ജൈവകൃഷി എന്ന പേരിൽ ഇന്ന് വൻപ്രചാരം നേടികൊണ്ടിരിക്കുന്ന കൃഷിരീതിയുടെ ചരിത്രത്തിനു മനുഷ്യന്റെ സംസ്കാരത്തോളം പഴക്കമുണ്ട്. മനുഷ്യർ ആദ്യമായി കൃഷി ചെയ്യാൻ തുടങ്ങിയത് ഒരു കൗതുകത്തിനല്ല, മറിച്ച് അതിജീവനത്തിന്റെ മുന്നോട്ടുള്ള പോക്കിൽ അതൊരു അനിവാര്യതയായിരുന്നു എന്നതിനാലാണ്. ആ സാഹചര്യങ്ങൾ, നമ്മുടെ തന്നെ ചരിത്രത്തിന്റെ ഭാഗവും ആണ്.
നമ്മൾ മനുഷ്യർ ആദിമ കാലത്ത് വേട്ടയാടിയും ശേഖരിച്ചും ആയിരിന്നു ജീവിച്ചിരുന്നത്. മനുഷ്യന്റെ ഇന്നുള്ള രൂപത്തിലേക്ക് പരിണമിച്ചപ്പോൾ തൊട്ട്
മൃഗങ്ങൾ, ഫലങ്ങൾ, മത്സ്യം, പക്ഷികൾ, എല്ലാം തന്നെ മനുഷ്യർ ഭക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരു ഭക്ഷണ സ്രോതസ്സ് തീരുകയോ, ഇല്ലാതാവുകയോ ചെയ്താൽ മറ്റു മാർഗ്ഗങ്ങൾ വഴി ആ കുറവു നികത്തുവാൻ അവനു സാധിച്ചിരിന്നു. ഈ കഴിവുകൾ ആണു മനുഷ്യനെ Pleistocene എന്ന വൻ ഹിമയുഗം തരണം ചെയ്യാൻ സഹായിച്ചത്. ഈ വൻ ഹിമയുഗത്തിന്റെ അവസാനം മഞ്ഞുമലകൾ ഉരുകി ജലരൂപത്തിൽ ഒഴുകാനും തുടങ്ങിയപ്പൊൾ കൂടുതൽ വേട്ടക്കുള്ള അവസരങ്ങളും, ഭക്ഷണസ്രോതസ്സുകളും ആണ് സത്യത്തിൽ മനുഷ്യനു തുറന്നു കിട്ടിയത്.
അക്കാലങ്ങളിൽ മനുഷ്യർ ഭക്ഷണം കൂടുതൽ ഉള്ള സ്ഥലങ്ങൾ കണ്ടെത്തുമായിരുന്നു. എന്നിട്ട്, അവിടെ താത്കാലികമായി സുരക്ഷിതമായ വാസസ്ഥലം കെട്ടും. മിക്കതും ഗുഹകൾ പോലെയുള്ള അധികം ബാഹ്യശക്തികൾ ഇടപെടാത്ത, കാലാവസ്ഥ ബാധിക്കാത്ത സ്ഥലങ്ങൾ ആയിരിന്നു.
ഇതിന്റെ നേട്ടം ലഭിച്ചത് archaeologistകൾക്ക് ആണ്. ഇവർക്ക് ഇത്തരം സ്ഥലങ്ങളിൽ നിന്ന് ലഭിച്ച പാകംചെയ്ത ഭക്ഷണം, ആഹരിച്ച ജീവികളുടെ എല്ലുകൾ, മരിച്ചവരുടെ അടക്കം ചെയ്ത അസ്ഥികൾ, ആയുധങ്ങൾ, പാത്രങ്ങൾ എന്നിങ്ങനെ അവരുടെ ജീവിതരീതികളിലേക്ക് വെളിച്ചം നൽകുന്ന നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്.
ഇങ്ങനെ 15000 വർഷത്തോളം പഴക്കമുള്ള, ധാരാളം മൃഗങ്ങളും, ഭക്ഷ്യയോഗ്യമായ ധാന്യങ്ങളും, ഫലങ്ങളും ഒന്നിച്ച് കണ്ടെത്തിയിരുന്ന ആദിമ സംസ്കാരങ്ങളുടെ
ഈറ്റില്ലമായിരുന്നു fertile crescent (ഫെർറ്റൈയിൽ ക്രിസെന്റ്) എന്ന ഭൂഭാഗം. ഈജിപ്തിലെ നൈൽ നദീതടം തൊട്ട് ഇസ്രയേൽ വഴി ജോർദ്ദാൻ മുതൽ അങ്ങ്
ഇറാനിലെ ദക്ഷിണ കടൽതീരം വരെ ആയിരിന്നു ഈ ഫലഭൂയിഷ്ടമായ ഭൂമി വിസ്തൃതമായി കിടന്നിരുന്നത്. അവിടെ അനേകം കാട്ടുവർഗ്ഗങ്ങൾ ആയ ധാന്യങ്ങൾ വളർന്നിരിന്നു. ഇന്നത്തെ ഗോതമ്പിന്റെയും ബാർളിയുടെയും ആദിമരൂപം ഇവിടെയാണ് ഉണ്ടായിരുന്നത്.
ഇന്നത്തെ ജോർദ്ദാനിന്റെയും ഇസ്രയേലിന്റെയും ഇടയിൽ വസിച്ചിരുന്ന ഒരു ജനത ഉണ്ടായിരിന്നു. അവരെ ഇന്ന് നറ്റൂഫിയൻസ് എന്നാണു വിളിക്കുന്നത്. അവർ ഈ fertile crescentൽ വിളഞ്ഞുനിൽക്കുന്ന ധാന്യങ്ങൾ ശേഖരിച്ചിരിന്നു. അവ മറ്റു ഭക്ഷണത്തോട് കൂടെ നറ്റൂഫിയൻസ് കഴിച്ചിരിന്നു. ഭക്ഷണം സുലഭമായിരുന്നതിനാൽ നറ്റൂഫിയൻസ് ഈ പ്രദേശത്ത് ഉള്ള താമസം സ്ഥിരം ആക്കി. വിളവെടുപ്പ് കാര്യക്ഷമമാക്കുവാൻ ഇവർ
ആദ്യത്തെ അരിവാൾ ഉണ്ടാക്കുവാൻ തുടങ്ങി. എല്ലുകൊണ്ടുള്ള പിടിയും മൂർച്ചയേറിയ കല്ലുകൊണ്ടുള്ള അഗ്രവും ആയിരിന്നു ഈ അരിവാളിനുണ്ടായിരുന്നത്. ഈ പ്രദേശത്ത വളരുന്ന ധാന്യങ്ങൾ വിളവെടുക്കാൻ വലിയ തോതിൽ ഈ അരിവാൾ സഹായിച്ചു. പ്രസ്തുത പ്രദേശത്തു് നിന്ന് കണ്ടെത്തിയ അരിവാളിൽ ഇത്തരം പുല്ലുകളുടെ അംശവും കണ്ടെത്തിയിട്ടുണ്ട്.
ധാന്യങ്ങളുടെ ഗുണം എന്തെന്നാൽ, അവയിൽ ജലാശം കുറവായത് കൊണ്ട് വളരെ കാലം കേടുകൂടാതെ സൂക്ഷിക്കുവാൻ സാധിക്കും എന്നതാണ്. കൊയ്ത്തു കഴിഞ്ഞു കിട്ടിയ ധാന്യങ്ങൾ ഇങ്ങനെ സൂക്ഷിച്ചു വെക്കുന്നത് ഭാവിയിൽ മറ്റു ഭക്ഷ്യസ്രോതസുകൾ കുറയുമ്പോൾ പട്ടിണിയനുഭവിക്കാതെ തന്നെ ജീവിക്കാൻ സഹായിച്ചു. അരിവാളിനു പുറമേ ധാന്യങ്ങൾ പൊടിക്കാൻ വലിയ കല്ലുകൊണ്ടുള്ള ഉപകരണങ്ങൾ ഇവർ ഉപയോഗിച്ചു. ഇത്തരം വലിയ കല്ലുകൾ കൊണ്ട്
യാത്ര ചെയ്യുക സാധ്യമല്ല. അങ്ങനെ നിശ്ചിതസ്ഥലങ്ങൾ അവർ സ്ഥിരതാമസം ആക്കിതുടങ്ങി. വർഷം മുഴുവനും കഴിക്കാനുള്ള ഭക്ഷണം ഇവർ സൂക്ഷിച്ചു വെച്ച് കൊണ്ട് ഭാവി ഭക്ഷ്യസുരക്ഷിതമാക്കി. ശേഖരിച്ചു വെച്ച ധാന്യങ്ങളെല്ലാം ഇന്നത്തെ പോലൊരു രീതിയിൽ ആയിരുന്നില്ല. അവ പല പല ധാന്യങ്ങളുടെ ഒരു കൂട്ടം ആയിരിന്നു. ഇവ ഒരുമിച്, അരച്ചു പൊടിയാക്കി തീയുടെ മേൽ ചുട്ടെടുത്ത അപ്പങ്ങൾ ആക്കി നട്ടൂഫിയൻസ് കഴിച്ചിരിന്നു. കൂടെ ആ പ്രദേശത്ത് വളർന്നിരുന്ന ഫലങ്ങൾ എല്ലാം ശേഖരിച്ചു അവർ വസിച്ചിരുന്ന പ്രദേശത്ത കൊണ്ട് വന്ന് കഴിച്ചിരിന്നു.
ശേഷം വന്നിരുന്ന ധാന്യങ്ങൾ, ഫലങ്ങളുടെ കായ, വിത്തുകൾ, മൃഗങ്ങളുടെ എല്ലുകൾ, മറ്റു ഭക്ഷണ അവശിഷ്ടത്തോടൊപ്പം അവർ കളഞ്ഞിരിന്നു. ഇവയിൽ മിക്കതും വിത്തുകൾക്കും കായ്കൾക്കും വളരുവാൻ ഉള്ള വളമായി മാറി. ഇങ്ങനെ വളരുന്ന ധാന്യങ്ങൾ നറ്റൂഫിയൻസ് ശ്രദ്ധിച്ചിരിന്നു. എന്നാൽ ഇവർ ഒരിക്കലും മനപ്പൂർവ്വമായി കൃഷി ചെയ്തിരുന്നില്ല. അതിന്റെ ആവശ്യം അവർക്ക് അതുവരെ വന്നിരുന്നില്ലായെന്നുള്ളതു കൊണ്ട് തന്നെ.ആ പ്രദേശത്തെ മനുഷ്യർ ഒരോ കൂട്ടങ്ങൾ ആയിട്ടായിരിന്നു വസിച്ചിരുന്നത്. ഒരോ കൂട്ടങ്ങൾ പരസ്പരം കണ്ടുമുട്ടിയപ്പൊൾ ഭക്ഷണവും, ആയുധങ്ങളും, ഉപകരണങ്ങളുമെല്ലാം കൈമാറിയിരിന്നു. പ്രസ്തുത കാലഘട്ടത്തിലേതായി, ഇപ്പറഞ്ഞ പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി കണ്ടെത്തിയ ഒരേ രൂപത്തിലുള്ള ആയുധങ്ങളും, ഉപകരണങ്ങളും ആണ് ഈ അനുമാനങ്ങൾക്ക് മുഖ്യതെളിവായിട്ടുള്ളത്.
ഈ സുവർണ്ണ കാലം ഏകദേശം 2500 വർഷം നിലനിന്നു. അതിനുശേഷം ആയിരുന്നു വീണ്ടും ഒരു ഹിമയുഗം വന്നത്. ജീവിതം വീണ്ടും ദുർഘടം ആയി. ശക്തമായ തണുപ്പ് വീണ്ടും വന്നതോടെ മണ്ണിൽ ഒന്നും മുളക്കാതെ ആയി. വളർന്നു വന്ന ചെടികൾ നശിക്കുവാനും തുടങ്ങി.
നറ്റൂഫിയൻസ് വീണ്ടും വേട്ടയാടുന്നതിലേക്ക് വഴി മാറി . എന്നാൽ മൃഗങ്ങളും ഭക്ഷണവും കുറഞ്ഞപ്പൊൾ ആ പ്രദേശം വിട്ടുപോകാൻ ഇവർ നിർബന്ധിതരായി. ഈ അവസരത്തിൽ മറ്റൊരു പ്രദേശം വാസയോഗ്യമായി കിട്ടി.
ഹിമയുഗത്തിൽ ഇന്നത്തെ ജോർദ്ദാനിന്റെ അതിർത്തിയിൽ ഉള്ള ഗലീലി (sea of Galilee)
എന്ന് തടാകത്തിന്റെ ജലനിരപ്പ് കുറഞ്ഞു വന്നു.തത്ഫലമായി തടാകത്തിന്റെ ചുറ്റുമായി ഭലഭൂയിഷ്ടമായ മണ്ണ് ലഭ്യമാകാൻ അവസരമൊരുങ്ങി. എന്നാൽ ഈ പുതിയ
വിളഭൂമി മുൻപ്
നറ്റൂഫിയാൻസിനെ സംബന്ധിച്ചിടത്തോളം തികച്ചും വ്യത്യസ്തം ആയിരിന്നു. ഭൂപ്രകൃതിയും ചെടികളും എല്ലാം തീർത്തും വ്യത്യസ്തം.
ഇനി നടക്കാൻ പോകുന്ന സംഭവം, മനുഷ്യ ചരിത്രത്തിൽ തന്നെ വളരെ വിരളമായ ഒന്നാണ്. മനുഷ്യർ ഇത്രയും നാൾ ചെയ്തതിൽ വെച്ച് ഏറ്റവും വലിയ സാഹസം ആണു അന്നു ആ മനുഷ്യർ എടുത്തത്.
മുൻപ് താമസിച്ച സ്ഥ്ലങ്ങളിലെ , കുപ്പയിൽ വീണ വിത്തുകളിൽ നിന്ന് വളർന്നു വന്ന ചെടികൾ നറ്റുഫിയൻസ് ശ്രദ്ധിച്ചു പഠിച്ചതു മൂലം എങ്ങിനെയാണു വിത്തു പാകേണ്ടത് എന്ന് അറിയാൻ കഴിഞ്ഞു. മേൽ സൂചിപ്പിച്ച ആ പുതിയ തടാകത്തിന്റെ തീരത്ത് ഭക്ഷണത്തിനായി സൂക്ഷിച്ചുവെച്ചിരുന്ന ധാന്യങ്ങളിൽ നിന്നും ഒരു വലിയ പങ്ക് ഈ മനുഷ്യർ ആദ്യമായി മണ്ണിൽ നടുന്നു. തങ്ങൾക്കു ചുറ്റുമുള്ള ഭൂമിയെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് മാറ്റുന്നു.
അങ്ങനെ മനുഷ്യർ ആദ്യമായി കൃഷിയിലോട്ട് കടക്കുന്നു.
തടാകത്തിന്റെ കരയിൽ ആ ഭലഭൂയിഷ്ടമായ മണ്ണിൽ കൃഷി അങ്ങനെ വിജയം കൈവരിക്കുന്നു. ഓരോ വിളവെടുപ്പിലും മനുഷ്യർ കൂടുതൽ ധാന്യങ്ങൾ ശേഖരിക്കുന്നു. അതിൽ നിന്നും ഏറ്റവും വലുതും, സ്വാദുള്ളതുമായ ധാന്യങ്ങൾ അടുത്ത കൃഷിക്ക് ഉപയോഗിക്കുന്നു. ഈ പ്രക്രിയ തലമുറകളോളം പിന്തുടർന്ന് പോരുന്നു.
ആയിരം വർഷം മാത്രം നിലനിന്ന ആ ചെറിയ ഹിമയുഗത്തിനു ശേഷം ഭൂമി വീണ്ടും നല്ലകാലത്തിലേക്ക് തിരിച്ചു വരുകയായിരുന്നു. പക്ഷെ കൃഷിയുടെ ഗുണങ്ങൾ കൈവരിച്ച ഈ ജനത തിരിച്ച് വേട്ടയാടി നാടുകൾ തോറും കറങ്ങി നടക്കുന്ന ജീവിതരീതിയിലോട്ട് പോകുന്നില്ല. ഒരു സമൃദ്ധമായ വിളവെടുപ്പിൽ നിന്നും കിട്ടുന്ന ധാന്യങ്ങൾ ഒരു കുടുംബത്തെ ഒരു വർഷം മുഴുവനും പോറ്റാനായുള്ള ഭക്ഷണം നൽകി. ഇടക്കു മാത്രം വേട്ടയാടിയാൽ മതിയായിരിന്നു ഈ ജനങ്ങൾക്ക്, ഭക്ഷ്യസുരക്ഷക്ക് പുറമെ വേട്ടയാടുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളിൽ നിന്നും അങ്ങനെ മോചനം ലഭിച്ചു.
ഭക്ഷണം കൂടിയപ്പൊൾ ജനങ്ങൾക്ക് കൂടുതൽ കുട്ടികളെ നോക്കുവാനും, വലിയ കുടുംബങ്ങൾ നിലനിർത്തുവാനും സാധിച്ചു. മനുഷ്യരുടെ ആയുർദ്ദൈർഘ്യം കൂടിയപ്പോൾ തലമുറകൾക്ക് ഒന്നിച്ചുള്ള പങ്കാളിതമായ അറിവുകൾ പകർന്നു നൽകുവാൻ സാധിച്ചു. ഇവ മനുഷ്യരുടെ സംസ്കാര വളർച്ചയ്ക്ക് വേദി ഒരുക്കി. ഒരോ തലമുറ കടന്നു പോയപ്പൊൾ ഈ മനുഷ്യർ കൃഷി ചെയ്ത ഗോതമ്പിന്റെയും ബാർളിയുടെയും വലിപ്പം കൂടി വന്നു. ആദ്യമുണ്ടായിരുന്ന കാട്ടുവർഗ്ഗങ്ങളെ അപേക്ഷിച്ച് ഇവയിൽ പ്രകടമായ വ്യത്യാസം കാണാമായിരുന്നു.
ജൈവ കൃഷിയിലൂടെ മനുഷ്യർ ആദ്യമായി സങ്കരയിനം വിത്തുകൾ നിർമ്മിച്ചു, അറിയാതെ ആണെങ്കിലും അതിന്റെ ഫലം ഗുണം ചെയ്തു. അന്ന് ജീവിച്ചു മരിച്ച മനുഷ്യരുടെ അസ്ഥി മണ്ണിൽ നിന്നും ഇന്ന് കിട്ടുമ്പോൾ വേട്ടയാടി ഉണ്ടാകുന്ന പൊട്ടലും ഒടിവിനേക്കാളുമൊക്കെ പാടത്ത് പണിയെടുത്ത് ഉണ്ടായ തേയ്മാനങ്ങൾ ആണു കൂടുതലായും കാണാൻ കഴിയുന്നത്.
കൃഷി ഒരു വിജയം ആകുന്നത് ഈ അവസരത്തിൽ മൃഗങ്ങളെ മേയ്ക്കാൻ തുടങ്ങിയപ്പോളാണ്. നായ മനുഷ്യരുടെ കൂടെ കൂടിയിട്ട് അപ്പോഴേക്കും വളരേയധികം കാലം ആയിട്ടുണ്ടായിരിന്നു. എന്നാൽ ഈ കാലത്താണു ആടുകളെ മനുഷ്യർ ആദ്യമായി ഭക്ഷണത്തിനായി മെരുക്കുന്നത്. ഇവയ്ക്ക് കൊയ്ത്തു കഴിഞ്ഞു കിട്ടുന്ന ഭക്ഷണം നൽകിയാൽ മതിയായിരുന്നു. ആടുകളുടെ വിസർജ്യം കൃഷിയ്ക്ക് വളരെയധികം ഉപയോഗപ്പെടുകയും ചെയ്തു. ആടുകൾ ഉള്ള കൃഷിയിടങ്ങളുടെ ധാന്യങ്ങൾ ശേഖരിക്കുന്ന അറകളുടെ വലിപ്പം ആടുകൾ ഇല്ലാത്ത കൃഷിയിടങ്ങളുടെ അറകളേക്കാൾ വളരെ ചെറുതായിരിന്നു.
കാലക്രമേണ ഈ ജൈവകൃഷി ലോകത്തെ മിക്ക സംസ്കാരങ്ങളും പഠിച്ചു. അവർ വ്യത്യസ്തങ്ങളായ ചെടികൾ ഇതേ രീതിയിൽ കൃഷി ചെയ്യാൻ തുടങ്ങി.
തലമുറകളോളം ഈ രീതിയിൽ കൃഷി ചെയ്ത ചെടികൾ വന്യമായി വളരുന്ന ചെടികളേക്കാൾ വളരെയധികം വ്യത്യസ്തമായി. ഇന്ന് നമ്മൾ കഴിക്കുന്ന മിക്ക പച്ചക്കറികളുടേയും യഥാർത്ഥ കാട്ടുരൂപങ്ങൾ കണ്ടാൽ പരസ്പരം തീർത്തും തിരിച്ചറിയാൻ പോലും സാധിക്കാത്ത തരത്തിൽ മാറ്റമുണ്ടായതായി കാണാൻ സാധിക്കും.
താഴെ ഉള്ള ഉദാഹരണങ്ങൾ നോക്കൂ…
ഇന്ന് നമ്മൾ കൃത്യമായി ഏതൊക്കെ വിളകൾക്ക് ഏതെല്ലാം ഗുണങ്ങൾ എങ്ങിനെയെല്ലാം വേണമെന്ന് നിശ്ചയിക്കുന്നു. അതിനുള്ള ശാസ്ത്രജ്ഞാനം മനുഷ്യൻ നേടിക്കഴിഞ്ഞു.
സർവ്വതിനും തുടക്കം കുറിച്ചത് ജോർദ്ദാനിലെ തടാകത്തിന്റെ കരയിൽ നിന്നും അന്ന് നമ്മുടെ പൂർവ്വികർ ചെയ്യാൻ മുതിർന്ന ആ വലിയ സാഹസമാണ്. കൃഷിയെന്ന ആ വലിയ സാഹസം.