Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the twentytwenty domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/wp-includes/functions.php on line 6114 Hoax – Is it true, Science?Skip to the content
സെൽഫോണ് ടവറിനെ സാങ്കേതികമായി Base transceiver station (BTS)എന്നാണ് വിളിക്കുക. Radio Mast എന്നും വിളിക്കപ്പെടുന്നു.
ഇനി കാര്യത്തിലേക്ക് കടക്കാം. മൊബൈൽ ഫോണ് പ്രവർത്തിക്കുന്നത് വൈദ്യുത കാന്തിക തരംഗങ്ങൾ വഴിയാണ്. നമുക്ക് ഒരാളെ വിളിക്കണം എങ്കിൽ നമ്മുട ഫോണും വിളിക്കേണ്ട ആളുടെ ഫോണും കണക്ടഡ് ആയിരിക്കണം. ഇതു ബുദ്ധിമുട്ടേറിയ ഒരു പണിയാണ്. പ്രത്യേകിച്ചും ദൂരെയുള്ള ആളെയൊക്കെയാണ് ബന്ധപ്പെടുന്നത് എങ്കിൽ നമ്മുടെ ഫോണിലെ സിഗ്നൽ നേരിട്ട് അവിടെ എത്തിക്കുക എന്നത് നടക്കില്ലല്ലോ.ഒരു ഇടനലിക്കാരൻ വേണം.
ഒരു ടവറിൽ നടക്കുന്ന രണ്ടു പണികൾ ഇതാണ്
1)അവ ഒരു സെൽ നെറ്റവർക്കിലെ ഫോണുകൾ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നു.മുകളിൽ കാണുന്ന ചുള്ളിക്കമ്പ് പോലുള്ള ആന്റിന ആണ് ഈ ജോലി ചെയ്യുന്നത്.
2)അടുത്തുള്ള ടവറുകൾ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നു. ബാൻഡ് പോലെ ടവറിൽ കാണുന്ന antenna ശരിക്കും ആ പണിയാണ് ചെയ്യുന്നത്. അവ അടുത്തുള്ള ടവറുമായി കണക്ടഡ് ആണ്.
റേഡിയോ, മൈക്രോവേവ് എന്നീ രണ്ടു തരംഗങ്ങൾ ആണ് പൊതുവിൽ ടവറുകളിൽ വിനിമയം ചെയ്യപ്പെടുന്നത്. ഇവ വൈദ്യുത കാന്തിക കുടുംബത്തിലെ രണ്ട് അംഗങ്ങൾ ആണ്. നമ്മുടെ പ്രകാശം, ഇൻഫ്രാറെഡ് അൾട്രവായലറ്റ്, , xray, ഗാമ തുടങ്ങിയവയും ഈ കുടുംബത്തിൽ പെടുന്ന തരംഗങ്ങൾ ആണ്.
നിങ്ങൾക്കറിയാം xray, ഗാമ, അതുപോലെ അൾട്രാവയലറ്റ് എന്നിവ മനുഷ്യ ശരീരത്തിൽ ദോഷം ചെയ്യുന്ന കിരണങ്ങൾ ആണ്. Xray, ഗാമ ഒക്കെ നമ്മുടെ ശരീര കലകളെ തുളച്ചു പോകാനുള്ള കഴിവുണ്ട്. ഇത്തരം കിരണങ്ങളെ ionizing radiation എന്ന ഗണത്തിൽ ആണ്പെടുത്തിയിരിക്കുന്നത്.
ഇവയുമായി സമ്പർക്കത്തിൽ വരുന്നത് മനുഷ്യന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.ചിലതൊക്കെ നിയന്ത്രിത ചുറ്റുപാടിൽ നമ്മൾ ചികിത്സ രംഗത്തോക്കെ ഉപയോഗിക്കുന്നുണ്ട്.
അപ്പോൾ ടവറിൽ ഉപയോഗിക്കുന്ന മൈക്രോവേവ്, റേഡിയോവേവ് എന്നിവയും, ദൃശ്യപ്രകാശം, ഇൻഫ്രാറെഡ് , അൾട്രാവയലറ്റ്ന്റെ ലോവർ ഭാഗവും non ionizing radiation ഗണത്തിൽ ആണ്. സ്ട്രിക്റ്റ് ആയി പറയുക എന്നത് സാങ്കേതികമായി ബുദ്ധിമുട്ട് ഉള്ള കാര്യമാണ്. എങ്കിലും ഒരു പൊതു തത്വത്തെ ആസ്പദമാക്കി പറയുമ്പോൾ മുകളിൽ പറഞ്ഞതൊക്കെ non ionizing ആണ്.
വേറൊരു തരത്തിൽ പറഞ്ഞാൽ ഇത്തരം തരംഗങ്ങൾ നമ്മുടെ ശരീര കലകളെ അല്ലെങ്കിൽ അവയുടെ രാസ ബന്ധനത്തെ മുറിച്ചു മാറ്റാൻ പ്രാപ്തിയുള്ളതല്ല. ഇതു എടുത്തു പറയാനുള്ള കാരണം മൊബൈൽ ടവറിനു എതിരെ ഭൂരിപക്ഷം ആരോപണവും കാൻസർ വരുത്തുന്നു എന്നതാണ്. റേഡിയേഷൻ കൊണ്ടു കാൻസർ വരണം എങ്കിൽ നമ്മുടെ ശരരീര കോശത്തെ മുറിച്ചു കടന്നു, അതിനുള്ളിലെ(മർമ്മത്തിലെ) ജീനുകളിലെ രാസഘടനയെ മാറ്റൻ കഴിയണം.
ഇങ്ങനെ തുളച്ചു കയറാൻ മാത്രമുള്ള ഊർജമൊന്നും മൈക്രോവേവ്, റേഡിയോ തരംഗങ്ങൾക്ക് ഇല്ല എന്നതാണ് യാഥാർഥ്യം. പൊതുവിൽ ജീനുകളിലെ ആക്‌സമിക വ്യതിയാനം ആണ് കാന്സറിലേക്ക് നയിക്കുക . അങ്ങനെ വ്യതിയാനം സംഭവിക്കാൻ തരംഗങ്ങൾ അതിനുള്ളിൽ കയറി ‘എഡിറ്റിംഗ്’ നടത്തണം.
പക്‌ഷേ ഇതു ചെയ്യാൻ തരംഗങ്ങൾ അശക്തരാണ്.
ഇനി ടവർ പുറപ്പെടുവിക്കുന്ന ഊർജ്ജം നോക്കാം. ജർമനിയിൽ നടത്തതിയ ഒരു പഠനത്തിൽ(ലിങ്ക് : http://www.emfrf.com/rf-radiation-levels-from-cellular-towers/ ) ഇരുനൂറു വ്യത്യസ്ത സ്ഥലങ്ങളിൽ പഠനം നടത്തിയപ്പോ കണ്ടത് പരമാവധി square മീറ്ററിന് ഒരു ലക്ഷം മൈക്രോവാട്ടാണ് ഊർജം. മറ്റൊരു തരത്തിൽ പറഞ്ഞാൽ 0.1 വാട്ട്. ഒരു വാട്ടിന്റെ പത്തിൽ ഒന്നു. ഇതു ടവറിന്റെ അടുത്തുള്ള ബില്ഡിങ്ങിലെ നാലാം നിലയിലെ ടെറസിലെ മറ്റൊരു ടവറും ആയി ലിങ്ക് ചെയ്യുന്ന line of sight ന്റെ ഇടയിൽ. എന്നുവെച്ചാൽ നമ്മുടെ രണ്ടു ടവറുകൾക്കു ഇടയിൽ ഉള്ള ‘ബാൻഡ്’ പോലത്തെ structure ന്റെ ഇടക്കാണ് ഈ ഊർജ്ജം എന്നോർക്കണം.
ഇതേ സ്ഥലത് സൂര്യന്റെ ഊർജ്ജം ഒരു square കിലോമീറ്ററിന് ആയിരം വാട്ട് ഒക്കെ വരും.ഭൂമിയുടെ ഉപരിതലത്തിൽ 800 വാട് മുതൽ 1300 വാട്ട് വരെയൊക്കെ square മീറ്ററിൽ ഉണ്ടാവും.സെൽ ടവർ റേഡിയേഷന്റെ പതിനായിരംമടങ്. സെൽ ടവർ റേഡിയേഷൻ ദൂരം കൂടുന്നതിന് അനുസര്ച്ചു നല്ല രീതിയിൽ റേഡിയേഷൻ ഊർജ്ജം കുറയുന്നു.മുകളിൽ പറഞ്ഞ പഠനത്തിൽ നല്ല ശതമാനവും 200 മൈക്രോ വാട്ട് പ്രതി ചതുരശ്ര മീറ്റർ ആയിരുന്നു ഊർജം(200 micro watt/M^2).
എന്നുവെച്ചാൽ ഇന്ത്യ പോലുള്ള സൂര്യന് ’നേരെ കീഴെ’ ഉള്ള രാജ്യങ്ങളിൽ വരുന്ന സൗര വികിരണത്തിന്റെ അന്പതിനായിരത്തിൽ ഒന്നു (വളരെ ലിബറൽ ആയി പറഞ്ഞത് ആണ്,ഇത് ഒരു ലക്ഷം വരെ പോകാം).അപ്പോൾ ഒരു ടവറിൽ നിന്ന് വരുന്ന റേഡിയേഷന്റെ അരലക്ഷത്തിൽ ഇരട്ടി റേഡിയേഷൻ നമ്മൾ ദിവസവും സൂര്യനിൽ നിന്ന്ഏറ്റു വാങ്ങുന്നുണ്ട്. അതിൽ വെറും ദൃശ്യപ്രകാശം മാത്രമല്ല, ഇൻഫ്രാറെഡ്, ആൾട്രാവയറ്റു എന്നിവയ്ക്ക് നല്ല പങ്കുണ്ട്.
ടവറിന്റെ ഏറ്റവും തീവ്രത ഏറിയ റേഡിയേഷൻ line of sight ആയി ഘടിപ്പിച്ച ആന്റിനകൾക്ക് ഇടയിൽ ആണ് നമ്മൾ നേരത്തെ കണ്ട 0.1 watt/M^2. അവിടെ പോലും safe ലെവലിൽ ആണ് റേഡിയേഷൻ.
US Federal Communications Commission നിഷ്കര്‍ഷിക്കുന്ന safe ലെവലിന്റെ 1000 ത്തിൽ ഒന്നു പോലും നമ്മുടെ ടവർ റേഡിയേഷന് വരുന്നില്ല എന്നതാണ് വാസ്‌തവം. ഒരു വാഹനത്തിന്റെ indicator ൽ നിന്ന് വരുന്ന അത്രപോലും ഊർജ്ജം പുറത്തു വരുന്നില്ല.
പിന്നെ പഠനത്തിന്റെ കാര്യം, ഒരു control ഗ്രൂപ് ഉണ്ടാക്കി പരീക്ഷണം നടത്തുക എന്നത് ഈ കാര്യത്തിൽ അത്ര പ്രായോഗികം അല്ല. തന്നേയുമല്ല ഇനി കാൻസർ സ്ഥിരീകരിച്ച ആളെ ഏതു മാനദണ്ഡങ്ങൾ ഉൾപെടുത്തി non ionizing radiation exposed ആണെന്ന് തീരുമാനിക്കും?ഭൂമുഖത്ത് ഏറെക്കുറെ പേരും non ionizing radiation exposed ആണ്. സെൽ ഫോണും അതിന്റെ ഉപയോഗവും ഏറെക്കുറെ എല്ലാ കമ്മ്യൂണിറ്റികളും ഉപയോഗിക്കുന്നുമുണ്ട്. എങ്കിലും study ഒക്കെ കുറെ നടന്നു കഴിഞ്ഞു . നേരിട്ട് യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. ലാബിലെ നിയന്ത്രിത പരീക്ഷനത്തിലും കോശങ്ങളിലെ ടവർ റേഡിയേഷൻ effect വാദം സോളിഡ് ആക്കാൻ കഴിഞ്ഞിട്ടില്ല. ബ്ലഡ് ബ്രെയിൻ ബാരിയർ(BBB)യിലെ റേഡിയേഷൻ effectum തെളിയിക്കപ്പെട്ടിട്ടില്ല.
ഞാൻ ഈ പറഞ്ഞത് മുഴുവനും ടവറും മനുഷ്യ ആരോഗ്യവും എന്ന വിഷയം മാത്രമാണ്. ഇതിൽ വേറെ പല വിഷയവും അഡ്രസ് ചെയ്തിട്ടില്ല. കാരണം ഇവിടെ പലപ്പോഴും കാണുന്ന ടവർ വിരുദ്ധ സമരങ്ങൾ ‘ടവറിന്റെ ആരോഗ്യ, വിശിഷ്യാ കാൻസർ’പ്രശ്‌നങ്ങൾ ഉയർത്തി കാണിച്ചുള്ള സമരം ആണ്.
പരിസ്ഥിതി ഹോട്സ്പോട്ടിൽ ജെസിബി മാന്തി ടവർ വെക്കുന്നതോ, മറ്റ് സെൻസിറ്റീവ് ആയ ജൈവ മണ്ഡലത്തിലോ കയറി(തേനീചയുടെ ഒക്കെ നാവിഗേഷൻ വ്യവസ്‌ഥ ഒക്കെ താറുമറക്കുന്നതും ടവർ തന്നെ ആണെന്നത് വിസ്മരിക്കുന്നില്ല) ടവർ നാട്ടുന്നതിനെ ന്യായീകരിക്കുന്ന രീതിയിലോ ആക്കി പോസ്റ്റ് വളച്ചു ഒടിച്ചു പൊട്ടിക്കരുത് എന്നൊരു അപേക്ഷ ഉണ്ട്.
മിയോ ചാൻ👲 :
അന്തരീക്ഷത്തിൽ ജലബാഷ്പങ്ങൾ കൂടിചേർന്നാണ് മേഘങ്ങൾ ഉണ്ടാകുന്നത്.പക്ഷെ അവ നമ്മൾ കാണുന്നത് പോലെ ’പാറക്കല്ല് പോലെ ’ ഉറച്ച ഘടനയല്ല.വാതങ്ങളുടെയും ,ജലബാഷ്പങ്ങളുടെയും ഒക്കെ കൂട്ടായ്മയായി കരുതാം (-15 ) മുതൽ (-25 )ഡിഗ്രി വരെ താഴ്ന്ന താപനിലയിൽ ഉള്ള തണുത്തു കുളിരുകയറിയ വായു മേഘത്തിനുള്ളിൽ മുകളിലോട്ടു ചലിക്കുന്നു.
സാക്കോ ചാൻ 👱:
അപ്പൊ മേഘങ്ങൾ കൂട്ടിയിടിക്കുന്നു എന്നാണല്ലോ ടോമോ ടീച്ചർ പഠിപ്പിച്ചത്.
മിയോ ചാൻ 👲:
അങ്ങനെയല്ല സാക്കോ,മേഘപാളികളിലെ അതിവേഗം മുകളിലോട്ടു ഉയരുന്ന വായുതന്മാത്രകളോടൊപ്പം വെള്ളം തണുത്തു ചെറുതും വലുതുമായ ഐസ് കട്ടകൾ ഉണ്ടാകുന്നു.ചെറിയ ഐസ് പരലുകള് (ഐസ് ക്രിസ്റ്റൽ ) മുകളിലോട്ടു പോകുന്നു.ഈ ഐസ് പരലുകൾ , graupel ആയിട്ട് ഉരസി നീങ്ങുന്നു.
സാക്കോ ചാൻ👱 :
അതെന്താണ് അവസാനം പറഞ്ഞ graupel ?
മിയോ ചാൻ 👲:
graupelഎന്നാൽ കോൺ flake പോലെയുള്ള ഐസിന്റെ കൊച്ചുപാളികൾ.മഞ്ഞുവീഴ്ചയുള്ളപ്പോൾ പറന്നു വീഴുന്ന-’ഫന ’സിനിമയിലൊക്കെ മഞ്ഞു പെയ്യുമ്പോൾ കാണിക്കുന്ന ചെറിയ ഐസ് പാളി-.ഏതാണ്ട് അത് തന്നെ .വലിപ്പം കൂടിയ ഐസ് കട്ട എന്ന് മനസിലാക്കിയാൽ മതി.
മിയോ ചാൻ👲 :
അതായതു സാക്കോ,മേഘത്തിന്റെ ഇലക്ട്രിഫികേഷനെ പറ്റി ശാസ്ത്രം ഇന്നും അന്വേഷണത്തിൽ തന്നെയാണ്.നേരത്തെ പറഞ്ഞ ഐസ് പരലുകളും ,graupelum തമ്മിൽ ഉരസുമ്പോൾ ഐസ് പരലുകൾക്കു ഇലെക്ട്രോണുകൾ നഷ്ടപ്പെടുന്നു.electron നഷ്ടപ്പെടുമ്പോൾ ഐസ് പരലുകൾ പോസിറ്റീവ് ചാർജ് കൈവരുന്നു.പക്ഷെ graupelukalkku നെഗറ്റീവ് ചാർജ് കൈവരുന്നു.
സാക്കോ ചാൻ👱 :
അതെന്താ അങ്ങനെ ?ചാർജ് ഉണ്ടാവുന്നത് എങ്ങനെയാ ?
മിയോ ചാൻ👲 :
electroninu നെഗറ്റീവ് ചാർജ് ആണെന്നറിയാലോ.ഐസ് പരലും graupel ഉം ഉരസുമ്പോൾ കുറെ electron നഷ്ടപ്പെടുന്നു.വേറൊരു തരത്തിൽ പറഞ്ഞാൽ ഐസ് പരലിന് നഷ്ടപ്പെടുന്ന ഇലെക്ട്രോണ് graupel നു നേട്ടമാണ്.എന്നുവെച്ചാൽ എത്ര ഇലക്ട്രോൺ ഐസ് പരലുകൾക്കു നഷ്ടപ്പെട്ടോ അത്രയും ഇലക്ട്രോൺ graupell നേടുന്നു.അപ്പോൾ അതിനു നെഗറ്റീവ് ചാർജ് കൈവരുന്നു.
സാക്കോ ചാൻ👱 :
മനസിലായി,ഭാരം കൂടിയ graupel മേഘത്തിന്റെ അടിഭാഗത്തേക്കും ,ഭാരം കുറഞ്ഞ ഐസ് പാളികൾ മുകളിലേക്കും പോകുന്നു,അല്ലെ ?
മിയോ ചാൻ👲 :
അത് തന്നെ.മേഘത്തിന്റെ കീഴ്ഭാഗത്തു നെഗറ്റീവ് ചാർജ് കൈവരുന്നു.മുകളിൽ പോസിറ്റീവും.
സാക്കോ ചാൻ👱 :
ഇനിയെന്താണ് നടക്കുക ?
മിയോ ചാൻ 👲:
കോടിക്കണക്കിനു ഇലെക്ട്രോണുകൾ മേഘത്തിന്റെ കീഴ്ഭാഗത്തു കുമിഞ്ഞു കൂടിയിരിക്കുന്നു.ഇത് ഭൂമിയിലേക്ക് വരാൻ ശ്രമിക്കും.
സാക്കോ ചാൻ👱 :
അതെന്തിനാണ് ഭൂമിയിലേക്ക് വരുന്നത് ?
മിയോ ചാൻ👲 :
ഇനി പറയുന്ന പ്രതിഭാസം വളരെ പ്രാധാന്യം അർഹിക്കുന്നു.നെഗറ്റീവ് ചാർജ് കൈവന്ന മേഘം ഭൂമിയിൽ പോസിറ്റീവ് ചാർജ് ഉളവാക്കുന്നു.അഥവാ ഒരു ചാർജ് ചെയ്യപ്പെട്ട വസ്തു മറ്റൊരു വസ്തുവിനെ വിപരീത ചാർജ് ഉളവാക്കുന്നു.ഇവിടെ മേഘം നെഗറ്റീവ് ചാർജ് ആയതു കൊണ്ട് ഭൂമിയിൽ അത് പോസിറ്റീവ് ചാർജ് ഉണ്ടാക്കുന്നു.മേഘത്തിന്റെ കീഴ്ഭാഗത്തെ ചാർജ് പോസിറ്റീവ് ആണെങ്കിൽ ഭൂമിയിൽ നെഗറ്റീവും.ആദ്യം പറഞ്ഞ രീതിയാണ് (മേഘം നെഗറ്റീവ് )കൂടുതലായി സംഭവിക്കുന്നത്.
സാക്കോ ചാൻ👱 :
അതിനു ഭൂമിയും മേഘവും യാതൊരു കണക്ഷനും ഇല്ലല്ലോ.പിന്നെങ്ങനെ ചാർജാവും ?
മിയോ ചാൻ👲 :
അതാണ് ഞാൻ പ്രതിഭാസം എന്ന് പറഞ്ഞത്.മേഘത്തിലെ ഉയർന്ന ചാർജ് ഭൂമിയിലെ വസ്തുവിനെ വിപരീത ദിശയിൽ ചാർജ് ചെയ്യിക്കുന്നു.ഇതിനെ ചാർജ് ഇൻഡക്ഷൻ എന്ന് പറയും .
സാക്കോ ചാൻ 👱:
ഇതെങ്ങനെ മിന്നലാവുന്നു ?
മിയോ ചാൻ👲 :
ഈ വലിയ ചാർജ് വ്യൂഹം ഭൂമിയിലേക്ക് സഞ്ചരിക്കാനുള്ള കച്ചിത്തുരുമ്പാണ് നേരത്തെ ഭൂമിയിൽ നടന്നത്.എന്നുവെച്ചാൽ മേഘത്തിന്റെ ചാർജിനു വിപരീത ചാർജിൽ ഭൂമി ചാർജ് ചെയ്യപ്പെട്ടത്.ഭൂമിക്കും മേഘത്തിനും ഇടയിലെ ഈ ഉയർന്ന പൊട്ടൻഷ്യൽ വ്യത്യാസം കാരണം അന്തരീക്ഷം അയോണീകരിക്കപ്പെടുന്നു.
സാക്കോ ചാൻ👱 : അയോണീകരിക്കപ്പെടുമ്പോ അന്തരീക്ഷത്തിനു എന്ത് മാറ്റമാണ് സംഭവിക്കുന്നത് ?
മിയോ ചാൻ👲 :
അയോണീകരിക്കപ്പെട്ട അന്തരീക്ഷം വൈദ്യുതിയെ (ഇലെക്ട്രോണിനെ )കടത്തിവിടാൻ പാകത്തിലായി.സാധാരണ ഗതിയിൽ അന്തരീക്ഷം വൈദ്യുതിയെ കടത്തിവിടാറില്ല.ഉണ്ടെങ്കിൽ നമ്മുടെ പവർ ലൈൻ ഒക്കെ പ്ലാസ്റ്റിക് കൊണ്ട് മൂടി വെക്കണമായിരുന്നു.
സാക്കോ ചാൻ👱 :
അപ്പോൾ മേഘവും ഭൂമിയും തമ്മിൽ ഒരു ലോഹക്കമ്പി കണക്ട് ചെയ്തത് പോലെയായി.അല്ലെ ?
മിയോ ചാൻ👲 :
അതെ.തന്നെയുമല്ല അതിഭീകരമാം വിധം ഇലക്ട്രോണുകൾ ഡിസ്ചാർജ് ചെയ്യും.അവസഞ്ചരിക്കുന്ന പാതയിലെ വലിയ താപം കാരണം വായു ചുട്ടുപഴുത്തു പ്രകാശം തരുന്നു.അതാണ് മിന്നൽ.വളരെ നൈമിഷികമായ നടക്കുന്ന പ്രവർത്തനമാണ്.കണ്ണടച്ച് തുറക്കുന്നതിനു മുമ്പേ എല്ലാം നടന്നു കഴിയും.
സാക്കോ ചാൻ👱 :
അപ്പോൾ ഇടിനാദമോ?
മിയോ ചാൻ 👲:
ചൂടായ വായുപടലം ചുറ്റിലും അതിവേഗത്തിൽ സഞ്ചരിക്കുന്നു.അതിന്റെ അലയാണ് ഇടിനാദം.മിന്നലിന്റെ ദിശയിലൂടെ ഈ പ്രവർത്തനം തുടരുന്നു.അത് കൊണ്ട് ശബ്ദത്തിനു റോളിങ്ങ് എഫ്ഫക്റ്റ് കിട്ടുന്നു.
സാക്കോ ചാൻ 👱;
ചാണകത്തിൽ ഇടിവാൾ വീണാൽ സ്വർണ്ണമാകും എന്ന് പറയാറുണ്ടല്ലോ
മിയോ ചാൻ👲 :
പൊന്നു സാക്കോ,ഇടിവാൾ എന്ന് പറയുന്ന സാധനം ഒരു സാങ്കല്പികം മാത്രമാണ്.കത്തിയമരുന്ന വായു യൂപം വാളായോ,ഗോളമായോ തോന്നുന്നു എന്ന് മാത്രം.ഇതൊക്കെ സെക്കന്റിന്റെ ആയിരം അംശത്തിൽ നടക്കുന്ന പ്രവർത്തികളാ.പിന്നെങ്ങനെയാ ചാണകത്തിൽ ഇടുക !!ഇനി ചാണകത്തിൽ നേരെ ’വാൾ ’ വീണാലും ഒന്നും സംഭവിക്കാൻ പോണില്ല.
സാക്കോ ചാൻ 👱
:ഇത്രയേ ഉള്ളൂ !!
പിന്നെ മേഘത്തിൽ ഇപ്പോഴും നെഗറ്റീവ് ചാർജ് തന്നെയാവുമോ ?
മിയോ ചാൻ👲 :
ആവണമെന്നില്ല.ചില സാഹചര്യത്തിൽ മേഘത്തിന്റെ താഴ്ഭാഗത്തു പോസിറ്റീവും മുകൾ ഭാഗത്തു നെഗറ്റീവും കാണാറുണ്ട്.അപ്പോഴും മിന്നലിന്റെ അടിസ്ഥാന പ്രവർത്തനങ്ങൾക്ക് മാറ്റമൊന്നുമില്ല.അനിസ്ചതത്വം നിറഞ്ഞ പ്രതിഭാസം ആയതു കൊണ്ട് പഠനം ഇപ്പോഴും പൂർത്തിയായിട്ടില്ല.
സാക്കോ ചാൻ👱 :
മിന്നലിന്റെ അപകടങ്ങൾ എമ്പാടും കേട്ടിട്ടുണ്ട് .എന്തെങ്കിലും ഉപകാരം ഇടിമിന്നല് കൊണ്ട് ഉണ്ടോ ?
മിയോ ചാൻ👲 :
അന്തരീക്ഷത്തിലെ നൈട്രജനെ സസ്യങ്ങൾക്ക് ഉപയോഗിക്കാൻ പാകത്തിൽ പരിവർത്തനം ചെയ്യുന്നതിന് മിന്നലിനു റോൾ ഉണ്ട്.
സാക്കോ ചാൻ👱:
മിന്നലെടുത്തു കുറച്ചു കഴിഞ്ഞാണല്ലോ ഇടി നാദം ഉണ്ടാകുന്നത് ?അതെന്താ ?
മിയോ ചാൻ 👲:
രണ്ടും ഏകദേശം ഒരേ സമയം നടക്കുന്നു.പക്ഷെ പ്രകാശത്തിനു വേഗത വളരെ കൂടിയതിനാൽ ആദ്യം മിന്നലും പിന്നെ ഇടിയും കേൾക്കുന്നു.
സാക്കോ ചാൻ👱 :
എന്തുമുന്കരുതൽ ആണ് എടുക്കേണ്ടത് ?
മിയോ ചാൻ👲 :
ഒറ്റപ്പെട്ടതും തുറസ്സായതുമായ സ്ഥലത്തു നിൽക്കാതിരിക്കുക.വലിയ മരത്തിന്റെ ചുവട്ടിൽ നിൽക്കാതിരിക്കുക.ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുക ,ലോഹഭാഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക.കുന്നിൻമുകളിൽ(സമതലത്തിൽ നിന്നും ഉയർന്ന ഭാഗത്താണെങ്കിൽ) സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക .(ഒറ്റപ്പെട്ടതും ഉയർന്നതുമായ പ്രദേശത്തു നേരത്തെ പറഞ്ഞ പോലെ ചാർജ് induce ചെയ്യപ്പെടുകയും,മിന്നലിലേക്കു ’ലീഡർ ’ ആയി വർത്തിക്കുകയും ചെയ്യും.പല അധ്യാപകരും വേണ്ടത്ര മിന്നലിന്റെ ശാസ്ത്രത്തിൽ വലിയ ശ്രദ്ധ കൊടുക്കാത്തത്തിൽ ഈ പ്രതിഭാസം ചർച്ചയാവാറില്ല.എങ്കിലും നല്ലമാറ്റങ്ങൾ ഇപ്പോൾ ഉണ്ട്.
1975 ല്‍ സഹോദരങ്ങള്‍ ആയ മൈക്കും (18) ഷിനും (12) അമേരിക്കയില്‍ കേലിഫോര്നിയയിലെ മോരോ റോക്ക് എന്നാ വന്‍ ഗ്രാനൈറ്റ് കുന്ന് കയറുകയായിരിന്നു. അപ്പോള്‍ അവരുടെ മുടി പൊങ്ങി വരുന്നത് ശ്രദ്ധിച്ചത് . അപ്പോള്‍ എടുത്ത ഫോട്ടോയാണ് കൊടുത്തിട്ടുള്ളത്. അത് ഇടിമിന്നല്‍ ഏല്‍ക്കുന്നതിനു തൊട്ടുമുന്‍പാണെന്നു ഇവര്‍ അറിഞ്ഞില്ലാ.
ഇവര്‍ക്ക് ആ അപകടത്തില്‍ നിന്നും ജീവന്‍ തിരിച്ച് കിട്ടി. ഇവര്‍ ഇരുവര്‍ക്കും ഫോട്ടോ എടുത്ത ഇവരുടെ പെങ്ങള്‍ മേരിക്കും പൊള്ളല്‍ ഏല്‍ക്കേണ്ടിവന്നെങ്കിലും വലിയ ആപത്തൊന്നും സംഭവിച്ചില്ലാ.
ഇങ്ങനെ മുടി എഴുനേറ്റു നില്‍ക്കുന്നത് ഇടിമിന്നല്‍ വരാന്‍ സാധ്യത ഉണ്ടെന്നുള്ള മുന്നറിപ്പാണ്.
ഗള്ഫുകാർ ഇടക്ക് പറയുന്ന ഒരു സംഗതി ഉണ്ട്. അവർക്ക് കറന്റ് ഇല്ലാതെ ഷോക്കടിക്കുന്ന കാര്യം. ആരെയെങ്കിലും തൊടുമ്പോൾ ഷോക്കടിക്കുന്ന അനുഭവമുണ്ടോ?
നിങ്ങളുടെ കൈയിൽ നിന്ന് തനിയെ സ്പാർക്ക് അനുഭവപ്പെട്ടിട്ടുണ്ടോ?. വരണ്ടതും തണുപ്പുള്ളതും ആയ കാലാവസ്ഥയിൽ അല്ലെങ്കിൽ ശീതീകരിച്ച റൂമിൽ നിങ്ങൾക്ക് ഏതെങ്കിലും വസ്തുവിലോ വേറെയേതെങ്കിലും ആളുകളെയോ സ്പർശിചപ്പോൾ ഷോക്കടിച്ചു അറിയാതെ കൈവലിക്കേണ്ടി വന്നിട്ടുണ്ടോ?
എന്താവും കാരണം അതിനു മുമ്പ് കുറച്ച് അടിസ്ഥാന രസതന്ത്രം അറിഞ്ഞിരിക്കണം.
ആറ്റത്തിനെ പറ്റി നിങ്ങൾ കേട്ടിരിക്കുമല്ലോ ഒരു പദാർഥത്തിന്റെ അടിസ്ഥാന കണം ആയിട്ടാണ് ആറ്റം പരിഗണിക്കപ്പെടുന്നത്. എന്നുവെച്ചാൽ ഈ അതിസൂക്ഷ്മമായ ഘടനയാണ് നമ്മൾ കാണുന്ന വസ്തുക്കളെല്ലാം തന്നെ നിർമ്മിച്ചിരിക്കുന്നത്. പലതരം ആറ്റങ്ങൾ .
ആറ്റത്തിന് ഒരു കേന്ദ്രമുണ്ട് ,ഇതിനെ സാങ്കേതികമായി ന്യൂക്ലിയസ് എന്ന് വിളിക്കുന്നു ന്യൂക്ലിയസിനകത്ത് പ്രോട്ടോണുകളും ന്യൂട്രോണുകളും കാണപ്പെടുന്നു. പേരുകേട്ടു വിരണ്ടുപോകേണ്ട വേണ്ട ആവശ്യമില്ല. ഇവരണ്ടും ആറ്റത്തിനി ഉള്ളിലെ അതിസൂക്ഷ്മ കണികകൾ ആണ് .ഇവയുടെ എണ്ണം പലവിധത്തിൽ ആറ്റങ്ങളിൽ കാണപെടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓരോ ആറ്റവും ഒരു ഐഡന്റിറ്റി കൈവരിക്കുന്നത്.
ന്യൂക്ലിയസിന് പുറത്തായി വേറെയും ഒരാൾ കൂടിയുണ്ട് .ഇതിനു പറയുന്ന പേരാണ് ഇലക്ട്രോണ്.
ഇലക്ട്രോണ് നേരത്തെ പറഞ്ഞ പ്രോട്ടോണിയെയും ന്യൂട്രോണിനേയും പോലെയുള്ള സൂഷ്മ കണികയാണ് .
പക്ഷേ ഇലക്ട്രോണുകൾ ആറ്റത്തിനകത്തെ ചില സ്വാതന്ത്ര്യങ്ങൾ അനുവദിച്ചിട്ടുണ്ട്.
ന്യൂക്ലിയസ് ചേട്ടനെ വലം വയ്ക്കാനും അതുപോലെ മറ്റ് ഇലക്ട്രോണുകളും ആയി സംയോജനത്തിൽ ഏർപ്പെടാനും സ്വാതന്ത്ര്യമുണ്ട് .ആറ്റത്തിന് പുറത്തുനിന്നുള്ള ഊർജ്ജ രൂപങ്ങളോട് എളുപ്പത്തിൽ ’കമ്പനി’ കൂടാൻ കഴിയും. അഥവാ ഇലക്ട്രോണിനെ ആറ്റത്തിന് പുറത്തേക്ക് സഞ്ചരിക്കാൻ ഒക്കെ സാധിക്കുമെന്ന് സാരം.
എന്നാൽ ന്യൂക്ലിയസിനകത്തെ പ്രോട്ടോണിനും ന്യൂട്രോണിനും ഇത്തരമൊരു സാഹചര്യം ഏറെക്കുറെ അപ്രാപ്യമാണ്. ഇനിയാണ് ഒരു സുപ്രധാന വസ്തുത പറയാനുള്ളത്
ആറ്റത്തിലെ
1)പ്രോട്ടോണിന് പോസിറ്റീവ് ഇലക്ട്രിക് ചാർജ് ഉണ്ട്
2)ന്യൂട്രോണിന് ചാർജ് ഇല്ല
3)ഇലക്ട്രോണിന് നെഗറ്റീവ് ചാർജ്.
ന്യൂക്ലിയസിന്റെ നേർവിപരീത ചാർജ് ആണ് ഇലക്ട്രോണിന് എന്നു സാരം.
ഇനിയാണ് കഥ, സാധാരണ ഗതിയിൽ ആറ്റത്തിലെ പ്രോട്ടോണിന്റെ തുല്യം ഇലക്ട്രോണുകൾ ആണ് ഉണ്ടാവുക.
ഉദാഹരണത്തിന് സ്വർണ്ണ ആറ്റത്തിലെ പ്രോട്ടോണുകൾ 79 എണ്ണം ആണ്, അത്ര തന്നെ ഇലക്ട്രോണുകളും ഉണ്ട്. അപ്പോൾ പ്രസ്തുത ആറ്റം ന്യൂട്രൽ ആണെന്ന് പറയാം.
എന്നാൽ ഇലക്ട്രോണിന് ചില ’പ്രിവിലെജുകൾ’ ഉണ്ടല്ലോ. അദ്ദേഹം അനുസരണയില്ലാത്ത കുട്ടിയാണ്. വല്ല കള്ളക്കാമുകൻ ഒക്കെ വന്നു വിളിച്ചാൽ ചാടിയങ്ങു പോകും. പ്രോട്ടോണ് ചേട്ടനെയൊന്നും ഗൗനിക്കില്ല. അതുപോലെ വേറെ വല്ല സ്ഥലത്തു നിന്നും ഊരു ചുറ്റി കയറിവരികയും ചെയ്യും. ആകെ പറഞ്ഞാൽ പ്രോട്ടോണ് ന്റെ അത്രയും ഇലക്ട്രോണ് ആറ്റത്തിൽ ഉണ്ടാകണം എന്നു യാതൊരു നിർബന്ധവുമില്ല എന്നു സാരം. ബാഹ്യമായ ഇടപെടൽ കൊണ്ട് ഇലക്ട്രോണിന്റ് എണ്ണത്തിൽ വ്യത്യാസം സംഭവിക്കുന്നു. ഇലക്ട്രോണ് നഷ്ടപ്പെട്ടാൽ പ്രസ്തുത ആറ്റം ഒരു നെഗറ്റീവ് ചാർജ് നഷ്ടപ്പെടുത്തി.
അവിടെ ഇലക്ട്രോണിനെ അപേക്ഷിച്ചു പ്രോട്ടോണിന്റ് എണ്ണം കൂടുതൽ ആയില്ലേ? 100 പ്രോട്ടോണും 100 ഇലക്ട്രോണും ഉള്ള ആറ്റം ഒരു ഇലക്ട്രോണ് നഷ്ടപ്പെടുത്തിയാൽ 99 ഇലക്ട്രോണും 100 പ്രോട്ടോണും ആവുന്നു. ആറ്റം ചർജുകളുടെ തുല്യ ബാലബലം എന്ന ന്യൂട്രൽ അവസ്ഥ മാറി പ്രോട്ടോണിന്റ് പോസിറ്റീവ് ചാർജ് മുൻതൂക്കം കൈവരിക്കുന്നു.
അതുപോലെ 40 പ്രോട്ടോണും അത്രതന്നെ ഇലക്ട്രോണും ഉള്ളിടത് രണ്ടു ഇലെക്ട്രോണ് അധികമായാൽ പിന്നെ ഇലക്ട്രോണിന്റെ നെഗറ്റീവ് ചാർജിനാവും മുൻതൂക്കം. അഥവാ ചാർജിൽ ഒരു അസന്തുലിതത്വം കൈവരുന്നു.ഇത്രയും പിടികിട്ടിയല്ലോ.
ഇനി സ്ഥിതവൈദ്യുതിയിലേക്ക്.
____
നമ്മൾ കാണുന്ന പദാർത്ഥങ്ങൾ എല്ലാം ഇങ്ങനെ കോടിക്കണക്കിന് വ്യത്യസ്‌ത ആറ്റങ്ങളുടെ ആകെത്തുകയാണ്. നമ്മൾ നടക്കുമ്പോൾ, അന്തരീക്ഷത്തിൽ കൈവീശുമ്പോൾ, ബെഡ്ഷീറ്റിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ, തുണിത്തരങ്ങൾ iron ചെയ്യുമ്പോൾ, മുടിചീകുമ്പോൾ ഇങ്ങനെ അസംഖ്യ രീതികളിൽ ഇലക്ട്രോണുകൾ ഒരു വസ്തുവിന് നഷ്ടപ്പെടാനും മറ്റേ വസ്തുവിന് സ്വീകരുക്കാനും കാരണമാകും.
നേരത്തെ പറഞ്ഞതു പോലെ നഷ്ടപ്പെട്ട പ്രതലം പോസിറ്റീവ്, ലഭിച്ച പ്രതലം നെഗറ്റീവും ചാർജ് ആയിരിക്കും. ഈ പ്രതിഭാസത്തെ tribo electricity എന്നുവിളിക്കുന്നു.
ഇലക്ട്രോണുകളുടെ ’ഈ കുമിഞ്ഞുകൂടൽ’ അതുമല്ലെങ്കിൽ ’ഇലക്ട്രോണുകളുടെ നഷ്ടപ്പെടൽ’ ഒരു പ്രത്യേക ചർജിന് വലിയ മുൻതൂക്കം കൊടുക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നു.
ഇങ്ങനെ കൂടി നിൽക്കുന്ന ചാർജ് അവിടെ തന്നെ തുടരും. ചിലപ്പോ നമ്മുടെ കയ്യിലാവാം
, അതുമല്ലെങ്കിൽ കിടക്കയിൽ നിന്നു നമ്മുടെ ഉടലിൽ ആവാം, വേഗത്തിൽ പോകുന്ന കാറിൽ അതിന്റെ ബോഡിയിൽ ആകാം , ഊഞ്ഞാൽ ആടിക്കൊണ്ടിരിക്കുന്ന കുട്ടിയിലാവാം….. കൂട്ടത്തിൽ പറയട്ടെ കേരളം പോലത്തെ ഉയർന്ന ആർദ്രത ഉള്ള സ്ഥലത്തു ഇങ്ങനെ ഉണ്ടാവുന്ന സ്റ്റാറ്റിക് ഇലക്ട്രിസിറ്റി തുലോം കുറവാണ്.
ആർദ്രത കുറഞ്ഞ അന്തരീക്ഷത്തിൽ ആണ് ഇത് നന്നയി നടക്കുന്നത്. ധ്രുവങ്ങൾക്കു അടുത്ത പ്രദേശങ്ങളിൽ ഒക്കെ ഇതു നന്നായി നിരീക്ഷിക്കാൻ പറ്റും. അതുപോലെ ശീതീകരിച്ച റൂമിൽ പൊതുവെ ഹ്യൂമിഡിറ്റി ac യുടെ ഇടപെടൽ കൊണ്ട് കുറരഞ്ഞിരിക്കും. അതുകൊണ്ടു സ്റ്റാറ്റിക് ഇലക്ട്രിസിറ്റി യുമായി ബന്ധപ്പെട്ട പരീക്ഷണം നമ്മുടെ നാട്ടിൽ ചെയ്യമ്പോൾ ac റൂമിൽ നടത്തുന്നതയിരിക്കും നല്ല റിസൾട്ട്.
‘ഷോക്കടിപ്രശ്നം’ ഉള്ള ഗള്ഫുകാർ നാട്ടിൽ വരുമ്പോൾ ഷോക്കടി പ്രശ്നമില്ലാത്തത് നാട്ടിലെ ആർദ്രത ഉള്ളത് കൊണ്ടാണ്.
തിരിച്ചു വിഷയത്തിലേക്ക് വരാം, സ്വാഭാവികമായും ഇങ്ങനെ ഉണ്ടാകുന്ന സ്റ്റാറ്റിക് ഇലക്ട്രിസിറ്റി അവിടെ തന്നെ നിൽക്കാൻ താത്പര്യപ്പെടുന്നില്ല. അവ ഇലക്ട്രോണിന് സഞ്ചാര യോഗ്യമായ(ചാലകം)ഒരു വസ്തുവുമായി അടുത്തു വരുമ്പോൾ അതിലേക്കു പോകുന്നു.
ഉദാഹരണത്തിന് നമ്മുടെ കയ്യിൽ ധാരാളം ഇലക്ട്രോണുകൾ ഇങ്ങനെ ഉണ്ടായിട്ടുണ്ടാവാം , ചാർജ് സാന്നിധ്യമുള്ള കയ്യുമായി വേറൊരാളെ തൊടുമ്പോൾ, അല്ലെങ്കിൽ വാതിലിന്റെ ലോഹ പിടിയിൽ കൈ വെക്കുമ്പോഴോ , ഇലക്ട്രോണിന്റ പെട്ടെന്നുള്ള ഡിസ്ചാർജ് അനുഭവപ്പെടുന്നു. ഇതു വൈദ്യുത പ്രവാഹമാണ്, പക്ഷെ വളരെ ചെറിയ സമയത്തേക്ക് മാത്രം. ഇതിനെ നമ്മുടെ നാഡീ സംവേദം ഒരു ഇലക്ട്രിക് ഷോക് ആയി രേഖപ്പെടുത്തും.
രാത്രികാലങ്ങളിൽ തലയിലൂടെ കമ്പിളി പുതപ്പിട്ടു വിരൽ കൊണ്ടു മേലോട്ടും താഴോട്ടും വരഞ്ഞാൽ ചെറിയ തീപ്പൊരി പാറുന്നത് കാണാം. കാണാത്തവർ ഉണ്ടെങ്കിൽ ശ്രമിച്ചു നോക്കുക, കേരളത്തിൽ ഇപ്പോൾ റിസൾട്ട് കാണാൻ പ്രയാസമാണ്. ആർദ്രത വളരെ കൂടിയ സീസണ് ആണ്. വീട്ടിൽ ac ഉണ്ടെങ്കിൽ എന്നെ ധ്യാനിച്ചു ഒന്നു ചെയ്ത് നോക്കൂ.
അതുപോലെ ചിലപ്പോഴൊക്കെ കൈതരിക്കുന്നതോടൊപ്പം ചെറിയ സ്പാർകും കാണാം. ഇതിന്റെ കാരണം ചാർജ് ചെയ്യപ്പെട്ട വസ്തു ചാർജ് ഇല്ലാത്ത വസ്തുവിൽ വിപരീത ചാർജ് ഉളവാക്കുന്നു. ഇതിനെ electrostatic induction എന്നു വിളിക്കുന്നു. Tribo electricity കാരണം നെഗറ്റീവ് ചാർജ് ആയ ഒരു പേന വേറൊരു പ്ളാസ്റ്റിക് ബോട്ടിലിന്റ് അടുത്തു വെക്കുമ്പോൾ പ്ലാസ്റ്റിക് ബോട്ടിലിൽ പേനയുടെ വിപരീത ചാർജ് (പോസിറ്റീവ്)induce ചെയ്യും. പേനയും ബോട്ടിലും തൊട്ടില്ലെങ്കിൽ പോലും അവയ്ക്കിടയിൽ ഇപ്പോൾ പോസിറ്റീവ്, നെഗറ്റീവ് charge കൈവന്നു. ഇതു ഇലക്ട്രിക് ഡിസ്ചാര്ജിന് കാരണം ആവുന്നു. ചെറിയ , ഒരുപക്ഷേ നമ്മുടെ കണ്ണിനു ശ്രദ്ധിക്കാൻ പറ്റാത്ത അത്രയും ചെറിയ സ്പാർക് ഉണ്ടാവും.
ഇതു മനസിലാവണമെങ്കിൽ ഒരു പോളിസ്റ്റർ തുണി ഇസ്തിരി ഇടുമ്പോൾ ഷർട്ടില്ലാതെ ശരരീരത്തിന്റെ അടുത്തു തൊട്ടു തൊട്ടില്ല എന്നു പറഞ്ഞു വെച്ചാൽ മതിയാകും. രോമങ്ങൾ ഒക്കെ എഴുന്നു നിന്നു, ചെറിയ എരിപിരി ശബ്ദത്തിൽ അവസാനിക്കും. ഇതിന്റെ ഒരു വലിയ വേർഷൻ ആണ് ഇടിമിന്നൽ ഉണ്ടാകുമ്പോൾ നടക്കുന്നത്.
മുകളിൽ പറഞ്ഞ പ്രതിഭാസം നമുക്ക് അറിയാതെ ഷോക്കടിപ്പിച്ചു പണി തരാറുണ്ട് എന്നു അറിയാമല്ലോ. ഒരു ഞെട്ടൽ എന്നതിലുപരി നമ്മുടെ ദൈനംദിന ജീവിതത്തിൽ ഇതു സാരമായ കേടുപാടുകൾ ഒന്നുമുണ്ടാക്കുന്നില്ല എന്നതാണുസത്യം. പക്ഷെ പണി കിടക്കുന്നതു അവിടെയല്ല.. നമ്മൾ ഏതെങ്കിലുംഇലക്ട്രോണിക് ഉപകരണങ്ങൾ ഇവയൊന്നും ശ്രദ്ധിക്കാതെ repair ചെയ്താൽ ഒരുപക്ഷേ ഇലക്ട്രോ സ്റ്റാറ്റിക് ഡിസ്ചാർജ്(ESD) കൊണ്ട് ആ ഉപകരണത്തിലെ നിർണ്ണായക സർക്യൂട് സംവിധാനങ്ങൾ നശിപ്പിച്ചു കളഞ്ഞേക്കാം. നമ്മൾ പോലും ഒരു പക്ഷെ അതിന്റെ കാരണം തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. അതുകൊണ്ടു repair ചെയ്യുന്നതിനു മുമ്ബ് ഒരു exclusive ഏർത് contact ൽ കൈവെച്ചു തുടങ്ങിയാൽ നല്ലത്. ഓപ്പറേഷൻ തീയേറ്ററിൽ ഒക്കെ ഇതിന്റെ മുൻകരുതലുകൾ എടുക്കാറുണ്ട്(മ്മടെ നാട്ടിലെ പ്രോട്ടോകോൾ അറിയില്ല).
അതുപോലെ പെട്രോൾ പോലുള്ള എളുപ്പത്തിൽ കത്തുന്ന ഇന്ധനങ്ങൾ നിറച്ച ടാങ്കറിൽ ഒക്കെ സ്പർക്കിങ് ഒഴിവ്കകനുള്ള സംവിവിധാനാം ഉണ്ട് .
ഇതു മുഴുവൻ വായിച്ച സ്ഥിതിക്കു നിങ്ങൾ തന്നെ പറയൂ, ഇത്രയും unpredictable ആയതും, ചെറിയ സമയം കൊണ്ട് ഡിസ്ചാർജ് ആവുന്നതം ആയ സ്റ്റാറ്റിക് വൈദ്യുതി എന്ന ഇങ്ങനെയൊരു പ്രതിഭാസം കൊണ്ടു എങ്ങനെ ഒരു ഇലക്ട്രിക് ഉപകരണം പ്രവർത്തിക്കും, എങ്ങനെ എട്ടാം കലാസ്സുകാരൻ വൈദ്യുതി ഇല്ലാതെ കത്തിച്ചു എന്നു പറയപ്പെടുന്ന ബൾബ് കത്തിക്കും?
ഒരു 500 രൂപ വിലയുള്ള ബാറ്ററി ഉൾപ്പെട്ട rechargeable LED ബൾബ് ഉപയോഗിച്ചാണു ഇത് പ്രകശിപ്പിച്ചത്. അതിൽ യാതൊന്നും അസ്വാഭാവികതയില്ലാ. ആർക്കും അതിന്റെ പിറകിൽ ഉള്ളാ earth കണക്ഷനിൽ തൊട്ട് ഇതിനെ പ്രവർത്തിപ്പിക്കാം.
ഈ ചേനൽകാർക്ക് അൽപ്പം ശ്രദ്ധിക്കാമായിരിന്നു ഇത് വാർത്ത ആക്കുന്നതിനു മുൻപ്
ചിന്തിക്കുക!
മണ്ടത്തരങ്ങൾക്കു കുടപിടിക്കാതിരിക്കുക.
കുറച്ച് നാളുകളായി പ്ലാസ്റ്റിക്ക് വ്യാജ പഴങ്ങൾ എന്ന പേരിൽ videos ഇറങ്ങുന്നു.
മിക്കതും പ്ലാസ്റ്റിക്ക് എന്തെന്ന് അറിയാതെയും, പ്ലാസ്റ്റികിനെക്കുറിച്ചുള്ള നമ്മുടെ ഭയത്തെ ദുരുപയോഗപ്പെടുത്തി വീടുകളിൽ വൈറൽ ആക്കുവാനും വേണ്ടിയൊക്കെയാണ് ഇതിറക്കുന്നത്.
ഏതൊരു ഫലം (fruit) എടുത്താലും അതിന്റെ മാംസളമായ ഭാഗത്തിനു ചുറ്റും ഒരു പുറന്തോട് ഉണ്ടാകും. ഈ പുറന്തോടിനെ exocarp എന്നാണ് പറയുക. ഇതുണ്ടാകുന്നത് മിക്കപ്പോഴും കട്ടിയുള്ള cellulose , paraffin wax എന്നിവ കൊണ്ടാണ്. ഫലത്തിന്റെ അകത്തുള്ള ജലാംശം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ഫലങ്ങളുടെ മാതൃസസ്യം ഈ രീതിയിൽ ഒരു പുറന്തോട് ‘ഉണ്ടാക്കുവാൻ’ പരിണമിക്കപ്പെട്ടതാണ്.
ഈ paraffin wax ചില ഫലങ്ങളിൽ പ്രകടമായി കാണാം.
ഉദാ: blueberries.
ഇവയിൽ ഈ പുറംചട്ടയെ ബ്ലൂം എന്നാണ് പറയുക.
ചെടികൾ ഇവ സ്വയം ഉത്പാദിപ്പിക്കുന്നതാണ്. കാട്ടിൽ വളരുന്ന ചെടികളിൽപോലും ഈ സവിശേഷത കാണാൻ സാധിക്കും.ഫലങ്ങളിൽ നിന്ന് വേഗത്തിൽ ജലാംശം നഷ്ടപ്പെടുന്ന സമയം exocarp വേറിട്ട് നിൽക്കും. ഈ വേറിട്ട് നിൽക്കുന്ന കട്ടിയുള്ള പുറന്തോടിനെ(exocarp) തന്നെയാണ് അറിവില്ലാതെ ചിലർ plastic എന്ന് വിളിക്കുന്നത്.
ഈ ചിത്രത്തിൽ കാണുന്നതാണു Blueberry Bloom.
ഇവിടെ കറുത്ത മുന്തിരിയുടെ മേൽ കാണുന്നതും ഈ bloom ആണ്.
ഈ മുന്തിരിയുടെ മുകളിൽ കാണുന്ന ബ്ലൂമും മുന്തിരി വള്ളിയിൽ സ്വയം ഉണ്ടാകുന്നതാണ്. അതായത് തികച്ചും പ്രകൃതിദത്തം. പ്രകൃതിയുടെ പേക്കിംഗ്.
“നമ്മുടെ നാട്ടിലെ കടകളിൽ വില്പനക്കിരിക്കുന്ന മുന്തിരികളിൽ ഈച്ച വരാത്തത് മരുന്നു അടിച്ചത് കൊണ്ടാണോ?!”
കടകളിൽ എന്ന് മാത്രമല്ല, മുന്തിരികൾ pack ചെയ്യുമ്പോൾ, വളരുമ്പോൾ എല്ലാം അതിനു pesticides അടിക്കാറുണ്ട്. പുഴുക്കൾ, പ്രാണികൾ എന്നീ കീടങ്ങൾ അവയുടെ ഒപ്പം വന്നാൽ ദോഷം അത് കഴിക്കുന്ന ജനങ്ങൾക്ക് തന്നെയാണ്.
ഇനി edible wax…
ആപ്പിളിനും സ്വന്തമായി ഇങ്ങനെ ഒരു paraffin wax ചട്ട ഉണ്ടാക്കാൻ കഴിവുണ്ട്. എന്നാൽ ഇത് വളരെ നേർത്ത ആവരണമായതിനാൽ അധിക കാലം ഒന്നും നിലനിൽക്കുന്നില്ല. ആപ്പിൾ മുറിച്ചു വെച്ചാൽ അറിയാം എത്ര പെട്ടെന്നാണതിന്റെ നിറം മങ്ങുന്നതെന്ന്. അതു മാത്രമല്ല, ഒന്ന് തട്ടിയാലോ ആപ്പിളിന്റെ അകത്തേക്ക് വായു കടന്നാലോ ആ ഭാഗം പെട്ടെന്ന് കറുക്കുന്നതായും കാണാം. ഈ രീതിയിൽ oxidation സംഭവിക്കുന്നത് തടയാനാണ് വൻകിടയായി apple കൃഷി ചെയ്യുന്നവർ, ആപ്പിൾ process ചെയ്യുന്നതിന്റെ ഭാഗമായി edible wax എന്ന മെഴുക്ക് അതിനു ചുറ്റും പുരട്ടുന്നത്. ഇത് lipstick, makeup എന്നിവയിൽ കാണാൻ സാധിക്കുന്ന തികച്ചും സുരക്ഷിതമായ ഒരു മെഴുകാണ്. അതേ സമയം, ചൂടു വെള്ളത്തിൽ ഇട്ടാൽ ഈ wax പുറത്ത് വരുകയും ചെയ്യും. അതായത്, wax കളയണമെങ്കിൽ ചൂട് വെള്ളത്തിൽ ഇട്ട് ആപ്പിൾ പുഴുങ്ങിയ ശേഷം കഴിക്കാം, അല്ലെങ്കിൽ വൃത്തിയായി കഴുകിയ ശേഷം.
കാര്യമായ വ്യത്യാസം ഒന്നും പക്ഷെ ഇക്കാര്യത്തിൽ ഇല്ല എന്നതാണ് വാസ്തവം. ഇത്രയും നാൾ നമ്മൾ മലയാളികൾ, പുട്ടും കടലയും സ്വാദിഷ്ടമായി കൂട്ടുമ്പോൾ കടലക്കറിയിൽ നിന്നും കിട്ടിയിരുന്ന ‘പച്ചമുളകിന്റെ തോൽ’ എന്നൊക്കെ പറഞ്ഞിരുന്ന സംഭവം ഒരു സുപ്രഭാതത്തിൽ plastic എന്ന് വിളിക്കുന്നതിനു പിന്നിൽ ഒരു തരം ഭയം ആണ് കാരണം.
ഉദാഹരണം: പച്ച മുളകിന്റെ exocarp മാറ്റി, അതിനെ പ്ലാസ്റ്റിക്ക് എന്ന് വിളിച്ച് ആളുകളെ ഭയപ്പെടുത്തിയ ഒരുവീഡിയോയിലെ ദ്രിശ്യമാണിത്
മറ്റോരു ഉദാഹരണം: തണ്ണിമത്തൻ തണുപ്പിച്ചു അതിന്റെ exocarp വേറിടീച്ച്, ആ exocarp പെയിന്റ് പാടയായി ഇളകുന്നു എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്ന മറ്റോരു ഒരുവീഡിയോയിലെ ദ്രിശ്യമാണിത്.
ഉപ്പ് ജീവന്റെ അവിഭാജ്യഘടകം ആണു. എന്നാൽ ഉപ്പിനെ കുറിച്ച് ഒരു വ്യാജ മെസ്സേജ് ഈ അടുത്ത് whatsappൽ കണ്ടു.
താഴെ ആ മെസ്സേജ് കൊടുത്തിട്ടുണ്ട്.
<HOAX START>
X————————————————————————————————–X
നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ?
പുത്തനുടുപ്പുകള്‍ ആദ്യമായി അലക്കുമ്പോള്‍. ഉപ്പുവെള്ളത്തില്‍ കുതിര്‍ത്തിയിട്ട ശേഷം അലക്കുക. എന്നാല്‍ കളര്‍ ഇളകി പോവുകയില്ല. വസ്‌ത്രത്തിലുള്ള നിറങ്ങളെയും കറകളെയും ഇളകിപ്പോകാനനുവദിക്കാതെ പിടിച്ചു നിര്‍ത്താനുള്ള കഴിവ് ഉപ്പിനുണ്ട്. ഇതുപോലെ ശരീരത്തിനകത്തെ മാലിന്യങ്ങളെല്ലാം പുറത്തുപോകാന്‍ ഉപ്പ് അനുവദിക്കില്ല. കൂടാതെ കടുപ്പമേറിയ ചെങ്കല്‍പാറകളെപ്പോലും ഉപ്പ് ദ്രവിപ്പിക്കും. ശരീരത്തെയും തഥൈവ.
ഉപ്പ് ശരീരത്തിന് ആവശ്യമേയില്ല. കഴിക്കുന്ന ഉപ്പത്രയും ശരീരം പുറംതള്ളുകയാണ്. വിയര്‍പ്പിലൂടെയാണിത് കൂടുതലായി സാധിക്കുന്നത്. വിയര്‍പ്പിന് ഉപ്പുരസം അനുഭവപ്പെടുന്നത് ഉപ്പ് രോമകൂപങ്ങള്‍ വഴി വിയര്‍പ്പിലൂടെ പുറംതള്ളപ്പെടുന്നതു കൊണ്ടാണ്. വിയര്‍പ്പ് ഉണങ്ങിയാല്‍ ചര്‍മത്തില്‍ ഉപ്പ് തരികള്‍ കാണാം. ശരീരത്തിന് ആവശ്യമുണ്ടായിരുന്നുവെങ്കില്‍ ഉപ്പ് ഇങ്ങനെ പുറംതള്ളപ്പെടുമായിരുന്നോ? ഇതിനു പുറമെ മൂത്രംവഴിയും ഉപ്പ് നീക്കം ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് മൂത്രത്തിന് ഉപ്പുരസം. ഒരാളുടെ ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് വിയര്‍പ്പിന്റെയും മൂത്രത്തിന്റെയും ഉപ്പുരസത്തിന് ആനുപാതികമായ വ്യതിയാനം അനുഭവപ്പെടുന്നു.
ഉപ്പ് ചെയ്യുന്ന ദോഷമെന്താണ്?
വസ്‌ത്രങ്ങളില്‍ എന്താണത് ചെയ്യുന്നതെന്ന് നാം കണ്ടുവല്ലോ. വസ്‌ത്രങ്ങളിലെ നിറങ്ങളെ ഇളകിപ്പോകാന്‍ അത് അനുവദിക്കുന്നില്ല. അതേ സ്വഭാവം ശരീരത്തിലും കാണിക്കും. അതായത് ശരീരത്തില്‍ അള്ളിപ്പിടിച്ചുനില്‌ക്കുന്ന വിഷ മാലിന്യങ്ങളും കറകളും ശരീരത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടാന്‍ ഉപ്പ് അനുവദിക്കില്ല. ഉപ്പ് ശരീരത്തില്‍ നിലനില്‌ക്കുവോളം മാലിന്യങ്ങളും അവിടെ കെട്ടിക്കിടക്കും. ഉപ്പ് കഴിച്ചുകൊണ്ടിരിക്കെ രോഗം സുഖപ്പെടാന്‍ പ്രയാസമായിരിക്കുമെന്ന് ചുരുക്കം. അതിനാല്‍ ഉപ്പിന്റെ ഉപയോഗം നിയന്ത്രിച്ച ശേഷമേ ഏതു മരുന്നും ചികിത്സയും ഫലപ്പെടുകയും ഉള്ളൂ. ഉപ്പോ ഉപ്പിനേക്കാള്‍ കടുപ്പമുള്ള മരുന്നോ കഴിച്ചാല്‍ രോഗം ഭേദപ്പെടുയല്ല രൂക്ഷമാവുകയാണ് ചെയ്യുക.
പാമ്പ്, നീര്‍ക്കോലി, തേള്‍ തുടങ്ങിയ ജന്തുക്കള്‍ കടിച്ചാല്‍ ഉപ്പ് ചേര്‍ക്കാത്ത ഭക്ഷണം കഴിക്കാന്‍ നിര്‍ദേശിക്കപ്പെടുന്നതിന്റെ പിന്നിലെ രഹസ്യം ഇതു തന്നെയാണ്. വിഷം വേഗത്തില്‍ ഇറങ്ങണമെങ്കില്‍ ഉപ്പ് ശരീരത്തില്‍ ചെല്ലാതിരിക്കണം. ഉപ്പ് ശരീരത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരുന്നാല്‍ അകത്തുപ്രവേശിച്ച വിഷം പുറംതള്ളപ്പെടാന്‍ പ്രയാസമായിരിക്കും.
ഉപ്പ് ശരീരത്തെ ഇനിയും വല്ലാതെ ദ്രോഹിക്കുന്നുണ്ട്. മറ്റൊരു ഉദാഹരണത്തിലൂടെ ഇത് വിശദീകരിക്കാം. പല ചരക്ക് കടകളുടെ വരാന്തയില്‍ ഉപ്പ് സൂക്ഷിച്ചുവെക്കുന്ന ഒരു മരപ്പത്തായം പരിചിതമാണല്ലോ. ഇത് നില്‍ക്കുന്നിടത്ത് സിമന്റ് തറയും കല്ലും ദ്രവിച്ചുപോകുന്നു. ഉപ്പിട്ടു വെക്കുന്ന പാത്രങ്ങളും അതെ. `ഉപ്പിട്ടു വെച്ച ചട്ടിപോലെ’ എന്നൊരു ചൊ ല്ല് മലയാളത്തിലുണ്ടല്ലോ. പാറകള്‍ ദ്രവിച്ച് മണ്ണായിത്തീരാന്‍ വേണ്ടി തെങ്ങിന്‍ തടങ്ങളിലും മറ്റും ഉപ്പ് വിതറാറുണ്ട്. ഈ അനുഭവങ്ങളെ ല്ലാം മനുഷ്യന്റെ കണ്ണു തുറപ്പിക്കേണ്ടതാണ്. ഉപ്പ് തീറ്റി വഴി തന്റെ ശ രീരവും എളുപ്പത്തില്‍ ദ്രവിക്കുന്നു.
ഒഴിച്ചുകൂടാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളില്‍ വളരെ മിതമായ തോതില്‍ അത്യാവശ്യത്തിന് അല്‌പം ഉപ്പ് കറികളിലോ മറ്റോ ചേര്‍ക്കാമെന്നല്ലാതെ, പച്ചക്ക് തിന്നാവുന്ന ചച്ചക്കറികളിലും പഴങ്ങളില്‍പോലും ഉപ്പ് ചേര്‍ത്ത് കഴിക്കുന്നതും നാരങ്ങാ വെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് കഴിക്കുന്നതും ശരിയല്ല. ദാഹിക്കുമ്പോള്‍ ഉപ്പിട്ട വെള്ളം കുടിച്ചാല്‍ അകത്തെത്തിയ ഉപ്പിനെ ശരീരത്തില്‍ നിന്ന് പുറംതള്ളാന്‍ വേണ്ടി ശരീരത്തിലെ ജലാംശം വലിച്ചെടുക്കപ്പെടുന്നു. അതോടെ ദാഹം ഇരട്ടിയായി വര്‍ധിക്കുന്നു. എന്തൊരു മണ്ടത്തരമാണ് മനുഷ്യന്‍ ചെയ്‌തുകൂട്ടുന്നത്!
മനുഷ്യനല്ലാതെ ഏതെങ്കിലും ജീവി ദാഹിക്കുമ്പോള്‍ ഉപ്പിട്ട് കുടിക്കുമോ? കപ്പല്‍ അപകടത്തില്‍ പെട്ടാല്‍ കടല്‍വെള്ളം കുടിച്ചു പോകാതിരിക്കാന്‍ യാത്രക്കാരെ ഉപദേശിക്കാറുണ്ടത്രെ. രക്ഷാപ്രവര്‍ത്തനം നടക്കുമ്പോഴേക്കും ശരീരത്തിലെ ജലാം ശം തീര്‍ന്നുപോകാതിരിക്കാന്‍ വേ ണ്ടിയാണിത്. കടല്‍വെള്ളംവഴി അ കത്ത്‌കയറിയ ഉപ്പ് നീക്കം ചെയ്യപ്പെടുന്നതിനുവേണ്ടി ശ രീരത്തി ലെ ജലാംശം ഉപയോഗപ്പെടുത്തുമ്പോള്‍ ആളുകള്‍ വേഗത്തില്‍ നിര്‍ ജലീകരണംമൂലം മൃത്യുവരിച്ചേക്കാം. `ഉപ്പു തിന്നവന്‍ വെള്ളം കു ടിക്കും’ എന്ന ചൊല്ല് ഓര്‍ക്കുക.
ചുണ്ടുകള്‍ ഉണങ്ങി വരളുക, ചര്‍മം ചുളിയുക, ദാഹം തോന്നിക്കൊ ണ്ടിരിക്കുക, മുടി കൊഴിയുക, രക്ത സമ്മര്‍ദത്തില്‍ വ്യതിയാനം അനുഭവപ്പെടുക (താഴ്‌ന്ന രക്തസ മ്മര്‍ദമുള്ളപ്പോള്‍ അല്‌പം ഉപ്പ് കഴിച്ചാല്‍ രക്തസമ്മര്‍ദം ഉയരും, കാര ണം ഉപ്പിനെ പുറംതള്ളാന്‍ വേണ്ടി ശരീരധമനികള്‍ ശക്തിയില്‍ മര്‍ദം ഉപയോഗിച്ചതാണ്. തത്‌ക്കാലം ആശ്വാസമായെങ്കിലും ശരീരം പി ന്നീട് തളര്‍ന്നുപോവും). അസ്വസ്ഥത, ശരീരമാകെ വേദന എന്നിവ ഉപ്പിന്റെ ആധിക്യം മൂലം അനുഭവപ്പെടുന്നു. കഴിക്കുന്ന ഉപ്പ് മൂത്രത്തില്‍ കൂടി നീക്കം ചെയ്യപ്പെടാതെ ബാക്കി വന്നാല്‍ അതിന്റെ അംശങ്ങള്‍ അടിഞ്ഞുകൂടി കിഡ്‌നി യിലും മൂത്രസഞ്ചിയിലും പരലുക ളായി കിടക്കുന്നു. അതാണ് `മൂത്രത്തിലെ കല്ല്.’
ഉപ്പിന്റെ ദോഷം ഇത്രത്തോളമുണ്ടെങ്കില്‍ ഉപ്പിലിട്ടതിന്റെ സ്ഥിതി യും മറിച്ചാവില്ലായെന്ന് നാം അറിയണം. അതിനാല്‍ ഉപ്പിലിട്ട യാതൊന്നും കഴിക്കാതിരിക്കുക. ഉപ്പിലിട്ട വസ്‌തുക്കളെ ദഹിപ്പിക്കാന്‍ ആമാശയത്തിന് പ്രയാസമാണ്. അയഡയ്‌സ്‌ഡ് ഉപ്പ് ഉപയോഗിക്കണമെന്നത് കുത്തക വ്യാപാരികളുടെ തട്ടിപ്പാണ്. ഭരണാധികാരികളും ആരോഗ്യ വകുപ്പും അതിന് കൂട്ടുനില്‌ക്കുകയാണ്.
അയഡിന്‍ ചേര്‍ത്ത ഉപ്പ് തീരെ ഉപയോഗിക്കാന്‍ പാടില്ല. അയഡിന്‍ സസ്യ ആഹാരത്തിലൂടെ കിട്ടേണ്ടതാണ്. രാസവസ്‌തുവായി ഉപയോഗിക്കുന്നത് അപകടമാണ്. അസംഖ്യം രോഗങ്ങള്‍ അതുവഴി ഉണ്ടാകുമെന്ന് വൈദ്യശാസ്‌ത്ര ഗ്രന്ഥങ്ങളില്‍ പറയുന്നു. സന്താനോല്‌പാദനശേഷി നഷ്‌ടപ്പെടുക എന്നതാണ് ഏറ്റവും ഗൗരവമേറിയ അപകടം.
അയഡിന്‍ സ്ഥിരമായി ശരീരത്തില്‍ പ്രവേശിച്ചാല്‍ അസം ഖ്യം രോഗമുണ്ടാകുമെന്ന് ആധികാരിക ഗ്രന്ഥങ്ങള്‍ പറയുന്നു. `മാര്‍ട്ടിന്‍ഡേര്‍-ദി കംപ്ലീറ്റ് ഡ്രഗ് റഫറന്‍സ്’- പബ്ലിഷ്‌ഡ് ബൈ `ദി റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍’ എന്ന പുസ്‌തകമാണ് രാസവസ്‌തുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാലുള്ള അപകടങ്ങളെ സംബന്ധിച്ച് ആധികാരിക ഗ്രന്ഥം. ഇതിന്റെ 1522, 1523 പേജുകളില്‍ അയഡിന്‍ ഉപയോഗം മൂലമാണ്, ഗോയിറ്റര്‍, തൈറോയിഡ്, രക്തസമ്മര്‍ദം, മനോരോഗം, സന്താനോല്‌പാദന ശേഷിക്കുറവ് തുട ങ്ങി ഇരുപത്തേഴോളം രോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നതെന്ന് അക്ക മിട്ട് പറയുന്നുണ്ട്. ഇത്രയും മാരകമായ അയഡിന്‍ ആളുകളെ തീറ്റിക്കുന്നവര്‍ മനുഷ്യന്റെ ആരോഗ്യംകൊണ്ട് ബിസിനസ്സ് ചെയ്യുകയാണ്…… !
X————————————————————————————————–X
<HOAX END>
ഈ HOAX സന്ദേശത്തിൽ അനവധി തെറ്റിദ്ധാരണകൾ നിരത്തിയിട്ടുണ്ട്. നമുക്ക് ഒരോന്നായിട്ട് നോക്കാം.
നിറങ്ങളും കറകളും വസ്ത്രങ്ങളിൽ നിന്ന് ഇളകിപ്പോകാതെ ഉപ്പ് പിടിച്ച് നിർത്തും, അപ്പോൾ ശരീരത്തിനകത്തും ഇത്പോലെ മാലിന്യങ്ങൾ പിടിച്ചു നിർത്തും എന്ന് പറഞ്ഞിരിക്കുന്നു.
സത്യത്തിൽ നേരെ തിരിച്ചാണ് വസ്തുത.
വിഷം ഭക്ഷണ മാർഗ്ഗം ഉള്ളിൽ ചെന്നാൽ, അത് പെട്ടെന്നു കളയണമെങ്കിൽ ഏറ്റവും എളുപ്പമാർഗ്ഗം ഒരു ഗ്ലാസ്സിൽ ഒരു പിടി ഉപ്പിട്ട് കുടിക്കുക എന്നതാണ്.
ഉടൻ തന്നെ വയറ്റിൽ ഉള്ള സകല വിഷവും ഛർദ്ദിക്കാം. ഉപ്പ് ലായനി emetogenic (vomiting അധവാ ഛർദ്ദി ഉണ്ടാക്കുവാനുള്ള കഴിവ്) ആണ്.
നമ്മുടെ ശരീരത്തിൽ, തലച്ചോറിൽ നിന്ന് വരുന്നതും പോകുന്നതും ആയ എല്ലാ സിഗ്നലുകളും Sodium ions വഴിയാണ്. ഈ സോഡിയം കിട്ടുന്നത് Sodium Chloride എന്ന പദാർത്ഥം വഴിയും. ഈ പദാർത്ഥത്തിന്റെ മറ്റൊരു പേരാണു salt അഥവാ
കറിയുപ്പ്.
ശരീരത്തിലെ പേശികൾ പ്രവർത്തിക്കണം എങ്കിൽ ഈ ഉപ്പ് വേണം.
ഹൃദയത്തിനു രക്തം പമ്പ് ചെയ്യാൻ ഈ സോഡിയം കൂടിയെ മതിയാകൂ. ഹൃദയത്തിന്റെ മിടിപ്പ് ഉണ്ടാക്കുന്ന electrical impulse സോഡിയം കാരണമാണ്.
അതുകൊണ്ട് “ഉപ്പ് ശരീരത്തിന് ആവശ്യമേ ഇല്ലാ” എന്ന് എഴുതിയ ആൾ ആരായാലും, അവർക്ക് ബയോളജിയുടെ അടിസ്ഥാനം പോലും അറിയുകയില്ലാ എന്നതാണു സാരം.
കൊച്ചു കുട്ടികൾക്ക് ഉണ്ടാകാവുന്ന വയറിളക്കം വളരെ അപകടകരമാണെന്ന് നമ്മൾ സ്കൂളിൽ പഠിച്ചിട്ടുണ്ട്.
അതിനുള്ള ഏറ്റവും ആദ്യ പ്രതിവിധി പഠിച്ചത് ORS solution കൊടുക്കാൻ ആണ് .
ORS എന്നാൽ Oral Rehydration Solution എന്നാണ്.
വയറിളകുമ്പോൾ ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടും. ആ ജലത്തോടൊപ്പം ശരീരത്തിൽ നിന്ന് മിനെറൽസും നഷ്ടപ്പെട്ടു പോകാം. ഇത് അപകടമാണ്.
ആ minerals തിരിച്ച് കിട്ടാൻ ആണു ORS ലായനി നൽകുന്നത്.
ORS ലായനി ഉണ്ടാക്കുന്നത് 6 ടീസ്പൂൺ പഞ്ചസാരയും അര ടീസ്പൂൺ ഉപ്പും ഒരു ലിറ്റർ വെള്ളത്തിൽ അലിയിച്ചാണ്.
ഇത് മുഴുവനും കുടിപ്പിച്ചാൽ ആണു ആ നഷ്ടപെട്ടുപോയ minerals കിട്ടി ആ കൊച്ച് കുട്ടി അപകടനില തരണം ചെയ്യുക.
ഉപ്പ് അത്രത്തോളം അത്യാവശ്യം ആണ്.
മനുഷ്യർ മാത്രമല്ല, കാട്ടിലുള്ള ജീവികൾ അടക്കം എല്ലാ ജീവികളും ഉപ്പിന്റെ സ്രോതസ്സ് തേടിപ്പോകും.
ഉദാ: കാട്ടിലെ ആനകൾ ഉപ്പ് കിട്ടാൻ വേണ്ടി ഉപ്പിന്റെ അംശമുള്ള കല്ലുകൾ നക്കും. കാട്ടുപോത്തുകൾ, മാനുകൾ എന്നിങ്ങനെ എല്ലാ വലിയ ജീവികളും ഈ സ്വഭാവം പ്രകടിപ്പിക്കും.
ഇതിനെ പറയുന്നപേരാണു “salt lick അല്ലെങ്കിൽ mineral lick”.
വലിയ ക്ഷീര വ്യവസായങ്ങളിൽ പശുക്കൾക്ക് നക്കുവാൻ ഉപ്പിന്റെ വലിയ പാറകൾ കൊണ്ട് വെക്കും. ഈ ഉപ്പ് പശുക്കൾക്ക് കിട്ടിയില്ലെങ്കിൽ, അവയ്ക്ക് വിശപ്പ് ഇല്ലാതാകും അങ്ങനെ അവയുടെ ഭാരം കുറയുകയുംചെയ്യും.
നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യം കിട്ടിയ കാലത്ത് അയഡീൻ കുറവു മൂലമുണ്ടാകുന്ന ഗോയിറ്റർ എന്ന രോഗം വളരെ കൂടുതൽ ആയിരിന്നു.
ഇത് ജനസംഖ്യയുടെ 40 ശതമാനത്തോളം ആളുകൾക്കുണ്ടായിരിന്നു.
അതിനെ തരണം ചെയ്യാൻ ആയിരുന്നു ഉപ്പ് മാർഗ്ഗം അയഡീൻ നമ്മൾ കഴിക്കാൻ തുടങ്ങിയത്.
ഇങ്ങനെ ചെയ്യാൻ തുടങ്ങി, 1968 ആയപ്പൊഴേക്കും അയഡീൻ കുറവു കൊണ്ടുള്ള അസുഖങ്ങൾ 5%-15% വരെ ആയി രാജ്യത്ത് കുറഞ്ഞു.
അയഡീൻ ഉള്ള ഉപ്പിന്റെ ഗുണം നമ്മൾ അങ്ങിനെ അനുഭവിച്ചവരാണ്.
ഇനി പറയാൻ പോകുന്നത് അമിത ഉപ്പ് കൊണ്ടുള്ള ദോഷങ്ങൾ ആണ്…
നടുക്കടലിൽ അകപ്പെട്ടുപോകുന്നവർ കടലിലെ ഉപ്പ് വെള്ളം കുടിച്ച് salt poisoning എന്ന അവസ്ഥയിൽ പെട്ടുപോകാറുണ്ട്.അമിതമായി soy sauce ഉപയോഗിച്ചാലും ഇത് സംഭവിക്കാം
ഉപ്പ് അമിതമായി കഴിയ്ക്കുമ്പോൾ നമ്മുടെ ശരീരത്തിലെ ജലത്തിന്റെ സന്തുലിതാവസ്ഥ മാറുന്നു. ജലം/ജലതന്മാത്രകൾ കോശങ്ങളിൽ നിന്ന് പുറത്തേക്ക് പോകുന്നു. ഇത് നമ്മുടെ തലച്ചോറിൽ, ഹൈപോതലാമസിനെ ഉദ്ദീപിപ്പിക്കുകയും നമുക്ക് ദാഹം അനുഭവപ്പെടുകയും ചെയ്യുന്നു. ഉപ്പ് തിന്നവൻ വെള്ളം കുടിക്കും എന്ന് പഴമൊഴി ഓർക്കുന്നുണ്ടല്ലൊ.
ഇതേ കാരണം കൊണ്ടാണ് നമ്മുടെ വിയർപ്പിലും ഉപ്പുള്ളത്.
ശരീരത്തിന്റെ താപം കുറക്കുവാൻ ആണല്ലൊ നമ്മൾ വിയർക്കുന്നത്. ഇങ്ങനെ വിയർക്കുമ്പോൾ ശുദ്ധമായ ജലം മാത്രമാണ് താപം കുറക്കുവാൻ ഉപയോഗികുന്നെതെങ്കിൽ, ശരീരത്തിൽ നിന്ന് ഇത്രയും ജലം പോകുമ്പോൾ അതിനു ആനുപാതികമായി ഉപ്പ് പോകുന്നില്ല. ഉപ്പിന്റെ അനുപാതം കൂടുകയും മുൻപ് പറഞ്ഞ high pressure ഉണ്ടാകുകയുംചെയ്യും.
അതിനെ തരണം ചെയ്യാനാണ് നമ്മുടെ ശരീരം ജലത്തിനു ആനുപാതികമായി ഉപ്പും പുറന്തള്ളുന്നത്.
ഇങ്ങനെ ഉപ്പും ജലവും കലർന്നിട്ടാണു നാം വിയർപ്പ് എന്ന് പറയുന്ന ലായനി കൊണ്ട് താപം നിയന്ത്രിക്കുന്നത്.
ഇങ്ങനെ നീക്കം ചെയ്യുന്ന calcium oxalate, uric acid എന്നിവ കിഡ്നിയ്ക്കുള്ളിൽ പരസ്പരം
കൂട്ടിയോജിക്കാതിരിക്കാൻ ഒരു ദ്രാവകമുണ്ടാകും. ഈ ദ്രാവകത്തേക്കാൾ അധികം മേൽപ്പറഞ്ഞ waste ഉണ്ടാകുമ്പോൾ ആണ് ഇവ പരസ്പരം കൂട്ടിയോജിച്ച് മൂത്രത്തിൽ കല്ലുകൾ ഉണ്ടാകുന്നത്.
അല്ലാതെ ഉപ്പ്കല്ലുകൾ അല്ല അവ.
ഉപ്പ് നമ്മുടെ ശരീരത്തിൽ അത്യന്താപേക്ഷിതമാണ്. അത് നമ്മൾ കഴിക്കുന്ന അളവ് കൂടുമ്പോൾ ആണ് കുഴപ്പങ്ങൾ ഉണ്ടാകുന്നത്.
ഉപ്പിട്ട സോഡ കുടിച്ചാൽ ശരീരത്തിലെ രക്തത്തിന്റെ നിറം ഒന്നും ഇളകി പോകില്ല.
കാലഗണനയുടെ ആവിശ്യകത മനുഷ്യനെ സ്വാധീനിച്ചു തുടങ്ങിയതിന്റെ ചരിത്രത്തിന് മനുഷ്യസംസ്കാരത്തോളം തന്നെ പഴക്കമുണ്ട്. തേടിനടന്നവർ കൊയ്ത്തുകാരായപ്പോൾ വാസം, ജീവിതോപാധികളുടെ ശേഖരണം, കൃഷിയും പ്രകൃതിപ്രതിഭാസങ്ങളുമായുള്ള ബന്ധം ഇവയെല്ലാം കാലനിഷ്ഠമായ ജീവിതരീതിയ്ക്കു പ്രാധാന്യം കൽപ്പിക്കാൻ മനുഷ്യനെ പ്രേരിപ്പിച്ചു. ഭാഷയുടെ ആവിർഭാവവും എഴുതപ്പെടാനുതകുന്ന തരത്തിലോട്ടുള്ള പുരോഗതിയും കാലഗണന രേഖപ്പെടുത്തി വെയ്ക്കാൻ മനുഷ്യനെ സഹായിചു. കാലത്തിന്റെ അളവുകോലുകൾ സൂര്യന്റെ ഉദയാസ്തമയങ്ങളിലൂടെ രാത്രിയും പകലും ചേരുന്ന ഒരു ദിവസത്തിൽ തുടങ്ങി ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ നിരീക്ഷിചു കൊണ്ട് മാസവും ഋതുക്കളുടെയും പ്രതിഭാസങ്ങളുടെയും അടിസ്ഥാനത്തിൽ വർഷവും രേഖപ്പെടുത്തി.
ചരിത്രാതീത കാലത്തു തന്നെ കാലഗണന മനുഷ്യനെ സ്വാധീനിച്ചിട്ടുള്ളതായി കാണാം. ആധുനിക മനുഷ്യനിലേക്കുള്ള പരിണാമം മുതൽ ഇന്നേക്ക് ഏകദേശം ആറായിരത്തോളം വർഷം മുൻപ് വരെയുള്ള എഴുതപ്പെടാത്ത കാലമാണ് പൊതുവിൽ ചരിത്രാതീത കാലമായി (Prehistoric) പറയപ്പെടുന്നത്. ശിലായുഗം, വെങ്കലയുഗം, അയോയുഗം എന്നിങ്ങനെയായി തരംതിരിക്കപ്പെട്ടതിൽ ശിലായുഗത്തിന്റെ ( Stone Age) അവസാനത്തോടെയാണ് മനുഷ്യൻ കൃഷിയിലേക്ക് കടക്കുന്നത്. കൃഷിയിലൂടെ സ്ഥിരവാസം ആരംഭിക്കുകയും ഋതുക്കൾക്കൊത്ത് വിളവിറക്കാനും മറ്റുമായി നിശ്ചിത കാലയളവെന്ന കണക്കുകൾ നിരീക്ഷിച്ചു തുടങ്ങുകയും ചെയ്തു. വെങ്കല യുഗ(Bronze Age) ത്തിന്റെ ആരംഭത്തിലാണ് മനുഷ്യൻ എഴുത്ത് ആരംഭിക്കുന്നത്. ഇതോടെ ഋതുക്കളുടെ വരവും പോക്കും, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും, സൂര്യനും മറ്റ് നക്ഷത്രങ്ങളുടെ ആപേക്ഷികചലനങ്ങളുമൊക്കെ നിരീക്ഷണങ്ങളുടെ ഭാവനാതലത്തിൽ നിന്നും കൃത്യമായും റെക്കോഡീകരിക്കപ്പെടുന്നതിലേക്ക് വഴി തെളിച്ചു.
കലണ്ടറുകളുടെ ഉത്ഭവത്തിലേക്ക്
നിരീക്ഷണങ്ങൾക്ക് കടപ്പെട്ട അതിജീവനം.
പരിണാമചക്രം വഴി ബൗദ്ധികമായി വികാസം പ്രാപിച്ച ആധുനിക മനുഷ്യന്റെ ആദ്യകാല പൂർവ്വികരുടെ നിരീക്ഷണപാടവമായിരുന്നു അവരുടെ അതിജീവനത്തെ ഏറെ സഹായിച്ചിരുന്നത്. സ്ഥിരമായൊരു വാസം ഉണ്ടാകുന്നതിനു മുൻപ് വരെ കാട്ടിൽ അലഞ്ഞുതിരിഞ്ഞവന് ദിവസം ആഴ്ച വർഷം എന്നീ കണക്കല്ല, മറിച്ച് ഋതുക്കളാണ് ആഹാരം കൊണ്ടുവന്നിരുന്നത്. വേട്ടയ്ക്കൊപ്പം തന്നെ പ്രകൃതിയിൽ നിന്നും കിട്ടിയ കായ്കനികൾ വിശപ്പടക്കുന്നതിനൊപം ജീവനും നിലനിർത്തി. ചൂട്കാലം പഴുത്ത ഫലങ്ങൾ നൽകിയപ്പോൾ അതിശൈത്യങ്ങൾ ഭക്ഷണമേ ഇല്ലാതെയാക്കി.കാലം തിരിഞ്ഞ് വരുന്നതിനൊപ്പം വിശപ്പകറ്റാനുള്ളവയുടെ വരവും ബന്ധപ്പെട്ട് പോരുന്നു എന്നും മനസിലാക്കി. പോയ വഴികളിലെ പക്ഷി മൃഗാദികൾ ചില പ്രത്യേകകാലങ്ങളിൽ മാത്രം വന്നു പോകുന്നതായി കണ്ടു. ഋതുക്കൾക്കൊത്തുള്ള ജീവികളുടെ സഹവാസവും പര്യടനവും കൂടി നമ്മുടെ പൂർവ്വികർ നിരീക്ഷിചു.ഈ നിരീക്ഷണം ഇന്നൊരു വിനോദമായിത്തീർന്നിട്ടുണ്ടെങ്കിൽ ആദിമ മനുഷ്യന് ഇത് തന്റെ ജീവൻ നിലനിർത്താനുള്ള പ്രധാന ഉപാദികളിലൊന്നായിരുന്നു.
കൃഷിയുടെ ആരംഭം.
നദീതടങ്ങളും സ്ഥിരവാസവും കൃഷിക്കനുകൂലമായി തിരഞ്ഞെടുത്തപ്പോൾ ഭക്ഷ്യയോഗ്യമായവയിൽ ഏത് വിള ഏത് കാലത്ത് ഇറക്കണമെന്നും ജലസേചനാവിശ്യങ്ങൾക്കൊപ്പം നദി ഏത് കാലവസ്ഥയിൽ ശുഷ്കിക്കുകയും പുഷ്ടിക്കുകയും ചെയ്യുന്നുവെന്നും നിരീക്ഷിക്കൽ അത്യന്താപേക്ഷിതമായി മാറി. ഉത്പാദനം ലഭിക്കാത്ത കാലവസ്ഥയുടെ വരവിനെ കണക്കാക്കി ഭക്ഷണം ശേഖരിക്കാനും കണക്കുകൂട്ടി.
വൈവിധ്യം വിവിധ സംസ്കാരങ്ങളിലൂടെ…
ശിലായുഗങ്ങൾ ഭൂമിയിലെ നാനാഭാഗത്തും നാനാസമയങ്ങളിലായിരുന്ന പോലെ തന്നെ നാഗരികതയിലേക്കുള്ള വളർച്ചയും, സ്ഥലങ്ങളും സംസ്ക്കരങ്ങൾക്കുമൊപ്പം വിത്യസ്തനിരക്കിലായിരുന്നു.
പുരോഗമിക്കുന്നതിനൊപ്പം തന്നെ കാലം ഗണിക്കുന്നതിനും ഇങ്ങനെ പല സംസ്കാരങ്ങൾ തങ്ങൾക്കനുകൂലമായ സാഹചര്യങ്ങൾക്കനുസരിചുള്ള തനത് സമ്പ്രദായങ്ങൾ അവലംബിച്ചു.
ഭൂമിശാസ്ത്രപരമായ അന്തരമായിരുന്നു വൈവിധ്യമായ സമ്പ്രദായങ്ങൾ നിലവിൽ വരാൻ മുഖ്യകാരണം. ഉദാഹരണമായി, ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിലുള്ളവരുടെ ദൃശ്യാനുഭവമല്ല ആകാശഗോളങ്ങളെ നിരീക്ഷിക്കുന്ന തിൽ ദക്ഷിണാർദ്ധഗോളത്തിലുണ്ടായിരുന്നവർക്ക്.
Northern Hemisphere ലെ Arctic മേഖലയോട് ചേർന്ന് ജീവിക്കുന്നവർക്ക് ദിനരാത്രങ്ങളുടെ
ദൈർഘ്യത്തിൽ ഭൂമദ്ധ്യരേഖയോടടുത്തുള്ളവരുമായി വ്യക്തമായ വിത്യാസമുണ്ട്. ഉദയാസ്തമയങ്ങൾ നിരീക്ഷിക്കുമ്പോൾ,
ഭൂമിയുടെ 23 1/2° ചരിവ് കൊണ്ട് ശൈത്യകാലത്ത് സൂര്യന്റെ സ്ഥാനം തെക്ക് ഭാഗത്തേക്ക് സഞ്ചരിക്കുമ്പോൾ ഉഷ്ണകാലത്ത് സൂര്യന്റെ സ്ഥാനം വടക്ക് ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി കാണാം. ഈ സ്ഥാനമാറ്റം വിവിധ സംസ്കാരങ്ങൾ വീക്ഷിച്ചു.സ്ഥിരതാമസം തുടങ്ങിയവർ തങ്ങളുടെ ഗുഹകളിലൊ ആദ്യഗൃഹങ്ങളിലൊ സൂര്യന്റെ ഈ ചക്രവാളത്തിലെ സ്ഥാനമാറ്റം കുത്തിക്കുറിച്ചു
വെച്ചു.
ഇത്തരം കുത്തിക്കുറിക്കലിൽ തുടങ്ങിയ കാര്യം ഭീമാകാരമായ കല്ലുകളടുക്കിവെച് സങ്കീർണ്ണമായ ജ്യാമിതികളെ അടിസ്ഥാനമാക്കി കാലം കണക്കു കൂട്ടാൻ പോന്നവണ്ണം സംസ്കാരങ്ങളെ കൂട്ടിക്കൊണ്ടുപോയി.
ഇംഗ്ലണ്ടിലെ Stonehenge പോലുള്ളവ ഇപ്പറഞ്ഞ നിർമ്മിതികൾക്കൊരുദാഹരണമാണ്.
അറേബ്യയും സഹാറയും പിന്നിടുമ്പോൾ…
യൂറോപിൽ, സൂര്യനെ ആശ്രയിക്കാൻ പറ്റിയിരുന്നെങ്കിൽ മധ്യേഷ്യയിലെ അറേബ്യയിലേക്ക് വരുന്തോറും കാലം ഗണിക്കാൻ ചക്രവാളങ്ങളിൽ മൺൽകാറ്റുകളും മരുഭൂമിയിലെ മൺകൂനകളും തടസ്സമായി. രാത്രിയാകാശം കൈയ്യാളുന്ന ചന്ദ്രനെ ആശ്രയിക്കാൻ ഇത് അറബികളെ നിർബന്ധിതരാക്കി. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ( Waxing and Waning) ക്കൊപ്പം മാസം കണക്കുകൂട്ടി ജീവിതവൃത്തികൾ മുന്നോട്ട് നീക്കി. ഇങ്ങനെ നിലവിൽ വന്ന ചാന്ദ്രകലണ്ടറാണ് മതസാംസ്കാരികപരമായ കാര്യങ്ങൾക്ക് ഇസ്ലാം രാജ്യങ്ങൾ ഇന്നും ആശ്രയിക്കുന്നത്.
ചൂടിന്റെ കാഠിന്യമേറിയ സഹാറാ മരുത്തട്ടിലെ ഈജിപ്തുകാർ നക്ഷത്രങ്ങളെ നിരീക്ഷിച്ചു. സൂര്യനും ഒപ്പം സഞ്ചരിക്കുന്ന നക്ഷത്രഗണങ്ങളെയും ചേർത്ത് സൂര്യനിൽ അധിഷ്ടിതമായ സൗരകലണ്ടറുകൾ രൂപപ്പെടുത്തി. പിന്നീട് ഗ്രീക്കൊ-റോമൻ നാഗരികതയിലേക്കും പേർഷ്യവഴി ഇൻഡ്യാ ഉപഭൂഖണ്ഡത്തിലും ഈ കലണ്ടർ രീതി കൈമാറ്റം ചെയ്യപ്പെട്ടു. ഇൻഡ്യയുടെ ഔദ്യോഗിക കലണ്ടറായ ശകവർഷ കലണ്ടറും എ.ഡി. 800 കളിൽ കേരളത്തിൽ നിലവിൽ വന്ന കൊല്ലവർഷരീതിയും സൗരകലണ്ടറുകളുടെ കിഴക്കൻ രൂപഭേദം മാത്രമാണ്.
നിരീക്ഷണങ്ങൾ പുരോഗമിക്കുമ്പോൾ…കലണ്ടറും സംസ്കാരങ്ങളും….
വാനനിരീക്ഷണം ആദിമസംസ്ക്കാരങ്ങളിൽ മിത്തുകൾക്കും ദൈവീകപരിവേഷങ്ങൾ പൂണ്ട കഥകൾക്കുമുള്ളൊരു ഭാവനാഭൂമികയായിട്ടുണ്ട്. ഭൂമിയെ അപേക്ഷിച്ച് സ്ഥിരമായി നിന്ന നക്ഷത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, തുടർച്ചയായി ആകാശത്തിലൂടെ സഞ്ചരിക്കുന്ന ആകാശരൂപങ്ങളെ ദൈവങ്ങളുടെ റോന്ത് ചുറ്റലായും അവയെ പ്രീണിപിക്കുന്നത് വഴി ഋതുക്കൾ ലഭിക്കുമെന്നും അവർ കരുതിപ്പോന്നു. സ്ഥിരമായ നക്ഷത്രഗണങ്ങളെ (Constellations) അപേക്ഷിച്ചുള്ള സൂര്യന്റെ ചലനം സൂര്യനിൽ അധിഷ്ടിതമായ മാസങ്ങളേയും രേഖപ്പെടുത്താൻ സഹായിച്ചു. അത്തരം നക്ഷത്രഗണങ്ങൾക്ക് ലോകത്തെ ഓരോ സംസ്കാരങ്ങളും ഓരോ രൂപങ്ങൾ ആരോപിചു. ഇത്തരം കരുതലുകളും ആരോപിതരൂപങ്ങളും അടിസ്ഥാനമാക്കിയുള്ള നിരീക്ഷണങ്ങൾ എളുപ്പത്തിൽ ജനകീയമായുള്ള കാലഗണനാരീതി കൈമാറാനും സൗകര്യമൊരുക്കി.
ഇന്നത്തെ ഇറാഖിന്റെ ഭാഗമായ, സംസ്കാരത്തിന്റെ പൗരാണിക തൊട്ടിലുകളിലൊന്നായ തെക്കൻ മെസൊപ്പൊട്ടോമിയയിലെ സുമേറിയൻ സംസ്കാരമാണ് ചരിത്രത്തിലെ ആദ്യകലണ്ടർ സംവിധാനം ആവിഷ്കരിച്ചുപയോഗിച്ചിട്ടുള്ളത്. ഏകദേശം 29.5 ദിവസം എടുത്തു കൊണ്ടുള്ള ചന്ദ്രന്റെ രൂപമാറ്റത്തിന്റെ ആവർത്തനചക്രമായിരുന്നു സുമേറിയൻ സംസ്കാരത്തിന്റെ കാലഗണനയ്ക്ക് അടിസ്ഥാനമായിരുന്നത്.
മഴയുടെ അനുഗ്രഹം തീണ്ടാത്ത, ആഫ്രിക്കൻ മരുപ്രദേശത്തെ നൈൽ നദിയുടെ ദാനമായി വളർന്നുവന്ന ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ കാര്യം പറഞ്ഞുവല്ലൊ.മരുപ്രദേശമായതു കൊണ്ട് തന്നെ രാത്രിയാകാശം ചൂട്ടുവിളക്കുപോൽ അവിടുത്തെ ജനങ്ങളെ വഴിനടത്തിച്ചിരുന്നു. നൈൽ നദിയുടെ വെള്ളപ്പൊക്കം വിളിച്ചറിയിക്കുന്ന നക്ഷത്രമായിരുന്നു സിറിയസ് (Sirius).താരത്തിന്റെ ഉദയയവും നദിയിലെ വെള്ളപ്പൊക്കവും യാദൃശ്ചികമായി ഒത്തുവന്നത് കൊണ്ട് സിറിയസ് നക്ഷത്രത്തെ ദേവതയായും ഈജിപ്ഷ്യർ കണ്ടിരുന്നു. ഈജിപ്ഷ്യൻ സംസ്കാരം ആദ്യകാലങ്ങളിൽ ചന്ദ്രനെ കാലഗണനയ്ക്കായി ആശ്രയിച്ചിട്ടുണ്ടായിരുന്നെങ്കിലും നൈൽ നദിയുടെ ജലനിരപ്പിൽ ഉണ്ടാകുന്ന ഉയർച്ചയുടെയും വെള്ളപ്പൊക്കത്തിന്റെയും ആവർത്തനം ഏകദേശം വരുന്ന 360 ദിനങ്ങൾ കൂടിയാണെന്ന് മനസിലാക്കിയാണ് കാലം വാർഷികമായി രേഖപ്പെടുത്തി പോന്നത്.
ഏഷ്യയിൽ തന്നെ മറ്റ് പ്രധാന കലണ്ടർ സംവിധാനങ്ങളും സമാന്തരമായി പിന്നീട് വികസിചു വന്നിട്ടുണ്ട്. സംസ്കാരത്തിന്റെ ഈറ്റില്ലമായ ഇറാഖിൽ തന്നെ അസ്സിറിയൻ കലണ്ടറും ബാബിലോണിയൻ കലണ്ടറും ഏകദേശം ഒരേ കാലയളവിൽ രൂപപ്പെട്ടു വന്നതാണ്. പേർഷ്യൻ സാമ്രാജ്യം വികസിച്ചതിനൊപ്പം സൊരോസ്ട്രിയാൻ മതത്തിന്റെ ആചാരനുഷ്ടാനങ്ങളുടെ ഭാഗമായും തനതായ കലണ്ടർ നിലവിൽ വന്നു. സെമെറ്റിക് മതങ്ങളുടെ ആവിർഭാവം ഹീബ്രു കലണ്ടറിനും ശേഷം പൂർണ്ണമായും ചന്ദ്രനെ ആസ്പദമാക്കിയ ഇസ്ലാമിക് കലണ്ടറിനും വഴിവെച്ചു.അതുകൊണ്ട് തന്നെ തുടർന്ന് വന്ന ജൂലിയൻ- ഗ്രിഗേറിയസ് കലണ്ടറുകളിലുൾക്കൊണ്ട പരിഷ്കാരങ്ങൾക്കൊത്ത് പോകാൻ തക്ക മാറ്റം ഇസ്ലാമിക് കലണ്ടറിലുണ്ടായില്ല. ഋതുക്കളും ഇസ്ലാമിക് കലണ്ടറുമായി യാതൊരു കാലബന്ധവും ചേർത്തുവെക്കാനും ഉണ്ടായിരുന്നില്ല.
9 നൂറ്റാണ്ടുകളോളം, ഇന്നത്തെ ഇറാനും ചുറ്റുമുള്ള പ്രദേശത്തും നിലനിന്ന, ഉമർ ഖയ്യാം എന്ന 11 ആം നൂറ്റാണ്ടിലെ ബഹുമുഖപ്രതിഭയുടെ കീഴിൽ ആവിഷ്കരിച്ച ജലാലി കലണ്ടർ പൂർണ്ണമായും സൗരകലണ്ടർ ആയിരുന്നു. അധിദിനങ്ങൾ ഉൾപ്പെടുത്തിയുള്ള പരിഷ്കാരങ്ങൾ വഴി തികച്ചും കൃത്യമായ കലണ്ടറായിരുന്നു ഇത്.
ചരിത്ര സ്മാരകങ്ങളും ജ്യോതിശാസ്ത്രബന്ധവും.
വാനനിരീക്ഷണവും സമയം രേഖപ്പെടുത്തലും പുരാതന സംസ്കാരങ്ങൾക്ക് എത്രത്തോളം അവിശ്യഘടകമായിരുന്നു എന്നതിനുള്ള ചില തെളിവുകൾ ചരിത്ര സ്മാരകങ്ങൾ വഴി മനസിലാക്കാൻ സാധിച്ചിട്ടുണ്ട്.
ഈ നിരീക്ഷണങ്ങളും ഇന്നത്തെ കാലവുമായിട്ടുള്ള പ്രധാനവിത്യാസം അന്ന് വൈദ്യുതീകരിച്ച പ്രകാശസ്രോതസ്സുകളൊന്നും ഇല്ലാ എന്നുള്ളതായിരുന്നു.
പ്രകാശമലിനീകരണം എന്ന അവസ്ഥയില്ല എന്ന് ചുരുക്കം.
അതുകൊണ്ട് തന്നെ രാത്രിയിലെ ആകാശനിരീക്ഷണങ്ങൾ തീർത്തും വ്യക്ത്വവും സ്വച്ഛവും ആയിരുന്നു. ആത്മീയമോ മതപരമോ ആയ കാരണങ്ങൾ കൊണ്ടും ആകാശരൂപങ്ങളെ ദർശിക്കാനായുള്ള ഒബ്സെർവേറ്ററികളുടെ ആദിമരൂപങ്ങൾക്ക് സമാനമായ നിർമ്മിതികൾ ചരിത്രത്തിൽ നിന്ന് കണ്ടെത്താനാകും.അവയിൽ പ്രധാനപ്പെട്ട ചിലത്:
അയർലണ്ടിലെ Newgrange ൽ B.C.3000 ത്തിനോടടുത്ത് പണികഴിപ്പിച്ചെന്ന് കരുതപ്പെടുന്ന ഒരു ശവകുടീരത്തിന്റെ ഇടനാഴിയിലേക്ക് (passage tomb) ദക്ഷിണയനാന്തം(Winter Solstice) കണക്കാക്കി , അന്നേനാളുകളിൽ സുര്യപ്രകാശം വന്ന് പതിക്കുന്നതായി കാണാം. ഇടനാഴിയുടെ പ്രധാനകവാടം വഴിയല്ല മറിച് പ്രധാന കവാടത്തിന്റെ തൊട്ടുമുകളിലെ ചതുരാകൃതിയിലുള്ള Opening വഴിയാണ് പ്രകാശം അകത്തുവരുന്നത്. ഈ കൃത്യതയ്ക്ക് ജ്യോതിശാസ്ത്രജ്ഞാനം അന്ന് അടിസ്ഥാനപരമായി ഉണ്ടായിരുന്നതായി തന്നെ അനുമാനിക്കാം.
ഈജിപ്തിലെ ഗിസ പീഠഭൂമിയിലെ പിരമിഡുകൾക്കും അവയുടെ ദിശയ്ക്കും വാനശാസ്ത്രവുമായുള്ള ബന്ധം ആരോപിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ ബി.സി. 15 ആം നൂറ്റാണ്ടിലെ നിർമ്മിതിയായ Deir el-Bahri യിലെ Senenmut’s Tomb ന്റെ മുകൾതലത്ത് നക്ഷത്രഗണങ്ങളെ വൃത്താകൃതിയിൽ വരച് വെചതായി കാണാം. 24 ഭാഗങ്ങളാക്കിയ വൃത്തം 24 മണിക്കൂറിനെയാണ് സൂചിപ്പിക്കുന്നത്.
ഇംഗ്ലണ്ടിലെ സ്റ്റോൺ ഹെഞ്ച് ഉദാഹരണം പറഞ്ഞത് ഓർക്കുന്നുണ്ടല്ലൊ.ഏകദേശം 5000 ത്തോളം വർഷം പഴക്കമുള്ളതാണ് ഈ ഭീമമായ ശിലാനിർമ്മിതി.ഇതിന്റെ നിർമ്മാണോദ്ദേശ്യങ്ങൾ പൂർണ്ണമായും വ്യക്തമല്ലെങ്കിലും ജ്യോതിശാത്രത്തിലെ സൂര്യന്റെ അയനാന്തങ്ങ( Solstices)ളുമായി ബന്ധമുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
മെക്സിക്കോയിലെ മായൻ സംസ്കാരത്തിന്റെ ഭാഗമായ Chichen Itza യിലെ El Castillo അഥവാ Kukulkan’ Pyramid ന് 4 വശത്തു നിന്നും 91 പടികളും ഒരു പടി platform ഉം ചേർത്ത് ആകെ 365 പടികളാണുള്ളത്.ഇത് ഒരു കലണ്ടർ വർഷമാണ് സൂചിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു.ഇതിനു പുറമെ, Vernal Equinox ഉം Autumnal Equinox ഉം യഥാക്രമം വരുന്ന മാർച് , സെപ്റ്റെമ്പർ മാസങ്ങളിൽ പ്രത്യേകതരം രൂപത്തിലായി പടികളിലേക്ക് നിഴൽ വീഴുന്നതും ഈ നിർമ്മിതിക്കു പിന്നിലെ ജ്യോതിശാസ്ത്രബന്ധം ദൃഢപ്പെടുത്തുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാജസ്ഥാനിലെ രാജാ ജയ്സിങ് രണ്ടാമന്റെ നേതൃത്ത്വത്തിൽ നിർമ്മിച്ച ജന്തർ മന്തർ മന്തിരം ഭീമാകാരമായൊരു സൗരഘടികാരമാണ്.
പരിമിതികളിൽ നിന്നും പരിഷ്കാരങ്ങളിലേക്ക്..
ചാന്ദ്രമാസങ്ങളും സൗരവർഷവുമായുള്ള Lunisolar കലണ്ടറുകൾ അന്നത്തെക്കാലത്തെ ജീവിതരീതിയ്ക്ക് ഗുണകരമായെങ്കിലും ചില പരിമിതികളും അവയ്ക്കുണ്ടായിരുന്നു. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾക്ക് ഋതുക്കളുമായി ബന്ധമില്ലായെന്നുള്ളതായിരുന്നു പ്രധാന കാരണം. ഇത് പരിഹരിക്കാനായി അധിദിനങ്ങൾ/മാസങ്ങൾ ചേർക്കുന്ന Intercalation സംവിധാനങ്ങളും അന്ന് അവലംബിച്ചിരുന്നു. സീസണുകൾ ഒത്തുപോകുന്നുണ്ടായിരുന്നെങ്കിലും ദിനത്തോടനുബന്ധിച്ച കൃത്യത കൈവരിക്കാൻ ഈ സംവിധാനം കൊണ്ടും സാധിച്ചിരുന്നില്ല. Lunisolar രീതിയ്ക്ക് വിരാമം കുറിച്ചു കൊണ്ടാണ് റോമിൽ ജൂലിയസ് സീസർ ജൂലിയൻ കലണ്ടർ കൊണ്ടുവരുന്നത്. ജൂലിയൻ കലണ്ടറിന്റെ പരിമിതികൾ നികത്തിക്കൊണ്ട് ഗ്രിഗേറിയൻ കലണ്ടറും ശേഷം നിലവിൽ വന്നു.
ജൂലിയൻ – ഗ്രിഗേറിയൻ കലണ്ടറുകൾ
കലണ്ടറുകളുടെ പിറവി ചരിത്രത്തിലെ വലിയ ഏടുകളായ സുമേറിയനും ഈജിപ്ഷ്യനുമൊക്കെ പിന്നിട്ട് വന്നു നിൽക്കുന്ന പ്രധാനപ്പെട്ട മൈൽക്കുറ്റികളാണ്
റോമൻ/ജൂലിയൻ കലണ്ടറും ഗ്രിഗേറിയൻ കലണ്ടറും.ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളുടെ നിരീക്ഷണത്തിൽ അധിഷ്ഠിതമായ ‘ലൂണാർ കലണ്ടറുകളും ചാന്ദ്രമാസവും സൗരവർഷവും ചേർന്ന സെമിലൂണാർ കലണ്ടറും സൗരമാസവും സൗരവർഷവും ചേർന്ന് പൂർണ്ണമായി സൂര്യന്റെ ചലനത്തെ ആസ്പദമാക്കിയ സൗരകലണ്ടറും നമ്മുടെ പൂർവ്വികർ വിവിധ സംസ്കാരങ്ങളിലായി ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടുവല്ലൊ. ആദിമ സംസ്കാരങ്ങളിൽ നിന്നുൾക്കൊണ്ട പാഠങ്ങളിലെ മൗലികമായ 10 മാസങ്ങളിൽ നിന്നു തുടങ്ങുകയും ശേഷം വന്ന ക്രമാനുഗതമായ കൂട്ടിച്ചേർക്കലുകളുടേയും തിരുത്തലുകളുടേയും ഫലമായുണ്ടായതുമാണ് ഇന്ന് കാണുന്ന തരത്തിലുള്ള കലണ്ടർ.അവയിൽ തന്നെ ലോകവ്യാപകമായി ഉപയോഗിക്കുന്ന ഗ്രിഗേറിയൻ കലണ്ടറും ഒരു പ്രദേശത്തു മാത്രമായി ഉപയോഗിക്കപ്പെടുന്ന കൊല്ലവർഷം/മലയാള കലണ്ടർ പോലെയുള്ള കലണ്ടറുകളും ഉണ്ട്.
ഇന്ന് പൊതുവിൽ കണ്ടുവരുന്ന ഗ്രിഗേറിയൻ കലണ്ടറിന്റെ ആദിമരൂപമാണ് ജൂലിയസ് സീസറിന്റെ കാലത്ത് നിലവിൽ വന്ന ജൂലിയൻ കലണ്ടർ.അന്നുവരെ നിലവിലുണ്ടായിരുന്ന റോമൻ കലണ്ടർ സംവിധാനം പരിഷ്കരിച്ചു കൊണ്ടാണ് ജൂലിയൻ കലണ്ടർ 46 ബിസിയിൽ നിലവിൽ വന്നത്.
ജനുവരി 1 പുതുവർഷദിനമായി ജൂലിയസ് സീസറിന്റെ റോമൻ റിപബ്ലിക്കൻ ഭരണകൂടം രേഖപ്പെടുത്തി.ജൂലിയൻ കലണ്ടറായിരുന്നു യൂറോപ്പിലെ രാജ്യങളിൽ ഭൂരിഭാഗവും പിന്തുടർന്നിരുന്നത്.അന്നത്തെ ജ്യോതിശാസ്ത്ര ജ്ഞാനം വെച് കണക്കു കൂട്ടിയത് ഒരു വർഷം എന്നത് 365 കാൽ (365.25) ദിവസങ്ങൾ എന്നായിരുന്നു. വർഷത്തിൽ 365 ദിനങ്ങളും ശേഷം മുൻപ് പറഞ്ഞ കാൽ ദിവസത്തെ(6 മണിക്കൂർ) തുടർച്ചയായുള്ള നാലാം വർഷത്തിൽ ഒരൊറ്റ ദിനമായി ചേർത്ത് അധിവർഷമെന്ന(leap year) രീതിയിൽ പരിഷ്കരിച്ചുമായിരുന്നു ജൂലിയൻ കലണ്ടർ ചിട്ടപ്പെടുത്തിയിരുന്നത്.ഇന്നേക്ക് 2100 ഓളം വർഷങ്ങൾക്കു മുൻപ് ഇത്തരമൊരു പരിഷ്കരിച്ച, സൗരകലണ്ടർ രൂപമായതിനാലാവാം ജൂലിയൻ കലണ്ടർ താരതമ്യേന മികച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത്.
എങ്കിലും ഈ കണക്കിനൊരു പ്രശ്നമുണ്ടായിരുന്നു.
ഒരു വർഷം എന്നത് 365.25 ദിനങ്ങളല്ല മറിച് കാൽ ദിവസത്തിനു 11.3 മിനിറ്റു കുറവുണ്ടെന്ന് ശേഷം മനസിലാക്കി.അതായത് 365 ദിവസവും 5 മണിക്കൂറും 49 മിനിറ്റും 12 സെകന്റ്സും (ഏകദേശം 365.2425 ദിനങ്ങൾ) ആണ് ഒരു വർഷം.ജൂലിയൻ കലണ്ടറിലെ ഈ വിത്യാസം അനുഭവപ്പെട്ടത് കൃസ്തീയ ആചാരങ്ങളുടെ ഋതുക്കളുമായി യോജിച്ചു കിടക്കുന്ന ആഘോഷങ്ങളിലായിരുന്നു.സീസണും കലണ്ടർ ദിനങ്ങളും കാലം മുന്നോട്ടു പോകുന്നതിനനുസരിച്ച് ഒത്തുപോകാതെയായി. ഈ ചെറിയ തിരുത്തിന്റെ അഭാവം നൂറ്റാണ്ടുകളുടെ ദൈർഘ്യത്തിൽ വലിയ പിഴവുകളുണ്ടാക്കുകയും ക്രൈസ്തവാചാരങ്ങളിലെ പ്രധാനപ്പെട്ട ദിനങ്ങളിലൊന്നായ ഈസ്റ്റർ ദിനവും മാറി വരുന്നതായി മനസ്സിലാക്കി.
A.D 1582; ഗ്രിഗേറിയൻ കലണ്ടർ
ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതലായി പ്രചാരത്തിലുള്ള കലണ്ടറായ ഗ്രിഗേറിയൻ കലണ്ടർ സമാരംഭിച്ച വർഷമാണ് എ ഡി 1582.
ജൂലിയൻ കലണ്ടർ പ്രകാരം, ഒരു വർഷത്തിലെ 11.3 മിനിറ്റ് കുറവ് കണക്കിലെടുക്കാത്തത് മൂലം ഏകദേശം 128 വർഷം കൂടുമ്പൊൾ ‘ഒരു ദിവസം’ എന്ന രീതിയിൽ ജൂലിയൻ കലണ്ടറും ഗ്രിഗേറിയനും തമ്മിൽ വിത്യാസമുണ്ടായിരിക്കും. ബി.സി 46 ൽ നിന്നും എ.ഡി. 1582 വരെയുള്ള കാലയളവിൽ ഈ വിത്യാസം 10 ദിവസം വരെയായി ഉയർന്നു. അന്നത്തെ കാത്തലിക് അതോറിറ്റിയുടെ പോപ് ആയിരുന്ന
പോപ് ഗ്രിഗറി 13 ആമന്റെ നേതൃത്വത്തിൽ കലണ്ടർ സംവിധാനത്തിലെ ഈ പിഴവിനെ പരിഷ്കരിക്കാൻ ശ്രമമുണ്ടായി. തത്ഫലമായി Christopher Clavius എന്ന അസ്ട്രോണമറെ നിയമിക്കുകയും ഇദ്ദേഹം മുന്നോട്ടുവെച്ച നിർദ്ദേശങ്ങളും തിരുത്തലുകളും ചേർന്ന് നൂറ്റാണ്ടുകളോളം പഴക്കം ചെന്ന കലണ്ടർ സംവിധാനം തെറ്റുകുറ്റങ്ങൾ ആവതും ഒഴിവാക്കി പരിഷ്കരിച് പ്രസിദ്ധീകരിക്കപ്പെടുത്തുകയും ചെയ്തു.
1582ൽ ഒക്റ്റോബർ മാസം 4 ആം തിയതിയ്ക്കു ശേഷം ഒക്റ്റോബർ 15 ആക്കി തിരുത്തി അധികമായി വന്ന 10 ദിവസത്തെ ഒഴിവാക്കി. ഭാവിയിൽ ജൂലിയൻ കലണ്ടർ പിന്തുടരുന്തോറും വീണ്ടും പിഴവ് സംഭവിക്കാതിരിക്കുവാൻ മറ്റൊരു മാർഗ്ഗവും കൂടി അവലംബിച്ചു.ജൂലിയൻ കലണ്ടറിലെ രീതി പോലെ തന്നെ ഓരോ 4 ആം വർഷവും 366 ദിവസങ്ങളുള്ള അധിവർഷമാക്കുകയും എന്നാൽ, ഓരോ 400 വർഷങ്ങൾക്കിടയിൽ 3 ദിവസം ഒഴിവാക്കുകയും ചെയ്യുകയായിരുന്നു പിഴവ് തിരുത്തുന്നതിനുള്ള പോംവഴിയായി നിർദ്ദേശിക്കപ്പെട്ടത്.ഇതിൽ 400 വർഷങ്ങൾക്കിടയിൽ 3 ദിവസം ഒഴിവാക്കാനായി, ഓരോ നൂറ്റാണ്ടിലും 365 ദിനങ്ങൾ മാത്രമാക്കുകയും 400 കൊണ്ടു ഹരിക്കാൻ(divisible) പറ്റുന്ന നൂറ്റാണ്ടിൽ മാത്രം 366 ദിനങ്ങൾ ചേർക്കുകയും ചെയ്യുകയായിരുന്നു.
ജൂലിയൻ കലണ്ടർ ഇന്ന് ഗ്രിഗേറിയൻ കലണ്ടറിൽ നിന്നും 13 ദിവസങ്ങൾ പിന്നിലാണ്.
ജൂലിയനിൽ 128 വർഷം കൂടുമ്പോൾ ഒരു ദിവസം കൂടുന്നുണ്ടെങ്കിൽ, ഗ്രിഗേറിയനിൽ 3,030 വർഷത്തിൽ ഒരു ദിവസം എന്ന നിരക്കിലാണ് വിത്യാസമുണ്ടാകുന്നത്.അത്രത്തോളം താരതമ്യേന എറർ കറക്ഷൻ ഉണ്ടെന്നർത്ഥം.
ഗ്രിഗേറിയൻ പോപ് ഈ പരിഷ്കരണത്തിനു 1582 ൽ നേതൃത്വം നിന്നെങ്കിലും ലോകം മുഴുവൻ ഈ കലണ്ടർ ഇന്നുള്ളതു പോലെ എത്തിയതിൽ ശേഷം വ്യാപിക്കപ്പെട്ട സാമ്രാജ്യത്ത ശക്തികളുടെ പങ്ക് വളരെ വലുതായിരുന്നു.ഗ്രിഗേറിയൻ കലണ്ടർ റോമൻ കാത്തലിക് ഹെഡായ പോപിന്റെ അതോറിറ്റിയെ അംഗീകരിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ മാത്രമെ ആദ്യം കണക്കിലെടുത്തിരുന്നുള്ളു.യൂറോപ്പിലെ തന്നെ കിഴക്കൻ രാജ്യങ്ങളിൽ ചിലത് 20 ആം നൂറ്റാണ്ടിലാണ് ഗ്രിഗേറിയൻ സിസ്റ്റം ഏർപ്പെടുത്തിയത് തന്നെ.
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കാര്യത്തിൽ, റോമൻ കാതലിക്കിൽ നിന്നും 16ആം നൂറ്റാണ്ടിൽ വ്യതിചലിച് പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലേക്ക് മാറിയ രാജ്യങളിലൊന്നായതിനാൽ തന്നെ ഗ്രിഗേറിയൻ സിസ്റ്റം ബ്രിട്ടൺ ഈ കാലത്ത് പിന്തുടർന്നിരുന്നില്ല.കൂടാതെ 12 ആം നൂറ്റാണ്ടിനു ശേഷമുള്ള ഇടക്കാലങ്ങളിൽ പുതുവർഷ ദിനമായി മാർച് 25 ആയിരുന്നു ഇംഗ്ലണ്ടിൽ ആചരിച്ചു വന്നത്.
ഡിസംബർ 25 നു യേശുവിന്റെ ജനനവും 9 മാസം പിന്നോട്ട് പോയി മാർച് 25 യേശുവിനെ മാതാവ് ഗർഭം ധരിക്കുന്നതും കണക്കിലെടുത്തായിരുന്നു ഈ മാറ്റം.
1752 ആയതോടു കൂടി ജൂലിയൻ കലണ്ടറും ഗ്രിഗേറിയനുമായുള്ള വിത്യാസം ഒരു ദിനവും കൂടി അധികരിച്ചു 11 ദിവസമായി.ഭാവിയിലും ഈ വിത്യാസം അധികരിക്കപ്പെടാതിരിക്കാനായി 1752 ആം വർഷത്തെ സെപ്റ്റംബറിലെ 2 ആം തീയതിയ്ക്കു ശേഷം സെപ്റ്റംബർ 14 ആക്കി ബ്രിട്ടീഷ് ഭരണകൂടം തിരുത്തി. അങ്ങനെ 18 ആം നൂറ്റാണ്ടോടെ ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്ത ശക്തിയായി മാറിയ ബ്രിട്ടീഷ് സാമ്രാജ്യം 1752 മുതൽ ഗ്രിഗേറിയൻ കലണ്ടർ ഔദ്യോഗികമായി സ്വീകരിചു.
അമേരിക്കൻ നാടുകളിലെ ഫ്രാൻസിന്റെയും സ്പെയിനിന്റെയും കീഴിലുള്ള പ്രദേശങ്ങൾ 1582 ൽ തന്നെ ഗ്രിഗേറിയൻ സംവിധാനം ഉപയോഗിച്ചു തുടങ്ങിയിരുന്നു. അമേരിക്കൻ ഐക്യനാടുകളുടെ ( U.S.A) ആവിർഭാവത്തിനുശേഷം, 1867 ൽ റഷ്യയുടെ പക്കൽ നിന്നും വാങ്ങുന്നതോടെയാണ് അലാസ്കയിൽ ഈ സംവിധാനം കൊണ്ടുവരുന്നത്.
കിഴക്കൻ യൂറോപ്പും ഇന്നത്തെ തുർക്കിയുൾപ്പെടുന്ന ദേശം കൈയ്യാളിയ ഓട്ടോമാൻ സാമ്രാജ്യവും 1920 കളോടെ ഗ്രിഗേറിയൻ കലണ്ടർ ഔദ്യോഗികരിച്ചു.
1918 ലെ ഒക്റ്റോബർ വിപ്ലവത്തിന്റെ സമാപ്തിയോടെ റഷ്യയും കലണ്ടർ നവീകരിച്ചു.
ജൂലിയൻ കലണ്ടറുമായി ബന്ധമില്ലാതിരുന്ന ചൈന, കൊറിയ, ജപ്പാൻ എന്നീ കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ 19 ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ നേരിട്ട് ഗ്രിഗേറിയൻ സിസ്റ്റം പിന്തുടരാനൊരുങ്ങുകയായിരുന്നു.
ഇസ്ലാമിക് കലണ്ടർ മതകാര്യങ്ങൾക്കു മാത്രം മാറ്റിവെച്ചു കൊണ്ട് സൗദി അറേബ്യയും 2016 ഓടെ ഗ്രിഗേറിയൻ കലണ്ടർ സിവിൽ കലണ്ടറായി എഴുതിച്ചേർത്തു.
ഇന്ന്, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യകളുടെ കുതിച്ചുചാട്ടത്തിനിടയിൽ നിൽക്കുമ്പോഴും കൈയിലെ സ്മാർട്ട്ഫോണിൽ അല്ലെങ്കിൽ ഓഫീസ് ടേബിളിൽ, വീട്ടുചുമരിൽ ഒക്കെയായി സ്ഥാനം പിടിച്ചിരിക്കുന്ന ഇന്ന് കാണുന്ന കലണ്ടറിന് നമ്മുടെ സംസ്കാരത്തോളം തന്നെയുള്ള പഴക്കമുണ്ടെന്നത് ആശ്ചര്യജനകമായ കാര്യമാണ്. മിഡിൽ ഈസ്റ്റിലെ യൂഫ്രട്ടീസ് , ടൈഗ്രിസ് നദികൾ, ഈജ്പ്തിലെ നൈൽ നദി, ഇൻഡ്യാ ഉപഭൂഖണ്ഡത്തിലെ സിന്ധു നദി എന്നിങ്ങനെയായി സംസ്കാരത്തിന്റെ കളിത്തൊട്ടിലിൽ നിന്നും മാനവികവളർച്ചയ്ക്ക് കാലം കൂട്ടുപിടിച്ച് മുന്നോട്ടു പോകുന്നതിന്റെ ചരിത്രം പേറുന്ന ഒരു ചെറിയ ഏടാണ് ആ ചുമരുകളിൽ തൂങ്ങുന്നതെന്ന് വിസ്മയാവഹമായി കാണാൻ ഈ ലേഖനം സഹയിച്ചെന്ന് കരുതട്ടെ.