൂസി”ഒരു A.അഫാറെന്‍സിസ് ഫോസിലാണ്. അതായത്, “ലൂസിയുടെ പൂര്‍വ്വികരുടെ രഹസ്യങ്ങള്‍ വെളിപ്പെടുന്നു” എന്നൊരു തലക്കെട്ട് അബദ്ധമാകില്ലെന്ന് സാരം! (തെറ്റുകള്‍ വരുത്താതെ തന്നെ കൗതുകം ജനിപ്പിക്കാന്‍ കഴിയുമെന്നതിന്റെ ഒരുദാഹരണമാണിത്)വസ്തുതകള്‍ കഴിഞ്ഞു. ഇനി മാതൃഭൂമിയുടെ ഭാവനാലോകത്തേക്ക് കടക്കാം. ഒരോ പ്രസ്താവനകളായി എടുത്ത് വസ്തുതാപരിശോധന നടത്തുകയേ വഴിയുള്ളൂ. പല വരികളിലും ഒരുപാടൊരുപാട് അബദ്ധങ്ങള്‍ തിങ്ങി നിറഞ്ഞാണിരിക്കുന്നത്”‘ലൂസി’ എന്ന പേരില്‍ പ്രസിദ്ധമായിത്തീര്‍ന്ന നിലവിലെ ഏറ്റവും പഴക്കം ചെന്ന ഫോസിലിന്റെയും മുന്‍ഗാമിയാണ് ഈ ഫോസില്‍ എന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.”

Lucy
ലൂസി കണ്ടുപിടിച്ചയാള്‍ക്കൊപ്പം (Morton Beebe/Corbis)

അഫറെന്‍സിസിന്റെ തന്നെ ഏറ്റവും പഴക്കമുള്ളത് 39ലക്ഷമാണ് എന്ന് മുന്‍പേ പറഞ്ഞല്ലോ? ലൂസി “ഏറ്റവും പഴക്കം ചെന്നത്” ഒന്നുമല്ല. താരമ്യേന വളരെ നന്നായി സംരക്ഷിക്കപ്പെട്ട,അസ്ഥികൂടത്തിന്റെ പല ഭാഗങ്ങള്‍ ഉള്ള ഒരു ഫോസില്‍ ആയതുകൊണ്ടാണ് ലൂസിക്ക് പ്രാധാന്യമുള്ളത്.14 32 ലക്ഷം പ്രായമുള്ള ലൂസിയേക്കാളും പഴക്കമുള്ളതാണ് MRD എന്നത് വസ്തുതയാണ്.“മനുഷ്യന്റെ പൂര്‍വികര്‍ മരങ്ങളില്‍നിന്നു നിലത്തിറങ്ങി രണ്ടുകാലില്‍ നടക്കാനാരംഭിച്ച കാലത്താണ് എം.ആര്‍.ഡി. എന്നു പേരിട്ടിരിക്കുന്ന ഈ ആദിമ മനുഷ്യന്‍ ജീവിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്.”

60 ലക്ഷം കൊല്ലം മുന്‍പ് വരെ മനുഷ്യപൂര്‍വ്വികര്‍ രണ്ട് കാലില്‍ നടന്നിരുനന്തിന് തെളിവുണ്ട്.12 60 ലക്ഷവും 38ലക്ഷവും ഒരേ കാലത്താണോ അല്ലയോ എന്നത് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം. പിന്നെ, ഇവിടെ ഭാഷ കൊണ്ട് ഒരു കളി കൂടിയുണ്ട്. “ആദിമ മനുഷ്യന്‍” എന്ന് A.അനമെന്‍സിനെ വിളിച്ചുകൊണ്ട് മറ്റ് സ്പീഷീസുകളെ “മനുഷ്യന്റെ പൂര്‍വ്വികര്‍” എന്ന് വിളിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. എല്ലാ ആസ്ട്രലോപിത്തക്കസ് സ്പീഷീസുകളേയും പോലെ തന്നെ നമ്മുടെ പൂര്‍വ്വിക ബന്ധുക്കള്‍ മാത്രമാണ് A.അനമെന്‍സിസും.15 MRD പെടുന്ന A.അനമെന്‍സിസ് വിഭാഗവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല.16“ആസ്ട്രലോപിതെക്കസ് വംശത്തിലെ ആദ്യകണ്ണിയാണ് എം.ആര്‍.ഡി. എന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.”പേപ്പറില്‍ തന്നെ MRD-യിലും പഴക്കമുള്ള A.അഫാറെന്‍സിസ് ഫോസിലുകള്‍ ഉണ്ടെന്ന് പറഞ്ഞത് ഓര്‍മ്മയുണ്ടാകുമല്ലോ?(ഈ വാര്‍ത്തയെഴുതിയയാള്‍ അത് കണ്ടിട്ട് പോലുമില്ല എന്നത് വ്യക്തമാണിവിടെ) A.അനമെന്‍സിസിന്റെ തന്നെ 42 ലക്ഷം പഴക്കമുള്ള ഫോസിലുകളുണ്ട്.17 അതുകൊണ്ട് തന്നെ. MRD ആദ്യ കണ്ണി എന്ന് പറയുന്നത് വലിയ അബദ്ധമാണ്. പക്ഷേ,A.അനമെന്‍സിസ് ആസ്ട്രലോപിത്തക്കസ് വിഭാഗത്തിലെ ആദ്യ സ്പീഷീസ് ആയിരുന്നിരിക്കാന്‍ സാധ്യതയുണ്ട്.“മനുഷ്യപരിണാമം നേര്‍രേഖയിലാണെന്ന സിദ്ധാന്തം ഇതോടെ പൊളിച്ചെഴുതേണ്ടി വരും. ഒരു സ്പീഷിസ് അപ്രത്യക്ഷമാകുന്നതോടെയാണ് അടുത്തതു പ്രത്യക്ഷപ്പെടുന്നതെന്നായിരുന്നു ഈ സിദ്ധാന്തമനുസരിച്ചുള്ള കാഴ്ചപ്പാട്.”

Evoution Tree by Darwin
ഡാര്‍വിന്‍ വരച്ച “പരിണാമ മരം”

ഇങ്ങനെയൊരു സിദ്ധാന്തമില്ല എന്നത് എല്ലാവര്‍ക്കും അറിയാമെന്ന് കരുതുന്നു.6 ഡാര്‍വ്വിന്‍ പോലും പരിണാമം ഒരു മരം പോലെ ആണെന്നാണ് സിദ്ധാന്തിച്ചത്. അതായത്, ഒരുകാലത്തും പരിണാമം നേര്‍വര ആണെന്ന് സിദ്ധാന്തമുണ്ടായിരുന്നില്ല. പരിണാമം മനസിലാകാത്ത കുറച്ചധികമാളുകള്‍ ലളിതമാക്കിയോ വിമര്‍ശിച്ചോ ഉണ്ടാക്കിവച്ച ഒരു വികലമായ ആശയമാണ് നേര്‍രേഖാ പരിണാമം.A.അനമെന്‍സിസ് പൂര്‍ണ്ണമായും A.അഫാറെന്‍സിസ് ആയി മാറിയില്ല എന്ന വളരെ സാങ്കേതികമായ ഒരു തിരുത്തിനെ ആണ് ഇങ്ങനെ എഴുതിയത് എങ്കില്‍ ഇത് വളരെ തെറ്റിദ്ധാരണാജനകമാണ്.A.അനമെന്‍സിസോ A.അഫാറെന്‍സിസോ നമ്മുടെ നേര്‍ പൂര്‍വ്വികര്‍ ആണെന്നത് പോലും ഉറപ്പല്ല.17 നമ്മുടെ പൂര്‍വ്വിക ബന്ധുക്കളുടെ വൈവിധ്യത്തെ പറ്റി സയന്‍സ് നടത്തുന്ന ചര്‍ച്ചകളെ ഇങ്ങനെ വളച്ചൊടിക്കുന്നത് ശരിയല്ല.

മാത്രമല്ല, ഒരു സ്പീഷീസിന് രൂപമാറ്റം വന്ന് മറ്റൊന്നാകാം എന്ന പൊതു ആശയത്തിനെ (അനാജെനസിസ് എന്ന് പറയും)ഇത് പൂര്‍ണ്ണമായും തെറ്റെന്ന് തെളിയിക്കുന്നുമില്ല. ഈ ഒരു ഉദാഹരണത്തില്‍ പൂര്‍ണ്ണമായും അതല്ല സംഭവിച്ചത് എന്ന് മാത്രം.അനാജെനസിസ് പരിണാമത്തിന്റെ ഒരുപാട് പ്രക്രിയകളിലൊന്ന് മാത്രമാണ്; ചിലപ്പോള്‍ ഇതാകാം എന്ന് മാത്രം.18“വിവിധ ആദിമ മനുഷ്യവംശങ്ങള്‍ ഒരേ കാലഘട്ടത്തില്‍ ജീവിച്ചിരുന്നെന്ന് തെളിഞ്ഞതോടെ ഇതില്‍ ഏതു വിഭാഗത്തില്‍നിന്നാണ് ആധുനിക മനുഷ്യന്റെ പൂര്‍വികരായ ഹോമോസാപിയന്‍സ് പരിണമിച്ചതെന്ന ചോദ്യത്തിനുമുമ്പില്‍ ഉത്തരംമുട്ടിയിരിക്കയാണ് ശാസ്ത്രലോകം.”

Homo Genus
ഹോമോ ജീനസിന്റെ പരിണാമവഴി

പരിണാമം നേര്‍രേഖ അല്ലാത്തതുകൊണ്ട് ഈ ചോദ്യത്തിന് മുന്നില്‍ സയന്‍സിന് ഒട്ടുമേ പകച്ചുനില്‍ക്കേണ്ട കാര്യമേ ഇല്ല.ആസ്ട്രലോപിത്തക്കസ് കൂട്ടത്തില്‍ നിന്ന് ഇഴ പിരിഞ്ഞ് പോന്ന ഒരു ചില്ലയുടെ ഭാഗമാണ് മനുഷ്യര്‍.മാത്രമല്ല, ലോകത്തൊരു ശാസ്ത്രജ്ഞരും ഒരു ചോദ്യത്തിന് മുന്നില്‍ മുട്ടി നില്‍ക്കാനോ പകയ്ക്കാനോ പോകുന്നില്ല. ജീവിതം മുഴുവന്‍ സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഉഴിഞ്ഞുവച്ചിരിക്കുന്നവര്‍ക്ക് പുതിയ ചോദ്യങ്ങള്‍ ആവേശമാണ്. സയന്‍സുമായി, ആ ലോകവുമായി നമ്മുടെ മാധ്യമലോകം എത്രമാത്രം വേറിട്ട് കിടക്കുന്നു എന്നതിന്റെ തെളിവാണിത്.

“കുതുകകരം” (“It’s a very interesting claim,”) എന്നാണ് ഒരു ശാസ്ത്രജ്ഞന്‍ ചര്‍ച്ചാവിഷയമായ പേപ്പറിനെ പറ്റി പറയുന്നത്.14 അതാണ് സയന്‍സ് ലോകത്തിന്റെ ഇത്രയും ചെറിയൊരു മാറ്റത്തിനോടുള്ള പ്രതികരണം. പുതിയ ചോദ്യങ്ങള്‍ വരുന്നതിനോടോപ്പം കൗതുകവും ആവേശവും കൂടുന്ന ഒരു കൂട്ടരാണ് സയന്റിസ്റ്റുകള്‍!മനുഷ്യ പരിണാമത്തിന്റെ ചിത്രത്തില്‍ കാര്യമായ ഒരു മാറ്റവും വരുത്താത്ത, എന്നാല്‍ ശാസ്ത്രജ്ഞര്‍ക്ക് വളരെയധികം കൗതുകമുണ്ടാക്കുന്ന ഒരു കണ്ടുപിടുത്തം മാത്രമാണിത്. രണ്ട് സ്പീഷീസുകള്‍ ഒരേ സമയത്തുണ്ടായിരുന്നിരിക്കാം;അവയിലൊരു സമൂഹം എന്തായാലും മറ്റേ സ്പീഷീസ് ആയിട്ടുണ്ടായിരുന്നില്ല. അതില്‍ നിന്ന് ഒട്ടും കൂടുതലില്ല ഇവിടെ, ഒട്ടും കുറഞ്ഞിട്ടും ഇല്ല. ഇത്രമാത്രം.മലയാളം പത്രങ്ങളില്‍ പണിയെടുക്കുന്നവര്‍ ഏറ്റവും കുറഞ്ഞത് ഗൂഗിള്‍ യന്ത്രം നേര്‍ദിശയില്‍ കറക്കാന്‍ പഠിക്കുമെന്ന വിദൂരമായ പ്രതീക്ഷയില്‍ നിര്‍ത്തുന്നു. അതുവരെ, പത്രത്തില്‍ വരുന്ന സയന്‍സ് വാര്‍ത്തകള്‍ ഒന്നും വിശ്വസിക്കാന്‍ നില്‍ക്കാതിരിക്കുക. കഴിയുമെങ്കില്‍ പ്രസിദ്ധീകരിക്കപ്പെട്ട പേപ്പറുകള്‍ ഓടിച്ച് വായിക്കാന്‍ ശ്രമിക്കുക; അല്ലെങ്കില്‍ വിദഗ്ധരോട് സംസാരിക്കുക.

References

  1. https://ihalokam.blogspot.com/2016/02/blog-post_25.htm
  2. https://ihalokam.blogspot.com/2016/03/blog-post.html
  3. https://ihalokam.blogspot.com/2016/04/blog-post.html
  4. https://ihalokam.blogspot.com/2016/05/blog-post.html
  5. https://ihalokam.blogspot.com/2017/03/blog-post.html
  6. https://ihalokam.blogspot.com/2017/05/cosmictsunami.html
  7. https://ihalokam.blogspot.com/2018/10/blog-post_7.html
  8. https://www.mathrubhumi.com/technology/science/this-3-8-million-old-skull-may-rewrite-theory-of-evolution-1.4081338
  9. ഇതിനെപ്പറ്റി ഞാന്‍ നടത്തിയ ഒരവതരണം: https://youtu.be/YnMoRNx7Ma8
  10. https://www.nature.com/articles/s41586-019-1513-8
  11. ഇപ്പോഴുള്ള പരിണാമത്തിന്റെ ചിത്രം ഇവിടെ കാണാം: http://humanorigins.si.edu/evidence/human-evolution-timeline-interactive
  12. https://www.ncbi.nlm.nih.gov/pubmed/16630646
  13. https://www.nature.com/articles/d41586-019-02573-w
  14. https://en.wikipedia.org/wiki/Lucy_(Australopithecus)
  15. https://en.wikipedia.org/wiki/Australopithecus
  16. https://www.nature.com/articles/s41586-019-1514-7
  17. https://en.wikipedia.org/wiki/Australopithecus_anamensis
  18. https://en.wikipedia.org/wiki/Australopithecus_afarensis
  19. https://en.wikipedia.org/wiki/Anagenesis
Categories
Uncategorized

വരുന്നില്ല… കോസ്മിക് സുനാമി!

വരുന്നില്ല… കോസ്മിക് സുനാമി! : by Kannan M

“കോസ്മിക് സുനാമി” (Cosmic Tsunami) എന്നൊരു വാര്‍ത്ത അടുത്തകാലത്തായി സോഷ്യല്‍ മീഡിയയില്‍ കിടന്നു കറങ്ങുന്നുണ്ട്.  “പ്രപഞ്ച സുനാമി ഭീഷണിയെന്ന് നാസ” എന്ന മനോരമ വാര്‍ത്ത ഇതിനൊരുദാഹരണം മാത്രം.1 നാസ മേയ് 2-ന് പുറത്തുവിട്ട പത്രക്കുറിപ്പില്‍ നിന്നാണ്ഈ വാര്‍ത്തകള്‍ മുഴുവന്‍ ഉണ്ടായിരിക്കുന്നത്.2,3,4,5 സസ്പെന്‍സ് ഇടുന്നില്ല, തലക്കെട്ട്‌ പറയും പോലെ, ഇങ്ങോട്ടെങ്ങും വരുന്ന സാധനമല്ല ഈ “സുനാമി”. ലോകാവസാന പ്രഘോഷകര്‍ ഒക്കെ മൈക്കും കെട്ടിപ്പൂട്ടി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പോകുന്നതാകും നല്ലത്.

ആ പ്രശ്നം തീര്‍ത്ത സ്ഥിതിക്ക്, എന്താണ് ഈ സുനാമി എന്നുകൂടി ചര്‍ച്ച ചെയ്യാം. എന്താണ് ഈ “സുനാമി” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? ശാസ്ത്രലോകത്തിന് എന്തുകൊണ്ട് ഇതിത്ര കാര്യമായി പറയേണ്ടി വരുന്നു? എന്തൊക്കെ പ്രതിഭാസങ്ങള്‍ ആണ് ഇത്രയും വലിയൊരു “തിരമാല” സൃഷ്ടിക്കുക?!

Perseus cluster

ഗാലക്സികള്‍ എന്നാല്‍ ഗുരുത്വാകര്‍ഷണം മൂലം പരസ്പരം ബന്ധിപ്പിക്കപ്പെട്ട അനേകം നക്ഷത്രങ്ങളും വാതകമേഘങ്ങളും ഉള്‍പ്പടെയുള്ള ജ്യോതിര്‍വസ്തുക്കള്‍ (Astronomical Objects) ഘടനയാണെന്ന് അറിയാമായിരിക്കും.6 അങ്ങനെയുള്ള ഗാലക്സികളുടെ ഒരു കൂട്ടത്തെയാണ്‌ നാം ഗാലക്സി ക്ലസ്റ്റര്‍ (Galaxy Cluster) എന്ന് വിളിക്കുക.7 അത്തരത്തിലൊന്നാണ് പേഴ്സിയൂസ് ക്ലസ്റ്റര്‍.8 (Perseus cluster) പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ വസ്തുക്കളില്‍ ഒന്ന്.8,9

അതില്‍ “തീരം” (Bay) എന്ന് വിളിക്കുന്ന ഒരു ഘടനയുണ്ട്. ചിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ള മുകളിലേക്ക് വളഞ്ഞ് നില്‍ക്കുന്ന ഭാഗം. ഇത് എക്സ്റേ തരംഗദൈര്‍ഖ്യത്തില്‍ ഉള്ള ചിത്രമാണ്. നാം കാണുന്നത് നക്ഷത്രങ്ങള്‍ അല്ല, നക്ഷത്രങ്ങള്‍ക്ക് ഇടയിലുള്ള വാതകങ്ങള്‍ ആണ്. ആ വാതകങ്ങളുടെ കടലില്‍ തന്നെയാണ് ഈ “തീരം” ഉയര്‍ന്നുനില്‍ക്കുന്നത്.

ഇതിന്റെ ഉത്പത്തിയെ കുറിച്ച് പഠിക്കാനായി നടത്തിയ പരിശ്രമിച്ച സ്റ്റീഫന്‍ വാക്കര്‍ (Stephen Walker) എന്ന ശാസ്ത്രജ്ഞനും സംഘവുമാണ് “സുനാമി” എന്ന നിഗമനത്തിലേക്ക് എത്തിച്ചേര്‍ന്നത്.2,10 നിലനില്‍ക്കുന്ന നിരീക്ഷണ ഫലങ്ങളെ ജോണ്‍ സൂഹോണ്‍ (John ZuHone) എന്ന ശാസ്ത്രജ്ഞന്‍ നടത്തിയ കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ ഉപയോഗിച്ച് പഠനവിധേയമാക്കിയപ്പോള്‍ “തീരം” ഘടന വിശദീകരിക്കുന്ന ഒറ്റ സിമുലേഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ: അകമേ വേഗത കുറഞ്ഞ (തണുത്ത) ഒരു വാതകപാളിയും പുറമേ വേഗത കൂടിയ (ചൂടായ) മറ്റൊരു വാതകപാളിയും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം മൂലം ഉണ്ടാകുന്ന പ്രതിഭാസങ്ങള്‍.

Kelvin-Helmholtz instabilityimage credit: http://www.jamesspann.com/wordpress/wp-content/uploads/2011/12/KH-waves.gif

ഇതിനെ ഫിസിക്സില്‍ കെല്‍വിന്‍-ഹെല്മോള്‍ട്സ് അസ്ഥിരത (Kelvin-Helmholtz instability) എന്നാണ് വിളിക്കുക.11 രണ്ട് വാതകങ്ങള്‍ക്ക് ഇടയിലോ വാതകപാളികള്‍ക്ക് ഇടയിലോ ഉള്ള വേഗതാ വ്യത്യാസം കൊണ്ട് ഉണ്ടാകുന്ന അസ്ഥിരത. ഇതേ പ്രതിഭാസം കൊണ്ടാണ് കടലില്‍ തിര ഉണ്ടാകുന്നത്! കാറ്റിന്റെ വേഗതയും കടല്‍പ്പരപ്പും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം, കടല്‍പ്പരപ്പും കടലാഴവും തമ്മിലുള്ള പ്രവര്‍ത്തനം; ഇതൊക്കെ കൊണ്ടാണ് തിരയെണ്ണി തീരത്തിരിക്കാന്‍ പറ്റുന്നത്.

 

ഇതിന് സമാനമായ പ്രതിഭാസം പേഴ്സിയൂസ് ക്ലസ്റ്ററില്‍ നടന്നിട്ടുണ്ടാകണം എന്നതാണ് ഇപ്പോഴുള്ള സിദ്ധാന്തം. അതിന്റെ സിമുലേഷന്‍ ഇവിടെ കാണാം.

അതിനെ വലിച്ചുനീട്ടി എവിടെ എത്തിച്ചു!

പിന്‍കുറിപ്പ്: വളരെയധികം സാങ്കേതികമയതുകൊണ്ട് അധികം ഇപ്പോള്‍ വിശദീകരിക്കാന്‍ നില്‍ക്കുന്നില്ല. പിന്നെടെപ്പോഴെങ്കിലും വിശദമായി എഴുതാം.

അവലംബം

  1. http://www.manoramaonline.com/technology/science/2017/05/05/nasa-cosmic-tsunami-swallow-earth-apocalypse-space-asteroid.html
  2. https://www.nasa.gov/feature/goddard/2017/scientists-find-giant-wave-rolling-through-the-perseus-galaxy-cluster
  3. http://tech.firstpost.com/news-analysis/nasa-scientists-discover-cosmic-tsunami-of-hot-gas-twice-the-size-of-the-milky-way-374627.html
  4. http://www.dailystar.co.uk/news/latest-news/611319/nasa-cosmic-tsunami-swallow-earth-apocalypse-space-asteroid
  5. http://www.indialivetoday.com/nasa-warns-of-massive-cosmic-tsunami-perzizus-could-swallow-earth-in-seconds/155225.html
  6. https://en.wikipedia.org/wiki/Galaxy
  7. https://en.wikipedia.org/wiki/Galaxy_cluster
  8. https://en.wikipedia.org/wiki/Perseus_cluster
  9. https://www.nasa.gov/chandra/multimedia/perseus-cluster.html
  10. https://arxiv.org/abs/1705.00011
  11. https://en.wikipedia.org/wiki/Kelvin%E2%80%93Helmholtz_instability
Categories
Uncategorized

വാനംനോക്കികളുടെ ഫോസില്‍

 

വിഷുവും വിഷുവവും: വാനംനോക്കികളുടെ ഫോസില്‍
by Kannan M

സമര്‍പ്പണം: ഞാനാദ്യം കണ്ട വാനംനോക്കിക്ക്, നിശാകാശത്തിന്റെ സൗന്ദര്യം ആശയങ്ങള്‍ക്കുമപ്പുറം ഒരു വികാരമായി എന്റെ മനസ്സില്‍ സന്നിവേശിപ്പിച്ച, ഓറിയോണ്‍ ആകാശത്തുള്ളിടത്തോളം എന്റെ വിഷാദങ്ങള്‍ മാഞ്ഞുപോകുന്നതിന് കാരണഭൂതനായ എന്റെ അച്ഛന്…

https://upload.wikimedia.org/wikipedia/commons/3/37/Pinnacles_Night_Sky_-_Flickr_-_Joe_Parks.jpg

കുറ്റാക്കുറ്റിരുട്ടത്ത് നിശാകാശം നോക്കി നിന്നിട്ടുണ്ടോ? കവികള്‍ മുതല്‍ ശാസ്ത്രജ്ഞര്‍ വരെയുള്ള സഹൃദയരെ പരിധികളില്ലാതെ വിസ്മയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ടീ ദൃശ്യം. ഇടവിട്ട് മിന്നുന്ന പ്രകാശക്കുത്തുകള്‍, അവയ്ക്കിടയില്‍ മിന്നാത്ത ചില തോന്ന്യാസികള്‍, വല്ലപ്പോഴും കത്തിയമരുന്ന കൊള്ളിയാനുകള്‍, അതിലുമപൂര്‍വ്വമായി വന്നുപോകുന്ന വാല്‍നക്ഷത്രങ്ങള്‍ പിന്നെ കവികളെ അത്രയൊന്നും സന്തോഷിപ്പിക്കാന്‍ സാധ്യതയില്ലാത്ത വീമാനങ്ങളും കൃത്രിമോപഗ്രഹങ്ങളും.

ഇവയ്ക്കോരോന്നിനുമിടയില്‍ അറിഞ്ഞതും അറിയാനുള്ളതുമായി ഒരായിരം സത്യങ്ങള്‍. ഒരല്പം ശാസ്ത്ര വിദ്യാഭ്യാസം സിദ്ധിച്ചവര്‍ക്ക് നക്ഷത്രങ്ങളോരോന്നും ഓരോ സൂര്യനാണെന്നും അവയില്‍ പലതിനുചുറ്റും ഭീമാകാരമോ ഭൌമസമാനമോ സൂക്ഷമവുമോ ആയ അനേകം ഗ്രഹങ്ങള്‍ വലം വയ്ക്കുന്നുണ്ടെന്നും അറിയാമായിരിക്കും. (“ഒഖമിന്റെ കത്തിയും റ്റാബിയുടെ നക്ഷത്രവും” ബാഹ്യഗ്രഹങ്ങളെ വിശദമായി കൈകാര്യം ചെയ്യുന്നുണ്ട്)

ഇത്തിരികൂടി മുന്നോട്ടുപോയാല്‍, ഓരോ നക്ഷത്രവും സ്വന്തം ഗുരുത്വാകര്‍ഷണം കൊണ്ട് കേന്ദ്രത്തിലെ ആറ്റങ്ങളെ ഞെരുക്കി പുതിയ മൂലകങ്ങള്‍ സൃഷിക്കുകയും തന്മൂലം താപോര്‍ജ്ജവും പ്രകാശവും സൃഷ്ടിക്കുകയും ചെയ്യുന്ന വാതകഗോളങ്ങളാണെന്നും മനസിലാക്കാന്‍ കഴിയും.1

ഓരോ തിരിച്ചറിവും പ്രപഞ്ചത്തിന്റെ, നിശാകാശത്തിന്റെ, മാസ്മരികതയും നിഗൂഢതയും പതിന്മാടങ്ങാക്കുക മാത്രമാണ് ചെയ്യുക.2 ഒരിറ്റുപോലും ആ സൗന്ദര്യം കുറയുന്നേയില്ല.

http://thefossilshop.com/wp-content/uploads/2014/01/fossil_treasure.jpg?7313a5

പക്ഷേ, ഈ ലേഖനം അതിനെപ്പറ്റിയല്ല. കവിഹൃദയമുണ്ടായിട്ടും സ്വന്തം കൃതികളെഴുതാതെ പ്രകൃതിയുടെ സംഗീതം തേടിയിറങ്ങിയ മഹാരഥികളുടെ കഥയാണിത്. ഇത് ദിവസമുണ്ടായതിന്റെ കഥയാണ്; മാസവും വര്‍ഷവുമുണ്ടായതിന്റെ കഥയാണ്; പ്രവചനസിദ്ധികൊണ്ട് പ്രകൃതിയെ മനുഷ്യന്‍ മെരുക്കിയതിന്റെ കഥയാണ്; സയന്‍സ് ഒരു സാധ്യതയാണെന്ന് തിരിച്ചറിഞ്ഞതിന്റെ കഥയാണ്.

ഇത് കലണ്ടര്‍ ഉണ്ടായതിന്റെ കഥയാണ്. പേരറിയാത്ത കുറേ വാനംനോക്കികള്‍ അവശേഷിപ്പിച്ചുപോയ ഫോസിലുകള്‍ സംസ്കാരത്തിന്റെ സ്മരണകളില്‍ നിന്ന് ഖനനം ചെയ്യാനുള്ളൊരു ശ്രമം.

ഇന്ന് വിഷുവാണെന്ന് അറിയാമല്ലോ. എന്താണീ ഈ വിഷു? അതിന്റെ പ്രാധാന്യമെന്തായിരുന്നു?3 എന്തുകൊണ്ട് ഈ ദിവസം തന്നെ അതിനായി തിരഞ്ഞെടുക്കപ്പെട്ടു? തലക്കെട്ടില്‍ പറഞ്ഞ “വിഷുവം” എന്താണ്? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ തേടിയുള്ള യാത്രയില്‍ നിശാകാശത്തെ പുതിയൊരു ദൃഷ്ടികോണില്‍ വരച്ചുകാട്ടുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. “വാനംനോക്കി” എന്നതൊരു മോശം കാര്യമേ അല്ല എന്ന് സ്ഥാപിക്കാനും!

ഭൂമി സൂര്യനെ ചുറ്റുന്നുണ്ട് (പരിക്രമണം – Revolution) എന്ന് നമുക്കെല്ലാം അറിയാം.4എന്നാല്‍, ഒരു വലം വയ്ക്കല്‍ പൂര്‍ത്തിയായെന്ന് എങ്ങനെ മനസിലാക്കാനാകും?

നിങ്ങള്‍ സ്വന്തം വീടിനുചുറ്റും നടക്കുകയാണെന്ന് സങ്കല്‍പ്പിക്കുക. വീടിന്റെ ദിശയിലേക്ക് നോക്കാനാകില്ല എങ്കില്‍ എങ്ങനെ പുറപ്പെട്ടിടത്തെത്തി, അതായത് ഒരു വലം വയ്പ്പ് കഴിഞ്ഞു എന്ന് മനസിലാക്കാം? നടക്കുന്ന വഴിയിലുള്ള എന്തെങ്കിലും അടയാളങ്ങള്‍ കണ്ടുവയ്ക്കാം: ഒരു കൊന്നയോ, തുമ്പയോ, പേരയോ, മാവോ അങ്ങനെ എന്തെങ്കിലും. ഓരോ സ്ഥാനങ്ങളും സൂചിപ്പിക്കാന്‍ ഓരോ അടയാളങ്ങള്‍.

 

രാശികള്‍
http://stories.barkpost.com/wp-content/uploads/2013/12/canis-major-2.jpg

ഇത് തന്നെയാണ് ആകാശത്ത് ജ്യോതിഷികളും5 ചെയ്തുവച്ചിട്ടുള്ളത്: പരിചിതമായ ചില നക്ഷത്രക്കൂട്ടങ്ങള്‍, അവയെ രാശികള്‍ എന്ന് വിളിക്കും, ആകാശത്ത് അടയാളമാക്കി വച്ചിട്ടുണ്ട്. (രാശികളുടെ പേരുകള്‍ തത്കാലം ഇവിടെ പറയുന്നില്ല: വെറുതെ നീളം കൂട്ടണ്ട എന്ന് വിചാരിച്ചാണ്)

ഇനിയാണ് ഈ ഉദാഹരണം സങ്കീര്‍ണ്ണമാകുന്നത്. കാരണം, ഒന്ന്, ഭൂമി ഓരോ ദിവസവും സ്വയം ഭ്രമണം ചെയ്യുന്നുണ്ട്; അതായത്, നാം കാണുന്ന നിശാകാശം (പകലുള്ളതും, പക്ഷേ, അവിടെ വ്യക്തമായുള്ളത് സൂര്യന്‍ മാത്രമാണല്ലോ!) എല്ലായ്പ്പോഴും അല്പാല്പമായി കിഴക്കുനിന്നും പടിഞ്ഞാട്ട് നീങ്ങുന്നുണ്ട്. അതുകൊണ്ട്, ഒരു പ്രത്യേക നക്ഷത്രക്കൂട്ടം വ്യക്തമായി രേഖപ്പെടുത്തിയ സമയത്ത് എവിടെ എന്ന് മനസിലാക്കിയാലേ ഒരു വര്‍ഷം കഴിഞ്ഞ് അതവിടെത്തന്നെ വരുമ്പോള്‍ തിരിച്ചറിയാന്‍ കഴിയൂ.

ഇന്നിപ്പോള്‍ പരിചയമില്ലാത്ത ഒരു വാനനിരീക്ഷക ക്ലോക്ക് നോക്കി നക്ഷത്രങ്ങള്‍ എവിടെ എന്ന് നോക്കും പോലെ, (ഇന്ന് ഓണ്‍ലൈന്‍ ആയും അല്ലാതെയും വ്യക്തമായി ഇതെല്ലം രേഖപ്പെടുത്തിയ അനേകം സ്രോതസ്സുകള്‍ ലഭ്യമാണ്) നക്ഷത്രങ്ങളുടെ സ്ഥാനം രാത്രിയില്‍ സമയനിര്‍ണ്ണയത്തിന് ഉപയോഗിക്കാം എന്ന് വളരെക്കാലത്തെ നിരീക്ഷണവും ചിന്തയും കൊണ്ട് “വാനംനോക്കികള്‍” കണ്ടെത്തി. (വെറും “വാനംനോക്കല്‍” എന്നതില്‍ നിന്നും നാം പണ്ടേ വിട്ടുപോന്നു എന്ന് പറയേണ്ടല്ലോ; എന്നാലും, വെറും അല്ല എങ്കിലും ഇതും വാനംനോക്കല്‍ തന്നെ!)

അതുപോലെ, കാലാവസ്ഥാചക്രങ്ങള്‍ സൂര്യന്‍ ഏത് നക്ഷത്രത്തിന്റെ പശ്ചാത്തലത്തില്‍ ആണെന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നും അവര്‍ മനസിലാക്കി. അങ്ങനെ വര്‍ഷാവര്‍ഷം കറങ്ങി വരുന്ന നക്ഷത്രങ്ങളെ മനുഷ്യന്റെ സംസ്കാരത്തിലേക്ക് പ്രയോജനകരമായി ആവാഹിക്കാന്‍ ജ്യോതിഷികള്‍ക്ക് കഴിഞ്ഞു.6

“സൂര്യന്റെ പശ്ചാത്തലത്തില്‍? അതെങ്ങനെ മനസിലാകും?” എന്ന വളരെ സ്വാഭാവികമായ ഒരു ചോദ്യം ഇവിടെയുണ്ട്. അതും ക്രാന്തിവൃത്തം (ecliptic) എന്ന ജ്യോതിഷ സങ്കല്‍പവും ഇനി വിശദീകരിക്കാം.

ചിത്രം 1*

ചിത്രം 1 നോക്കുക.* ഭൂമി കറങ്ങുമ്പോള്‍ അതിനനുസൃതമായി സൂര്യന്റെ പിന്നില്‍ നാം “കാണുന്ന” നക്ഷത്രങ്ങള്‍ മാറും. (ചിത്രത്തില്‍ 1,2,3 എന്നിങ്ങനെ പശ്ചാത്തല നക്ഷത്രക്കൂട്ടങ്ങള്‍ മാറുന്നു) ഓരോ നക്ഷത്രങ്ങളെ കൃത്യമായി വേര്‍തിരിച്ചറിയുക താരതമ്യേന ബുദ്ധിമുട്ടായതിനാല്‍ നക്ഷത്രക്കൂട്ടങ്ങളെ പല ചിത്രങ്ങളായി ഓര്‍ത്തുവച്ചാല്‍7 എപ്പോള്‍ വീണ്ടും ഭൂമി അതേ ഇടത്ത് പരിക്രമണം ചെയ്തെത്തി എന്ന് മനസിലാക്കാം.

പക്ഷേ, ആ നക്ഷത്രക്കൂട്ടങ്ങള്‍ കാണുക എന്നതൊരു സാങ്കേതിക സാധ്യത മാത്രമാണ്. സൂര്യന്റെ തീവ്രത കൊണ്ട് ആ നക്ഷത്രക്കൂട്ടങ്ങള്‍ ഏതെന്ന് കാണുക സാധ്യമേയല്ല! അപ്പോള്‍ എന്ത് ചെയ്യാന്‍ കഴിയും?

ചിത്രം 2*

ചിത്രം 2 കാണുക. ഇതില്‍ നാം എന്ത് കാണുന്നു എന്നതിന്റെ ചിത്രീകരണമാണ്. ഭൂമിയുടെ ചുറ്റും നക്ഷത്രകൂട്ടങ്ങളുടെ പശ്ചാത്തലത്തില്‍ സൂര്യന്‍ ചുറ്റി വരുന്നു. സൂര്യന്റെ ഈ പഥത്തെയാണ് ക്രാന്തിവൃത്തം എന്ന് വിളിക്കുന്നത്. ക്രാന്തിവൃത്തത്തില്‍ നക്ഷത്രക്കൂട്ടം 1-ന്റെ മുന്നില്‍ സൂര്യന്‍ നില്‍ക്കുമ്പോള്‍ നമുക്ക് അതിന്റെ നേരെ വിപരീതമായ നക്ഷത്രക്കൂട്ടം, “വിപരീത നക്ഷത്രക്കൂട്ടം 1” രാത്രിയില്‍ ദൃശ്യമാകും. “വിപരീത നക്ഷത്രക്കൂട്ടം 1”-ന്റെ പശ്ചാത്തലത്തില്‍ സൂര്യന്‍ നില്‍ക്കുമ്പോള്‍ നക്ഷത്രക്കൂട്ടം 1-ഉം. പക്ഷേ, അപ്പോഴും ഒരു പ്രശ്നം ബാക്കി നില്‍ക്കുന്നുണ്ട്. രാത്രി കാണുന്ന നക്ഷത്രങ്ങളില്‍ ഏതാണീ വിപരീത നക്ഷത്രക്കൂട്ടം എന്ന് എങ്ങനെ തിരിച്ചറിയും???

ഏതെങ്കിലും ഒരു സമയമെടുക്കുക. രാവിലെ 9 മണി എന്ന് സങ്കല്‍പ്പിക്കാം. ഇപ്പോള്‍ സൂര്യനുള്ള കോണ്‍ എന്തെന്ന് ശ്രദ്ധിക്കുക.8 രാത്രി 9-ന് അതേ കോണില്‍ കാണുന്നതാണ് വിപരീത നക്ഷത്രക്കൂട്ടം. 9 മണിക്ക് പ്രത്യേകിച്ച് പ്രാധാന്യമൊന്നുമില്ല എന്ന് പറയേണ്ടല്ലോ; ഏത് സൂര്യനെ രാവിലെയും നക്ഷത്രങ്ങളെ രാത്രിയും കാണാന്‍ പറ്റുന്ന ഏത് സമയത്തും ഈ പ്രക്രിയ സാധ്യമാണ്.

കുറേക്കൂടി നിരീക്ഷണം പുരോഗമിച്ചാല്‍, ഇന്നേക്ക് ആറുമാസം കഴിഞ്ഞ് വിപരീത നക്ഷത്രക്കൂട്ടമായി വരുന്നതാണ് ഇന്നത്തെ നക്ഷത്രക്കൂട്ടം എന്ന് മനസിലാകും. ഇങ്ങനെയുള്ള നിരീക്ഷണങ്ങളിലൂടെയാണ് കാലാവസ്ഥ വ്യക്തമായി പ്രവചിക്കാനും അങ്ങനെ കൃഷിയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞത്.

ഇങ്ങനെ ഒരു കണക്ക് ഉണ്ടാക്കുമ്പോള്‍, കലണ്ടര്‍ ഉണ്ടാക്കുമ്പോള്‍, ഏത് ദിവസം എടുക്കും ഒരു ആരംഭമായി? ഓരോരുത്തരും സ്വന്തം ദിവസം ആരംഭമായെടുത്താല്‍ ഒരു പൊതു കലണ്ടര്‍ ഉണ്ടാകും? അതായത്, വര്‍ഷം എവിടെ തുടങ്ങും?

https://c.tadst.com/gfx/750×500/december-solstice-illustration.png?2

കാലാവസ്ഥയറിയാന്‍ വേണ്ടിയാണല്ലോ കലണ്ടറുണ്ടാക്കിയത്? അതുകൊണ്ട്, കാലാവസ്ഥയുമായി ബന്ധപ്പെട്ട എന്തെങ്കിലുമൊരു ദിവസമാണ് മിക്കവാറും കലണ്ടറുകളില്‍ ആരംഭമായി എടുക്കുന്നത്. നാം പൊതുവേ ഉപയോഗിക്കുന്ന ഗ്രിഗോറിയന്‍ കലണ്ടറില്‍ ആദ്യ ദിനമായെടുത്തത് ഏറ്റവും നീളം കുറഞ്ഞ ദിവസത്തില്‍ നിന്നും എട്ട് ദിവസം കഴിഞ്ഞ നാളാണ്. ഏറ്റവും നീളം കുറഞ്ഞ ദിവസമായിരുന്നു സാറ്റര്‍നാലിയ (Saturnalia) എന്ന പേരില്‍ റോമാക്കാര്‍ ആഘോഷിച്ചിരുന്നത്; അതാണ്‌ പിന്നീട് ക്രിസ്തുമസ് ആഘോഷമായത്. പക്ഷേ, ഇന്ന് ആ ദിവസം മാറിപ്പോയി; ക്രിസ്തുമസ് അല്ല ഏറ്റവും നീളം കുറഞ്ഞ ദിനം. (എന്തുകൊണ്ട് എന്ന് വഴിയേ പറയാം)

ഇനി വിഷുവം എന്തെന്ന്. ഏറ്റവും നീളം കുറഞ്ഞ ദിവസം പോലെ ഏറ്റവും നീളം കൂടിയ ദിവസവുമുണ്ട്. ഇവയെ ക്രമേണ ഉത്തരായനാന്തം, ദക്ഷിണായനാന്തം (Winter Solstice and Summer Solstice) എന്ന് വിളിക്കും; ഡിസംബര്‍ 22-നും ജൂണ്‍ 22-നും ആണീ ദിവസങ്ങള്‍.

ഇവയ്ക്കിടയില്‍ ദിവസവും രാത്രിയും സമമായ രണ്ട് ദിവസങ്ങളുണ്ട്: അവയാണ് സമരാത്രദിനങ്ങള്‍. (Equinox) സൂര്യന്‍ വിഷുവത്തില്‍ എത്തുന്ന ദിവസങ്ങളാണിവ. ഇവയില്‍ വസന്തവിഷുവം (Vernal Equinox) എന്ന പൂക്കാലവുമായി ബന്ധപ്പെട്ട ദിനമാണ് നാം വര്‍ഷാരംഭമായി എടുത്തിരുന്നത്.

ഭൂമി സൂര്യനെ ചുറ്റുന്ന അക്ഷത്തില്‍ (Axis) നിന്നും 23.5 ഡിഗ്രി ചെരിഞ്ഞാണ്‌ ഭൂമി സ്വയം ചുറ്റുന്ന അക്ഷം എന്ന് അറിയാമല്ലോ? ഇതുമൂലമാണ് കാലാവസ്ഥയില്‍ സ്വാഭാവികമായ മാറ്റമുണ്ടാകുന്നത്; സൂര്യപ്രകാശം ഭൂമിയില്‍ എവിടെ, എത്ര അളവില്‍ വീഴുന്നു എന്നതില്‍ വിവിധ സമയത്ത് വരുന്ന വ്യത്യാസങ്ങള്‍ കൊണ്ടാണീ കാലാവസ്ഥാമാറ്റങ്ങള്‍. അതുകൊണ്ട്, കാലാവസ്ഥയുമായി ബന്ധപ്പെട്ട കലണ്ടറില്‍ ഈ വസ്തുതയ്ക്ക് വലിയ പ്രാധാന്യമുണ്ട്.

ക്രാന്തിവൃത്തം പോലെ തന്നെ മറ്റൊരു വൃത്തം കൂടി ആകാശത്ത് വരയ്ക്കാം; ഭൂമധ്യരേഖയെ (Equator) ആകാശത്തിലേക്ക് വികസിപ്പിച്ചാല്‍ ഉണ്ടാകുന്ന വൃത്തത്തെ നാം ഖമധ്യരേഖ (Celestial Equator) എന്ന് വിളിക്കും. ഈ രണ്ട് വൃത്തങ്ങളും 23.5 ഡിഗ്രി ചെരിഞ്ഞുതന്നെയാണ്. ഒന്ന് ഭൂമിയുടെ കറക്കവുമായും മറ്റൊന്ന് സൂര്യന്റെ കറക്കം അഥവാ ഭൂമിയുടെ പരിക്രമണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതുകൊണ്ടാണിത്.

വിഷുവങ്ങള്‍

ക്രാന്തിവൃത്തവും ഖമധ്യരേഖയും രണ്ടിടങ്ങളില്‍ പരസ്പരം കടന്നുപോകുന്നുണ്ട്. ആ സ്ഥാനങ്ങളാണ് വിഷുവങ്ങള്‍. മാര്‍ച്ച് 21-ല്‍ വസന്തവിഷുവവും സെപ്തംബര്‍ 23-ന് ഉത്തരവിഷുവവും. (Autumnal Equinox) (ചിത്രം കാണുക) 1600 കൊല്ലം മുന്‍പ് മലയാളമാസങ്ങള്‍ ജ്യോതിശാസ്ത്ര വസ്തുതയായ വസന്തവിഷുവവുമായി ബന്ധപ്പെട്ടിരുന്നു; അന്ന് മേടം ഒന്ന് സമരാത്ര ദിനമായിരുന്നു.

*

പിന്നെയെന്ത് സംഭവിച്ചു? ഭൂമിയുടെ ഭ്രമണാക്ഷം പതിയെപ്പതിയെ കറങ്ങുന്നുണ്ട്. (എത്ര കറക്കമായി എന്നാകും അല്ലെ?) അതെ, ഭൂമിയുടെ കറക്കവും കറങ്ങുന്നുണ്ട്! ഏതാണ്ട് ഇരുപത്തിമൂന്നര ഡിഗ്രി ഭ്രമണാക്ഷത്തില്‍ നിന്നും ചെരിഞ്ഞ ഒരു അക്ഷത്തിലാണ് ആ കറക്കം. (ചിത്രം കാണുക) ഇരുപത്തിയാറായിരം (26,000) വര്‍ഷങ്ങള്‍ കൊണ്ടാണ് ഈ കറക്കം, സാങ്കേതികമായി പറഞ്ഞാല്‍ പുരസ്സണം (Precession) പുര്‍ത്തിയാകുന്നത്.

പരിക്രമണത്തില്‍ മാറ്റമൊന്നും വരാത്തതുകൊണ്ട്, ഇതുമൂലം വിഷുവസ്ഥാനങ്ങള്‍ വളരെ പതിയെയാണെങ്കിലും മാറും. ഈ പ്രതിഭാസത്തെ പറ്റി നമ്മുടെ കലണ്ടര്‍ ഉണ്ടാക്കിയ വാനംനോക്കികള്‍ക്ക് അറിയില്ലായിരുന്നു; അതുകൊണ്ട് ഈ മാറ്റത്തെ കാലാവസ്ഥയുമായി ബന്ധപ്പെടും വണ്ണം തിരുത്താന്‍ അവര്‍ ശ്രമിച്ചിരുന്നില്ല.

പുരസ്സണം അനുസരിച്ച് വിഷുദിനം പരിഷ്കരിച്ചാലെ വിഷു അതിന്റെ നാമകാരണമായ വിഷുവവുമായി, വിഷു കൊണ്ടുവരുന്ന വസന്തവുമായി ബന്ധപ്പെട്ടിരിക്കൂ. വിഷുവിനും മുന്‍പേ കൊന്ന പൂക്കുന്നത് കണി വയ്ക്കാന്‍ എളുപ്പത്തിനല്ല; നമ്മള്‍ വിഷു എന്ന് ആഘോഷിക്കുന്നു എന്നതല്ല, വസന്തം എന്ന് വരുന്നു എന്നതാണ് ചെടികള്‍ക്ക് കാര്യം എന്നതുകൊണ്ടാണ്.

ഏതാണ്ട് ഇരുപത്തിനാലായിരത്തിനാന്നൂറ് കൊല്ലം കഴിഞ്ഞാല്‍ വീണ്ടും വിഷു മേടം ഒന്നിനാകും. പക്ഷേ, അതിനിടയില്‍ കാലാവസ്ഥയുമായി വളരെ വേറിട്ട്‌ പോകും നമ്മുടെ കലണ്ടര്‍. കര്‍ക്കടകത്തില്‍ കല്ലുരുട്ടി മഴയുണ്ടാകില്ല; വിഷുവിന് കണിക്കൊന്നയും ഉണ്ടാകില്ല!9

വിഷു എന്ന പേര് വിഷുവത്തില്‍ നിന്ന്, വസന്തം വരുന്നു എന്ന ഓര്‍മ്മയില്‍ നിന്ന് ഉണ്ടായ പേരാണ്. ലേഖനത്തിനാദ്യം പറഞ്ഞതുപോലെ നമ്മുടെ സംസ്കാരത്തിന്റെ സ്മരണകളില്‍ നിന്ന് ഈ വസ്തുത കുഴിച്ചെടുത്ത് പൊടികളഞ്ഞ് പ്രദര്‍ശനത്തിന് വച്ചിരിക്കുകയാണ്.

പക്ഷേ, ആ വാനംനോക്കിയുടെ കണ്ണിലൂടെ ഒന്ന് നോക്കൂ. പാതി പൂര്‍ത്തിയായ ഒരു കെട്ടിടം, വാസയോഗ്യമെങ്കിലും കാലത്തെ അതിജീവിക്കാത്ത ഒരു സൃഷ്ടി; അതിനെ ഇനി പരിഷ്കരിക്കാന്‍ കഴിയാത്ത അതിന്റെ യഥാര്‍ത്ഥ ശില്പി എന്താഗ്രഹിക്കും? ആരെങ്കിലും പൂര്‍ത്തിയാക്കി അത് അനന്തകാലം തേജസ്സോടെ അതിജീവിക്കണമെന്നോ, അതോ  പണിതപോലെ തന്നെ ഇരിക്കട്ടെ, പൊളിഞ്ഞ് പോകട്ടെ എന്നോ?

ഒരു ജ്യോതിശാസ്ത്ര കുതുകി എന്ന നിലയില്‍ എനിക്ക് വിഷുവം എന്തെന്ന് കൂടുതലാള്‍ അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. ഒരു മലയാളി എന്ന നിലയില്‍ എന്റെ പിന്‍ഗാമികളും ഓര്‍മ്മയില്‍ വിഷുവിന് “ഇത്തിരി കൊന്നപ്പൂവും” പൂത്തുകാണണമെന്നുണ്ട്.

എന്തായാലും തത്കാലം എല്ലാവര്‍ക്കും വിഷു ഇന്ന് തന്നെയാണ്. വിഷുവത്തിന്റെ, വസന്തത്തിന്റെ വിസ്മൃതിയിലും ഓര്‍ത്തിരിക്കുന്ന ആഘോഷം.

ഒരു നിമിഷം ഓര്‍ക്കുക, വസന്തത്തിന്റെ വരവിനെ… കൊന്നപ്പൂക്കളെ…

http://www.tradewindsfruit.com/content/images/cassia-alata12.jpg

വിഷു ആശംസകള്‍. കടന്നുപോയ വിഷുവത്തിന്റെ ആശംസകളും.

അവലംബവും കുറിപ്പുകളും

  1. https://en.wikipedia.org/wiki/Stellar_nucleosynthesis
  2. “There are all kinds of interesting questions that come from a knowledge of science, which only adds to the excitement and mystery and awe of a flower. It only adds. I don’t understand how it subtracts.” – എന്ന ഫൈന്മന്‍ ഉദ്ധരണിയില്‍ നിന്നും പ്രചോദിതം. https://en.wikiquote.org/wiki/Richard_Feynman
  3. ഈ ലേഖനത്തെ പറ്റി സംസാരിച്ചപ്പോള്‍ ചില സുഹൃത്തുക്കള്‍ (നിതീഷേട്ടന്‍, രാജേഷേട്ടന്‍) ഓര്‍മ്മപ്പെടുത്തിയതുപോലെ ഇന്ന് വിഷുവും ഒരാഘോഷം മാത്രമാണ്. തലയ്ക്ക് വെളിവ് കിട്ടാനൊരവധി; അത്ര തന്നെ. “പ്രാധാന്യമെന്ത്” എന്ന ചോദ്യത്തിനര്‍ത്ഥമില്ല; “എന്തായിരുന്നു” എന്നുതന്നെയാകണം ചോദ്യം.
  4. തത്കാലം അത് തെളിയിക്കാന്‍ പോകുന്നില്ല. “വെള്ളം നനയ്ക്കും” എന്ന് തെളിയിക്കാന്‍ പറയും പോലെ, പ്രശ്നം തെളിവില്ലാത്തതല്ല, അനേകം തെളിവുകള്‍ ഉള്ളതുകൊണ്ട് എന്ത് പറയും എന്ന സംശയമാണ്. https://en.wikipedia.org/wiki/Earth%27s_orbit
  5. https://en.wikipedia.org/wiki/Constellation. ഓറിയോണ്‍, Orion, എന്ന വേട്ടക്കാരന്‍ ആകും തിരിച്ചറിയാന്‍ ഏറ്റവും എളുപ്പമുള്ള രൂപം. https://en.wikipedia.org/wiki/Orion_(constellation)
  6. ജ്യോതിഷം എന്നത് ഇവിടെ Old Astronomy അഥവാ പ്രാചീന ജ്യോതിശാസ്ത്രം എന്ന അര്‍ത്ഥത്തില്‍ ആണുപയോഗിക്കുന്നത്. ജ്യോതിഷികളോട് ബഹുമാനം എന്റെ വാക്കുകളില്‍ തോന്നിയാല്‍ അതൊരബദ്ധമല്ല!
  7. ബൂര്‍ഷ്വാകളെ പോലെ, ജ്യോത്സ്യന്മാരും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. ഇതേ പ്രവചനസിദ്ധി തന്നെയാണ് പിന്നീട് ഫലഭാഗജ്യോതിഷം അഥവാ ജോത്സ്യം (Astrology) എന്ന പേരില്‍ ദുരുപയോഗം ചെയ്യപ്പെട്ടത്! മഴയും വെയിലും ഞാറ്റുവേലയും ഗ്രഹണങ്ങളും ആകാശത്ത് നോക്കി പറയാം; എന്നാല്‍ മനുഷ്യരുടെ ഭാവിയെ സ്വാധീനിക്കുന്ന ഒന്നും അവിടെ ഇല്ല. പക്ഷേ, ഭാവി പ്രവചനത്തിന് ഇവര്‍ എന്തെന്ത് സങ്കേതങ്ങള്‍, ഗണിതവും നിരീക്ഷണവും, ഉപയോഗിച്ചു എന്നറിയാത്തവരെ എന്ത് ഭാവിയും ഞങ്ങള്‍ക്ക് പ്രവചിക്കാന്‍ കഴിയും എന്ന് പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. https://en.wikipedia.org/wiki/Astrology
  8. ധനുര്‍യന്ത്രം (Inclinometer) പോലുള്ള ലളിതമായ ഉപകരണങ്ങള്‍ കൊണ്ട് ആകാശത്തിലെ ഒരു വസ്തുവുള്ള കോണ്‍ അളക്കാവുന്നതാണ്. https://en.wikipedia.org/wiki/Inclinometer  ഒരു പോട്രാക്റ്ററിന്റെ കീഴില്‍ ഒരു കുഴല്‍ പിടിപ്പിക്കുക; അതില്‍ നിന്നും 90 ഡിഗ്രി വരയിലൂടെ ഒരു നൂലില്‍ കല്ല്‌ കെട്ടി താഴേക്കിടുക. ഈ സംവിധാനമാണ് ധനുര്‍യന്ത്രം. ആകാശത്തിലെ ഒരു വസ്തുവിനെ കുഴലിലൂടെ നോക്കിയാല്‍ നൂല് നീങ്ങി പ്രസ്തുത കോണളവില്‍ നില്‍ക്കും.
  9. ഉണ്ടാക്കും എന്ന് സംശയമില്ല; സയന്‍സിനെ തെറ്റ് തിരുത്താനുള്ള തിരിച്ചറിവായിട്ടല്ലാതെ പൊട്ടത്തരങ്ങള്‍ നന്നായി ചെയ്യാന്‍ ഉപയോഗിക്കുക എന്നതാണല്ലോ പൊതുരീതി. മേടമാസം പുനക്രമീകരിക്കില്ല; കൊന്ന ജനറ്റിക് എഞ്ചിനിയര്‍ ചെയ്യും! https://en.wikipedia.org/wiki/Reactionary_modernism

*ഞാന്‍ തന്നെ പെയിന്റില്‍ വരച്ചതാണ്, ഇഹലോകത്തിന്റെ ആദ്യ സ്വന്തം ചിത്രം. ആര്‍ക്കെങ്കിലും ഇത് ഉപയോഗിക്കണം എങ്കില്‍ എടുക്കാവുന്നതാണ്. 100% സ്വതന്ത്ര ലൈസന്‍സ്. ഇനിയും ഇത്തരം ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ ഞാന്‍ അവയുടെ കീഴില്‍ നക്ഷത്രചിഹ്നം (*) ഇടുന്നതാണ്.

കടപ്പാട്: പരിഷത്ത് പ്രസിദ്ധീകരിച്ച പാപ്പൂട്ടിമാഷുടെ “ജ്യോതിഷവും ജ്യോതിശാസ്ത്രവും” എന്ന പുസ്തകം ഈ ലേഖനത്തിന് എല്ലാവിധത്തിലുമുള്ള പ്രചോദനമായിട്ടുണ്ട്. ചിലപ്പോള്‍ മുഴുവന്‍ വാചകങ്ങള്‍ തന്നെ അബോധമായി ഉപയോഗിച്ച് പോയിട്ടുണ്ടാകാം!

Categories
Uncategorized

ഇഴചേരാത്ത ഊടും പാവും

ഇഴചേരാത്ത ഊടും പാവും  : by Kannan M

കുറിപ്പ്: ഒരു ശരാശരി ഇഹലോകം ലേഖനത്തില്‍ നിന്നും വലിപ്പത്തിലും ഘടനയിലും കുറച്ചൊക്കെ മാറിയിട്ടാണീ ലേഖനം. ഒരു ശരാശരി പൊളിച്ചടുക്കല്‍ ഈ വിഷയത്തില്‍ ഒന്നുമാകില്ല എന്നതുകൊണ്ടാണിത്.

വലിയൊരു ലേഖനമാകുമ്പോള്‍ അക്ഷരത്തെറ്റുകളുടെ അക്ഷയഖനിയാകാനും നല്ല സാധ്യതയുണ്ട്; എന്തെങ്കിലും വശപ്പിശക് തോന്നിയാല്‍ തിരുത്തുക.

മാത്രമല്ല, ഇന്റര്‍നെറ്റിനോട് ഒട്ടിച്ചേര്‍ന്നല്ലാതെ എഴുതുന്നതുകൊണ്ട് ലിങ്ക് രഫറന്‍സുകളും ഉണ്ടാകില്ല; ഉണ്ടാകാവുന്ന ലിങ്കുകളുടെ എണ്ണത്തെപ്പറ്റിയുള്ള പേടി കൂടി വച്ചിട്ടാണ് അതോഴിവാക്കിയത്. ചോദിച്ചാല്‍ എതൊരു പ്രസ്താവനയ്ക്കും സ്രോതസ് നല്‍കാന്‍ ഞാന്‍ തയ്യാറാണ്.

കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും ക്ഷമാപണം; ക്ഷമയ്ക്കും ശ്രദ്ധയ്ക്കും നന്ദി.

“ഞാനൊരു സിദ്ധാന്തം പറയട്ടെ, അവ്യക്ത…”

“അയ്യോ, അവ്യക്തമാണെങ്കില്‍ വേണ്ട!”

– എന്റെ സുഹൃത്ത് തോമസിന്റെ വാക്കുകള്‍.

http://habib.edu.pk/sseblog/wp-content/uploads/2016/02/Spacetime-1.jpg

അവ്യക്ത” –സി. രാധാകൃഷ്ണന്‍ സൃഷ്ടിച്ച ഈ ‘സിദ്ധാന്തം’ പത്രവാര്‍ത്തകളിലൂടെ മലയാളി മനസുകളെ കയ്യിലെടുത്തുകഴിഞ്ഞു. പക്ഷേ, ഈ വാര്‍ത്താബഹളങ്ങള്‍ക്ക് മുന്‍പേ തന്നെ ഈ ‘സിദ്ധാന്തത്തെ’ ഞാന്‍ ഒരു ഫിസിക്സ് വിദ്യാര്‍ത്ഥി എന്ന നിലയില്‍ പരിശോധിച്ചതാണ്: അങ്ങനെ ഒരു സിദ്ധാന്തം തന്നെ ഇല്ല എന്നാണെന്റെ നിഗമനം. അതെന്തുകൊണ്ട് എന്നതിനെക്കുറിച്ചുള്ള ഒരു ലേഖനമാണിത്; “സ്ഥലകാലത്തിന്റെ ഊടും പാവും” എന്നവകാശപ്പെടുന്ന അവ്യക്തയുടെ ഇഴകള്‍ ചേരുന്നില്ല എന്നതിന്റെ തുറന്നുകാട്ടല്‍. ഈ പ്രയത്നം വിജയകരമാകാന്‍ ഒരു ശാസ്ത്രസിദ്ധാന്തം എന്താകണം എന്നും, എന്തൊക്കെ ഒരിക്കലും ശാസ്ത്രസിദ്ധാന്തങ്ങളാകില്ല എന്നും വിശദീകരിക്കേണ്ടിവരും. അതുകൊണ്ട് തന്നെ സിദ്ധാന്തങ്ങള്‍ ഉണ്ടാക്കുന്നതിനെപ്പറ്റിയുള്ള ഒരു ലേഖനം കൂടിയാണിത്.

അവ്യക്ത തെറ്റാണോ? അല്ല. തെറ്റാകാന്‍ പോലും യോഗ്യതയില്ലാത്ത* ഒരു ഭാവനാസൃഷ്ടി മാത്രമാണിത്. അതെന്തുകൊണ്ട് എന്നറിയണമെങ്കില്‍ മനസ്സില്‍ സയന്‍സ് വേണം, സയന്റിഫിക് ടെമ്പര്‍ വേണം, ഒരല്പം ശാസ്ത്രവസ്തുതകളും വേണം. ഇതെല്ലാം കുത്തിനിറച്ച, ഒരു വാഗണ്‍ ട്രാജഡിയാകാന്‍ സാധ്യതയുള്ള ഈ ലേഖനത്തിലേക്ക് മനക്കട്ടിയുള്ളവര്‍ മാത്രം കടക്കുക. പകുതി വായിച്ച് അവ്യക്തയെ അതിലും അവ്യക്തമായി മനസിലാക്കി വയ്ക്കരുത്!

എന്തായാലും കടിച്ചാല്‍ പൊട്ടാത്ത താത്വിക അവലോകനങ്ങളിലേക്ക് കടക്കും മുന്‍പ് “രസകരമായ” (അതായത് താരതമ്യേന ബോറ് കുറഞ്ഞ) കുറച്ച് ഫിസിക്സിലേക്ക് കടക്കാം. ഈ ലേഖനത്തിന്റെ കേന്ദ്രബിന്ദുവായ അവ്യക്തയോട് നേരിട്ട് ബന്ധമില്ല എങ്കിലും ഈ ചര്‍ച്ചകളില്‍ എന്തിനെപ്പറ്റിയാണ് പറയുന്നത് എന്ന തിരിച്ചറിവ് വളരെ ഉപകാരപ്രദമാകും. അപ്പോള്‍, ആദ്യം സ്വല്പം വ്യക്തത:

ഫിസിക്സിലെ “പ്രതിസന്ധി”

സയന്‍സിന്  എല്ലാമറിഞ്ഞുകൂട എന്ന് സയന്‍സിനറിയാം; എല്ലാമറിയാം സയന്‍സ് ഈ പെടാപ്പാട് പെടില്ലായിരുന്നു.

– ഡാര ഓ ബ്രയന്‍, ടിവി അവതാരകന്‍

പ്രിന്‍കിപ്പിയയുടെ കവര്‍
http://www.esa.int/

ഐസക് ന്യൂട്ടന്‍ (Issac Newton) കണ്ടെത്തിയ “ഭൂഗോളത്തിന്റെ സ്പന്ദനം” ഗണിതശാസ്ത്രത്താല്‍ വിശദീകരിക്കുന്ന രീതിയാണ് ഫിസിക്സ്. അതിനുമുന്‍പ്‌ നടന്ന സമാനമായ പഠനങ്ങളെ പ്രകൃതി തത്വശാസ്ത്രം (Natural Philosophy) എന്നായിരുന്നു വിളിച്ചിരുന്നത്; ഇതിനാല്‍ തന്നെയാണ് “പ്രകൃതി തത്ത്വശാസ്ത്രത്തിന്റെ ഗണിത തത്വങ്ങള്‍” (Philosophie Naturalis Pricipia Mathematica – ഇംഗ്ലീഷില്‍ The Mathematical Principles of Natural Philosophy) എന്ന പേര് തന്റെ “പ്രിന്‍കിപ്പിയ” എന്ന് സുപ്രസിദ്ധമായ കൃതിക്ക് ന്യൂട്ടന്‍ നല്‍കിയത്.

ഇതൊക്കെ കണക്കാക്കിയത് എന്തിനാണെന്ന ചോദ്യത്തിനുത്തരം വഴിയെ തരാം. (സി. രാധാകൃഷ്ണന്‍ ആരോപിക്കും പോലെ അളന്ന് സ്വന്തമാക്കാനോ പലരും പറയും പോലെ മനപ്പൂര്‍വം ദുര്‍ഗ്രാഹ്യമാക്കാനോ അല്ല എന്ന് പറഞ്ഞുവയ്ക്കട്ടെ!) ന്യൂട്ടന്‍ ഫിസിക്സ് കണ്ടുപിടിച്ച കാലം തൊട്ടേ പ്രതിസന്ധികള്‍ അതിന്റെ കൂടപ്പിറപ്പാണ്. അതിലൊരു പ്രശ്നത്തിന്റെ ലഘുചരിത്രമാണ് ഇവിടെ. “പ്രകാശത്തിന്റെ സ്വഭാവമെന്ത്‌?” എന്നതാണ് ചോദ്യം.

രണ്ട് ഉത്തരങ്ങളാണ് ഇതിന് ശാസ്ത്രജ്ഞര്‍ നല്‍കിവന്നിട്ടുള്ളത്: കണങ്ങള്‍, തരംഗങ്ങള്‍.(Particles and Waves)

എന്താണ് കണം? എന്താണ് തരംഗം? തത്കാലം ഞാനതിവിടെ പറയുന്നില്ല! അത് തന്നെ ഒരു ലേഖനമെഴുതാനും മാത്രമുള്ള വിഷയമാണ്‌. എന്തായാലും കണങ്ങള്‍ എന്നുപറഞ്ഞാല്‍ പന്തുകള്‍ എന്നോ തരംഗങ്ങള്‍ എന്നുപറഞ്ഞാല്‍ തിരമാലകള്‍ എന്നോ അല്ല അര്‍ത്ഥം. ചില ഗണിതനിയമങ്ങള്‍ അംഗീകരിക്കുന്ന പ്രതിഭാസങ്ങളെ നാം അങ്ങനെ വിളിക്കുന്നു എന്ന് കരുതുക. അതായത്, കണത്തിന്റെ സമവാക്യം സാധൂകരിക്കുന്നു എങ്കില്‍ അതൊരു കണമാണ്; തരംഗങ്ങളുടെ സമവാക്യങ്ങള്‍ സാധൂകരിക്കുന്നു എങ്കില്‍ അതൊരു തരംഗവും. (ഈ ഉത്തരം ഒട്ടും തൃപ്തികരമല്ല എന്നെനിക്കറിയാം; പക്ഷേ, കൂടുതല്‍ വിശദാംശങ്ങളിലേക്ക് തത്കാലം കടക്കാന്‍ നിവൃത്തിയില്ല) നമുക്ക് നമുക്ക് പരിചയമുള്ള ലോകത്ത് കാണുന്ന കാറ്റായും തിരമാലകളായും പന്തുകളായും ഒക്കെയാകും ഇതിനെയൊക്കെ മനസ്സില്‍ ചിത്രീകരിക്കാന്‍ തോന്നുക; കാരണം, നമുക്കതേ പരിചയമുള്ളൂ. (“അളിയൻ ഇനി ഈ വീട്ടിൽ കോമൺ സെൻസ് എഴുന്നള്ളിച്ചോണ്ട് വരരുത്…!” ഇത് കുറച്ചുകൂടി വിശദമായി പറയുന്നുണ്ട്) അതുകൊണ്ട് പക്ഷേ, പ്രകൃതി അങ്ങനെതന്നെ പെരുമാറണം; നമ്മുടെ ഭാവനയ്ക്കനുസരിച്ച് പ്രകൃതി അടങ്ങിയൊതുങ്ങി നില്‍ക്കണം എന്നൊന്നും പറയാന്‍ പറ്റില്ലല്ലല്ലോ!

http://images.iop.org/objects/phw/news/15/8/4/fibre.jpg

ന്യൂട്ടന്‍ കണസിദ്ധാന്തം (Corpuscular Theory) ശരിയെന്ന് വാദിച്ചെങ്കില്‍ തുടര്‍ന്ന് നടന്ന പരീക്ഷണങ്ങള്‍ പ്രകാശം തരംഗസ്വഭാവമാണ് കാട്ടുന്നത് എന്ന നിഗമനത്തിലെത്താന്‍ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചു. അതായത്, പ്രകാശം തരംഗമാണ് എന്ന ഗണിതസങ്കല്‍പം ഉപയോഗിച്ചാല്‍ പ്രകാശത്തിന്റെ എല്ലാ പെരുമാറ്റങ്ങളും വിജയകരമായി വിശദീകരിക്കാന്‍ കഴിയും എന്ന് ശാസ്ത്രജ്ഞര്‍ കരുതി. ആ പ്രതിസന്ധി പരിഹരിക്കപ്പെട്ടു എന്ന് കരുതി.

ഇനിയാണ് ഫിസിക്സിലെ തന്നെ ഏറ്റവും വലിയ വിപ്ലവങ്ങളില്‍ ഒന്നുണ്ടാകുന്നത്. “പ്രകാശവൈദ്യുതി പ്രഭാവം” (Photoelectric Effect) എന്നൊരു പ്രതിഭാസം വിശദീകരിക്കണമെങ്കില്‍ പ്രകാശം കണമാണെന്ന് സങ്കല്‍പ്പിച്ചേ മതിയാകൂ. അതായത്, ഒരേസമയം കണങ്ങളുടെയും തരംഗത്തിന്റെയും സ്വഭാവം കാണിക്കുന്നുണ്ട് പ്രകാശം! അപ്പോള്‍ എന്താ ചെയ്യുക?! രണ്ടും കൂടി അടുത്ത ഗണിതരൂപം മെനഞ്ഞുണ്ടാക്കി. അടിച്ച വഴിയെ പ്രകൃതി ഒരിക്കലും പോകില്ല എന്നതുകൊണ്ട് പോയവഴിയെ അടിച്ചേ മതിയാകൂ. (സത്യത്തില്‍ അത് നാം തെളിക്കുന്ന ഒരു കാളയല്ല, വഴികാട്ടുന്ന വിളക്കുമരമാണല്ലോ!) കണതരംഗങ്ങള്‍. (Particle Waves)

ഈ കണതരംഗങ്ങള്‍ എന്ന സങ്കല്‍പം മനസ്സില്‍ ആലോചിച്ചുണ്ടാക്കല്‍ വലിയ സാഹസമാണ്; ഇപ്പോഴും അതിന് വ്യക്തമായൊരു ചിത്രം മനസിലുണ്ട് എന്നെനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയില്ല. എന്നാല്‍, ഗണിതത്തിലൂടെ ആ പദം കൊണ്ട് ഉദ്ദേശിക്കുന്ന യുക്തി എനിക്ക് മനസിലാകും; അങ്ങനെ അത് തെറ്റാണോ ശരിയാണോ എന്ന് പരീക്ഷണങ്ങളിലൂടെ സ്ഥിതീകരിക്കാനും സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനുമൊക്കെ സാധ്യമാകും.

ഈ ഗണിതത്തിന്റെ സ്വല്പം കൂടി വികസിതമായ രൂപമാണ് നാം ക്വാണ്ടം മെക്കാനിക്സ് (Quantum Mechanics) എന്ന് വിളിക്കുന്ന സിദ്ധാന്തം. പ്രകാശം പോലെ തന്നെ, ഇലക്ട്രോണുകളും മറ്റ് അടിസ്ഥാന കണങ്ങളും കണതരംഗങ്ങള്‍ തന്നെയാണ്.  അതുകൊണ്ട്, ക്വാണ്ടം മെക്കാനിക്സ് പ്രകാശവും ഇലക്ട്രോണുകളും ഒക്കെ വിശദീകരിക്കുന്ന ഫിസിക്സിലെ ഒരടിസ്ഥാന സിദ്ധാന്തം തന്നെയാണ്.

ഇനിയാണ് പ്രതിസന്ധി: ഐന്‍സ്റ്റീന്റെ ആപേക്ഷികതാസിദ്ധാന്തവുമായി ക്വാണ്ടം മെക്കാനിക്സ് ഒത്തുപോകാന്‍ ബുദ്ധിമുട്ടാണ്. ഗാലക്സികളെ ബന്ധിപ്പിക്കുന്ന, വാതകങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നക്ഷത്രങ്ങളെ സൃഷ്ടിക്കുന്ന  ഗുരുത്വാകര്‍ഷണം വിശദീകരിക്കണമെങ്കില്‍ ആപേക്ഷികതാസിദ്ധാന്തം കൂടിയേ തീരു; സൂക്ഷ്മപ്രതിഭാസങ്ങളിലെ ബലങ്ങള്‍ വിശദീകരിക്കണമെങ്കില്‍ ക്വാണ്ടം മെക്കാനിക്സും അനിവാര്യമാണ്.

ആപേക്ഷികതാസിദ്ധാന്തം പ്രകാശവേഗത്തിനപ്പുറം വിവരം കൈമാറ്റം ചെയ്യുന്നത് അസാധ്യമാണെന്ന് പറയുന്നു; ക്വാണ്ടം മെക്കാനിക്സില്‍ അത് സാധ്യമാണ്. ഈ വൈരുധ്യം മൂലം രണ്ടിലോന്നില്‍ അല്ലെങ്കില്‍ രണ്ടിലും തെറ്റുകളുണ്ട്; അവ തിരുത്തി ഒരു ഏകീകൃത സിദ്ധാന്തമായി ഇതിനെ മാറ്റാന്‍ ശാസ്ത്രജ്ഞര്‍ ദശാബ്ദങ്ങളായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. പരിപൂര്‍ണ്ണ വിജയം എന്ന് പറയാനാകില്ലെങ്കിലും ആ ഗവേഷണങ്ങള്‍ വളരെയധികം മുന്നോട്ടുപോയിട്ടുണ്ട്.

ഇതാണ് ഇപ്പോള്‍ ഫിസിക്സിലെ പ്രതിസന്ധി. പക്ഷേ, അറിയാത്ത ഒന്ന് തേടിപ്പോകുമ്പോള്‍ ആശയക്കുഴപ്പങ്ങള്‍ എപ്പോഴും കൂടെയുണ്ടാകും; അതാണ്‌ എല്ലാ ശാസ്ത്രങ്ങളുടേയും പുത്തന്‍ ഗവേഷണമേഖലകളില്‍ സംഭവിക്കുന്നത്, ഇത് തന്നെ ഫിസിക്സിലും ഉണ്ട്.

ഫിസിക്സില്‍ എല്ലാം തീര്‍പ്പായി ആരും ഇങ്ങോട്ടിനി ആനകളെയും തളിച്ചുകൊണ്ട് വരണ്ട എന്നല്ല പറയുന്നത് എന്ന് സാരം. തീര്‍പ്പായാലും ഇല്ലെങ്കിലും ആനകളേയും തളിച്ച് ഈ വഴിക്ക് എന്തായാലും വരണ്ട കാര്യമില്ല, ഇവിടെ മനുഷ്യര്‍ ഫുട്ബോള്‍ കളിക്കുകയാണ്! അതായത്, ഇത് കളി വേറെയാണ്.

ഇതാണ് “രസകരം” എങ്കില്‍ ഇനി വരുന്നതെന്താകും എന്നല്ലേ? അവ്യക്ത.

അവ്യക്ത: “പ്രബന്ധവും” പത്രവാര്‍ത്തകളും

ഏതെങ്കിലും ഒരാള്‍ ചന്ദ്രന്‍ പാല്‍ക്കട്ടികൊണ്ടുണ്ടാക്കിയതാണെന്ന് അവകാശപ്പെട്ടാല്‍ ഒരു ജ്യോതിശാസ്ത്രജ്ഞ തന്റെ ടെലസ്കോപ്പ് ഉപേക്ഷിച്ച് ഇതിനെവിശദമായി ഘണ്ഡിക്കണം എന്ന് പ്രതീക്ഷിക്കാനൊക്കുമോ?

– മാര്‍ട്ടിന്‍ ഗാര്‍ഡ്നര്‍, Fads and Fallacies In The Name of Science

Avyakta: The Fabric of Space എന്ന സിദ്ധാന്തം അവതരിപ്പിച്ചു എന്നുപറയുന്ന പ്രബന്ധം ഒരു പീഡനമായിരുന്നു.(ലിങ്ക്: http://prespacetime.com/index.php/pst/article/view/1140/1144)  അതിനെപ്പറ്റിയുള്ള അവലോകനങ്ങള്‍ പുറകെ വരുന്നുണ്ട്. പ്രഥമദൃഷ്ട്യാ ഈ പേപ്പര്‍ എങ്ങനെ സയന്‍സല്ല എന്ന് നിഗമിക്കാന്‍ കഴിയും എന്നതാണ് ഞാന്‍ ആദ്യം ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത്.

ഈ ശാസ്ത്രലോകവുമായി ബന്ധമില്ലാതിരുന്ന് പെട്ടന്ന് പേപ്പര്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്കെല്ലാം ഐന്‍സ്റ്റീന്‍ ആണല്ലോ ഹീറോ. (ഐന്‍സ്റ്റീന്‍ ഡോക്ടറേറ്റ് എടുത്തിട്ടാണ് പേറ്റന്റ് ക്ലാര്‍ക്ക് ആയി പണി എടുത്തിരുന്നത് എന്നതൊന്നും ആര്‍ക്കും പ്രശ്നമല്ല!) അപ്പോള്‍ നമുക്ക് ഈ പ്രബന്ധത്തെ ഐന്‍സ്റ്റീന്റെ വിശിഷ്ട ആപേക്ഷികതാസിദ്ധാന്തം അവതരിപ്പിച്ച പേപ്പറുമായി താരതമ്യം ചെയ്യാം… (ഐന്‍സ്റ്റീനോട് താരതമ്യം ചെയ്യരുത് എന്നൊന്നും പറഞ്ഞേക്കരുത്! ഐന്‍സ്റ്റീനെയൊക്കെ മറികടന്നുപോയി എന്നാണല്ലോ അവകാശവാദം.)

http://archive.ncsa.illinois.edu/

On the Electrodynamics of Moving Bodies എന്നാണ് ഐന്‍സ്റ്റീന്റെ പേപ്പറിന്റെ പേര്. ഹൃസ്വമായ ഒരാമുഖത്തിനുശേഷം ഗണിതശാസ്ത്രഅവലോകനത്തിലേക്ക് കടക്കുകയാണ് ഈ പ്രബന്ധം. തുടര്‍ന്ന് പ്രകശവേഗം സ്ഥിരമായി അനുമാനിച്ചാല്‍ ഉണ്ടാകുന്ന മാറ്റങ്ങളെ വളരെ വ്യക്തമായി, ഗണിതത്തിന്റെ കണിശതയോടെ, അവതരിപ്പിക്കുന്നു. സത്യം പറഞ്ഞാല്‍ അങ്കഗണിതവും ന്യൂട്ടോണിയന്‍ ഫിസിക്സും അറിയാവുന്ന ആര്‍ക്കും വായിച്ചാല്‍ മനസിലാകുന്ന ഒരു സുന്ദരസൃഷ്ടിയാണ് ആ പ്രബന്ധത്തിന്റെ ആദ്യഭാഗം. വിദ്യുത്കാന്തികതയെ പറ്റിയുള്ള രണ്ടാം ഭാഗം അത്രയും ലളിതമല്ല എന്നാലും വ്യക്തം തന്നെയാണ്. ഈ പേപ്പര്‍ പ്രസിദ്ധീകരിച്ചത്Annalen der Physik എന്ന 1799 മുതല്‍ ഫിസിക്സ് പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്ന, ഇന്നും അറിയപ്പെടുന്ന ജേണലില്‍ ആണ്. (പേപ്പര്‍ പ്രസിദ്ധീകരിക്കാന്‍ ശരിക്കും പേരും പെരുമയും ഒന്നും വേണ്ട; പേപ്പറില്‍ എന്തെങ്കിലും ഉണ്ടായാല്‍ മതി എന്ന്.)

ഇനി അവ്യക്ത പേപ്പറിലേക്ക് വരാം. എന്താണിതിന്റെ ഗണിതം എന്നാണ് ഞാനാദ്യം നോക്കിയത്. അങ്ങനെ ഒരു സാധനം ഇല്ല. (അടുത്ത ഭാഗത്ത് ഞാനിത് കൂടുതല്‍ പറയാം) അതായത് പതിനെട്ടോളം പേജ് നീണ്ട വാചാടോപം.

തുടക്കത്തിലുള്ള കുറച്ച് ഒരു സാമ്പിള്‍ ആയി എടുത്ത് കാട്ടാം:

Assumptions

A). It is assumed that a fabric of special nature pervades the entire universe as a continuous web. A term is introduced for it here – ‘Avyakta’.

B). It is assumed that Avyakta (the fabric of space, S for short) is pliable in its own way, so that at any time at any given point it is either Tough or Humble or Flat. When S is Tough, it spreads out if left free. When Humble its tendency is to shrink. When Flat, it does neither; it will remain idle. Toughness and humbleness indicate action-potential of mutually opposite nature. The word ‘Vigour’ is proposed to be used to indicate this potential.

C). It is assumed that Avyakta is tough at this stage of the universe, but it is declining in toughness. The decline started from the big bang, and the background fabric has consistently spread out but has not yet reached the Flat state.

D). A particle is considered as a small volume of S with an additional toughness (T), surrounded by S of normal background toughness (t). It is also assumed that at the quantum level, T is represented as a wave of the fabric.

ഇത് വായിച്ചിട്ട് എന്തെങ്കിലും സിദ്ധാന്തം നിങ്ങള്‍ക്ക് തോന്നുന്നുണ്ട് എങ്കില്‍ ഉടനെ തന്നെ ഒരു ഡോക്ടറെ കാണണം. കാരണം, ഇതില്‍ ഒന്നുമില്ല. ശൂന്യതയില്‍ നിന്ന് സിദ്ധാന്തങ്ങള്‍ പിടിച്ചെടുക്കുകയല്ല ശാസ്ത്രജ്ഞര്‍ ചെയ്യുക. പരീക്ഷണഫലങ്ങളിലും മുന്‍ പഠനങ്ങളിലും അധികരിച്ചാണ് ഊഹങ്ങള്‍ മെനയുക. എന്തുകൊണ്ട് ഈ ഊഹങ്ങള്‍ എന്ന് പറയുന്നതേയില്ല! (ഐന്‍സ്റ്റീന്റെ പേപ്പറില്‍ അത് വ്യക്തമാണ്)

http://digitalpaper.mathrubhumi.com/c/17790217

ഇതുപോലെ കുറേ ഊഹങ്ങള്‍, അതിനുമേല്‍ ഊഹങ്ങള്‍. ഓരോ പ്രതിഭാസവും വിശദീകരിക്കാന്‍ ഓരോ പുതിയ ഊഹങ്ങള്‍. വായിച്ചാല്‍ തലയ്ക്ക് പ്രാന്തുപിടിക്കും, തീര്‍ച്ച.

ഈ പ്രാന്തില്‍ നിന്നും ഞാന്‍ പതിയെ മുക്തനായി വരുമ്പോഴാണ് പത്രവാര്‍ത്തകള്‍. ദേ, ഇപ്പോള്‍ മാതൃഭൂമിയില്‍ ഒരു ലേഖനവും! രണ്ട് ഗീതാ ശ്ലോകങ്ങളില്‍ നിന്ന് ഇതിന്റെ മൊത്തം പൊരുള്‍ വെളിപ്പെട്ടുകിട്ടിയത്രേ! എന്നാല്‍ ഇദ്ദേഹത്തിനിത് വല്ല കൊള്ളാവുന്ന ജേണലിനും അയച്ചുകൂടായിരുന്നോ? Prespacetime Journal എന്ന തലക്ക് വെളിവുള്ള ആര്‍ക്കും തട്ടിപ്പ് ജേണലാണെന്ന് മനസിലാകുന്ന സാധനത്തിലാണ് ഇത് പ്രസിദ്ധീകരിച്ച് വന്നിരിക്കുന്നത്. (കൂടുതല്‍ ഞാന്‍ പറയുന്നില്ല)

ഇനി, ഇത് എന്തുകൊണ്ടൊരു ശാസ്ത്രസിദ്ധാന്തമാകുന്നില്ല എന്ന വിശദീകരണം. കണക്കാണ്.

ഇക്വേഷനെവിടെ? ഇക്വേഷനെവിടെ?

ഗണിതശാസ്ത്രം ഭാഷയും യുക്തിചിന്തയും കൂടിയതാണ്.

– റിച്ചാഡ് ഫൈന്മന്‍, The Character of Physical Law

ഈ സമവാക്യങ്ങള്‍, ഗണിതം ഇതിനൊക്കെ ഞാന്‍ കിടന്ന് മുറവിളി കൂട്ടുന്നതെന്തിനെന്നു തോന്നിയോ? കാരണം ലളിതമാണ്, ഫിസിക്സ് സമവാക്യങ്ങളാണ്. സി. രാധാകൃഷ്ണന്‍ ഫിസിക്സ് എത്രമാത്രം മനസിലാക്കിയിട്ടുണ്ടെന്ന് മാതൃഭൂമി ലേഖനത്തിലെ ഈ ഭാഗം വ്യക്തമാക്കുന്നുണ്ട്.

അളന്നുകണക്കാക്കി തിരിക്കുന്നത് ‘സ്വന്ത’മാക്കാനുള്ള പുറപ്പാടിന്റെ ആദ്യ പടിയാണ്.

അല്ല. അളക്കുന്നത് തിരിച്ചറിവിന് വേണ്ടിയാണ്. തോന്നുന്നത് തോന്നുമ്പോള്‍ വിളിച്ചുപറഞ്ഞ്, എല്ലാം ശരിയാണെന്ന് ആഘോഷിക്കാനുള്ള ആത്മവഞ്ചന കൈവശമില്ലാത്ത പാവങ്ങളുടെ ഏക ആശ്രയം. ന്യൂട്ടന്‍ സൗരയൂഥം ആര്‍ക്കും തീറെഴുതുകയായിരുന്നില്ല; എല്ലാവര്‍ക്കും വേണ്ടി സൗരയൂഥത്തെ യുക്തിയുടെ ഭാഷയില്‍ ഒരു കവിതയാക്കുകയായിരുന്നു. ആ കവിതയില്‍ നിന്ന് പ്രപഞ്ചനൃത്തം കാണാനും ഒരു വാല്‍നക്ഷത്രം എപ്പോള്‍, എവിടെ വരും എന്ന് പ്രവചിക്കാന്‍ എഡ്മണ്ട് ഹാലിക്ക് (Edmund Halley) കഴിഞ്ഞു. കാരണം, അത് ന്യൂട്ടന്‍ തന്റെതാക്കിയ പ്രപഞ്ചത്തിലുള്ളതല്ല; അവര്‍ പങ്കിടുന്ന ഇഹലോകത്തിനുള്ളതാണത്.

ഗണിതം ഒരു ഭാഷയാണ്‌. പക്ഷേ, മറ്റ് ഭാഷകള്‍ക്കില്ലാത്ത പ്രത്യേകതരം വ്യാകരണമുള്ള ഒരു ഭാഷ. ആ ഭാഷ യുക്തിയാണ്; പൂര്‍വ്വാപര ബന്ധമാണ്.

ഭൂമിയുടെ ഏത് കോണില്‍ ആര് നിര്‍ധാരണം ന്യൂട്ടോണിയന്‍ ഫിസിക്സില്‍ (കൂടുതല്‍ സങ്കീര്‍ണ്ണമാക്കണ്ട എന്ന് കരുതിയാണ്) ബലത്തിന്റെ സമവാക്യമായ F=ma ഒരേ അര്‍ത്ഥമാണ് നല്‍കുക. ചിലപ്പോള്‍ നിങ്ങള്‍ക്ക് ഞാന്‍ കാണാത്ത ഒരു തലം അതില്‍ നിന്നും നിര്‍ദ്ധാരണം ചെയ്യാന്‍ കഴിഞ്ഞേക്കാം; പക്ഷേ, പടിപടിയായി അത് എന്നേയും കാട്ടിത്തരാനും അതുവഴി നമ്മളിരുവര്‍ക്കും ആ തിരിച്ചറിവ് പങ്കിടാന്‍ കഴിയുകയും ചെയ്യും: ഇതാണ് ഗണിതത്തിന്റെ അനിവാര്യത.

സ്വന്തമാക്കാനുള്ള ത്വരയല്ല, പങ്കിടാനുള്ള ആവേശമാണ് ഗണിതത്തിലുള്ളത്. ഒരു വ്യക്തമായ തിരിച്ചറിവ്, ഐന്‍സ്റ്റീനുണ്ടായതുപോലെ ഒന്ന്, ഉണ്ടായിട്ടുണ്ട് എങ്കില്‍ അതിനെ ഗണിതഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ കഴിയേണ്ടതാണ്. ഇനി കഴിയുന്നില്ല എങ്കില്‍, ഒന്ന്, അത് അവ്യക്തമായിരിക്കും(!); രണ്ട്, മൈക്കല്‍ ഫാരഡേയ്ക്ക് (Micheal Faraday) ഉണ്ടായതുപോലെ തുടര്‍ച്ചയായ പരീക്ഷണങ്ങളില്‍ നിന്നും ഉണ്ടായ ഒരു ഭൌതിക തിരിച്ചറിവായിരിക്കും.

http://mucholderthen.tumblr.com/

വൈദ്യുതിയേയും കാന്തികതയേയും പറ്റിയുള്ള സ്വന്തം നിരീക്ഷണങ്ങള്‍ എഴുതിവയ്ക്കാനല്ലാതെ അതിനെ ഗണിതമാക്കാന്‍ വേണ്ട വിദ്യാഭ്യാസം സിദ്ധിച്ചിരുന്നില്ല ഫാരഡേയ്ക്ക്. എന്നാല്‍, അദ്ദേഹം “അളന്ന് തിട്ടപ്പെടുത്തി” “സ്വന്തമാക്കി” വച്ചിരുന്ന കണക്കുകള്‍ ജെയിംസ് മാക്സ്വേല്‍ (James Maxwell) എന്ന ഗണിതമാന്ത്രികന് വിദ്യുത്കാന്തികകതയുടെ മൌലിക നിയമങ്ങളാക്കി മാറ്റുവാന്‍ സാധിച്ചു.

ന്യൂട്ടന്റെ കണക്കിനെ പരീക്ഷണമാക്കി വാല്‍നക്ഷത്രം കണ്ടെത്തിയ ഹാലി; ഫാരഡേയുടെ അളവുകളെ ഗണിതശാസ്ത്രമാക്കി വിദ്യുത്കാന്തിക പ്രതിഭാസങ്ങളുടെ പൊരുളറിഞ്ഞ മാക്സ്വേല്‍. ഇവരൊക്കെ എന്താണാവോ സ്വന്തമാക്കിയത്? ഒരു വാല്‍നക്ഷത്രത്തിലും സമവാക്യങ്ങളിലും തങ്ങളുടെ പേരുകള്‍ പതിച്ചതോ?!

ഇങ്ങനെയുള്ള അതികായന്മാരുടെ തോളില്‍ നിന്ന് അപ്പുറം നോക്കാതെ അവിടെ കയറിയിരുന്ന് ചെവി തിന്നുന്ന ഡയലോഗാണ് “ഞാന്‍ സമവാക്യങ്ങള്‍ എഴുതില്ല” എന്നത്.

ഗണിതത്തിലായ സിദ്ധാന്തങ്ങളുടെ ചില പ്രയോജനങ്ങളിതാണ്:

  1. നമ്മുടെ ആശയം ഭാഷകളുടെ പരിധികളില്ലാതെ കൈമാറാനാകും; ഗണിതം ആഗോളീയമാണല്ലോ!
  2. യുക്തിചിന്ത വ്യാകരണമാക്കുന്നു എന്നതുകൊണ്ട് തന്നെ, എന്തെങ്കിലും ചിന്താക്കുഴപ്പം ഉണ്ടെങ്കില്‍ കണ്ടെത്താനെളുപ്പമാണ്.
  3. ഒരൊറ്റ അര്‍ത്ഥമേയുള്ളൂ എന്നതുകൊണ്ട് വ്യാഖ്യാനിച്ച് വലിച്ചുനീട്ടി എന്തുമാക്കാന്‍ കഴിയില്ല.
  4. നാം കാണാത്ത തലങ്ങള്‍ അതില്‍ നിന്നും ഗണിതനിയമങ്ങള്‍ പിന്തുടര്‍ന്ന് വേറൊരാള്‍ക്ക് നിര്‍ദ്ധരിക്കാന്‍ കഴിയും.
  5. നിര്‍ദ്ധാരണങ്ങള്‍ വഴി പരീക്ഷിക്കാനുള്ള അനേകം വഴികള്‍ കണ്ടെത്താനും അതുവഴി പലയിടത്തും പരീക്ഷിച്ചുറപ്പിക്കാനും കഴിയും.

ഇനിയും പല സൗകര്യങ്ങളും ഗണിതമെന്ന ഭാഷയ്ക്കുണ്ട്. ഇതുകൊണ്ടാണ് ഗണിതം ഫിസിക്സിന്റെ ഭാഷയാകുന്നത്. ഇതേ കാരണം കൊണ്ടാണ് “ഇക്വേഷനെവിടെ?” എന്ന് ഏത് പേപ്പര്‍ കാണുമ്പോളും നമ്മള്‍ പരിഭ്രാന്തിയോടെ തപ്പിപ്പോകുന്നത്; കാരണം, അതിന്റെ ഗണിതം എന്ത് പ്രവചിക്കുന്നു എന്ന് ലേഖനം വായിച്ച് മനസിലാക്കുന്നതിലും വ്യക്തമായി മനസിലാകും.

ഇതാണ് ഗണിതം. അളന്ന് മുറിക്കുന്നത് ഭൂമി സ്വന്തമാക്കാന്‍ മാത്രമല്ല, ജ്യാമിതി (Geometry) എന്ന തിരിച്ചറിവിന് വളമാകാന്‍ കൂടിയാണെന്ന് ഗീത വായിച്ചാല്‍ വെളിപ്പെട്ടുകിട്ടണമെന്നില്ല.

ഒരിക്കലും തെറ്റാത്ത “തിയറി”!

കൃത്യമായ നിര്‍വചനങ്ങള്‍ സാധ്യമല്ലെങ്കില്‍ അക്കാര്യത്തെപ്പറ്റി എന്തെങ്കിലും അറിയാമെന്ന് അവകാശപ്പെടാനാവില്ല.

– റിച്ചാഡ് ഫൈന്മന്‍, The Character of Physical Law

http://sandwalk.blogspot.in/2012/08/disproving-evolution.html

ഒരു ശാസ്ത്ര സിദ്ധാന്തത്തിന്റെ പ്രധാന സ്വഭാവമെന്താണ്? അസത്യവത്കരണക്ഷമത. (Falsifiability) അതായത്, തെറ്റാണെന്ന് തെളിയിക്കാനുള്ള സാധ്യത അനിവാര്യമാണ്. ഐന്‍സ്റ്റീന്റെ സിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കാന്‍ പ്രകശവേഗം മറികടക്കുന്ന കണങ്ങളെ കണ്ടെത്തിയാല്‍ മതി. ക്വാണ്ടം മെക്കാനിക്സ് തെറ്റാണെന്ന് തെളിയിക്കാന്‍ അനിശ്ചിതത്വം (Uncertainty) പ്രകൃതിയുടെ സ്വഭാവമല്ല എന്ന് അളന്നുകാട്ടിയാല്‍ മതി. പരിണാമം തെറ്റാണെന്ന് തെളിയിക്കാന്‍ തെറ്റായ ക്രമത്തില്‍ ഒരു ഫോസില്‍ കിട്ടിയാല്‍ മതി. ഈ മൂന്നു സിദ്ധാന്തങ്ങളിലും ഇനിയും അത് സാധ്യമായിട്ടില്ല എങ്കിലും പരീക്ഷിക്കാനും തെറ്റന്ന് സ്ഥാപിക്കപ്പെടാനും വ്യക്തമായ ഒരു സാധ്യതയുണ്ടല്ലോ? അതാണ്‌ അസത്യവത്കരണക്ഷമത.

അവ്യക്തയ്ക്ക് ഈ ഗുണമില്ല. അതിന്റെ കാരണം ഗണിതമില്ല എന്നത് തന്നെ. എങ്ങനെയും വ്യാഖ്യാനിച്ച് ഏത് വഴിക്കും കൊണ്ടുപോകാം ഈ വാക്കുകള്‍. ഇതുപോലെ ഒരു സിദ്ധാന്തം ഏതൊരാള്‍ക്കും കണ്ണുമടച്ച് ഉണ്ടാക്കാവുനന്നതേയുള്ളൂ.

ഒരുദാഹരണം:

വിരക്ത എന്ന ഒരൊറ്റ കണമാകുന്നു എല്ലാത്തിന്റെയും കാരണം. വിരക്തയുടെ വ്യതിരിക്തമായ വ്യതികലനക്രമങ്ങളാകുന്നു കണതരംഗങ്ങളായി നമ്മള്‍ നിരീക്ഷിക്കുന്നത്. നമ്മുടെ ഒരുപകരണവുമായും പ്രതിപ്രവര്‍ത്തിക്കാന്‍ താത്പര്യം ഇല്ലാത്തതുകൊണ്ടാണ് “വിരക്ത” എന്ന പേര്. ഒരു രക്ഷയുമില്ലാതെ വരുമ്പോള്‍ സ്വയം വ്യതികലിച്ച് വിരക്ത നമ്മുടെ ലോകത്തെ കണമായി മാറുന്നു. അല്ലാത്തപ്പോള്‍, ബിഗ്‌ ബാങ്ങിനു മുന്‍പ്, വിരക്ത പരിപൂര്‍ണ്ണ വിരക്തമായി ഇരിക്കുന്നു. സമയം പോകും തോറും വിരക്തി കുറഞ്ഞും ആസക്തി കൂടിയും വരും. ആസക്തി കൂടിയ ഭാവിയുടെ ഈ സമമിതിയുള്ള വ്യത്യാസം കൊണ്ടാണ് ആന്റി പാര്‍ട്ടിക്കിളുകളെക്കാള്‍ പാര്‍ട്ടിക്കിള്‍ ഉള്ളത്. സമയത്തിന്റെ ഇതേ വിരക്തി/ആസക്തി പ്രതിപവര്‍ത്തനം കൊണ്ടാണ് ആദ്യം നക്ഷത്രങ്ങളും തുടര്‍ന്ന് ഗാലക്സികളും ഉണ്ടാകുന്നത്. ആദ്യം ആസക്തി പ്രവര്‍ത്തനം നന്നേ കുറവാണല്ലോ…

(സി. രാധാകൃഷ്ണനോളം നല്ലൊരെഴുത്തുകാരനേ അല്ല ഞാന്‍, അതുകൊണ്ട് അവ്യക്തയോളം വരുമോ ഇതെന്ന് സംശയമാണ്!)

ഇങ്ങനെ ഒരു ഭാവനാസൃഷ്ടികള്‍ ഉണ്ടാക്കിയെടുക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല എന്ന് മാത്രമല്ല, അത് മനുഷ്യസഹജവുമാണ്.

ഈ ബ്ലോഗിന്റെ തലക്കെട്ടിനുകീഴെ ഒരുദ്ധരണിയുണ്ട്; അതില്‍ ഓര്‍മ്മിപ്പിക്കും പോലെ സ്വയം കബളിപ്പിക്കാനാണ് ഏറ്റവും എളുപ്പം. ഒരു ശാസ്ത്രജ്ഞന്‍ ആദ്യം സ്വയം ഓര്‍മ്മിപ്പിക്കേണ്ട കാര്യമാണത്.

ആ വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍, വ്യക്തമായ ഒരു പ്രവചനമോ, ഒരു പരീക്ഷണമോ നടന്നിട്ടില്ലാത്ത ഒന്നിനെപ്പറ്റി “സംശയിക്കണ്ട, വേറെ വഴിയില്ല” എന്നൊരു ലേഖനം എഴുതുന്ന വ്യക്തി സ്വയം കബളിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് വിലപിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല. സ്വയം കബളിപ്പിച്ചാല്‍ മറ്റുള്ളവരെ കളിപ്പിക്കാനും എളുപ്പമാണ്! നമ്മുടെ മാധ്യമങ്ങള്‍ ഒരെഴുത്തുകാരന്‍ മെടഞ്ഞുണ്ടാക്കിയ ഇല്ലാത്ത സിദ്ധാന്തവും എടുത്തണിഞ്ഞ് ചമഞ്ഞ് നില്‍ക്കുമ്പോള്‍ “രാജാവ് നഗ്നനാണെ”ന്ന് വിളിച്ചുപറയാന്‍ ഒരാളെങ്കിലും വേണ്ടേ?

ഇത് ശരിക്കും അവ്യക്തയെ പറ്റി തന്നെയാണോ? ഭാഗീകമായി മാത്രം. ഗണിതത്തിന്റെ പ്രാധാന്യവും അസത്യവത്കരണക്ഷമതയുടെ ആവശ്യകതയും ഞാനീ അവസരം ഉപയോഗിച്ചു എന്ന് പറയാം.

പക്ഷേ, അവ്യക്ത തെറ്റ് പോലുമല്ല എന്ന് തുടക്കത്തില്‍ പറഞ്ഞതെന്തേ?

കാരണം ലളിതം, വ്യക്തമായ പ്രവചനമുള്ള, അസത്യവത്കരണക്ഷമമായ ഒരു സിദ്ധാന്തം സൃഷ്ടിക്കുക എളുപ്പമുള്ള കാര്യമല്ല; അത് തെറ്റെന്ന് തെളിഞ്ഞാലും അത് സയന്‍സിന്റെ ഭാഗം തന്നെയാണ്. പരാജയപ്പെട്ടാലും നൂറുശതമാനവും ശാസ്ത്രീയമായ പരിശ്രമം; അതിനതിന്റെ മൂല്യമുണ്ട്.

എന്നാല്‍, ഒന്നും വ്യക്തമായി പ്രവചിക്കാനില്ലാത്ത, ഈ ലോകത്തില്‍ എന്ത് നടക്കും എന്ന് കൃത്യമായി പറയാനാകാത്ത ഒരു സിദ്ധാന്തം പരിപൂര്‍ണമായും ഉപയോഗശൂന്യമാണ്. “തെറ്റ്” എന്ന മൂല്യം പോലും അതര്‍ഹിക്കുന്നില്ല.

ഫിസിക്സില്‍ പ്രശ്നങ്ങളുണ്ട്. ഇനിയിപ്പോ സി. രാധാകൃഷ്ണന് അത് പരിഹരിക്കാന്‍ പറ്റും എങ്കില്‍ അതിനെ നിറമനസ്സോടെ സ്വാഗതം ചെയ്യുന്നു. പക്ഷേ, ആദ്യം വ്യക്തമായ സമവാക്യങ്ങളും കൃത്യമായ പ്രവചനങ്ങളും കൊണ്ടുവരൂ. (സമവാക്യങ്ങള്‍ ഉണ്ടെങ്കില്‍ പ്രവചനങ്ങള്‍ ഉണ്ടാക്കുന്ന കാര്യം ശാസ്ത്രലോകം ഏല്‍ക്കും!) നമുക്കത് പരീക്ഷിച്ചുനോക്കാം.

ഇനി ഇതിനൊന്നും പറ്റാതെ കണക്ക് ചോദിച്ചാല്‍ സ്വത്വബോധത്തെ പറ്റി തത്ത്വശാസ്ത്ര പ്രസംഗം നടത്താനാണെങ്കില്‍ ക്ഷമിക്കൂ മഹാമതേ, വേറെ പണിയുണ്ട്!

അവ്യക്തയും ഞാനും: ഈ ലേഖനമുണ്ടായ കഥ

ആ നിമിഷത്തിന്റെ അനിവാര്യതയില്‍ ഞാന്‍ ഞാനല്ലാതായിപ്പോയി.

– സൈന്റ് എക്സ്യൂപെറി, The Little Prince

ഞാന്‍ അവ്യക്തയില്‍ ചെന്ന് ചാടുന്നത് ഈ ഫെബ്രുവരിയിലാണ്. ഫെബ്രുവരി 24-ന് ദേശീയ സയന്‍സ് ദിനം എന്നോരാചാരമുണ്ടല്ലോ! അന്ന് എന്റെ യൂണിവേഴ്സിറ്റി സയന്‍സ് ക്യാമ്പസില്‍ വിശിഷ്ടാതിഥിയായി സി. രാധാകൃഷ്ണനായിരുന്നു ക്ഷണിക്കപ്പെട്ടത്. പൂച്ച-പോന്നുരുക്കല്‍ സംശയം കാരണം ഞാന്‍ ഇദ്ദേഹത്തെ ഒന്ന് ഗൂഗിള്‍ ചെയ്തു. അങ്ങനെ ഞാന്‍ അവ്യക്തയില്‍ ചെന്ന് ചാടി.

എന്താണിത് എന്ന ആത്മാര്‍ത്ഥമായ ആകാംക്ഷയോടെ വായിച്ചുതുടങ്ങിയ എന്നെ അത്യഗാധമായ ഒരു നിരാശയുടെ പടുകുഴിയിലേക്ക് ഉന്തിയിട്ടു ഈ പ്രബന്ധം. ഇദ്ദേഹത്തിന്റെ പ്രസംഗം നടക്കുന്ന സമയം ഞാന്‍ വേദിയുടെ അടുത്തെങ്ങും ചെന്നേയില്ല. എനിക്ക് എന്റെ സ്വന്തം “ശാസ്ത്രവും കപടശാസ്ത്രവും” അവതരണം ഉണ്ടായിരുന്നു; അത് പരിശീലിക്കുന്നു എന്ന വ്യാജേന വിട്ടുനിന്നു! സത്യത്തില്‍ എനിക്കെന്നെ നിയന്ത്രിക്കാന്‍ പറ്റുമോ എന്ന സംശയം മൂലമാണ് ഞാന്‍ ആ വഴിക്ക് പോകാതിരുന്നത്. ആള്‍ വന്നു, കാര്യമായി അവ്യക്ത പറയാതെ പോയി.

അതവിടെ തീര്‍ന്നു എന്ന് വിചാരിച്ചിരുന്നതാണ്. പക്ഷേ, കഴിഞ്ഞ ഡിസംബറില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തെ പറ്റി മാര്‍ച്ച് അവസാനമാണ് നമ്മുടെ പത്രങ്ങള്‍ക്ക് ബോധോദയമുണ്ടാകുന്നത്. അങ്ങനെ വാര്‍ത്ത കാണുന്നു.

അപ്പോള്‍ത്തന്നെ “ഇതെന്നെയും കൊണ്ടേ പോകൂ” എന്ന് തോന്നിയതാണ്. “അളന്നുകണക്കാക്കി തിരിക്കുന്നത് ‘സ്വന്ത’മാക്കാനുള്ള പുറപ്പാടിന്റെ ആദ്യ പടിയാണ്.” എന്ന വാചകം വായിച്ചതോടെ എന്റെ എല്ലാ നിയന്ത്രണവും വിട്ടു. ഇതിനുമുന്‍പ് ഉണ്ടായിട്ടില്ലാത്ത വലുതും ഒരായിരം വിഷയങ്ങള്‍ കുത്തിത്തിരുകിയതുമായ ഒരു ലേഖനം എഴുതിക്കളയാം എന്ന് തീരുമാനിച്ചു.

അങ്ങനെയാണ് “ഇഴചേരാത്ത ഊടും പാവും” പിറവിയെടുക്കുന്നത്.

ഇഴചേര്‍ക്കാന്‍ നിതാന്ത പരിശ്രമത്തിലാകും ഈ ഭൂഗോളത്തിന് ചുറ്റുമുള്ള അനേകം ശാസ്ത്ര വിദ്യര്‍ത്ഥികളെപ്പോലെ ഞാനും. ഫൈന്മന്‍ പറഞ്ഞതുപോലെ:

പ്രകൃതി സുദീര്‍ഘമായ ഇഴകള്‍ ഉപയോഗിച്ചേ ക്രമങ്ങള്‍ നെയ്യാറുള്ളൂ, അതുകൊണ്ട് ആ വസ്ത്രത്തിന്റെ ഓരോ ചെറുകഷ്ണങ്ങളും ആ ഊടും പാവും ചേര്‍ന്നിരിക്കുന്നതെങ്ങിനെയെന്ന് വെളിപ്പെടുത്തും.

*വോള്‍ഫ്ഗാങ്ങ് പോളി (Wolfgang Pauli) എന്ന ശാസ്ത്രജ്ഞന്‍ പറഞ്ഞ ഒരു പ്രസ്തവനയില്‍ പ്രചോദിതം. “ഇത് ശരിയല്ല, ഇത് തെറ്റ് പോലുമല്ല,” (“This is not right, this is not even wrong.”)

+ഈ പേപ്പര്‍ ആദ്യം വായിക്കാന്‍ ക്ഷമകെട്ടപ്പോള്‍ വായിച്ച് സഹായിച്ച ഹരിക്ക് നന്ദി.

പിന്‍കുറിപ്പ്: ഈ ഒരു ലേഖനം എഴുതുന്നതിനിടയില്‍ ഒരിത്തിരി കൂടുതല്‍ കലിപ്പായിരുന്ന എന്നെ സഹിച്ച, കയ്യേറ്റം ചെയ്യാതിരുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.