മനുഷ്യരുടെ ഏറ്റവും വലിയ കൊലയാളികൾ പലതരം വരുന്ന മാരക രോഗങ്ങൾ ആണ്. ഈ ശത്രുക്കളെ കീഴ്പ്പെടുത്താൻ നമ്മുടെ ആയുധങ്ങളും പലതാണ്. എന്നാൽ ദീർഘ കാലമായുള്ള ഈ യുദ്ധത്തിൽ ഇതുവരെയും നമുക്ക് കീഴ്പ്പെടുത്താൻ സാധിക്കാത്ത മൂന്ന് ശത്രുക്കളെ ഇപ്പോൾ തകർക്കുവാൻ പോകുകയാണ്.
ഈ മൂന്ന് ശത്രുക്കളെക്കുറിച്ചും അവയെ നേരിടാനായി നമ്മൾ ആർജ്ജിച്ചെടുത്ത പുതിയ ആയുധങ്ങളെ കുറിച്ചുമാണ് ഇവിടെ പറയുന്നത്…
ശത്രു No1: മലേറിയ
മരണനിരക്ക് : WHO കണക്ക് പ്രകാരം 2015ൽ 21.2 കോടി ജനങ്ങൾക്ക് മലേറിയ ബാധിച്ചു. അവരിൽ 4.29 ലക്ഷം മനുഷ്യർ മരിച്ചു. ഏറ്റവും ദുഖകരമായ കണക്ക് എന്തെന്നാൽ, മലേറിയ വന്നു മരിക്കുന്നവരിൽ മൂന്നിൽ രണ്ടു പേർ കൊച്ചു കുട്ടികൾ ആണ്, അഞ്ചു വയസ്സിനു താഴെ മാത്രം പ്രായമുള്ള കൊച്ചു കുട്ടികൾ.
നമ്മുടെ പരമ്പരാഗതമായ ആയുധം കൊതുകുവലയും കീടനാശിനിയും ആണ്. ഇത് കൊതുകിനെ കൊല്ലാനും തടയാനും വേണ്ടിയാണ്. കൊതുകാണല്ലോ പ്ലാസ്മോഡിയം എന്ന് parasiteനെ നമ്മുടെ ശരീരത്തിൽ കുത്തിവെയ്ക്കുന്നത്. ഈ പാരസൈറ്റ് നമ്മുടെ ശരീരത്തിൽ പെറ്റുപെരുകി രക്തത്തിലെ ചുവന്ന രക്താണുക്കളെ (Red Blood Cells – RBC) ആക്രമിച്ചു നശിപ്പിക്കുന്നു.
എന്നാൽ നമ്മുടെ ഈ ആയുധങ്ങളെല്ലാം കൊതുകിനെയാണ് അക്രമിക്കുന്നത്, പ്ലാസ്മോഡിയത്തെ നേരിട്ടല്ല.
ഈ കൊതുകുകൾ നേരിട്ട് പ്ലാസ്മോഡിയത്തെ പ്രതിരോധിച്ചാലോ? അപ്പോൾ നമ്മുടെ യുദ്ധത്തിൽ കൊതുകുകളെ ഉപയോഗിച്ച് യഥാർത്ത ശത്രുവിനെ നേരിടാം. കൊതുകുകളെ മുഴുവനും നശിപ്പിക്കാൻ സാധിക്കില്ലാ, കാരണം അവർ ഏതു പരിതസ്ഥിതിയിലും പെറ്റുപെരുകും. അപ്പോൾ അവയെ നമ്മുടെ ഭാഗത്ത് ആക്കിയാൽ മാത്രമാണ് നമുക്ക് ഒരു മുൻതൂക്കം ലഭിക്കുകയുള്ളൂ.
പ്ലാസ്മോഡിയം കൊതുകിൽ ജീവിക്കാൻ അനുവദിക്കാതെ കൊന്നു കളയുന്ന കഴിവു കൊതുകിനു കൊടുത്താൽ പിന്നെ കൊതുകുകൾ നിരുപദ്രവകാരികൾ ആയി. ഈ കഴിവു കൊതുകിനു കൊടുക്കുന്നത് നമ്മൾ അതിന്റെ ജനിതകം മാറ്റിയാണ്.
ജനിതകം മാറ്റുന്നത് CRISPR എന്ന പുതിയ ജനിതക editing technology ഉപയോഗിച്ചാണ്. സ്വതവേ ജനിതകം മാറ്റിയാൽ അത് അടുത്ത തലമുറയിൽ കുറച്ച് ജീവികളിലേക്ക് മാത്രമെ പകർന്നുകിട്ടുകയുള്ളൂ. എന്നാൽ gene drive എന്ന വിദ്യ ഉപയോഗിച്ച് ആ മാറ്റം ഒരു dominant മാറ്റം ആക്കി, അടുത്ത തലമുറകളിൽ മിക്കതിനും ഈ കഴിവു പകർന്നു കൊടുക്കാൻ സാധിക്കും.
ലാബിൽ ഇതു വിജയിച്ചതും ആണ്. ഇത് നടപ്പാക്കിയാൽ, അതായത് ജനിതകം മാറ്റം വരുത്തിയ കൊതുകുകളെ പുറം ലോകത്തിലോട്ട് ഇറക്കി വിട്ടാൽ അത് മലേറിയ എന്ന രോഗം പോലും തുടച്ചുമാറ്റുവാൻ സാധിക്കുന്നതായിരിക്കും. ജനിതക മാറ്റം വരുത്തിയ കൊതുകുകൾ gene drive dominant ആയതു മൂലം വളരെ വേഗം തന്നെ അവ ജനസംഖ്യയിൽ ഭൂരിഭാഗം ആകുന്നു.
ഈ മാറ്റം വളരേ പെട്ടെന്നായിരിക്കും. കാരണം, കൊതുക് ദ്രുതഗതിയിൽ പെറ്റുപെരുകുന്ന ഒരു ജീവിയാണ്. അതേ സമയം തന്നെ ഈ മാറ്റം തിരിച്ചെടുക്കാൻ സാധിക്കുന്നതും അല്ല.അതിനാൽ ഇത് പ്രാബല്യത്തിൽ കൊണ്ടു വരുന്ന കാര്യം നന്നായി ചിന്തിച്ചിട്ടായിരിക്കണം. എന്നാൽ സമയം വൈകുന്തോറും കുട്ടികൾ മരിച്ചുകൊണ്ടിരിക്കുകയാണ് എന്നതും വിസ്മരിച്ചു കൂടാ.
http://www.who.int/features/factfiles/malaria/en/
ശത്രു No.2: സൂപ്പർ ബേക്റ്റീരിയ
മരണനിരക്ക്: 7 ലക്ഷം 2017ൽ യു.എൻ കണക്ക് പ്രകാരം.
പണ്ടു കാലങ്ങളിൽ മനുഷ്യരുടെ ആയുർദൈർഘ്യം ഇന്നത്തേത് അപേക്ഷിച്ച് വളരേയധികം കുറവായിരുന്നു. അതിനു മുഖ്യകാരണം ഇൻഫെക്ഷനും മറ്റു രോഗങ്ങൾ മൂലമുണ്ടാകുന്ന മരണനിരക്കുമായിരുന്നു. ഒരു മുറിവേറ്റാൽ, അതിൽ നിന്ന് ഉണ്ടാകുന്ന ഇൻഫെക്ഷൻ മൂലം മരണം സംഭവിക്കുക സ്വാഭാവികം ആയിരിന്നു. കാരണം ബേക്റ്റീരിയ മനുഷ്യരുടെ ഉള്ളിൽ വളർന്നു പെരുകി മനുഷ്യരെ കൊന്നിരുന്നു. ഇതിനെ പ്രതിരോധിക്കാൻ പച്ചമരുന്നു വെച്ചുകെട്ടിയൊക്കെ മനുഷ്യർ വളർന്നു. എന്നാൽ ജനവാസം കൂടിയപ്പൊൾ മനുഷ്യർക്കിടയിൽ ബേക്റ്റീരിയകളും പെരുകിവന്നു.
മനുഷ്യർക്ക് അബദ്ധത്തിൽ ലഭിച്ച ഒരു വരദാനം ആണ് പെൻസ്സിലിൻ. അത് ഒരു ഏന്റിബയോട്ടിക്ക് ആണ്. ബേക്റ്റീരിയയെ നശിപ്പിക്കാൻ കഴിവുള്ള ഒരു പദാർത്ഥം ആണു penicillin. 1928ൽ ഡോക്റ്റർ. അലക്സാണ്ടർ ഫ്ലെമ്മിംഗ് ഒരു വെക്കേഷൻ കഴിഞ്ഞ് ലണ്ടനിലെ St Mary’s Hospitalൽ തിരിച്ച് വന്നപ്പൊൾ ബേക്റ്റീരിയ എല്ലാ പരീക്ഷണ പാത്രങ്ങളിലും വളർന്നിരിന്നു. പക്ഷെ ചില പാത്രങ്ങളിൽ ബേക്റ്റീരിയ വളർന്നില്ല. അവയിൽ വളരാത്ത കാരണം നോക്കിയപ്പൊൾ അതിലെ പെന്നിസ്സിലിൻ ആണെന്ന് കണ്ടെത്തി.
പിന്നിട് 1938ൽ ഒക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഡോക്റ്റർ ഹൊവാർഡ് ഫ്ലോറേ ആണ് ഈ പെന്നിസ്സിലിനിൽ നിന്ന് മരുന്ന് ഉണ്ടാക്കിയത്.
ഇത് ലോകം തന്നെ മാറ്റിമറിച്ചു. ഇന്ന് നമുക്കു കിട്ടുന്ന antibiotics എല്ലാം ഇതിൽ നിന്നാണു തുടങ്ങിയത്. ബേക്റ്റീരിയകളെ നമ്മൾ കീഴ്പ്പെടുത്തി.
പക്ഷേ, ഈ മരുന്നിന്റെ അമിത ഉപയോഗം മൂലം നമ്മൾ ഒരു വിപത്ത് നേരിടുകയാണ്. ആവശ്യത്തിനും അനാവശ്യത്തിനും antibiotics ഉപയോഗിക്കുമ്പോൾ ചില ബേക്റ്റീരിയകൾക്ക് മാത്രം പ്രസ്തുത antibiotic കളിൽ നിന്നുമുള്ള പ്രതിരോധശക്തി വർദ്ധിക്കുന്നു. ആ ബേക്റ്റീരിയകളുടെ പിന്മുറക്കാർക്ക് ഈ antibiotics യാതൊരുവിധ ദോഷം ചെയ്യില്ല. അങ്ങനെയുള്ള ബേക്റ്റീരിയകൾ നമ്മെ ആക്രമിച്ചാൽ ഇപ്പൊഴുള്ള മരുന്നുകൾക്കു നമ്മെ രക്ഷിക്കാനും സാധിക്കില്ല. ലോകത്ത്, ഇത്രയും കാലം കൊണ്ട് നമ്മൾ കൈവരിച്ച വൈദ്യശാസ്ത്ര വിജയങ്ങൾ ഗുണം ചെയ്തെന്നും വരില്ല. ഒരു മുറിവിൽ നിന്നുള്ള infection മൂലം ഉണ്ടാകുന്ന മരണം സംഭവിക്കാവുന്ന കാലം വീണ്ടും വരും എന്നർത്ഥം.
ഇപ്പോൾ ലോകത്ത് അത്തരം antibiotic പ്രതിരോധ ശക്തിയുള്ള ബേക്റ്റീരിയ മൂലം മരണം സംഭവിക്കുന്ന ആളുകൾ കൂടി വരുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. 2017ൽ ഏഴു ലക്ഷം ആളുകൾക്ക് ആണു ഇത്തരം superbugs മൂലം മരണം സംഭവിച്ചത്. സൗത്ത് ആഫ്രിക്കയിൽ കുഷ്ടം, ബ്രിട്ടനിൽ ഗോണോറിയ എന്നിവ കാരണം ആകുന്ന ചില ബേക്റ്റീരിയകൾ superbugകൾ ആയി പരിണമിച്ചിട്ടുണ്ട്.
https://amp.theguardian.com/commentisfree/2017/oct/08/superbugs-antibiotics-tuberculosis-health
നമ്മുടെ സ്ഥിരമുള്ള മരുന്നുകൾ വിജയിക്കാത്തിടത്ത് ബേക്റ്റീരിയകളെ സ്വാഭാവികം ആയി കൊല്ലുന്ന മറ്റൊരു കൂട്ടരുടെ സഹായം നമുക്കു തേടേണ്ടി വരുന്നു. ബേക്റ്റീരിയകളെ ബാധിക്കുന്ന വൈറസ്സുകളെ. അതെ, Bacteriophage എന്ന് അറിയപ്പെടുന്ന ബേക്റ്റീരിയകളെ മാത്രം ആക്രമിച്ചു കൊന്നു പെറ്റു പെരുകുന്ന വൈറസ്സുകളുടെ സഹായം നമ്മൾക്കു വേണ്ടി വരുന്നു.
2015ൽ റ്റോം പേറ്റേർസ്സൺ എന്ന ഒരു വ്യക്തിക്ക് ഈജിപ്റ്റിൽ വെക്കേഷനു പോയപ്പൊൾ അവിടെ വെച്ച് ഒരു superbug പിടിപെട്ടു. ഇത് അയാളുടെ ശരീരത്തിൽ പടർന്നു പ്രശ്നങ്ങളുണ്ടാക്കുവാൻ തുടങ്ങി. ആളെ അടിയന്തിരമായി ജെർമ്മനിയിലേക്ക് ചികിത്സയ്ക്കായി കൊണ്ട് പോയി. പലവിധ antiobiotics നോട് പ്രതിരോധം ഉള്ള ബേക്റ്റീരിയ ആയിരിന്നു റ്റോമിനെ ബാധിച്ചത്.
ജെർമ്മനിയിൽ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്ക് റ്റോമിനെ സേൻ ഡിയാഗോ ആശുപത്രിയിലേയ്ക്ക് മാറ്റി. മറ്റെല്ലാ വഴികളും അടഞ്ഞു എന്നായപ്പൊൾ ആണ് bacteriophage therapy അവസാന കൈ എന്ന നിലയിൽ ഉപയോഗിച്ചത്. പലവിധ bacteriophageകൾ ഉപയോഗിച്ച് റ്റോമിനെ ജീവിതത്തിലേയ്ക്ക് അത്ഭുതകരമായി തിരിച്ച് കൊണ്ട് വന്നു.
https://health.ucsd.edu/news/releases/Pages/2017-04-25-novel-phage-therapy-saves-patient-with-multidrug-resistant-bacterial-infection.aspx
ഇത് ഒരു വഴിത്തിരിവായിരുന്നു. നമ്മുടെ ഈ അതിശക്തനായ ശത്രുവിനെ കീഴ്പ്പെടുത്താനുള്ള പുതിയ യുദ്ധതന്ത്രം. ലോകത്ത് എല്ലാ സ്പീഷീസ് ജീവികളുടെ എണ്ണത്തേക്കാളും അധികം ഉണ്ട് bacteriophageകളുടെ എണ്ണം. ഇത്രയ്ക്കും വൈവിധ്യമാർന്ന ജീവിയുടെ, ബേക്റ്റീരിയകളെ കൊല്ലാനുള്ള കഴിവിനെ ഉപയോഗപ്പെടുത്തി, നമുക്ക് ഈ superbugsനെ കീഴപ്പെടുത്താം.
ചുരുക്കിപ്പറഞ്ഞാൽ വൈറസ്സിനെ കൊണ്ട് ബേക്റ്റീരിയയെ കൊല്ലുന്ന രീതി.
സ്വാഭാവികമായും നമ്മൾക്കുണ്ടാകുന്ന സംശയമാണ്, “എന്തുകൊണ്ട് ഈ വൈറസ്സ് മനുഷ്യരെ ആക്രമിക്കില്ലാ?” എന്ന്. കാരണം ഉണ്ട്. മനുഷ്യന്റെ കോശങ്ങളുടെ പ്രതലവും ബേക്റ്റീരിയകളുടെ കോശപ്രതലവും വളരെയധികം വ്യത്യസ്തമാണ്. നമുക്ക് ഈ വൈറസ്സുകളെ കൊണ്ട് യാതൊരു ഭീഷണിയും ഉണ്ടായിട്ടില്ല. കാരണം അവയ്ക്ക് നമ്മുടെ കോശങ്ങളെ അല്ല ലക്ഷ്യം, ബേക്റ്റീരിയയെ ആണ്.
ശത്രു 3: ക്യാൻസർ
മരണനിരക്ക്: 82 ലക്ഷം മരണം 2012ൽ.
ഇന്നും നമ്മെ ഏറ്റവുമധികം ഭയചകിതരാക്കുന്ന ഒരു രോഗം ആണ് ക്യാൻസർ. ഭയത്തിനു കാരണം ക്യാൻസർ രോഗിക്ക് നൽകുന്ന ഭയാനകമായ അവസാന ദിനങ്ങൾ ആണ്. പല തരത്തിലുള്ള ക്യാൻസറുകൾ പല കാരണങ്ങളാൽ മനുഷ്യരിൽ വരുന്നു. ഇവയിൽ പൊതുവായി കാണുന്ന കുഴപ്പം കോശങ്ങളുടെ അനിയന്ത്രിത വളർച്ചയാണ്. കോശങ്ങൾ അങ്ങനെ പെരുകി ആ ഭാഗത്തും ശേഷം മറ്റു ഭാഗങ്ങളിലേക്ക് പടരുന്നതാണ് ഈ രോഗം. ഈ അവസ്ഥ ഉണ്ടാക്കുന്നത് പല പല കാരണങ്ങൾ ആകാം (ജനിതകമോ, പ്രകൃതിയിൽ നിന്നോ, റേഡിയേഷനിൽ നിന്നോ, ജീവിത ശൈലിയിൽ നിന്നോ ). എന്നാൽ എല്ലാത്തിന്റെയും തുടക്കം, കോശത്തിന്റെ വളർച്ചയും പ്രത്യുൽപ്പാദനവും നിയന്ത്രിക്കുന്ന ജനിതകത്തിൽ(Gene) വരുന്ന മാറ്റങ്ങൾ ആണ്. ആ ജനിതകത്തിന്റെ തകരാറാണ് ക്യാൻസർ ആയി പരിണമിക്കുന്നത്.
ഈ തകരാറിന്റെ ഭവിഷത്തായി, കോശങ്ങൾ അനിയന്ത്രിതമായി പെരുകുന്നു. ലോകത്ത് പല രീതിയിൽ ഈ കൊലയാളിയെ നിയന്ത്രിക്കുവാൻ നോക്കുന്നുണ്ട്. ഇന്ന് ഈ ക്യാൻസർ വന്നു മരിക്കുന്നവരേക്കാൾ അധികം ആളുകളെ നമുക്കു രക്ഷിക്കുവാൻ സാധിക്കുന്നുണ്ട്. ക്യാൻസർ രോഗികളുടെ ആയുസ്സും ശാസ്ത്രത്തിനു വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു. ഇത്രക്കും ഒക്കെ ആണെങ്കിലും ഈ രോഗത്തെ പൂർണ്ണമായും നിയന്ത്രണത്തിൽ ആക്കുവാൻ സാധിച്ചിട്ടില്ല.
അവിടെ നമുക്ക് പുതിയ രീതിയിലുള്ള ചികിത്സകൾ പ്രതീക്ഷകൾ നൽകുന്നു. അത്തരം ഒരു പുതിയ രീതിയാണ് വൈറസ്സിനെ കൊണ്ട് പ്രതിരോധ ശക്തി കൂട്ടുക എന്നത്.
നമ്മുടെ ശരീരത്തിൽ പുറത്തു നിന്നുള്ള പദാർത്ഥങ്ങളേയും, കേടായ കോശങ്ങളെയും നശിപ്പിക്കുവാൻ കഴിവുള്ള കോശങ്ങൾ ഉണ്ട്. അവയാണു Immune T-Cells. ഇവ ശരീരത്തിൽ പ്രവേശിക്കുന്ന അനാവശ്യമായ ബാഹ്യപദാർത്ഥങ്ങൾ കണ്ടെത്തി നശിപ്പിച്ചുകളഞ്ഞ് നമ്മുടെ ആന്തരികം സുരക്ഷിതമാക്കുന്നു.
ക്യാൻസർ മുകളിൽ പറഞ്ഞതു പോലെ നമ്മുടെ സ്വന്തം കോശമായതിനാൽ ഈ T Cellsനു ഇവയെ തിരഞ്ഞുപിടിക്കാൻ സാധിക്കുന്നില്ല. സ്വന്തം ശരീരത്തിൽ കോശങ്ങൾ തന്നെയാണല്ലൊ ക്യാൻസർ കോശങ്ങൾ ആകുന്നത്, അത്കൊണ്ട് T Cells ഈ ക്യാൻസർ കോശങ്ങളെ കുഴപ്പക്കാരായ കോശങ്ങളായി കാണുന്നില്ല.
ഇവിടെയാണ് ശാസ്ത്രം ഒരു വിപ്ലവകരമായ ഒരു കണ്ടുപിടുത്തം നടത്തിയത്. ഈ T Cellsനു ക്യാൻസർ കോശങ്ങളെ കുഴപ്പക്കാരായി കാണുവാനുള്ള കഴിവു നേടിക്കൊടുക്കുക. അതിനു വൈറസ്സുകളുടെ സഹായം തേടിയതാണ് ഇവിടെ മറ്റൊരു അത്ഭുതം. ഈ വൈറസ്സുകൾ ഈ T Cells ഉള്ളിൽ കടന്ന് T-Cellന്റെ അകത്ത് മാറ്റങ്ങൾ വരുത്തുന്നു. ഈ മാറ്റങ്ങൾ T Cellsനു ക്യാൻസർ കോശങ്ങളെ തിരിച്ചറിയാൻ ഉള്ള കഴിവു നൽകുന്നു. മാത്രമല്ലാ, ഇതിനു പുറമേ, മറ്റു ചില സവിശേഷതകൾ കൂടി പ്രസ്തുത മാറ്റം നൽകുന്നു.
ഇത്തരം മാറ്റങ്ങൾ വരുത്തിയ hybrid T Cells ക്യാൻസർ രോഗികളുടെ ഉള്ളിലേക്ക് തിരിച്ച് കയറ്റുന്നു. ഈ T Cells അങ്ങനെ പരമ്പര കൊലയാളികൾ (serial killers) ആകുന്നു. ഇവ ക്യാൻസർ കോശങ്ങളെ തേടിപ്പിടിച്ച് നശിപ്പിക്കുന്നു. ഒരു hybrid T Cell നിരവധി കോശങ്ങളെ കൊന്നുകൊണ്ട് മുന്നേറുന്നു.
ഇത് പരീക്ഷണാടിസ്ഥാനത്തിൽ, മരണം കാത്ത് കിടന്നിരുന്ന പല രോഗികൾക്കും ജീവൻ തിരിച്ച് നൽകി. അവരിൽ ധാരാളം പേർക്കും ക്യാൻസർ പൂർണ്ണമായും മാറിയിരിക്കുന്നു.
https://www.nejm.org/doi/full/10.1056/NEJMe1106965
https://www.geek.com/geek-pick/hiv-virus-used-to-turn-white-blood-cells-into-cancer-serial-killers-1411827/
https://www.huffingtonpost.co.uk/entry/t-cell-video-killers-video_n_7298828?guccounter=1
ജനിതക വിപ്ലവങ്ങൾ, നീണ്ട കാല പഠനങ്ങൾ, റിസർച്ചുകൾ എന്നിവയെല്ലാം പ്രഥമദൃഷ്ടിയിൽ ഉപയോഗശൂന്യം എന്ന് തോന്നിപ്പിക്കാം. എന്നാൽ, ഇവയുടെ സമഗ്രതയിലുള്ള പ്രായോഗിക ഉപയോഗം വഴി നമ്മളുടെ ഏറ്റവും ശക്തമായ, ഏറ്റവും മാരകമായ, ഏറ്റവും കഠിനമായ ശത്രുക്കളെപ്പോലും നിശ്പ്രഭമാക്കുവാൻ സാധിച്ചിട്ടുണ്ട്.വരുംകാലങ്ങളിലും ശാസ്ത്രത്തിന്, ഇത്തരം വിജയങ്ങൾ വഴി നമ്മുടെ ജീവിതം സുരക്ഷിതമാക്കുവാൻ സാധിക്കട്ടെ. ശാസ്ത്രചിന്താഗതിയും പുരോഗമിക്കട്ടെ.