Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the twentytwenty domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/wp-includes/functions.php on line 6114
Siddarth Balram – Is it true, Science?
Categories
Article Farming Food History Nature Technology

മണ്ണില്ലാതെ പൊന്നു വിളയിക്കാം

ഭക്ഷണം ഏതൊരു ജീവിയുടെയും അടിസ്ഥാന ആവശ്യമാണ്. ബുദ്ധിയുള്ള, ബുദ്ധി മാത്രമുള്ള മനുഷ്യൻ അതിനൊരു എളുപ്പവഴി കണ്ടെത്തി – കൃഷി. മനുഷ്യർക്ക് ഭക്ഷ്യയോഗ്യമായ/ഉപയോഗപ്രദമായ സസ്യജാലങ്ങളെ പ്രകൃതിയുടെ സ്വാഭാവിക പരിസ്ഥിതിയിൽ നിന്ന് മാറ്റിനിർത്തി സംരക്ഷിച്ചു വളർത്തുന്നതിനെ സാമാന്യമായി വിളിക്കുന്നതാണ് കൃഷി. ആ കൃഷിക്ക് കുറഞ്ഞത് 10,000 വർഷങ്ങളുടെ കഥകൾ പറയാനുണ്ടാവും. വിവിധ ഭാഷകളുടെ, സംസ്കാരങ്ങളുടെ, മതങ്ങളുടെ, ബലികളുടെ ഒടുവിൽ സയൻസിന്റെയും കഥകൾ.

Soilless Farming
Soil-less Farming

ഒടുവിലെ സയൻസാണ് ഈ ലേഖനത്തിന്റെ ആധാരം. ഒരുപക്ഷെ മനുഷ്യകുലം ആദ്യമായി അവന്റെ അന്നത്തെ അറിവ് വെച്ച് ഏറ്റവും ശാസ്ത്രീയമായി കൈകാര്യം ചെയ്ത പ്രവർത്തികളിൽ ഒന്നായിരുന്നിരിക്കണം കൃഷി. പിന്നീട് വന്ന ആധുനികതയുടെ നൂറ്റാണ്ടുകളിൽ മറ്റെല്ലാ രംഗങ്ങളിലുമെന്ന പോലെ കൃഷിയിലും നമ്മൾ സാങ്കേതികമായി പുരോഗതി കൈവരിച്ചു.

നമ്മുടെ നാട്ടിലൊക്കെ ഇന്നും കാണുന്ന “ഒരു കന്ന് വാഴയ്ക്ക് രണ്ട് കൊട്ട ചാണകം” എന്ന പൊതു തത്ത്വത്തിൽ നിന്നും ആധുനിക കൃഷി ഏറെ മാറിയിരിക്കുന്നു. ഓരോ ചെടിക്കും വളരാൻ ആവശ്യമായ ഘടകങ്ങൾ ഇന്നത്തെ ശാസ്ത്രത്തിന് സൂക്ഷ്മമായി അറിയാനുള്ള കഴിവുണ്ട്. കമ്പ്യൂട്ടർ പോലുള്ള ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ഇന്നത്തെ കൃഷി.

ഇനി ചില കണക്കുകൾ.
2050ടെ ഭൂമിയിലെ ജനസംഖ്യ 1000 കോടിയോട് അടുക്കുമെന്ന് നിലവിലെ ജനപ്പെരുപ്പനിരക്ക് സൂചിപ്പിക്കുന്നു. ഭൂമിയിലെ മൊത്തം ജലസമ്പത്തിന്റെ ഏകദേശം 3% മാത്രമാണ് ശുദ്ധജലം. അതിന്റെ 68%ളം മഞ്ഞുമലകളും മറ്റുമായി ഇന്നത്തെ മനുഷ്യർക്ക് പ്രാപ്യമല്ലാതിരിക്കുന്നു. ബാക്കിയുള്ളതിൽ 30%ൽ അധികം ഭാഗം ഭൂഗർഭജലമായി നിൽക്കുന്നു. ബാക്കി കാണുന്ന 0.5% ആണ് നമ്മൾ ഭൂമിയുടെ ഉപരിതലത്തിൽ കാണുന്ന ശുദ്ധജലം. ഇതിനെ ആശ്രയിച്ചാണ് മനുഷ്യർ കൃഷി ചെയ്യുന്നതും കുളിക്കുന്നതും നിർമ്മാണപ്രവർത്തനങ്ങൾ ചെയ്യുന്നതും നമ്മളുൾപ്പെടെയുള്ള കോടിക്കണക്കിന് മൃഗങ്ങൾ വെള്ളം കുടിക്കുന്നതും മറ്റും. ഇനി, ഭൂമിയിൽ 29% കര ആയി നിൽക്കുന്നു. ഈ കരഭൂമിയിലെ 43% ആണ് മനുഷ്യവാസയോഗ്യമായിട്ടുള്ളത്. അതിൽ റോഡുകളും കെട്ടിടങ്ങളും കൃഷിയിടങ്ങളും പെടും. ഇത്രയും കണക്കിവിടെ പറഞ്ഞതെന്തെന്നാൽ, ജനസംഖ്യ കൂടിവരികയും ശുദ്ധജല സമ്പത്തിന്റെയും കരഭൂമിയുടെയും ലഭ്യത ആനുപാതികമായി കുറഞ്ഞ് വരികയും ചെയ്യുന്ന കാര്യം ഓർത്തിരിക്കാനാണ്. ഇത്തരമൊരു അവസ്ഥയിൽ ഇവയുടെ ഉപയോഗം കുറച്ച്, ഉല്പാദനക്ഷമമായ കൃഷിരീതി വികസിപ്പിക്കേണ്ടത് അടിയന്തരമായ ശ്രദ്ധ നൽകേണ്ട വിഷയമാണ്. ഇവിടെയാണ് ശാസ്ത്രീയവും നൂതനവുമായ കൃഷിരീതികൾ പ്രസക്തമാവുന്നത്.

ഏറ്റവും കൂടുതൽ കേൾക്കുന്നൊരു വാദമാണ് മണ്ണ് നശിച്ചാൽ കൃഷി തകർന്നു എന്ന്. മണ്ണിനെ ഒരു ദിവ്യ വസ്തുവിന്റെ പരിവേഷത്തിൽ നിർത്തുമ്പോൾ മണ്ണിലേക്ക് പുറത്തു നിന്ന് കൊടുക്കുന്ന വളങ്ങളും കീടനാശിനികളും അതിനെ ‘അശുദ്ധമാക്കുന്നു’ എന്ന ചിന്ത ചിലർക്കെങ്കിലും ഉണ്ട്. എന്നാൽ പതുക്കെയെങ്കിലും മണ്ണില്ലെങ്കിൽ കൃഷി ഇല്ല എന്ന സങ്കല്പം ഇന്നത്തെ കാലത്ത് അപ്രസക്തമായിക്കൊണ്ടിരിക്കുന്നു.

ചെടികൾക്ക് വളരാൻ എന്തിനാണ് മണ്ണ്? ചെടികളെ സംബന്ധിച്ച് അനുകൂല സാഹചര്യങ്ങൾ ഉണ്ടെങ്കിൽ വീണിടം വിഷ്ണുലോകമാണ്. വെള്ളം, വെളിച്ചം, ആവശ്യമായ പോഷകങ്ങൾ എന്നിവയാണ് ഈ അനുകൂല സാഹചര്യങ്ങൾ. അവ കൊടുക്കാൻ സാധിക്കുകയാണെങ്കിൽ ചെടികൾ മണ്ണില്ലാതെയും വളരും. ഇവയില്ലെങ്കിൽ മണ്ണുണ്ടായിട്ടും കാര്യമില്ല. മണ്ണിൽ നടത്തുന്ന കൃഷിയെ geoponics എന്ന് വിളിക്കുന്നു.

Soilless Farming
Soil-less Farming

അപ്പോൾ മണ്ണിനു വേണ്ട ഗുണങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. കൃഷിയോഗ്യമായ മണ്ണ് ജൈവസമ്പുഷ്ടമായിരിക്കണം. ആവശ്യമായ പോഷകങ്ങൾ ഉണ്ടായിരിക്കണം. വെള്ളം, വായു എന്നിവ കൃത്യമായ അളവിൽ വേരുകൾക്ക് ലഭ്യമാവുന്ന ഘടനയുള്ളതായിരിക്കണം എന്നതൊക്കെയാണ് അവയിൽ ചിലത്.

എന്തിനാണ് മണ്ണ് ജൈവസമ്പുഷ്ടമാകണമെന്ന് പറയുന്നതെന്ന് തീർച്ചയായും ചിലരിലെങ്കിലും കൗതുകമുണ്ടാക്കും. വെളിച്ചത്തിനു പുറമേ ചെടികൾ വളരാൻ 17ൽ അധികം പോഷകങ്ങൾ ആവശ്യമാണെന്ന് ഇന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യൻ വായിലൂടെ ഭക്ഷണം കഴിക്കുന്നു എന്നത് പോലെ ചെടികൾ അവയ്ക്ക് ആവശ്യമായ പോഷകങ്ങൾ വേരുകളിലൂടെയും ഇലകളിലൂടെയുമാണ് വലിച്ചെടുക്കുന്നത്. പോഷക സമ്പുഷ്ടമായ മണ്ണിൽ ഈ പോഷകങ്ങളത്രയും പല രൂപത്തിലായിരിക്കും ഉണ്ടാവുക. ഇതിനെ വിഘടിപ്പിച്ച് ചെടികളുടെ വേരുകൾക്ക് വലിച്ചെടുക്കാവുന്ന രൂപത്തിലാക്കുകയാണ് മണ്ണിലെ സൂക്ഷ്മജീവികളുടെ ജോലി. അത് സൂക്ഷ്മജീവികൾ ചെടിയെ സന്തോഷിപ്പിക്കാൻ വേണ്ടി ചെയ്യുന്നതല്ല; മറിച്ച് അവരുടെ വിസർജ്യങ്ങളായാണ് പല പോഷകങ്ങളും ആ രൂപത്തിൽ ചെടിയിൽ എത്തുന്നത്.

എല്ലാ ഗുണങ്ങളുമടങ്ങിയ മണ്ണ് സ്വാഭാവികമായി ലഭിക്കാൻ ബുദ്ധിമുട്ടുമാണ്. പക്ഷെ ജിയോപോണിക്സിൽ കൃഷി ചെയ്യുമ്പോൾ വിളവിലെന്ന പോലെ എല്ലാം ഏകദേശം മതിയെന്നായിരുന്നു ഇതുവരെയുള്ള പൊതുധാരണ. ഒരു പ്രദേശത്തെ മണ്ണിൽ ചിലപ്പോൾ ഒരു ധാതു മാത്രമേ അധികം ഉണ്ടാവുകയുള്ളു. ഒരു കുട്ടിയെക്കൊണ്ട് ഒരുപാട് ഭക്ഷണം കഴിപ്പിച്ചാൽ അത് വളരുകയല്ല, മറിച്ച് രോഗിയാവുകയാണ് ചെയ്യുക; കൂട്ടത്തിൽ പത്തായത്തിലെ അരിയും തീരും. അത് പോലെ തന്നെയാണ് ചെടികളും – ആവശ്യമുള്ളത് ആവശ്യത്തിനു കൊടുക്കുകയാണ് വേണ്ടത്, അവിടെ ഏകദേശകണക്കുകൾ മതിയാവുകയില്ല. ഇപ്പോൾ കൃഷിക്ക് മുമ്പ് നടത്തുന്ന മണ്ണ്പരിശോധന വ്യാപകമാകുമ്പോൾ അറിയാതെയെങ്കിലും ചില തിരിച്ചറിവുകൾ കർഷകനുണ്ടാവുകയാണ്.

ഇന്ന് ഈ ധാതുക്കളെല്ലാം വിഘടിതരൂപത്തിൽ തന്നെ മണ്ണിന്റെ സഹായമില്ലാതെ കൃത്രിമമായി കൂടുതൽ മികച്ചതാക്കി ചെടികൾക്ക് നൽക്കാൻ സയൻസിന്റെ സഹായത്തോടെ സാധിക്കും. മണ്ണെന്നാൽ ചെടികളുടെ വേരുകൾക്ക് ഉറച്ച് നിൽക്കാനും അവയ്ക്ക് പോഷകങ്ങൾ വലിച്ചെടുക്കാനും സഹായിക്കുന്ന മീഡിയം മാത്രമാണിന്ന്. മണ്ണിലെ അപകടകാരികളായ അണുക്കൾ, അനാവശ്യ രാസവസ്തുക്കൾ, വെള്ളത്തിന്റെയും വായുവിന്റെയും ലഭ്യതയുടെ ഏറ്റക്കുറച്ചിൽ, തുടർച്ചയായി കൃഷി ചെയ്യുന്നതിലൂടെ സംഭവിക്കുന്ന പോഷകശോഷണം എന്നിവ മണ്ണിനെ കൃഷിക്കായി ആശ്രയിക്കുന്നതിന്റെ പ്രധാന പരിമിതികളാണ്. മണ്ണിനു പകരം കൂടുതൽ കാര്യക്ഷമമായ മീഡിയം ഇന്ന് ലഭ്യമാണ്. ഇത്തരം മീഡിയം വെച്ച് ചെയ്യുന്ന കൃഷിയെ soil-less culturing എന്ന് വിളിക്കുന്നു.

ജിയോപോണിക്സിനു പകരമുള്ള മണ്ണില്ലാ കൃഷികളിൽ നിലവിലെ പ്രധാനപ്പെട്ട മൂന്നെണ്ണമാണ് താഴെ കൊടുത്തിരിക്കുന്നത്.

1.Hydroponics
ഇന്ന് നമ്മുടെ നാട്ടിലും പ്രചാരമേറിക്കൊണ്ടിരിക്കുന്ന ഒരു കൃഷിരീതിയാണിത്. Hydroponics എന്ന വാക്കിന്റെ അർഥം ജോലി ചെയ്യുന്ന ജലമെന്നാണ്. ആദ്യകാലങ്ങളിൽ തന്നെ മൃഗവിസർജ്യങ്ങളും മറ്റും ചെറിയ ജലശേഖരങ്ങളിലിട്ട് ആ വെള്ളം കൃഷിയിടങ്ങളിലേക്ക് തിരിച്ച് വിടുന്ന രീതി ഉണ്ടായിരുന്നു. അങ്ങിനെ വളരുന്ന ചെടികളുടെ വിളവ് അധികമാണെന്നും, വളം പ്രത്യേകിച്ച് വേറെ ഇടേണ്ടി വരുന്നതില്ലെന്നും പഴമക്കാരും ശ്രദ്ധിച്ചിരുന്നു.

Hydroponics
Hydroponics

ഹൈഡ്രോപോണിക്സിന്റെ ആദിമ രൂപം അതായിരിക്കെ, ഇന്ന് കൂടുതൽ പഠനങ്ങളിലൂടെ ഇതിനെ കുറച്ച്കൂടി മെച്ചപ്പെടുത്താൻ നമുക്കായി. ഇന്ന് ഹൈഡ്രോപോണിക്സിൽ ചെടികൾ വളർത്താൻ മണ്ണിന് പകരം മറ്റ് മീഡിയങ്ങളാണ് ഉപയോഗിക്കുന്നത്. വെള്ളം, പെർലൈറ്റ്, ഹൈഡ്രോടോൺ, റോക്ക് വൂൾ, ഗ്രേവൽ തുടങ്ങി രാസപരരമായി നിർജീവമായ മീഡിയം പലതും ഉപയോഗിക്കാറുണ്ട്. ചെടികളെ കൃത്യമായ അകലത്തിൽ മീഡിയം നിറച്ച പൈപ്പുകളിലോ വലിയ ഗ്രോബെഡുകളിലോ ആണ് വളർത്തുന്നത്. തണ്ടിനു മുകളിലേക്ക് വായുവിലായും, താഴെയുള്ള വേരുകൾ തുടർച്ചയായി വെള്ളമൊഴിക്കൊണ്ടിരിക്കുന്ന മീഡിയത്തിലുമായാണ് ചെടികൾ വളരുക. ഇതുമൂലം തുടർച്ചയായി വേരുകൾക്ക് വായു ലഭിക്കാനും വെള്ളം കെട്ടികിടന്നുള്ള വേരുചീയൽ ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടാവാതിരിക്കാനും സഹായിക്കുന്നു. കൂടാതെ ഗ്രോബെഡിൽ കൃത്യമായ അകലത്തിൽ വെറ്റ്/ഡ്രൈ സോണുകൾ ക്രമീകരിക്കുന്നു. വെളിച്ചം അകത്ത് കടക്കാത്ത വിധത്തിൽ പ്ലാസ്റ്റിക്കിലും മറ്റും രൂപകൽപ്പന ചെയ്ത ഗ്രോ ബെഡുകളിൽ ഫംഗസ് പോലുള്ള രോഗബാധകൾ കടന്നുവരികയില്ല.

മീഡിയത്തിലെ വേരുപടർപ്പിലൂടെ ഒഴുകുന്ന വെള്ളത്തിലൂടെ നിശ്ചിത അളവിലും സമയത്തിലും ആവശ്യമായ പോഷകങ്ങൾ നൽകിക്കൊണ്ടിരിക്കും. ഇതിനു വേണ്ടി വെള്ളത്തിൽ അലിയുന്ന പോഷകങ്ങൾ ലഭ്യമാണ്. ജലത്തിനോടൊപ്പം വളവും കൊടുക്കുന്ന രീതിയെ fertigation എന്ന് വിളിക്കുന്നു. വേരുകൾ വെറും ധാതുസമ്പുഷ്ടമായ വെള്ളത്തിൽ മാത്രം വളരുന്നതിനെ solution culture എന്ന് വിളിക്കുന്നു.

ചെടികൾ വളരുമ്പോൾ തണ്ടുകൾ ഭാരം കാരണം ഒടിഞ്ഞ് തൂങ്ങാതിരിക്കാൻ താങ്ങ് കൊടുക്കുക പതിവുണ്ട്. ക്ലോസ്ഡ് ഏരിയ ആയത് കാരണം പുറത്തുള്ള രോഗകീടങ്ങളെ പ്രതിരോധിക്കുകയും, പ്രതികൂല കാലവസ്ഥകൾക്കനുസൃതമായ മാറ്റങ്ങൾ ഉള്ളിലെ ചെടിക്ക് ചുറ്റുമുള്ള അന്തരീക്ഷത്തിൽ വരുത്തുവാൻ സാധിക്കുകയും ചെയ്യാവുന്നതാണ്.
Nutrient Film Technique(NFT), Deep Water Culture(DWC) തുടങ്ങിയവ ഹൈഡ്രോപോണിക്സിൽ ചെടികൾ വളർത്താനുള്ള രീതികളിൽ ചിലതാണ്.

ഇത്തരത്തിൽ ഒരു നിയന്ത്രിത പരിസ്ഥിതിയിൽ ചെടികളെ വളർത്തുമ്പോൾ ചെടികൾക്ക് കൃത്യമായ അളവിൽ പോഷകങ്ങൾ ലഭിക്കുന്നതിലൂടെ ഉയർന്ന ഉല്പാദനക്ഷമത ഉറപ്പ് വരുത്തുക മാത്രമല്ല മണ്ണിലൂടെ പടരാൻ ഇടയുള്ള രോഗങ്ങളെ തടയാനും അത് സഹായിക്കുന്നു.

2. Aeroponics
പേര് സൂചിപ്പിക്കുന്ന പോലെ വായു ആണ് ഇവിടെ ജോലി ചെയ്യുന്നത്. വായു ആണ് ചെടികളുടെ വേര് വളരാൻ ഉള്ള മീഡിയം. വളരെ നിയന്ത്രിതമായ പരിസ്ഥിതിയിൽ വേരുകൾ വായുവിൽ നിർത്തിക്കൊണ്ടാണ് ഏറോപോണിക്സിൽ ചെടികളെ വളർത്തുക. ഈ വേരുകളിലേക്ക് പോഷക ലായനി വളരെ കനം കുറഞ്ഞ തുള്ളികളായ്

Aeroponics
Aeroponics

സ്പ്രേ ചെയ്യുന്നു. ഇതിലൂടെ വളങ്ങളുടെ ഉപയോഗം 60%വും വെള്ളത്തിന്റെ ഉപയോഗം 98%വും കീടനാശിനികളുടെ ഉപയോഗം 100%വും കുറയ്ക്കാൻ സാധിക്കുന്നു.

ഇപ്പോളിത് താരതമ്യേന ചിലവു കൂടിയ കൃഷിരീതിയായതിനാൽ വ്യാവസായികമായി

അധികമാരും പിന്തുടർന്ന് പോരുന്നില്ല. എന്നാൽ ബഹിരാകാശ രംഗത്ത് ഏറോപോണിക്സിന്റെ സാധ്യതകൾ മനസ്സിലാക്കി നാസയടക്കമുള്ളവർ ഇതിൽ കൂടുതൽ ഗവേഷണം നടത്തിവരുന്നു.

3.Aquaponics
നിലവിൽ ഏറ്റവും വേഗത്തിൽ ലോകമാകമാനം പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന കൃഷിരീതിയാണ് അക്വപോണിക്സ്. സ്ഥല-വിഭവ ദൗർബല്യം നേരിടുന്നിടങ്ങളിൽ അക്വപോണിക്സിനു മറ്റ് കൃഷികൾക്കുമേൽ വിജയം കൈവരിക്കാനാവുന്നത് ആദ്യം സൂചിപ്പിച്ച സയൻസിന്റെ സഹായത്തോടെ, ജീവജാലങ്ങളുടെ പരസ്പരാശ്രയത്വം മുതലെടുത്തുകൊണ്ടാണ് എന്ന് സാമാന്യവൽകരിച്ച് പറയാനാകും. മത്സ്യങ്ങളെ വളർത്തൽ(Aquaculture)+Hydroponics =Aquaponics എന്ന് എളുപ്പത്തിൽ പറയാം.

Aquaponics
Aquaponics

Aquaculture അഥവാ മത്സ്യകൃഷി കാർഷിക പാരമ്പര്യമുള്ള നമുക്ക് അന്യമല്ല. കേരളത്തിൽ ശുദ്ധജല മത്സ്യത്തെയും കടൽ മത്സ്യത്തെയും കൃഷി ചെയ്തു വരുന്നുണ്ട്. ഇതിൽ ശുദ്ധജല മത്സ്യകൃഷി ആണ് അക്വപോണിക്സിന്റെ കാതൽ. 2 മീനിനെ വളർത്തുന്ന സ്ഥലത്ത് 100 മീനുകളെ വരെ വളർത്തുത്താനും അതിൽ നിന്ന് ആവശ്യമായ പച്ചക്കറി ഉത്പാദിപ്പിക്കാനും അക്വപോണിക്സിലൂടെ സാധിക്കും. ഇതെങ്ങിനെ സാധിക്കുന്നു എന്നറിയാൻ മീനുകളും ചെടികളും തമ്മിലുള്ള ബന്ധം മനസ്സിലായാൽ എളുപ്പമാവും.

Ph, താപനില, വെള്ളത്തിലെ ഓക്സിജൻ അളവ് തുടങ്ങി ഒരുപാട് ഘടകങ്ങൾ മീനുകളുടെ ജീവനു ഭീഷണി ആവാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് സ്വന്തം വിസർജ്യമായ അമോണിയ മൂലമുണ്ടാകുന്ന അമോണിയം ടോക്സിസിറ്റി(>0.02mg/L). അപ്പോൾ മീനുകൾക്ക് ‘നിന്ന് തിരിയാൻ’ ഇടമില്ലാത്ത കുളങ്ങളിലെ ജലത്തിലടങ്ങിയ അമോണിയയുടെ ബാഹുല്യം ഊഹിക്കാവുന്നതേയുള്ളു. മീനുകൾ പുറംതള്ളുന്ന ഈ അമോണിയയെ, അമോണിയ കൂടുതലുള്ളിടങ്ങളിൽ സാധാരണമായി കാണുന്ന Nitrosomonas ബാക്റ്റീരിയകൾ മീനുകൾക്ക് അമോണിയയോളം അപകടകരമല്ലാത്ത nitrite ആക്കി മാറ്റുന്നു(<0.5mg/L). ഈ നൈട്രൈറ്റിനെ മറ്റൊരു ബാക്റ്റീരിയ ആയ nitrobactorകൾ നൈട്രജന്റെ തന്നെ മറ്റൊരു രൂപമായ nitrate ആക്കി മാറ്റുന്നു. ഇതിനെ മുഴുവനായി nitrification cycle എന്നാണ് വിളിക്കുന്നത്. ഈ ബാക്റ്റീരിയകൾക്കകത്ത് നടക്കുന്നത് തികച്ചും രാസപരമായ പ്രവർത്തനങ്ങളാണ്. നൈട്രേറ്റ് മീനുകൾക്ക് തുലോം ദോഷകരമല്ല(<50mg/L). ഇത് വരെ സംഭവിച്ചത് അക്വക്കൾച്ചറിൽ സാധാരണ നടന്നു വരുന്ന പ്രക്രിയയാണ്.

എന്നാൽ ഇങ്ങനെയുണ്ടായ നൈട്രേറ്റ് ചെടികൾക്ക് നല്ലൊരു വളം ആണ്. വേരുകൾക്ക് ആഗിരണം ചെയ്യാൻ ഉത്തമമായ രൂപമാണ് nitrate. അതിനാൽ ഈ നൈട്രേറ്റ് നിറഞ്ഞ വെള്ളം ചെടികൾ വളരുന്ന മണ്ണിതര മീഡിയത്തിലേക്ക് ഹൈഡ്രോപോണിക്സിലെന്ന പോലെ ഒഴുക്കി വിടുന്നു. ചെടികൾ അവയ്ക്കാവശ്യമായ നൈട്രജൻ അടക്കമുള്ള പോഷകങ്ങൾ വലിച്ചെടുത്തതിന് ശേഷം ബാക്കിയുള്ള, ഇപ്പോൾ ശുദ്ധമായ ജലം തിരിച്ച് മീനുകളുടെ കുളത്തിലേക്ക് തന്നെ വിടുന്നു. ഇതുമൂലം മത്സ്യകുളത്തിലെ വെള്ളം എപ്പോഴും ശുദ്ധമായിരിക്കുകയും ചെടികൾ യഥേഷ്ടം വളരുകയും ചെയ്യുന്നു. ഇതാണ് ചുരുക്കത്തിൽ അക്വപോണിക്സ്. ഇത് വഴി ചെടികൾക്ക് പ്രധാനമായി ലഭിക്കുന്ന വളം നൈട്രജൻ ആയതിനാൽ മറ്റ് പോഷകങ്ങൾ ഇലകളിൽ തളിക്കുകയാണ് ചെയ്യാറ്(foliar feeding). കീടനാശിനികളും അനുവദനീയമല്ലാത്ത വളങ്ങളും ചെടികളിൽ പ്രയോഗിച്ചാൽ ഗ്രോബെഡിലൂടെ അവ വെള്ളത്തിലെത്തി മീനുകൾ ഒന്നടങ്കം ചത്തുപോവാനുള്ള സാധ്യത കൂടുതലായതിനാൽ ഇതും ഒരു നിയന്ത്രിത പരിസ്ഥിതിയിലാണ് ചെയ്തുപോരുന്നത്.

Aquaponics Cycle
Aquaponics Cycle

നൈട്രിഫിക്കേഷൻ സൈക്കിൾ സാധാരണയായി പ്രകൃത്യാ തന്നെ കുളങ്ങളിലും അരുവികളിലുമെല്ലാം ഉണ്ടാവുന്നതാണ്. എന്നാൽ അതിസാന്ദ്രതാ കൃഷിയിൽ സൂക്ഷ്മനിയന്ത്രണം സാധ്യമാവുന്നതിനു കൃത്രിമമായ കുളങ്ങളാണ് ഉപയോഗിക്കാറ്. വളരെ ചെറിയ സ്ഥലത്ത് ഒരുപാട് മീനുകളെ വളർത്താൻ(1000 liters/fish to 10 liters/fish) ഈ ബാക്റ്റീരിയകളെ കൂടുതലായി പ്രത്യേകം ബയോ ഫിൽറ്ററുകൾ വെച്ച് കൾച്ചർ ചെയ്ത് എടുക്കേണ്ടതുണ്ട്. വെള്ളത്തിലെ മറ്റ് ഖരമാലിന്യങ്ങൾ നീക്കം ചെയ്യാൻ പലതരം മെക്കാനിക്കൽ ഫിൽറ്ററുകളും ഉപയോഗിക്കുന്നു. ചെടികൾ ഇല്ലാതെ മത്സ്യങ്ങളെ മാത്രം ഇങ്ങനെ വളർത്തുന്ന Recirculating Aquaculture System(RAS)ൽ ഈ നൈട്രേറ്റ് നിറഞ്ഞ വെള്ളത്തിനെ അൽപ്പാൽപ്പമായി ഒഴിവാക്കി കുളത്തിൽ പുതിയ വെള്ളം നിറയ്ക്കുകയോ de-nitrifiying ബയോ ഫിൽറ്റേർസിലൂടെ പൂർണ്ണമായി ശുദ്ധീകരിക്കുകയോ ചെയ്ത് വീണ്ടും ഉപയോഗിക്കുകയാണ് ചെയ്യുക.

നേരിയ വ്യതിയാനങ്ങൾ മീനുകളെ പ്രതികൂലമായി ബാധിക്കുന്നത് കാരണം അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടുന്ന കൃഷിരീതിയാണിത്. നേരത്തേ സൂചിപ്പിച്ച പോലെ നൈട്രജൻ നിറഞ്ഞ വളം പ്രധാനമായും എത്തിച്ചേരുന്നതിനാൽ ഇലക്കറികൾ ആണ് ഈ കൃഷിരീതിയിൽ സ്വാഭാവികമായി നല്ല വിളവു തരുന്ന വിളയിനം. എന്നാൽ ഇന്ന് വിപണിയിൽ ലഭിക്കുന്ന സപ്ലിമെന്റുകളുടെ സഹായത്തോടെ ഒട്ടുമിക്ക പച്ചക്കറികളും അക്വപോണിക്സിലൂടെ വളർത്തിയെടുക്കാവുന്നതാണ്. മീനുകൾ വസിക്കുന്ന കുളത്തിലെ വെള്ളം ഫിൽറ്ററുകളിലൂടെ തിരിച്ച് ആ കുളത്തിലേക്ക് തന്നെ എത്തിചേരുന്നതിനാൽ ജല ദൗർലഭ്യത അനുഭവിക്കുന്ന പ്രദേശങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സമ്പ്രദായമാണ് അക്വപോണിക്സ്.

നിലവിലെ അക്വപോണിക്സ് ദിനംപ്രതി വളരുന്നുകൊണ്ടിരിക്കുന്നു. അക്വപോണിക്സ് എന്ന വാക്ക് വരുന്നത് 1970’കളിൽ ആണെങ്കിലും പുരാതന മെക്സിക്കോയിലെ chinampaകൾ അന്നത്തെ അക്വപോണിക്സ് ആയിരുന്നു. തായ് ലണ്ടിലും ഇന്തോനേഷ്യയിലും സമാന കൃഷിരീതികൾ ഉണ്ടായിരുന്നു. പാടങ്ങളിൽ വെള്ളമിറങ്ങുമ്പോൾ മീൻ വളർത്തിയ ഒരു പൊക്കാളിപാരമ്പര്യം നമുക്കും കാണുമായിരിക്കും.

മുകളിലെ കൃഷിരീതികൾ നമ്മുടെ നാട്ടിൽ പ്രചാരത്തിലായിട്ട് കുറച്ചുകാലം ആയിട്ടേ ഉള്ളുവെങ്കിലും ലോകത്തിന്റെ പല ഭാഗത്തും വിവിധ പരീക്ഷണ ഗവേഷണങ്ങൾ ഈ രംഗങ്ങളിൽ നടന്നുകൊണ്ടിരുന്നു. അതിൽ മാതൃകയാക്കാവുന്ന ഒരു രാജ്യമാണ് നെതർലന്റ്സ്. നെതർലാന്റിനെക്കാൾ 79 മടങ്ങ് വലിയ രാജ്യമാണ് ഇൻഡ്യ. എന്നാൽ ഇത്ര ചെറിയ ഈ രാജ്യം ലോകത്തിലെ കാർഷിക കയറ്റുമതിയുടെ മൂല്യത്തിൽ 2ആം സ്ഥാനത്തു നിൽക്കുന്നു!

1944/45 കാലഘട്ടങ്ങളിൽ നാസികളുടെ അധിനിവേശത്തെ തുടർന്ന് നെതർലന്റ്സിൽ ഒരു ക്ഷാമം ഉണ്ടായി. ഏകദേശം 20,000ൽ അധികമാളുകൾ അതിൽ മരിക്കാനിടയായി. യൂറോപ്പിലെ മറ്റ് രാജ്യങ്ങളിൽ നിന്ന് അവശ്യധാന്യങ്ങൾ ഇറക്കുമതി ചെയ്യേണ്ടി വന്നു. പിന്നീട് വന്ന വർഷങ്ങളിൽ എണ്ണ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് സാമ്പത്തിക നില സുരക്ഷിതമായതോടെ നെതർലന്റ്സ് കൃഷിയിൽ നൂതന പരീക്ഷണങ്ങൾ നടത്തിപ്പോന്നു. ഇന്ത്യയിൽ ഹരിതവിപ്ലവം തുടങ്ങിയ കാലത്തിനോടടുത്ത് തന്നെ ആയിരുന്നു അത്. പകുതി വിഭവങ്ങൾ ഉപയോഗിച്ച് കൊണ്ട് ഇരട്ടി ഉല്പാദനം എന്നതായിരുന്നു അന്ന് നെതർലാന്റ്സ്ന്റെ ലക്ഷ്യം.

ഇന്ന് നെതർലാന്റിലെ 80% കൃഷികളും ഗ്രീൻ ഹൗസുകളിൽ ആണ്. 24 മണിക്കൂറും വിവിധ യന്ത്ര സഹായങ്ങളോടെ പ്രവർത്തിക്കുന്ന അവയ്ക്ക് ആവശ്യമായ വൈദ്യുതിയ്ക്കായി അവർ ആശ്രയിക്കുന്നതാകട്ടെ സൗരോർജ്ജത്തിനെയും. കൃഷി പൂർണ്ണമായി യന്ത്രവൽകൃതമായി മാറിക്കഴിഞ്ഞതിനാൽ മനുഷ്യാധ്വാനത്തിനുള്ള ഭീമമായ ചിലവുകളെയും പ്രതിരോധിക്കാനായി. വൈദ്യുതിയുടെ ഉപയോഗത്തിലൂടെ കൃത്രിമമായ കാലാവസ്ഥ ഗ്രീൻഹൗസിനുള്ളിൽ സൃഷ്ടിച്ച് ഏത് വിളവും വർഷത്തിൽ 365 ദിവസവും സീസൺ നോക്കാതെ ഉല്പാദപ്പിക്കാനാകുന്നു. ചിലയിടങ്ങളിൽ LED പോലുള്ള വെളിച്ചം നൽകിക്കൊണ്ട്, സൂര്യന്റെ ആവശ്യം പോലുമില്ലാതെ കൃഷികൾ നടക്കുന്നു.

Netherland Farms
Netherlands Farms

അക്വപോണിക്സിലും മറ്റും ഇന്ന് വളരെ സാധാരണമായി ഉപയോഗിച്ചു വരുന്ന ഡച്ച് ബക്കറ്റ് സിസ്റ്റത്തിന് ആ പേരു വന്നത് അതാദ്യമായി പരീക്ഷിച്ചത് ഹോളണ്ടിലായതിനാലാണ്. ലോകത്തിലെ എല്ലാ കർഷകർക്കും ഉപകാരപ്രദമായ ഇത്തരം അനേകം കണ്ടുപിടുത്തങ്ങൾക്ക് ചുക്കാൻ പിടിച്ചവരിൽ പ്രധാനിയായ നെതർലന്റ്സിലെ Wageningen University & Plant Research centre(WUR) ഇന്ന് ലോകത്തെ നൂറിലധികം രാജ്യങ്ങളിൽ കൃഷി മെച്ചപ്പെടുത്താനുള്ള ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. ഡച്ച് കൃഷിരീതികൾ സൗദി അറേബ്യ, കസാക്കിസ്ഥാൻ തുടങ്ങി ലോകമെങ്ങുമുള്ള രാജ്യങ്ങൾ പിന്തുടരുന്നു.

കൃഷി അറിവാണ്, അത് പടരുന്തോറും വികസിച്ചുകൊണ്ടിരിക്കും.
വളരുക, വളർത്തുക.